നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 25 May 2014

തൊഴില്‍ നിയമ ഭേദഗതിയുടെ ഗതി

ദോഹ: ഖത്തറില്‍ ഈയിടെ പ്രഖ്യാപിച്ച പരിഷ്‌കരിച്ച സ്‌പോണ്‍സര്‍ഷിപ് നിയമം നടപ്പിലാക്കുന്നതില്‍ രാജ്യത്തെ വ്യാപാര സമൂഹം വിയോജിപ്പ് അറിയിച്ചു. സ്‌പോണ്‍സര്‍ഷിപ് നിയമത്തിലെ ഭേദഗതികളെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിന് തൊഴില്‍ആഭ്യന്തര മന്ത്രാലയം ഇന്നലെ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലാണ് തൊഴിലുടമകള്‍ തങ്ങളുടെ വിയോജിപ്പ് അധികൃതരെ അറിയിച്ചത്. ഇതേ തുടര്‍ന്ന് നിയമം പ്രാബല്യത്തില്‍ വരാന്‍ ഇനിയും കാലതാമസമെടുത്തേക്കുമെന്ന ആശങ്കയിലാണ് രാജ്യത്തെ വിദേശ തൊഴിലാളികള്‍.

ഈ മാസം പതിനാലിന് ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തൊഴില്‍ നിയമത്തില്‍ വരുത്താനുദ്ധേശിക്കുന്ന ഭേദഗതികളെ കുറിച്ചു തൊഴില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത്. സ്‌പോണ്‍സര്‍ഷിപ് നിബന്ധനകള്‍ കരാര്‍ അടിസ്ഥാനത്തിലാക്കുക, എക്‌സിറ്റ് പെര്‍മിറ്റ് സ്‌പോണ്‍സര്‍ക്ക് പകരം ഓണ്‍ലൈന്‍ സംവിധാനം വഴി മന്ത്രാലയത്തിന് കീഴില്‍ കൊണ്ടുവരിക തുടങ്ങിയ സുപ്രധാനമായ നിര്‍ദേശങ്ങള്‍ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ സ്വീകരിച്ചത്. 

അതേസമയം ഖത്തര്‍ ചേമ്പര്‍,ഉപദേശക സമിതി, ശൂറാ കൌണ്‍സില്‍ എന്നിവയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ നിയമം നടപ്പില്‍ വരുത്താനാവൂ എന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി വ്യവസായ മേഖലയിലെ പ്രമുഖരും തൊഴില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതരും പങ്കെടുത്ത ഇന്നലത്തെ യോഗത്തിലാണ് തൊഴിലുടമകള്‍ ഭേദഗതികളില്‍ തങ്ങള്‍ക്കുള്ള വിയോജിപ്പുകള്‍ അധികൃതരോട് വിശദീകരിച്ചത്. 

നിര്‍ദിഷ്ട ഭേദഗതികള്‍ വിദേശ തൊഴിലാളികള്‍ക്ക് മാത്രം ഗുണകരമാകുന്നതാണെന്നും തൊഴിലുടമകളുടെ താല്പര്യങ്ങള്‍ വേണ്ടത്ര പരിഗണിക്കപ്പെട്ടില്ലെന്നും അവര്‍ പറഞ്ഞു. പുതിയ ഭേദഗതികള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും .അതുകൊണ്ട് തന്നെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതോടപ്പം വ്യാപാര മേഖലയുടെ താല്പര്യങ്ങള്‍ കൂടി കണക്കിലെടുത്ത് കൊണ്ടുള്ള സമതുലന ഭേദഗതികളാണ് കൊണ്ടുവരേണ്ടതെന്നുമാണ് വ്യാപാര വ്യവസായ മേഖലയിലെ പ്രമുഖര്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്. 

ഇപ്പോള്‍ നിര്‍ദേശിച്ചത് പ്രകാരമുള്ള സ്‌പോണ്‍സര്‍ഷിപ് മാറ്റം ബിസിനസ് മേഖലയില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കുമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഭേദഗതികള്‍ സംബന്ധിച്ചു ഇനിയും വിശദമായ പഠനങ്ങളും കൂടിയാലോചാനകളും ആവശ്യമാണെന്നും നിര്‍ദേശമുണ്ടായി. എന്തായാലും ഇന്ത്യക്കാരുള്‍പെടെയുള്ള വിദേശികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പരിഷ്‌കരിച്ച തൊഴില്‍ നിയമം നടപ്പിലാവാന്‍ ഇനിയും കാലതാമസം ഉണ്ടായേക്കുമെന്ന സൂചനയാണ് ഇതെല്ലാം നല്കുന്നത്.