നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday 14 May 2014

പുതിയ നിയമവ്യവസ്ഥകള്‍ ആശ്വാസ ദായകമെന്ന്‌ ...

ദോഹ :
കാത്തിരുന്ന പുതിയ നിയമവ്യവസ്ഥകള്‍ ആശ്വാസ ദായകമെന്ന്‌ വിലയിരുത്തപ്പെടുന്നു.ദീര്‍ഘകാല നിരോധം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു.സൌഹൃദപരമായ തൊഴിലാളി തൊഴില്‍ ദാതാവ്‌ എന്ന തലത്തിലേയ്‌ക്ക്‌ സ്‌പോണ്‍സര്‍ഷിപ്പ്‌ ബന്ധന വ്യവസ്ഥകളെ പുനക്രമീകരിച്ചിരിക്കുന്നു.ഉപയകക്ഷി സമ്മദത്തോടെയുള്ള ഉടമ്പടികള്‍ പാലിക്കാന്‍ മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂ.പുതിയ തൊഴില്‍ ദാതാവിലേയ്‌ക്ക്‌ മാറാന്‍ ഉടമ്പടി കാലാവധിയ്‌ക്ക്‌ ശേഷം വിലക്കുകള്‍ ഇല്ല.നിര്‍ണ്ണിതമായ കാലാവധി രേഖപ്പെടുത്തപ്പെടാത്ത സാഹചര്യത്തില്‍ 5 വര്‍ഷമായി നിജപ്പെടുത്തപ്പെട്ടിരിക്കുന്നു.പുതിയ വിസയിലേയ്‌ക്കും തൊഴിലിലേക്കും വരുന്നതിനുള്ള ദീര്‍ഘകാല നിരോധം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു.നാട്ടിലേയ്‌ക്ക്‌ പോകുന്നതിനുള്ള അനുമതി പത്രം സര്‍ക്കാര്‍ സംവിധാനത്തിലൂടെ ആയാസ രഹിതമാക്കിയിരിക്കുന്നു.

ഖത്തര്‍ ഔദ്യോഗിക വക്താക്കള്‍ പത്ര സമ്മേളനത്തില്‍ ആവര്‍ത്തിച്ച ഒരു കാര്യമായിരുന്നു സ്‌പോണ്സര്‍ഷിപ്പ്‌ സമ്പ്രദായം കാതലായ മാറ്റങ്ങള്‍ക്ക്‌ വിധേയമാക്കുമെന്ന്‌.എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല.

നിലവിലുള്ള എന്‍.ഒ.സി സംവിധാനത്തിന് പകരം തൊഴില്‍ കരാര്‍ സംവിധാനം നടപ്പാക്കും. പുതിയ നിയമപ്രകാരം തൊഴില്‍ കരാറില്‍ വ്യക്തമാക്കിയിരിക്കുന്ന കാലാവധി അവസാനിച്ചുകഴിഞ്ഞാല്‍ തൊഴിലാളിക്ക് മറ്റൊരു തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യാന്‍ നിയമപരമായി അവകാശം ലഭിക്കും. അതായത് തൊഴില്‍ കരാറില്‍ രണ്ടുവര്‍ഷത്തെ കാലാവധിയാണ് വെച്ചിരിക്കുന്നതെങ്കില്‍ ആ രണ്ടുവര്‍ഷം പൂര്‍ത്തിയായാല്‍ എന്‍.ഒ.സി. ഇല്ലാതെതന്നെ മറ്റൊരു തൊഴിലുടമയുടെ കീഴില്‍ തൊഴില്‍ ചെയ്യാനാകും. അനിശ്ചിതകാലത്തേക്കാണ് തൊഴില്‍കരാറെങ്കില്‍, അതല്ല തൊഴില്‍ കരാറില്‍ കൃത്യമായ കാലാവധി വെച്ചിട്ടില്ലെങ്കില്‍ കരാര്‍ പ്രകാരം എന്നാണോ ജോലിയില്‍ പ്രവേശിച്ചത് അന്നു മുതല്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയായാല്‍ മറ്റൊരു തൊഴിലുടമയുടെ കീഴില്‍ തൊഴില്‍ ചെയ്യാം. പുതിയ നിയമത്തിലെ നിബന്ധനകളും വ്യവസ്ഥകളും അടങ്ങിയ മാതൃകാ തൊഴില്‍കരാര്‍ തയ്യാറാക്കും.

തൊഴിലുടമകള്‍ക്ക് തങ്ങളുടെ വ്യവസ്ഥകളും ഈ മാതൃകാ കരാറില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ തൊഴിലുടമകളുടെ വ്യവസ്ഥകള്‍ പുതിയ നിയമത്തിലെ വ്യവസ്ഥകളും നിബന്ധനകളുമായും ഒത്തുപോകണം.പുതിയ നിയമം നടപ്പായി ഒരു വര്‍ഷം വരെ പഴയ കരാറുകള്‍ക്ക് നിയമസാധുതയുണ്ടായിരിക്കും. തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ അനധികൃതമായി കൈവശം വെക്കുന്ന തൊഴിലുടമയ്ക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പിഴശിക്ഷ വര്‍ധിപ്പിച്ചു. നിലവിലുള്ള പതിനായിരം ഖത്തര്‍ റിയാല്‍ പിഴ അമ്പതിനായിരം ഖത്തര്‍ റിയാലായാണ് വര്‍ധിപ്പിച്ചത്. ഒരു തൊഴിലുടമ വിവിധ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ അനധികൃതമായി കൈവശം വച്ചാല്‍ പിഴശിക്ഷ വീണ്ടും ഉയരും. തൊഴില്‍ നിയമങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തും. ഇലക്ട്രോണിക് സംവിധാനത്തിലൂടെയാവും ശമ്പളം നല്‍കുക. കൃത്യസമയത്തുതന്നെ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. എല്ലാ തൊഴിലാളികള്‍ക്കും ഗുണനിലവാരമുള്ള താമസ സംവിധാനം ഏര്‍പ്പെടുത്തും. തൊഴില്‍ പരിശോധനകള്‍ക്കായി ജുഡീഷ്യല്‍ അധികാരത്തോടെ ഈ വര്‍ഷം അവസാനത്തോടെ 300 ലേബര്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും.

ആഭ്യന്തരമന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ബോര്‍ഡര്‍, പാസ്‌പോര്‍ട്ട് ആന്‍ഡ് എക്‌സ്പാട്രിയേറ്റ് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹമ്മദ് അല്‍ അതീഖ്, ഹ്യൂമന്‍ റൈറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ അബ്ദുല്ല സഖര്‍ അല്‍ മുഹന്നദി, തൊഴില്‍ സാമൂഹികകാര്യമന്ത്രാലയത്തിലെ ലേബര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ സാലിഹ് സയീദ് അല്‍ സഹ്വി, പ്ലാനിങ് ആന്‍ഡ് ക്വാളിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അലി അഹമ്മദ് അല്‍ ഖുലൈഫി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.