നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 1 March 2014

പാവറട്ടി പോലീസ് സ്‌റ്റേഷന്‍

തൃശ്ശൂര്‍:സ്വന്തമായി കെട്ടിടമില്ലാതെ 25 വര്‍ഷം ബുദ്ധിമുട്ടിയ പാവറട്ടി പോലീസ് സ്‌റ്റേഷന്‍ വെള്ളിയാഴ്ച പ്രവര്‍ത്തനം തുടങ്ങിയത് മുല്ലശ്ശേരിയില്‍ നിര്‍മ്മിച്ച മാതൃകാസൗകര്യങ്ങളോടുകൂടിയ കെട്ടിടത്തില്‍.  ജില്ലയിലെ ഏറ്റവും സൗകര്യമുള്ള ഈ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാന്‍ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ എത്തുകയും ചെയ്തു. അല്‍ നാസര്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ. എം. അലിയാണ് ഇത്രയും ഭൂമി പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മാണത്തിനായി സൗജന്യമായി നല്‍കിയത്.

ആറായിരം ചതുരശ്രയടി വിസ്തീര്‍ണ്ണമാണ് കെട്ടിടത്തിനുള്ളത്. മൂന്നു നിലകളായാണ് ഇതു പണിതിരിക്കുന്നത്. 2 വലിയ ഹാളുകള്‍, വനിതാ- പുരുഷ പോലീസുകാര്‍ക്കുള്ള വിശ്രമമുറികള്‍, സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും കുട്ടികള്‍ക്കുമുള്ള ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. ജില്ലയിലെ ഏറ്റവും അധികം സൗകര്യമുള്ള സ്റ്റേഷനാണ് ഇതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്തുതന്നെ ഇത്രയും അധികം സ്ഥലസൗകര്യമുള്ള സ്റ്റേഷനുകള്‍ അധികമില്ല.

സ്വന്തമായി സ്ഥലം ലഭിക്കാത്തതുമൂലം പോലീസ്‌റ്റേഷന്‍ നഷ്ടപ്പെടുമെന്ന അവസ്ഥയില്‍നിന്നാണ് പാവറട്ടി പോലീസ് സ്‌റ്റേഷന് ഈ നേട്ടം. 25 വര്‍ഷത്തോളമായി വാടകക്കെട്ടിടത്തില്‍ മാറിമാറി പ്രവര്‍ത്തിച്ചു വരികയായിരുന്നു സ്റ്റേഷന്‍. 2011 ഫിബ്രവരി 28നാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. 70 ലക്ഷത്തോളം രൂപ ചെലവായി.

കുന്നംകുളം ഡിവൈ.എസ്.പി. ആയിരുന്ന ടി.കെ. തോമസ് ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലാണ് ഈ സ്ഥലം പോലീസ്സ്‌റ്റേഷനുവേണ്ടി നല്‍കുന്നതിലെത്തിച്ചത്. പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കാനായി സ്ഥലം അന്വേഷിച്ചുനടന്ന പോലീസുകാരോട് ഡോ. അലിയുടെ പേര് ആരോ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അലിയെ പോയി കാണുകയും ആവശ്യപ്പെട്ട പത്തു സെന്റിനു പകരം 20 സെന്റ് സ്ഥലം വെറുതെ നല്‍കാമെന്ന് സമ്മതിക്കുകയുമായിരുന്നു.

പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ പി.എ. മാധവന്‍ എം.എല്‍.എ. അധ്യക്ഷനായി. എ.ഡി.ജി.പി. ശങ്കര്‍റെഡ്ഡി, ഐ.ജി. ഗോപിനാഥ്, അല്‍നാസര്‍ ട്രസ്റ്റ് ട്രസ്റ്റി സെയ്ത് മുഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിമലാ സേതുമാധവന്‍, വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സത്യന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ. രാജന്‍, സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

പാവറട്ടി സ്റ്റേഷനിലെ പുതിയ ഫോണ്‍ നമ്പര്‍: 0487 2263000.