നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 11 June 2025

ദുരന്തമായി വിനോദയാത്ര

ദോഹ ഖത്തര്‍: കെനിയയിൽ അഞ്ചു മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട ബസ്സിലുണ്ടായിരുന്നത് 32 പേരാണെന്നാണ് അറിയുന്നത്. ജൂൺ ആറിന് ബലിപെരുന്നാൾ ദിനത്തിൽ ഖത്തറില്‍ നിന്ന്  മൂന്ന് ടൂറിസ്റ്റ് ഗൈഡുകളും ഡ്രൈവവറും ഉള്‍പ്പെടെയാണിത്. 14 മലയാളികളും കർണാടക, ഗോവ സ്വദേശികളും സംഘത്തിലുണ്ടായിരുന്നു. പ്രാദേശികസമയം  തിങ്കളാഴ്ച വൈകീട്ട് നാലുമണിക്കായിരുന്നു അപകടം.

അപകടത്തില്‍ മരണപ്പെട്ട രണ്ട്‌പേര്‍ ചാവക്കാട് വെങ്കിടങ്ങ് തൊയക്കാവ് സ്വദേശികളായ ഉമ്മയും മകളുമാണ്‌.കുറ്റിക്കാട്ട് ചാലില്‍ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജസ്‌ന (29),മകള്‍ റൂഹി മെഹ്‌റിന്‍ (18 മാസം).

പാലക്കാട് കോങ്ങാട്‌ മണ്ണൂര്‍ പുത്തന്‍ പുര രാധാകൃഷ്‌ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (8),തിരുവല്ല സ്വദേശിനിയായ ഗീത ജോഷി ഐസക് (58),എന്നിവരാണ്‌ മരിച്ച മറ്റു മലയാളികള്‍. 

മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റെയും പ്രവാസി കാര്യവകുപ്പിന്റെയും  ഒക്കെ ഇടപെടലുകളിലൂടെ പുരോഗമിക്കുന്നുണ്ട്.

വെങ്കിടങ്ങ് തൊയക്കാവ് സ്വദേശിയായ മുഹമ്മദ് ഹനീഫ് ഉള്‍‌പ്പെടെ പരിക്കേറ്റ 27 പേരെ ന്യാഹരുരു കൗണ്ടി റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരേതനായ മുഐമിന്‍ മാഷുടെ സഹോദരന്‍ ഹനീഫ് ഹാജിയുടെ മകനാണ്‌ മുഹമ്മദ് ഹനീഫ്.നകുരു കൗണ്ടിയില്‍ നിന്ന്‌ ലൈക്കിപിയ കൗണ്ടിയിലേക്ക് ന്യാഹുരു തോം‌സണ്‍ വെള്ളച്ചാട്ടം കാണാന്‍ പോകുന്നതിന്നിടെയാണ്‌ അപകടത്തില്‍ പെട്ടത്.

ശക്തമായ മഴയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി മരത്തില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് കെനിയൻ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ബസ് ഏകദേശം പത്ത് മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്. ബസിന്‍റെ മേൽകൂരകൾ തകർന്ന നിലയിലാണ്​ താഴെ പതിച്ചത്​.

വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വെച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിയുകയായിരുന്നു.മസായിമാരാ നാഷണല്‍ പാര്‍ക്കില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു വിനോദസഞ്ചാരികള്‍.

സേവന പ്രവര്‍‌ത്തകരും ഔദ്യോഗിക അനൗദ്യോഗിക സന്നദ്ധസേവകരും രം‌ഗത്തുണ്ട്.അപകട വിവരം അറിഞ്ഞതു മുതല്‍ ചാവക്കാട് തിരുനെല്ലൂര്‍ സ്വദേശി ഷരീഫ് അഹമ്മദ് വിശദാം‌ശങ്ങള്‍ പങ്കുവെക്കുന്നതിലും സേവന പ്രവര്‍‌ത്തനത്തിലും സജീവ സാന്നിധ്യമാണ്‌.