നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday 24 December 2015

തിരുനെല്ലൂര്‍ മിലാദുന്നബി ആഘോഷം

തിരുനെല്ലുര്‍:ലോകത്തിന്‌ മുമ്പില്‍ സത്യത്തിന്റെയും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പാത കാണിച്ച അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബി (സ)യുടെ ജന്മദിനാഘോഷ വേളയില്‍  നാടും നഗരവും ഒരുങ്ങി.തിരുനെല്ലുര്‍ നൂറുല്‍ ഹിദായ മദ്രസ്സ അങ്കണത്തില്‍ കാലത്ത്‌ 7.30 ന്‌ പ്രോഗ്രാം കമ്മിറ്റി ചെയര്‍‌മാന്‍ ആസിഫ്‌ മുഹമ്മദ്  പതാക ഉയര്‍ത്തിക്കൊണ്ട് നബിദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ശേഷം ഉസ്‌താദുമാരുടേയും മഹല്ലു നേതാക്കളുടേയും  നേതൃത്വത്തില്‍ ആഘോഷ ജാഥ മദ്രസ്സ അങ്കണത്തില്‍ നിന്ന്‌ പുറപ്പെട്ട് ചിറ കിഴക്കേകര മുള്ളന്തറ പുവ്വത്തുര്‍ സെന്റര്‍ പിന്നിട്ട് തിരുനെല്ലൂര്‍ സെന്റര്‍ വഴി നാട് ചുറ്റി പതിനൊന്ന് മണിയോടെ മദ്രസ്സാങ്കണത്തില്‍ തിരിച്ചെത്തി. കുട്ടികള്‍ക്ക്‌ വേണ്ടി മധുരപലഹാരങ്ങളും ശീതള പാനീയങ്ങളും വിവിധകേന്ദ്രങ്ങളില്‍ വിതരണം ചെയ്യപ്പെട്ടു. ആബാലവൃന്ദം ജനങ്ങള്‍ ആഘോഷ ജാഥയെ സ്വീകരിക്കാന്‍ വിവിധകേന്ദ്രങ്ങളില്‍ ഒത്ത്‌ കൂടിയിരുന്നു. ദുഹര്‍ നിസ്‌കാരത്തിന്‌ മുമ്പ് മൌലിദ് പാരായണവും ശേഷം അന്നധാനവും നടന്നു.

അസ്വര്‍ നമസ്‌കാരാനന്തരം തിരുനെല്ലൂര്‍ മഹല്ലു പരിധികളില്‍ നൂറുല്‍ ഹിദായ മദ്രസ്സ പൂര്‍വ വിദ്യാര്‍‌ഥികളുടെ ആഘോഷ പ്രചരണ ടു വീലര്‍ റാലിയും സം‌ഘടിപ്പിച്ചിരുന്നു.

മഹല്ല്‌ പ്രസിഡന്റ് കെ.പി അഹമ്മദ്‌ സാഹിബിന്റെ അധ്യക്ഷതിയില്‍ മഗ്‌രിബിന്‌ ശേഷമായിരുന്നു പൊതുസമ്മേളനം .തിരുനെല്ലൂര്‍ ഖത്തീബ്‌ അബ്‌ദുല്ല അശറഫി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ മദ്രസ്സാധ്യാപകരും പുര്‍‌വ വിദ്യാര്‍‌ഥി പ്രതിനിധികളും പ്രവാസി പ്രതിനിധികളും പങ്കെടുത്തു. നൂറിലേറെ കുട്ടികളുടെ പങ്കാളിത്തത്തോടെ അരങ്ങേറിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഏറെ ഹൃദ്യമായിരുന്നു.രാവേറെ നീണ്ട് നിന്ന ആകര്‍ഷകമായ ആഘോഷ പരിപാടികള്‍ ആസ്വദിക്കാന്‍ നാട്ടുകാരും രക്ഷിതാക്കളും അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ആഘോഷപരിപാടികളുടെ പുതുമയും പൊലിമയും കൂട്ടുന്നതിനും വിദ്യാര്‍ഥികളില്‍ ആരോഗ്യകരമായ മത്സരബുദ്ധി വളര്‍ത്തുന്നതിനും ഉപകരിക്കും വിധം സമ്മാനങ്ങള്‍ സം‌ഘാടകര്‍ ഒരുക്കിയിരുന്നു.മദ്രസ്സയില്‍ ഉയര്‍‌ന്ന നിലവാരം പുലര്‍‌ത്തിയ വിദ്യാര്‍ഥികള്‍‌ക്കുള്ള പുരസ്‌കാരങ്ങളും സമ്മാനങ്ങളും ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രതിനിധികളായ ഹാജി ഹുസൈന്‍ കെ.വി,നസീര്‍,അബ്‌ദുല്‍ ജലീല്‍ വി.എസ്‌,താജുദ്ദ്ധീന്‍ കുഞ്ഞാമു എന്നിവര്‍ മുഖേന നല്‍‌കാനുള്ള ഒരുക്കങ്ങള്‍ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ സം‌വിധാനിച്ചിരുന്നു.

മഹല്ലില്‍ നിന്നും ഉന്നത വിജയം വരിച്ച മദ്രസ്സാ വിദ്യാര്‍‌ഥികള്‍‌ക്കും പത്താം തരത്തില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍‌ഥികള്‍‌ക്കും മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ പ്രത്യേക ഉപഹാരങ്ങളും ട്രോഫികളും പാരിതോഷികങ്ങളും ഏര്‍‌പെടുത്തിയിരുന്നതായും സം‌ഘാടകര്‍ അറിയിച്ചു.














റിപ്പോര്‍‌ട്ട്‌ : ദിതിരുനെല്ലൂര്‍