മഹിതമായ
ഒരു സംരംഭത്തിന്റെ അവസാനഘട്ടത്തിലാണ് നാം.ഖത്തര്‍ മഹല്ലു അസോസിയേഷന്‍
തിരുനെല്ലൂരിന്റെ പണിപ്പുരയിലുള്ള സുവനീറിനെ കുറിച്ചുള്ള അവലോകനമാണിവിടെ
പങ്കു വെക്കുന്നത്.
വനാന്തരങ്ങളില്‍ പുഴകളും
പൂക്കളും ധാരാളം ഉണ്ടാകാം. ചിട്ട വട്ടങ്ങളോടെ പരിപാലിക്കപ്പെടുന്ന
ആരാമങ്ങളാണ് ആസ്വാദകരെ ആകര്‍ഷിക്കുന്നത്. വൃത്തിയും വെടിപ്പുമുള്ള
പൂങ്കാവനങ്ങളില്‍ മധുവും മണവും ചുരത്തുന്ന പൂക്കളായി
വിടര്‍ന്നുല്ലസിക്കാന്‍ വിശ്വാസികള്‍ക്കാവണം. അവിടെ പറന്നെത്താതിരിക്കാന്‍
മധുപന്മാര്‍ക്കാകുകയും ഇല്ല. അവരുടെ പ്രയാണം പ്രവാഹം പോലെയാകണം.
കല്ലും
മുള്ളും കുന്നും മലയും പാറയും പൂഴിയും എല്ലാം താണ്ടി കിതപ്പില്ലാതെ
കുതിക്കുന്ന പ്രവാഹം. കേവലം കല്ലായി മാറിക്കിടക്കാതെ വെള്ളാരം കല്ലാകാന്‍
ഒഴുക്കില്‍ പെടുക. തെളിമയുടെ തെളിനീരില്‍ പ്രതിഫലിക്കുന്ന വെള്ളാരം
കല്ലുകള്‍ രൂപ ഭാവങ്ങള്‍ മാറുംതോറും മനോഹരമാകുന്ന അനുഭവത്തിന്റെ
മണിമുത്തുകളത്രെ. ഏതു കാഴ്ചക്കാരനും ഒന്നെടുത്തു നോക്കാന്‍ ശ്രമിക്കുന്ന
തൊട്ടുഴിയാന്‍ ഇഷ്ടപ്പെടുന്ന വെള്ളാരം കല്ലുകള്‍.
തുടക്കം മുതലേ പറഞ്ഞതു പോലെ പത്തു ശീര്‍ഷകങ്ങളും ഉപ ശീര്‍ഷകങ്ങളുമാണ് സുവനീറില്‍ ഉണ്ടാവുക.പ്രാരംഭത്തില്‍ ഔദ്യോഗിക സന്ദേശങ്ങളും,പത്രാധിപ സമിതി,സുവനീര്‍ സമിതി,പ്രവര്‍ത്തക സമിതി എന്നിവരുടെ വിശദാംശങ്ങളും ചേര്‍ക്കും.
ഒന്നാം
ഭാഗത്തില്‍:-സുവനീര്‍ സമിതിയുടെ വെള്ളാരം കല്ലുകള്‍ എന്ന തലക്കെട്ടിലുള്ള
വിശേഷ സന്ദേശവുമുണ്ടാകും.പ്രസിഡണ്ടിന്റെ അക്ഷരോപഹാരവും ജനറല്‍
സെക്രട്ടറിയുടെ തിരനോട്ടവും,ഔദ്യോഗിക ഭാരവാഹികളുടെ ആശംസാ സന്ദേശങ്ങളും
ഉള്‍പെടുത്തപ്പെട്ടിരിക്കുന്നു.
രണ്ടാമത്തെ
ഭാഗം:-ഓര്‍മ്മയില്‍ എന്റെ ഗ്രാമം എന്ന ശീര്‍ഷകത്തിലാണ്
ഒരുക്കിയിരിക്കുന്നത്.പെരിങ്ങാട് എന്ന കയ്യൊപ്പോടെയുള്ള കവര്‍
സ്റ്റോറിയാണ് ഈ ഭാഗത്തെ സമ്പന്നമാക്കുന്നത്.സുവനീര്‍ ടീം പ്രത്യേകം
തയ്യാറാക്കിയ പേജില്‍ അറുപതുകള്‍ മുതലുള്ള പെരിങ്ങാടിന്റെ ചരിത്രം
ഭാഗികമായി പറയാനാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
നൂറ്റാണ്ടുകളുടെ
പഴക്കമുള്ള പെരിങ്ങാട് പള്ളിയുടെ അറുപതുകളിലെ പുനരുദ്ധാരണ കഥകളോടെയാണ്
ആരംഭിക്കുന്നത്.തുടര്‍ന്ന് മദ്രസ്സ ചരിത്രവും അതുമായി ബന്ധപ്പെട്ട
ബോംബെ കാലഘട്ടവും വിശദികരിക്കുന്നു.കിഴക്കേകര മദ്രസ്സയുടെ
തുടക്കം,പ്രവാസികളുടെ സഹകരണം,പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള സഹായ സഹകരണം
ഒക്കെ ചിത്രീകരിക്കുന്നു.
1925 മുതലുള്ള പെരിങ്ങാടിന്റെ സാംസ്‌കാരിക പരിസരം മുതല്‍ ഇളം തലമുറയോളം എത്തി നില്‍ക്കുന്ന പ്രതിഭകളേയും പരാമര്‍ശിക്കുന്നു.
പത്തൊമ്പതാം
നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തുടങ്ങി വെച്ച വിദ്യാലയത്തിന്റെ ചരിത്രം
അറുപതുകളിലെ വിദ്യാസമ്പന്നര്‍ മുതല്‍ പുതിയ കാലഘട്ടത്തില്‍ എത്തി
നില്‍ക്കുന്ന വളര്‍ച്ചയും വ്യക്തമാക്കുന്നു.എമ്പതുകളുടെ ആദ്യം വരെ
നാട്ടില്‍ നടമാടിയിരുന്ന കൊടികുത്തിന്റെ കൊടി കയറിയ ചരിത്രവും കൊടിയിറങ്ങിയ
സാഹചര്യവും വിശദീകരിക്കുകയും വിശകലനത്തിന് വിധേയമാക്കുകയും
ചെയ്യുന്നു.സമ്പന്നമായിരുന്ന തിരുനെല്ലൂര്‍ പാടം,പഴയ കാല തോടും വഴിയും
കാവും കടവും കൃഷിയും പറയുന്നതോടൊപ്പം പ്രൗഢമായിരുന്ന കായല്‍ കടവും കഥകളും
വിവരിക്കുന്നു.ദരിദ്രമായ കാലഘട്ടവും എന്നാല്‍ സമ്പനമായ സ്‌നേഹ
വാത്സല്യങ്ങളുടെ ഗ്രഹാതുരത്വം നിറഞ്ഞ നാളുകള്‍ ഹൃദയഹാരിയായി
അവതരിപ്പിക്കപ്പെടുന്നു.മത്സ്യക്കച്ചവടവും,തേങ്ങയും ചകിരിയും കയറും കായലും
കൗതുകങ്ങളും വിനോദങ്ങളും കളരിയും എല്ലാം ഉള്ള ഒരു കുഗ്രാമത്തിന്റെ കണ്ണീരും
പുഞ്ചിരിയും ഒക്കെ പകര്‍ത്തപ്പെട്ടിരിക്കുന്നു.
കായിക തിരുനെല്ലൂര്‍ എന്ന ഉപ ശിര്‍ഷകം തന്നെ ഒരുക്കിയിട്ടുണ്ട്.ഇവ്വിധം തന്നെയാണ് ഇതര അധ്യായങ്ങളും ഉപ ശീര്‍ഷകങ്ങളും രുപപ്പെടുത്തിയിട്ടുള്ളത്.വളരെ ചുരുക്കി വിവരിക്കാന്‍ പോലും പേജുകള്‍ വേണ്ടി വരും.ഓര്‍മ്മയിലെന്റെ ഗ്രാമം,എന്റെ ഗ്രാമം,അണയാത്ത വിളക്കുകള്‍,വ്യക്തി മുദ്രകള്‍,സാംസ്‌കാരികം,പ്രവാസ ലോകം,മാര്‍ഗ ദീപം,പഴയ താളുകള്‍,വരകള്‍ വര്‍ണ്ണ രാജികള്‍,എല്ലാം ഒന്നിനൊന്നും മികച്ചതാക്കാന്‍ ശ്രമിച്ചു പോന്നിട്ടുണ്ട്.ഇതില്‍ എന്റെ ഗ്രാമം ഒരു വിജ്ഞാന വിരുന്നും ഓര്‍മ്മകളുടെ മണിച്ചെപ്പുമാണ്.എല്ലാ ശീര്‍ഷകങ്ങളും പഠനാര്‍ഹവും സര്‍ഗാത്മകവുമായ രചനകളാല്‍ സമ്പുഷ്‌ടം.കാത്തിരിക്കുക.പ്രാര്‍ഥിക്കുക.
അസീസ് മഞ്ഞിയില്‍
ചിഫ് എഡിറ്റര്‍
വെള്ളാരം കല്ലുകള്‍.
(ചീഫ് എഡിറ്ററോടൊപ്പം ഹമീദ് ആര്‍.കെ,അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം,അബു ബിലാല്‍ തുടങ്ങിയവരും സഹകരിക്കുന്നുണ്ട്.)