നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 5 November 2024

ആത്മ സം‌തൃ‌പ്‌തിയോടെ

ദോഹ:ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി പ്രസിഡണ്ട് ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ സിറ്റിഎക്‌ചേഞ്ചില്‍ ചേര്‍‌ന്നു. 

വരാനിരിക്കുന്ന പ്രവര്‍‌ത്തക വര്‍‌ഷത്തിന്റെ പ്രാരം‌ഭവും പുതിയ സമിതിയുടെ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പും വിലയിരുത്തുകയും വിശദീകരിക്കുകയും എന്നതായിരുന്നു മുഖ്യ അജണ്ട.

പ്രവര്‍‌ത്തക വര്‍‌ഷത്തിന്റെ കാലാവധി തീരും‌മുമ്പ് ഒരു വിലയിരുത്തല്‍ നടത്തുമ്പോള്‍, പരിതികളിലും പരിമിതികളിലും നിന്നു കൊണ്ട് മഹല്ലിലെ വ്യത്യസ്‌തങ്ങളായ ആവശ്യങ്ങള്‍‌ക്ക് വിവിധ രീതിയില്‍ സഹകരിക്കാനും സമാഹരിക്കാനും പ്രവര്‍‌ത്തിക്കാനും ഖ്യുമാറ്റിന്‌ സാധിച്ചിട്ടുണ്ട്.അധ്യക്ഷന്‍ പറഞ്ഞു.സാമ്പത്തികമായ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തന്നെ ഇത്  കൃത്യമായി ബോധ്യമാകുമെന്നും അഭിപ്രായപ്പെട്ടു.

പരസ്‌പര സ്‌നേഹ സൗഹാര്‍‌ദ്ദങ്ങളിലൂടെ കാര്യക്ഷമമായി പ്രവര്‍‌ത്തിക്കാനാണ്‌ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.ഒപ്പം നേതൃത്വത്തിലുള്ളവരുമായി ആശയങ്ങള്‍ പങ്കുവെച്ചുള്ള പ്രയാണം തികച്ചും ആരോഗ്യകരമാണെന്നാണ്‌ വിശ്വാസം.ഇത്തരം കൂടിയാലോചനകള്‍ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ - സം‌സ്‌ക്കാരത്തിന്റെ ഭാഗവുമാണ്‌.

മനുഷ്യസഹജമായ ഏറ്റക്കുറച്ചിലുകള്‍ ഒരു പക്ഷെ ഉണ്ടായേക്കാമെങ്കിലും സജീവമായ പ്രവര്‍‌ത്തന നൈരന്തര്യത്തെ നിഷേധിക്കാനാകില്ലെന്നും സദസ്സില്‍ വിശദീകരിക്കപ്പെട്ടു.

പ്രവാസകാലത്തോളം ചരിത്രമുള്ള ഈ പ്രവാസി കൂട്ടായ്‌മ ഉണര്‍‌ന്നും ഉയര്‍‌ന്നും വളര്‍‌ന്നും ചിലപ്പോഴെങ്കിലും തീരെ തളര്‍‌ന്ന അവസ്ഥകളിലൂടെയും കടന്നു പോയിട്ടുണ്ട്.പിന്നീട് ആസൂത്രിതമായ കെട്ടും മട്ടും സ്വീകരിച്ച് അസോസിയേഷന്‍ എന്ന പുതിയ മുഖത്തിലും ഭാവത്തിലും വളര്‍‌ന്ന്‌ ഘടനാപരമായും അല്ലാതെയും വികസിച്ചത് ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമായിരുന്നു എന്നത് തര്‍‌ക്കമറ്റകാര്യമത്രെ.

പ്രസ്‌തുത നവീകരണ ഘട്ടങ്ങളിലും അതിന്റെ സഞ്ചാര ഭൂമികയില്‍ നിം‌നോനതകള്‍ ഒട്ടേറെ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ ഒരു ദശകത്തിലധികമായി വിശേഷാല്‍ പ്രതിബന്ധങ്ങളും പ്രതിസന്ധികളും ഇല്ലാതെ ഈ മഹല്ല്‌ പ്രവാസി സം‌വിധാനം സജീവമായി നീങ്ങുന്നു എന്നത് അഭിമാനകരമാണെന്ന് വിലയിരുത്തപ്പെട്ടു.വിശിഷ്യാ മഹാമാരിയുടെ നാളുകളില്‍ പല സം‌ഘടനകളും തീരെ നിര്‍‌ജീവമായ കാലത്തും ഖ്യുമാറ്റ് കൂടുതല്‍ ഉണര്‍‌വോടെ സാഹചര്യത്തിന്റെ തേട്ടത്തിനനുസരിച്ച് പ്രവര്‍‌ത്തന സജ്ജമായിരുന്നു.

ഗുണകാം‌ക്ഷയോടെയുള്ള തിരുത്തലുകളും ഓര്‍‌മപ്പെടുത്തലുകളും സ്വാഗതാര്‍‌ഹമാണ്‌.നിരീക്ഷണങ്ങളും നിരൂപണങ്ങളും ഒരു സം‌ഘടിത സ്വഭാവത്തിലുള്ള കൂട്ടായ്‌മകളുടെ കുറ്റമറ്റ പ്രകിയക്ക് ഉപകരിക്കും.എന്നാല്‍ അനാരോഗ്യകരമായ പ്രവണതകളും കണ്ണടച്ച വിലയിരുത്തലുകളിലും ഒരു വക പ്രയോജനവും ലഭിക്കുകയില്ല.

സാന്ത്വനം,മഹല്ല് പരിപാലനം തുടങ്ങിയ തുടര്‍ സമാഹരണ പ്രക്രിയയെ കുറിച്ചും അതിന്റെ അനിവാര്യതയെ കുറിച്ചും വകുപ്പ് സെക്രട്ടറിമാര്‍ ഹ്രസ്വ വിശദീകരണം അവതരിപ്പിച്ചു.പ്രവര്‍‌ത്തനത്തിന്റെ സുഖമമായ നടത്തിപ്പ് ഉദ്ദേശിച്ച് തുടക്കമിട്ട ഉപവിഭാഗങ്ങള്‍ പലതും ഇനിയും കൂടുതല്‍ ഊര്‍‌ജ്ജസ്വലമാകണം എന്നും നിരീക്ഷിക്കപ്പെട്ടു.

അധ്യക്ഷന്റെ ആമുഖത്തിന്‌ ശേഷം മീഡിയ സെക്രട്ടറി തുടക്കമിട്ട ചര്‍‌ച്ചയില്‍ വൈസ്‌ പ്രസിഡണ്ട് ശൈതാജ് മൂക്കലെ,സെക്രട്ടറി കെ.ജി.റഷിദ് ,അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,അനീസ് അബ്ബാസ്,റ‌ഈസ് സഗീര്‍,അനസ്‌ ഉമര്‍,ജ‌അഫര്‍ ഉമര്‍,ഷമീര്‍ പി.എം,ആരിഫ് ഖാസിം,കെ.ജി.റഷാദ്  തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു. 

2025 ജനുവരി അവസാനവാരം ജനറല്‍ ബോഡി ചേര്‍‌ന്ന് പുതിയ സമിതിയെ തെരഞ്ഞെടുക്കാം എന്ന ധാരണയിലെത്തി.തെരഞ്ഞെടുപ്പ് ചുമതല ആരിഫ് ഖാസിം,സലീം നാലകത്ത്,റ‌ഈസ് സഗീര്‍ എന്നിവരുടെ നേതൃത്വത്തിലാകാമെന്നും തീരുമാനിച്ചു. 

വൈകീട്ട് 7.45 ന്‌ പ്രാര്‍‌ഥനയോടെ തുടങ്ങിയ യോഗത്തില്‍,ജനറല്‍ സെക്രട്ടറി കെ.ജി റഷീദ് സ്വാഗതമാശം‌സിച്ചു.അധ്യക്ഷന്‍ ഷറഫു ഹമീദിന്റെ പ്രാര്‍‌ഥനയോടെ 9.45 ന്‌  അവസാനിച്ചു.

============

ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍

മീഡിയ