നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday 23 January 2019

പുതിയ പ്രവര്‍‌ത്തക വര്‍‌ഷ കരട്‌ രേഖ

തിരുനെല്ലൂര്‍:നന്മ തിരുനെല്ലുര്‍ വാര്‍‌ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കാനിരുന്ന എല്ലാ പരിപാടികളും അരങ്ങേറിയ പശ്ചാത്തലത്തില്‍ ഒത്തു ചേര്‍‌ന്ന പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളുടെ ഭാഗധേയത്തം കൊണ്ട്‌ സമ്പന്നമായി.

പരിപാടികളുടെ എല്ലാ വശങ്ങളും വിശതമായ അവലോകനങ്ങള്‍‌ക്കും സജീവ ചര്‍‌ച്ചകള്‍‌ക്കും വിധേയമാക്കി.കൂട്ടുത്തരവാദിത്തബോധത്തോടെ സ്ഥാനമാന വ്യത്യാസമില്ലാതെ മൈതാനത്തിറങ്ങുന്നതിന്റെ പ്രതിഫലനങ്ങള്‍ സന്തോഷ ദായകമാണെന്നു വിലയിരുത്തപ്പെട്ടു.വളരെ ഹ്രസ്വമാണെങ്കിലും നന്മയെ തൊട്ടറിയാനുപകരിക്കുന്ന ഒരു കൈപുസ്‌തകം ഭവന സമര്‍‌പ്പണവേളയില്‍ പ്രകാശനം ചെയ്യാന്‍ സാധിച്ചതില്‍ അരങ്ങിലും അണിയറയിലും പ്രവര്‍‌ത്തിച്ചവര്‍‌ പ്രശം‌സ അര്‍‌ഹിക്കുന്നതായി അം‌ഗങ്ങള്‍ അഭിപ്രായപ്പെട്ടു.നമ്മുടെ പരിപാടികളുടെ സം‌ഘാടന മികവിനെ സദസ്സിലിരുന്ന്‌ തന്നെ അതിഥികള്‍ പ്രശംസിച്ചതും നന്മ തിരുനെല്ലൂര്‍ എന്ന സം‌ഘത്തിനുള്ള പൊന്‍ തൂവലാണ്‌.അകലെ നിന്ന്‌ സാകൂതം നോക്കി കാണുന്നവര്‍ നന്മ എന്ന സം‌ഘടനയോട്‌ ചേര്‍‌ന്ന്‌ നില്‍‌ക്കാന്‍ പ്രത്യക്ഷമായും പരോക്ഷമായും സമീപിക്കുന്നതും നന്മയുടെ സം‌ഘാടന മികവ്‌ തന്നെയായിരിക്കണം.

അവലോകന യോഗത്തിനു ശേഷം വരാനിരിക്കുന്ന പ്രവര്‍‌ത്തക കാല അജണ്ടകള്‍‌ക്ക്‌ രൂപം കൊടുത്തു.അഞ്ച്‌ തലക്കെട്ടുകളിലുള്ള അജണ്ടകള്‍ നടപ്പില്‍ വരുത്താനുതകുന്ന വിധം അത്യാകര്‍‌ഷകമായ രീതിയില്‍ ബ്രൗഷര്‍ തയ്യാറാക്കാന്‍ ധാരണയായി.

((1)ഇണയും തുണയും :-വിവാഹ പ്രായമെത്തിയ അര്‍‌ഹരായ സഹോദരിമാര്‍‌ക്ക്‌ വിവാഹ സമ്മാനമായി അഞ്ച്‌ പവന്‍ സ്വര്‍‌ണ്ണവും സാമ്പത്തിക സഹായവും.

സഹജരുടെ സുഖ ദുഃഖങ്ങളെ പരിഗണിക്കാതിരിക്കാന്‍ നിര്‍‌വാഹമില്ലെന്ന്‌ ബോധ്യമുള്ള സുമനസ്സുക്കളുടെ സഹകരണം പ്രതീക്ഷിച്ചു കൊണ്ടുള്ള മഹത്തായ സം‌രം‌ഭം.

(2)താങ്ങും തണലും:-പരക്ഷേമ തല്‍‌പരതയില്‍ ഊന്നിയ പരിപാടികള്‍ എല്ലാ ഗ്രാമീണര്‍‌ക്കും ശുദ്ധമായ അന്തരീക്ഷവും ചികിത്സയും പരിചരണവും ശുദ്ധ ജലവും വെളിച്ചവും ഉണ്ടെന്ന് ഉറപ്പ്‌ വരുത്താന്‍ ശ്രമിക്കുന്ന പദ്ധതി.ഈ വിഭാവനയിലെ പലതും തല്‍‌ക്ഷണം പ്രായോഗികമായി പ്രതികരിക്കേണ്ടി വന്നേക്കും.

സ്വന്തത്തേക്കാള്‍ മറ്റുള്ളവരുടെ കാര്യങ്ങളെ കുറിച്ച്‌ അസ്വസ്ഥമാകുന്ന നിഷ്‌കളങ്കരായ ഉദാരമതികള്‍ ഈ സംരം‌ഭത്തെ വിജയിപ്പിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

(3)വിദ്യാര്‍‌ഥി മിത്രം:-പഠിക്കാന്‍ താല്‍‌പര്യമുള്ള വിഷയങ്ങളില്‍ പഠനം തുടരാനുള്ള സാഹചര്യം ഒരുക്കുക,കലാകായിക രം‌ഗത്തിന്റെ പരിപോഷണത്തെ സഹായിക്കുക.

ദാന ധര്‍‌മ്മങ്ങളുടെ സമാഹരണവും വിദ്യാര്‍ഥികളുടെ പഠന കാലത്തേയ്‌ക്കുള്ള പ്രായോജകരെ കണ്ടെത്തിയും ഈ വിഭാവനയുടെ പൂര്‍‌ത്തീകരണം സാധ്യമാകുമെന്നാണ്‌ പ്രതീക്ഷ.

(4)ആരോഗ്യ ഗ്രാമം :- സംസ്‌കരണം,ആരോഗ്യം,ശുചിത്വം,ലഹരി വിരുദ്ധ ബോധവത്‌കരണം,സോഷ്യല്‍ മീഡിയാ മര്യാദ,വിവഹ അത്യാചാരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഓര്‍‌മ്മപ്പെടുത്തലുകള്‍,പഠന ശിബിരിങ്ങള്‍.

പൊതു സമൂഹ താല്‍‌പര്യത്തെ മുന്‍ നിറുത്തിയുള്ള വൈവിധ്യമാര്‍‌ന്ന പദ്ധതികള്‍.അവസരോചിതമായ ഇടപെടലുകള്‍.സന്നദ്ധ സേവനങ്ങളും സഹായ സഹകരണ ങ്ങളും.

ദാന ധര്‍‌മ്മങ്ങളില്‍ നിന്നും വിഹിതം നല്‍‌കി ഇവ്വിഷയത്തില്‍ സഹൃദയര്‍‌ക്ക്‌ ഭാഗഭാക്കാകാം.

(5)വിശാല മഹല്ല്‌ പരിധിയില്‍ അര്‍‌ഹരായ കുടും‌ബം‌ഗങ്ങള്‍‌ക്ക്‌ റമദാന്‍ കിറ്റ് ഉള്‍‌പ്പടെയുള്ള സാമ്പത്തിക സഹായം.മഹല്ലിലെ മസ്‌ജിദുകള്‍ കേന്ദ്രീകരിച്ച്‌ ഇഫ്‌ത്വാര്‍ സം‌ഗമങ്ങള്‍.

നന്മ ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവയുടെ അധ്യക്ഷതയില്‍ വൈകുന്നേരം 7.30 ന്‌ ചേര്‍‌ന്ന യോഗത്തില്‍ ജനറല്‍ കണ്‍‌വീനര്‍ ഷിഹാബ്‌ എം.ഐ സ്വാഗതം പറഞ്ഞു.ഖമറുദ്ദീന്‍ കടയില്‍ നന്ദി പ്രകാശിപ്പിച്ചു.വി.എസ്‌ അബ്‌ദുല്‍ ജലീല്‍ വിളമ്പിയ സ്വാദിഷ്‌ടമായ ഭക്ഷണത്തിനു ശേഷം എല്ലാവരും പിരിഞ്ഞു.
22.01.2019