ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Monday, 27 February 2017

പ്രാര്‍‌ഥനാ പൂര്‍‌വം

പ്രകൃതിയോട് കളി പറഞ്ഞും കഥപറഞ്ഞും ഇണങ്ങിയും പിണങ്ങിയും ആഹ്ലാദ ചിത്തരായി ഓടിച്ചാടി നടന്നിരുന്ന ബാല്യകാല ഗൃഹാതുരത്വം പുതിയ തലമുറയ്ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. ഇന്ന് സ്വന്തങ്ങളും ബന്ധങ്ങളും സൗഹൃദങ്ങളും മനുഷ്യപ്പറ്റുള്ള ഇഴയടുപ്പമായി രൂപപ്പെടുന്നതിനേക്കാള്‍ സാങ്കേതിക ബന്ധനങ്ങളുടെ ചിലന്തിവലകളില്‍ കുരുങ്ങിപ്പോകുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
മുറ്റത്തെ പൂന്തോപ്പിനേക്കാള്‍ അതു പകര്‍ത്തപ്പെട്ട വീഡിയൊ ക്ലിപ്പിനോടായിരിക്കുന്നു നമ്മുടെ ഹരം. പുതിയ തലമുറയെ വഴിതിരിച്ചു വിടുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ വെച്ചുപുലര്‍ത്തുന്ന അനാസ്ഥയുടെ പരിണിതി വിവരണാതീതമായിരിയ്ക്കും.നമ്മുടെ സന്താനങ്ങള്‍ക്ക് പ്രകൃതിയെ തൊട്ടറിയാനുള്ള പ്രചോദനങ്ങളാണ് സാങ്കേതിക വിദ്യയെ തൊട്ടുപഠിപ്പിക്കുന്നതിനേക്കാള്‍  അഭികാമ്യം. എന്ന് സുപ്രസിദ്ധ സാമൂഹിക ശാസ്ത്രജ്ഞന്‍ ആഹ്വാനം ചെയ്‌തിരുന്നു.

ദൈനം ദിന കാര്യങ്ങളെല്ലാം ഓണ്‍‌ലൈനിലൂടെയാണ്‌.ബാങ്കിങ്.പരസ്‌പരമുള്ള കൊള്ളക്കൊടുക്കകള്‍.ഫര്‍‌ണീച്ചറുകള്‍ മുതല്‍ പലവ്യഞ്ചനങ്ങള്‍ വരെ ഇടപാടുകള്‍ നടത്തുന്നതും ഓണ്‍ ലൈനിലൂടെയായിരിക്കുന്നു.വൈദ്യതി ടലിഫോണ്‍ ബില്ല്‌ തുടങ്ങിയവയും ഓഫ്‌ ലൈന്‍ രീതി ഉപേക്ഷിച്ചിരിക്കുന്നു.എന്തിനേറെ സന്തോഷ സന്താപങ്ങള്‍ പോലും പ്രകടിപ്പിക്കുന്നത്‌ യാന്ത്രികമായ ചിഹ്നങ്ങളിലൂടെയാണ്‌.ഒരു ദുഖവാര്‍ത്ത കേട്ടാല്‍ സോഷ്യല്‍ മീഡിയയില്‍ കണ്ണീര്‍ സൂചിക പോസ്റ്റു ചെയ്യുന്നതോടെ ദൗത്യം തീര്‍‌ന്നതായി ഗണിക്കപ്പെടുന്നിടത്തോളം കാര്യങ്ങള്‍ പുരോഗമിച്ചിരിച്ചിട്ടുണ്ട്.തൊട്ടടുത്തിരിക്കുന്നയാള്‍ കുശലമന്വേഷിച്ചാല്‍ പരിഗണിക്കാതിരിക്കുകയും എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയാവുമ്പോള്‍ പ്രതികരിക്കുകയും ചെയ്യുന്ന പ്രകൃതം അറിഞ്ഞും അറിയാതെയും സ്വായത്തമാക്കിയിരിക്കുന്നു.ജീവനുള്ളതിനെക്കാള്‍ കൂടുതല്‍ സാങ്കേതിക ദര്‍‌പ്പണങ്ങളോടായിരിക്കുന്നു മനുഷന്റെ താല്‍‌പര്യം.
വിവിധ രാജ്യങ്ങളിലായി പരന്നു കിടക്കുന്ന തിരുനെല്ലൂര്‍ കൂട്ടം  ഇന്റര്‍ നാഷണല്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിലൂടെ നാട്ടു കാര്യങ്ങളും, വീട്ടു കാര്യങ്ങളും, ആശകളും, ആശങ്കകളും പഴങ്കഥകളും,ചരിത്രത്താളുകളും തുടങ്ങി വിവിധ വിഷയങ്ങളിലൂന്നി ഈയിടെയായി ചര്‍ച്ച ചെയ്യുക കയായിരുന്നു.അംഗീകാരങ്ങളുടെ,അവഗണനകളുടെ,ആശ്ചര്യങ്ങളുടെ,
നിസ്സം‌ഗതകളുടെ,കണ്ണീരിന്റെ,ഇഷ്‌ടങ്ങളുടെ,അനിഷ്‌ടങ്ങുടെ,കണ്‍കുളിര്‍‌മയുടെ,
ഔപചാരിതകളുടെ,അനൗപചാരികതകളുടെ ഇങ്ങനെ എണ്ണിത്തീരാത്ത യാഥാര്‍‌ഥ്യങ്ങളുടെ നേര്‍ ചിത്രവും സാങ്കേതിക  പ്രതീകങ്ങളും ഇത്തരുണത്തില്‍ പരസ്‌പരം കൈമാറി.

മുന്‍ വിധികള്‍ പണ്ടേ പണ്ടുള്ളതിലും ശക്തിയായി ബിം‌ബവത്കരിച്ചിരിക്കുന്നു.സകല ഭൂഖണ്ഡങ്ങളും ഒരു ഗ്രാമമായി ചുരുങ്ങി എന്നത് ഒരു ശാസ്‌ത്ര സാങ്കേതിക വിദ്യയിലൂടെയുള്ള അനുഭവം.എന്നാല്‍ മനുഷ്യരുടെ ഹൃദയങ്ങള്‍ തമ്മിലുള്ള അകലം വന്‍‌കരകളേക്കാള്‍ അകലത്തിലായിരിക്കുന്നു എന്നതു അതിലും വലിയ യാഥാര്‍ഥ്യം.ഇതത്രെ സാമൂഹിക ശാസ്‌ത്രജ്ഞരുടെ നിരീക്ഷണം.എങ്കിലും അങ്ങനെ വിശ്വസിക്കാന്‍ എന്തു കൊണ്ടോ ഭയം തോന്നുന്നു. 

മനസ്സിലാക്കിയിടത്തോളം എല്ലാവരും  അടിയുറപ്പുള്ള ചുറ്റു മതിലുകള്‍ സാമാന്യം ഉയരത്തില്‍ തന്നെ പണിതിരിക്കുന്നു.അടയാളങ്ങള്‍ നിജപ്പെടുത്തി വെച്ചിരിക്കുന്നു.വെറും ഡിവൈസ്‌ ടച്ച് സാമൂഹിക ബന്ധവും കൂടിയാപ്പോള്‍ കൂനില്‍ കുരു അക്ഷരാര്‍ഥത്തില്‍ പ്രതിഫലിക്കുന്നു.യാന്ത്രികമായ സൂചനകളുടേയും സൂചികകളുടേയും അപ്പുറം ഉള്ള ആത്മ ബന്ധത്തിലേയ്‌ക്ക്‌ ബോധ പൂര്‍‌വം നടന്നടുക്കാന്‍ ഇനിയും ബഹു ദൂരം സഞ്ചരിക്കേണ്ടതുണ്ട്‌.വരികള്‍ക്കിടയില്‍ നിന്നും വായിച്ചെടുത്ത നിരീക്ഷണങ്ങളാണിത്.ഇതൊരു കുറ്റപ്പെടുത്തലല്ല.ആത്മ വിചാരണ ആത്മാര്‍ഥമായി നടത്താന്‍ ഈ സന്ദര്‍‌ഭം നിമിത്തമാവട്ടെ.നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.

പ്രാര്‍‌ഥനാ പൂര്‍‌വം
അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍ 
ദിതിരുനെല്ലൂര്‍.