നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday 30 April 2015

പൂനിലാവിന്റെ ഒളിയുള്ള പുന്ചിരി

സുഖ ദു:ഖ സമ്മിശ്രമായ ജീവിതത്തിലെ വേവും നോവും അനുഭവിക്കേണ്ടി വരുമ്പോള്‍ എന്തിനേയും നിറഞ്ഞ പുന്ചിരിയോടെ പരിഭവങ്ങളില്ലാതെ ആസ്വദിക്കാന്‍ മാത്രമറിയുന്ന ഹാജി ഓര്‍മ്മയായിരിക്കുന്നു.യൌവ്വനത്തിലേയ്‌ക്ക്‌ പടികയറും മുമ്പേ പ്രവാസ ജീവിതമാരംഭിച്ചവരുടെ കൂട്ടത്തില്‍ തന്നെയാണ്‌ വൈശ്യം വീട്ടില്‍ അഹമ്മദ്‌ ഹാജിയുടേയും സ്ഥാനം .
പഴയകാല ബോംബെ മുസാഫറുകളായ തിരുനെല്ലൂര്‍ മഹല്ലിലെ കാരണവന്മാരില്‍ രണ്ടാം നിരയിലെ ഊര്‍ജ്ജസ്വലരായ പ്രവര്‍ത്തകരിലെ ഒന്നാം നിരക്കാരനായിരുന്നു എല്ലാവരുടെയും പ്രിയങ്കരനായ ഹാജി. മധ്യേഷ്യന്‍  പ്രവാസ ലോകം തുറക്കപ്പെടും മുമ്പ്‌ നമ്മുടെ നാടിമിടുപ്പുകളില്‍ ജീവന്‍ പച്ചപിടിച്ചിരുന്ന ബോംബെയില്‍ മഹല്ലിനുവേണ്ടിയുള്ള സകല സംരംഭങ്ങളിലും സമാഹരണങ്ങളിലും സഹകരിക്കുന്നതിലും സഹകരിപ്പിക്കുന്നതിലും അശ്രാദ്ധ ശ്രമങ്ങള്‍ നടത്തിയവരുടെ പട്ടികയില്‍ പ്രഥമഗണരീയരില്‍ പുന്ചിരി മരിക്കാത്ത ഹാജി സ്‌മരിക്കപ്പെടുകതന്നെ ചെയ്യും.

കടല്‍ കടന്ന പ്രവാസത്തിന്റെ തുടക്കത്തില്‍ ഖത്തറിലെത്തിയ അഹമ്മദ്‌ക്കാക്ക്‌ തന്റെ ജോലിയുമായി ബന്ധപ്പെടുത്തി കപ്പല്‍ എന്ന വാല്‍കഷ്‌ണം സഹൃദയര്‍ സമ്മാനിച്ചതാണ്‌.ഖത്തറിലെ പ്രവാസി കൂട്ടായ്‌മയിലും മഹല്ലിന്റെ സര്‍വതോന്മുഖമായ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

വര്‍ത്തമാന കാലത്തിന്റെ അവിഭാജ്യഘടകമെന്നോണം വിശ്വാസികള്‍ക്കിടയില്‍ വളര്‍ന്നുവന്ന വീക്ഷണ വ്യത്യാസങ്ങളിലും ആശയാദര്‍ശ തര്‍ക്കവിതര്‍ക്കങ്ങളിലും തനിക്ക്‌ ശരിയെന്ന്‌ തോന്നിയ സംഹിതയില്‍ ആരേയും പിണക്കാതെ ആരോടും പരിഭവിക്കാതെ സുധീരമായ നിലപടുകളുടെ ആള്‍രൂപമായിരുന്നു അഹമ്മദ്‌ ഹാജി.
ഒരു പക്ഷെ അക്ഷരാര്‍ഥത്തില്‍ കാറ്റും കോളും നിറഞ്ഞ പ്രക്ഷുബ്‌ദമായ സമുദ്രത്തില്‍ യഥാര്‍ഥ കപ്പിത്തനായി കപ്പലോടിച്ച പ്രിയങ്കരനായ കപ്പല്‍ ഇതാ നങ്കൂരമിട്ടുകഴിഞ്ഞു.
ഹാജീ..സര്‍വ്വലോക പരിപാലകന്‍ താങ്കളുടെ ആത്മാവിനു ശാന്തി നല്‍കുമാറാകട്ടെ.സ്വര്‍ഗീയമായ പാരത്രിക വാസം അല്ലാഹു കനിഞ്ഞരുളുമാറാകട്ടെ.പൂനിലാവിന്റെ ഒളി വീശുന്നപുന്ചിരി അമരമായിത്തിരുമാറാകട്ടെ.

ഹാജിയുടെ വിയോഗത്തില്‍ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ ദു:ഖം രേഖപ്പെടുത്തുകയും ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.