നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 11 August 2018

അറഫാ സം‌ഗമം ആഗസ്റ്റ് 20 ന്‌

ദോഹ: ആഗസ്റ്റ് 12 ഞായറാഴ്‌ച ഈ വര്‍‌ഷത്തെ ദുല്‍‌ഹജ്ജ്‌ മാസം പ്രാരം‌ഭം കുറിക്കുകയാണെന്ന്‌ സൗദി അറേബ്യന്‍ മതകാര്യ വകുപ്പ്‌ വാര്‍‌ത്താ മാധ്യമങ്ങളെ അറിയിച്ചു.ആഗസ്റ്റ് 19 ഞായറാഴ്‌ച ദുല്‍ ഹജ്ജ്‌ 8 മുതല്‍ 2018 ലെ ഹജ്ജ്‌ കര്‍‌മ്മങ്ങള്‍ ആരം‌ഭിക്കും.ആഗസ്റ്റ്‌ 20 തിങ്കളാഴ്‌ചയായിരിയ്‌ക്കും അറഫ സം‌ഗമം. 2018 ആഗസ്റ്റ് 21 ചൊവ്വാഴ്‌ചയായിരിയ്‌ക്കും മധ്യേഷയിലെങ്ങും ബലിപ്പെരുന്നാള്‍ ആഘോഷം.

ഈ പുണ്യ ദിന രാത്രങ്ങളെ സദ്‌ കര്‍‌മ്മങ്ങള്‍ കൊണ്ട്‌ സജീവമാക്കാനും സമ്പന്നമാക്കാനും കഴിയട്ടെ എന്ന്‌ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ആശം‌സിച്ചു.

ഖുർആനും പ്രവാചകചര്യയും നിർദ്ദേശിച്ച മാതൃകയിൽ വിശ്വാസികള്‍ മതപരമായ അനുഷ്ഠാനമായി ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ മക്കയിലേക്ക് നടത്തുന്ന തീർത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള കർമ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത് . വർഷംതോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമാണിത്.ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തെതായാണ്‌ ഹജ്ജ് അനുശാസിക്കപ്പെടുന്നത്‌.വിശ്വാസികളുടെ ഐക്യത്തിന്റെയും ദൈവത്തിനുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായി ഹജ്ജ് പഠിപ്പിക്കപ്പെടുന്നു.കഅബ പണിതുയര്‍‌ത്തിയ ഇബ്രാഹിം നബി , ഭാര്യ ഹാജറ, അവരുടെ മകൻ ഇസ്മാഈല്‍ നബി എന്നിവരുടെ ഓർമകളും അവരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമാണ്‌ ഹജ്ജിലെ കർമ്മങ്ങൾ.

പ്രവാചകന്മാരായ ഇബ്രാഹിം, ഇസ്മാഈല്‍ എന്നിവരാണ് ദൈവത്തിന്റെ കല്പന അനുസരിച്ച് ക‌അബ നിർമ്മിച്ചത് എന്നാണ്‌ ചരിത്രം.ആദ്യം ആദം നബിയാണ് ക‌അബ സ്ഥാപിച്ചതെന്നും, ഇത് മണലിൽ പൂണ്ടുകിടന്നയിടത്താണ് ഇബ്രാഹിം നബി ക‌അബ പുനഃസ്ഥാപിച്ചതെന്നുമാണ്‌ പ്രമാണം. കാലക്രമേണ കഅബ വളരെ പ്രസിദ്ധമായ ആരാധനാലയമായിത്തീരുകയും വിശ്വാസികൾ അവിടെ ദർശനം നടത്താനെത്തുകയും ചെയ്തിരുന്നു.തമോ കാലഘട്ടത്തിൽ ഇവിടെ പലതരം ആരാധനകൾ നടന്നിരുന്നു. പലരും കൊണ്ടു വന്നിരുന്ന വിഗ്രഹങ്ങളും അവിടെ സ്ഥാപിക്കപ്പെട്ടിരുന്നു. സംസം കിണറിൽ നിന്നും സുലഭമായി ജലം ലഭിച്ചിരുന്നതിനാൽ മക്ക ഒരു തിരക്കുള്ള നഗരമായി.

ജനങ്ങൾ ബഹുദൈവ വിശ്വാസികളാവുകയും വിവിധ ദൈവങ്ങളെയും ആത്മാക്കളെയും ആരാധിക്കാൻ തുടങ്ങുകയും ചെയ്തു.എന്നാൽ മക്കാ വിജയത്തിനു ശേഷം പ്രവാചക പ്രഭു മുഹമ്മദ് (സ) കഅബ പുതുക്കിപ്പണിയുകയും ആദം നബി മുതൽ അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയിൽ വരെ വിശ്വസിക്കുന്നവർക്ക് മാത്രമായിട്ടെന്ന് പ്രഖ്യാപിച്ച് ആരാധനക്കായി തുറന്നുകൊടുക്കുകയും ചെയ്തു.

കഴിവും സമ്പത്തുമുള്ള ഓരോ വിശ്വാസിയും ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്തിരിക്കണം എന്ന് നിർബന്ധമാണ്‌ . അറബിമാസം ദുൽഹിജ്ജ് 8 മുതൽ 12 വരെയാണ് ഹജ്ജ് കർമ്മം അനുഷ്‌ഠിക്കേണ്ട ദിവസങ്ങൾ.