നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 12 February 2025

തണലിൻ്റെ തണലായ ഈസക്ക!

ഖത്തറിലെ സഹൃദയസദസ്സുകളിലെ നിറസാന്നിധ്യം ഈസക്ക അഥവാ ഈസ അലി ഇന്റര്‍ നാഷണല്‍ എന്ന മനുഷ്യ സ്‌നേഹി വിടവാങ്ങിയിരിക്കുന്നു.

ദോഹയില്‍ വെച്ച് പുലര്‍‌ച്ചയോടെയാണ്‌ അന്ത്യം. ന്യൂമോണിയ ബാധിച്ചു മൂന്ന്‌ ദിവസമായി ചികിത്സയിലായിരുന്നു.ഇന്ന് രാവിലെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍‌ന്നാണ്‌ മരണം.

തണലിൻ്റെ തണലായ ഈസക്ക!
കെ.ടി ജലീല്‍ എഴുതിയ അനുസ്‌മരണം

പ്രവാസികൾക്കും കലാകാരൻമാർക്കും ജീവകാരുണ്യ പ്രവർത്തകർക്കും പ്രിയങ്കരനായ ഈസക്ക മരണപ്പെട്ട വിവരം രാവിലെ സുഹൃത്ത് ലത്തീഫ് വിളിച്ചാണ് പറഞ്ഞത്. ശരിക്കും ഞെട്ടലുളവാക്കിയ വാർത്ത! കുറച്ചു സമയത്തേക്ക് നാക്ക് ഇറങ്ങിപ്പോയ അവസ്ഥ. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹവുമൊത്ത് കുറേ സമയം ചെലവിട്ടത്. ഞാൻ ഈസക്കയെ അടുത്ത് പരിചയപ്പെടുന്നത് പ്രിയമിത്രം ലത്തീഫിൻ്റെ മകളെ ഈസക്കയുടെ മകൻ നദീർ വിവാഹം കഴിച്ചതോടെയാണ്. അതിനുമുമ്പ് അദ്ദേഹത്തെ കുറിച്ച് കേട്ടുകേൾവിയേ ഉണ്ടായിരുന്നുള്ളൂ. കാണുകയും ഇടപഴകുകയും ചെയ്ത അന്ന് മുതൽ എനിക്ക് തോന്നിയത്, എത്രയോ മുമ്പ് പരിചയപ്പെടേണ്ട വ്യക്തിയായിരുന്നു ഈസക്ക എന്നാണ്. കലാസ്നേഹി, അപരൻ്റെ വേദനയറിഞ്ഞ മൃദുല ഹൃദയൻ, കഷ്ടപ്പെട്ടവരോട് ഐക്യപ്പെട്ടവൻ, ജീവകാരുണ്യ പ്രവർത്തനം തപസ്യയാക്കിയവൻ, കഴിവുറ്റ സംഘാടകൻ, മികച്ച സാമൂഹ്യ പ്രവർത്തകൻ, ശ്രദ്ധേയനായ തമിഴ്-മലയാളം ഗായകൻ, അറിയപ്പെടുന്ന പ്രവാസി ബിസിനസ്സുകാരൻ, പൊള്ളാച്ചിയിൽ ജനിച്ച് ഉമ്മവീടായ മൂന്നിയൂരുമായി ഗാഢബന്ധം കാത്തുസൂക്ഷിച്ച് മലയാളക്കരയുമായി ഇഴുകിച്ചേർന്ന "തമിയാളി"......അങ്ങിനെ പോകുന്നു ഈസക്കയുടെ എണ്ണിയാൽ മതിവരാത്ത വിശേഷണങ്ങൾ.

തൻ്റെ സമ്പാദ്യത്തിൻ്റെ നല്ലൊരു ഭാഗം ഈസക്ക ചെലവഴിച്ചത് അശരണരുടെ കണ്ണീരൊപ്പാനാണ്. അതിന് ജാതിയും മതവും രാഷ്ട്രീയവുമൊന്നും അദ്ദേഹത്തിന് തടസ്സമായില്ല. സമൂഹത്തിൽ അടുപ്പത്തിൻ്റെ കണ്ണികളായി വർത്തിക്കുന്ന കലാകാരൻമാരെ ഈസക്ക നെഞ്ചോട് ചേർത്തുവെച്ചു. ഇതിനായി കോഴിക്കോട് ആസ്ഥാനമാക്കി 'ആശ' എന്ന ഒരു കൂട്ടായ്മക്ക് രൂപംനൽകി. 'ആശ'യുടെ ദീർഘകാലത്തെ പ്രസിഡണ്ട് എന്ന നിലയിൽ അദ്ദേഹം നടത്തിയ സൽകൃത്യങ്ങൾ മാതൃകാപരമാണ്. മലയാളികളെ സംഗീത ലഹരിയിൽ ആറാടിച്ച് കടന്ന് പോയ ബാബുരാജിന് സ്വന്തമായി ഒരു കൂരപോലും ഇല്ലായിരുന്നു. ബാബുക്കയുടെ കുടുംബത്തിൻ്റെ വ്രണിത മനസ്സ് കണ്ട ഈസക്കയാണ് 2013-ൽ 'ആശ' വഴി വീടു വെച്ചു നൽകിയത്. പാട്ടും പറച്ചിലുമായി പതിറ്റാണ്ടുകൾ പതിനായിരങ്ങളെ ആവേശം കൊള്ളിച്ച കലാകാരിയാണ് റംലാബീഗം. സാമ്പത്തിക ബാധ്യതകളെ തുടർന്ന് സ്വവസതിയിൽ നിന്ന് അവർ കുടിയിറക്കപ്പെടുന്ന സാഹചര്യം ഉണ്ടായപ്പോൾ ഓടിയെത്തി അവർക്ക് അത്താണിയായതും ഈസക്കയുടെ നേതൃത്വത്തിലുള്ള 'ആശ'യാണ്.  ഓരോ വർഷവും നാലു വീതം അവശ കലാകാരൻമാരെ തെരഞ്ഞെടുത്ത്  എട്ടുവർഷം തുടർച്ചയായി സഹായ ഹസ്തം നീട്ടിയ ഈസക്കയുടെ 'ആശ'യെ ആർക്ക് മറക്കാനാകും?

ഭിന്നശേഷി ഒരു രോഗമല്ല. അതൊരു ജീവിതാവസ്ഥയാണ്. ഇതു മനസ്സിലാക്കാൻ എല്ലാവർക്കും കഴിഞ്ഞു കൊള്ളണമെന്നില്ല. ജീവിതത്തിൽ പ്രതീക്ഷയറ്റ കുരുന്നുകൾക്ക് സ്വപ്നങ്ങളുടെ ചിറകേറാൻ പര്യാപ്തമായ ഒരു "സ്നേഹതീരം" ഈസക്ക മുൻകയ്യെടുത്താണ് പൂനൂരിൽ സ്ഥാപിച്ചത്. ആ സ്ഥാപനത്തിൻ്റെ ചെയർമാനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സതുത്യാർഹമാണ്. ഡോ: ഇദ്രീസിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന "തണലി"ന് തണൽ തീർത്ത തണലാണ് ഈസക്ക. നരിക്കുനി "അത്താണി", എളേറ്റിൽ ഓർഫനേജ്, ചെറുകര ഓർഫനേജ്, വണ്ടൂരിലെ പുലിക്കോട്ടിൽ ഹൈദർ കലാപഠന കേന്ദ്രം, ഖത്തറിലെ കലാസാംസ്കാരിക സംഘടനയായ "സമീക്ഷ", മലപ്പുറത്തുകാരുടെ കലാ കൂട്ടായ്മയായ 'മംവാക്ക്', തിരുവനന്തപുരം സി.എച്ച് സെൻ്റർ, ഖത്തർ കെ.എം.സി.സി തുടങ്ങി നിരവധി സംഘടനകളുടെ ജീവാത്മാവും പരമാത്മാവുമായി ഈസക്ക തിളങ്ങി. അദ്ദേഹത്തിൻ്റെ  സംഘാടന മികവിനും സഹായ മനസ്ഥിതിക്കും ഇതിൽപരം എന്ത് ഉദാഹരണമാണ് വേണ്ടത്?

എ.കെ. ബാലൻ സാംസ്കാരിക മന്ത്രിയായിരിക്കെ പുലിക്കോട്ടിൽ ഹൈദർ പഠന കേന്ദ്രത്തിന് ബജറ്റിൽ ഫണ്ട് വകയിരുത്താൻ ഈസക്ക എന്നോട് സൂചിപ്പിച്ചു. ഞാനത് ധനമന്ത്രിയുടെയും ബാലേട്ടൻ്റെയും ശ്രദ്ധയിൽ പെടുത്തി. പറഞ്ഞ തുക അനുവദിച്ചു. നന്ദി സൂചകമായി ഹൈദർ സ്മാരകത്തിൻ്റെ ഉൽഘാടനത്തിന് മന്ത്രി എ.കെ ബാലനെയും ഈ വിനീതനെയും അദ്ദേഹം ക്ഷണിച്ചു. സന്തോഷത്തോടെ ഞങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. ഈസക്കയുടെ ഖത്തറിലെയും നാട്ടിലെയും വീടുകൾ കലാകാരൻമാരുടെ സംഗീത വിരുന്നിന് എപ്പോഴും വേദിയായി. കേരളത്തിൽ അദ്ദേഹത്തിൻ്റെ ഒരു കൈ സഹായം ലഭിക്കാത്ത ദുർബല കലാകാരൻമാർ കുറവാകും. പ്രശസ്ത സംഗീത സംവിധായകൻമാരായ എം.ജയചന്ദ്രനുമായും വിദ്യാധരൻ മാസ്റ്ററുമായും ഈസക്കക്ക് ഉണ്ടായിരുന്ന അടുത്ത ബന്ധം സുവിദിതമാണ്. മലയാളത്തിൻ്റെ ശബ്ദ സൗകുമാര്യം കെ.എസ് ചിത്രയുമായി അദ്ദേഹം പുലർത്തിയ സഹോദര സ്നേഹം അടുപ്പക്കാർ മറക്കില്ല. മോയിൻകുട്ടി വൈദ്യർ  സ്മാരകത്തിൽ നടന്ന ഒരു ചടങ്ങിൽ ചിത്ര പങ്കെടുത്തത് ഈസക്കയുടെ അഭ്യർത്ഥന മാനിച്ചാണ്.

ഈസക്കയുടെ പിതാവ് കൊടുങ്ങല്ലൂർ കാരനും മാതാവ് മലപ്പുറം ജില്ലയിലെ മൂന്നിയൂർ സ്വദേശിനിയുമാണ്. 1921-ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെ തുടർന്ന് നിരവധി പേർക്ക് രാജ്യത്തിൻ്റെ പല ഭാഗങ്ങളിലേക്കും ഓടിപ്പോകേണ്ടി വന്നു. അക്കൂട്ടത്തിൽ പൊള്ളാച്ചിയിലേക്ക് ചേക്കേറിയ കുടുംബമാണ് ഈസക്കയുടെ ഉമ്മയുടേത്. അവിടെ ജനിച്ച അദ്ദേഹം പത്താം ക്ലാസ് വരെ തമിഴ് മീഡിയം സ്കൂളിലാണ് പഠിച്ചത്. ഡിഗ്രി പഠനം നമിഴ് നാട്ടിൽ നിന്ന് പൂർത്തിയാക്കിയ ശേഷമാണ് ജോലി തേടി ഈസക്ക ഖത്തറിലേക്ക് പോയത്. മൂന്നിയൂരുമായുള്ള ഹൃദയ ബന്ധമാണ് മാപ്പിളപ്പാട്ടിൽ അദ്ദേഹത്തെ തൽപരനാക്കിയത്. "മിഅറാജ് രാവിലെ കാറ്റെ, മരുഭൂ തണുപ്പിച്ച കാറ്റെ", "ഒട്ടകങ്ങൾ വരിവരി വരിയായ്, കാരക്ക മരങ്ങൾ നിരനിര നിരയായ്" തുടങ്ങിയ അനേകം ഹിറ്റ് ഗാനങ്ങൾ രചിച്ച പ്രഗൽഭ കവി പി.ടി അബദുറഹിമാനെ ആദ്യമായി ഈന്തപ്പനകളുടെ നാട്ടിലേക്ക് ക്ഷണിച്ചു കൊണ്ടു പോയത് ഈസക്കയാണ്. 'ബദ്രീങ്ങളെ പെറ്റ നാടുകാണാൻ' എന്ന പാട്ടെഴുതിയ കവി പ്രേംസൂരത്ത് ഉൾപ്പടെ ഒട്ടേറെ കലാസാംസ്കാരിക പ്രവർത്തകർക്ക് മദ്ധ്യപൗരസ്ത്യ രാജ്യത്ത് ആതിഥ്യമരുളാൻ സൗഭാഗ്യം സിദ്ധിച്ചതും ഈസക്കക്കാണ്.

തമിഴ് ഭക്തിഗാനങ്ങൾ ശ്രവണസുന്ദരമായി പാടിപ്പേരെടുത്ത നാഗൂർ ഹനീഫയുടെ കടുത്ത 'ഫാനാ'യിരുന്നു ഈസക്ക. ഡി.എം.കെ നേതാവായിരുന്ന നാഗൂർ ഹനീഫ, രോഗശയ്യയിലായിരിക്കെ, മുഖ്യമന്ത്രി കരുണാനിധി അദ്ദേഹത്തെ വീട്ടിൽ സന്ദർശിച്ചത് അക്കാലത്ത് വലിയ വാത്തയായിരുന്നു. മൽസരിക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിൽ എന്നോ നാഗൂർ ഹനീഫ ഡി.എം.കെ യുടെ എം.എൽ.എയോ എം.പിയോ മന്ത്രിയോ ഒക്കെ ആകുമായിരുന്നു. അദ്ദേഹം തമിഴിൽ പാടിയ ഏതാണ്ടെല്ലാ പാട്ടുകളും ഈസക്ക മനഃപാoമാക്കി. നാഗൂർ ഹനീഫ പാടിയ പത്തു പാട്ടുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് അതേ ഈണത്തിൽ പാടി, ഒരാൽബം തന്നെ ഈസക്ക പുറത്തിറക്കി. ഏത് ഗാനമേളയിൽ ആണെങ്കിലും ഈസക്ക സദസ്സിലുണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ ഒരു പാട്ട് തീർച്ചയായും ഉണ്ടാകും. അത് സംഘടനകളുടെ വാർഷികങ്ങളായാലും കല്യാണ വീടുകളായാലും ശരി. ഏറ്റവുമവസാനം ഞങ്ങൾ കണ്ടുമുട്ടിയ ഖത്തറിലെ വിവാഹ ചടങ്ങിലും ഈസക്ക പതിവു തെറ്റിച്ചില്ല.

ഖത്തർ മുനിസിപ്പാലിറ്റിയിൽ ഉദ്യോഗസ്ഥനായി പ്രവാസ ജീവിതം ആരംഭിച്ച ഈസക്ക, വൈകാതെ സ്വന്തം ബിസിനസ് ശൃംഘലക്ക് തുടക്കമിട്ടു. ദോഹ നഗരസഭയിൽ അദ്ദേഹത്തിൻ്റെ മേലുദ്യോഗസ്ഥനായിരുന്ന ഖത്തറുകാരനായ അലി, ഈസക്കയുടെ ചടുലതയും പ്രതിബദ്ധതയും കഴിവും പ്രത്യേകം ശ്രദ്ധിച്ചു. സഹപ്രവർത്തകൻ്റെ ഉൽസാഹത്തിലും നൈപുണ്യത്തിലും ആകൃഷ്ടനായ അലി, ഖത്തറിൽ ആരംഭിച്ച കമ്പനിയിൽ ഈസക്കയെ പങ്കാളിയാക്കി. ഇന്ന് ആ സ്ഥാപനം "അലി ഇൻ്റെർനേഷണൽ കമ്പനി" എന്ന പേരിൽ ഗൾഫിലെ പ്രശസ്തരായ സ്പെയർപാർട്സ് വിതരണക്കാരാണ്. 'മംവാക്ക്' എന്ന ഖത്തറിലെ മലപ്പുറത്തുകാരുടെ കൂട്ടായ്മയുടെ മുഖ്യശിൽപി എന്ന നിലയിലും അദ്ദേഹം പേരെടുത്തു.

'മാപ്പിള സോംഗ് ലവേഴ്‌സ് അസോസിയേഷൻ', 'കേരള മാപ്പിള കലാ അക്കാദമി', ദുബായ് കേന്ദ്രമായ 'ഇശൽമാല'  തുടങ്ങി നിരവധി സംഘടനകൾ കലാ-സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തന മേഖലകളിലെ ശ്ലാഘനീയമായ ഇടപെടലുകളെ മുൻനിർത്തി ഈസക്കക്ക് അംഗീകാരപ്പതക്കങ്ങൾ സമ്മാനിച്ചു. ഒരു പുരുഷായുസ്സ് കൊണ്ട് ചെയ്യാൻ കഴിയുന്നതിനപ്പുറം കർമ്മനിബിഡമാണ് ഈസക്കയുടെ ജീവിതം. സഫലമായ നശ്വര യാത്രക്ക് വിരാമമിട്ട് അനശ്വര പാർപ്പിടത്തിലേക്ക് നടന്നു പോയ ഈസക്കയെ, "താൻ മരണപ്പെടുന്നേടത്ത്, മറവു ചെയ്യണമെന്ന" വസിയ്യത്ത് പ്രകാരം ഖത്തറിലാണ് ഖബറടക്കുന്നത്. ഭാര്യ നസീമയുടെയും മക്കളായ നജ്‌ല, നൗഫൽ, നാദിർ, നമു, ആസാദ് എന്നിവരുൾപ്പടെ ഈസക്കയെ സ്നേഹിക്കുന്ന എല്ലാവരുടെയും മനോവിഷമത്തിൽ ഞങ്ങളും പങ്കുചേരുന്നു. ഇനി ഖത്തറിലെത്തുമ്പോൾ ആലിംഗനം ചെയ്ത് മുഖം നിറയെ ചിരിച്ച് സ്വീകരിക്കാൻ ഈസക്ക ഉണ്ടാവില്ലെന്ന ദുഃഖം മനസ്സിൽ ഒരു നീറ്റലായി എപ്പോഴുമുണ്ടാകും. നാഥാ, സ്വർഗ്ഗം നൽകി ഈസക്കയെ അനുഗ്രഹിച്ചാലും.

കെ.ടി ജലീല്‍ 
==========

പ്രിയങ്കരനായ ഈസക്ക ...
വി.ടി. ഫൈസൽ

പ്രിയങ്കരനായ ഈസക്ക അല്ലാഹുവിലേക്ക് യാത്രയായി  ... ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. രാവിലെ ജോലിക്ക് പോകുന്ന വഴിക്കാണ് കെ.വി.നൂറുദ്ദീൻ സാഹിബിൻ്റെ  മെസേജ് കാണുന്നത്. ഒരല്പ സമയം സ്റ്റക്കായിപ്പോയി. കാരണം ഏതാണ്ട് അഞ്ചു പതിറ്റാണ്ടോളം ഖത്തറിൻ്റെ പ്രവാസ ഭൂമിയിൽ സകല മേഖലയിലും നിറഞ്ഞു നിന്ന മഹാ വ്യക്തിത്വത്തിന്റെ വേർപാട് ഉൾകൊള്ളാൻ മനസ്സിനെ പാകപ്പെടുത്താൻ സമയമെടുത്തു. സകല കലാ വല്ലഭൻ എന്നൊക്കെ പറയുന്നത് പോലെ, ഈസാക്കാന്റെ കയ്യൊപ്പ് ചാർത്താത്ത ഒരു മേഖലയും ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്കിടയിലില്ല എന്ന് തന്നെ പറയാം. കലാ സാഹിത്യ രംഗത്ത് ഒരു കുലപതിയെ പോലെ തിളങ്ങി. പാടുക മാത്രമല്ല, എല്ലാ ഗായകന്മാരെയും അതിരറ്റ് സ്നേഹിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഈസക്കാ. അവരിൽ അവശരായവരെ പ്രത്യേകം ശ്രദ്ധിച്ചു. മഹാ കവി മോയിൻ കുട്ടി വൈദ്യർ സ്മാരക മന്ദിരത്തിൻ്റെ അതേ കെട്ടിടത്തിൽ തന്നെ 2013 ഫെബ്രുവരി 9 ന് മാപ്പിള കലാ അക്കാദമി ഉദ്‌ഘാടനം ചെയ്യപ്പെട്ടു. അത് യാഥാർഥ്യമാക്കുന്നതിൻ്റെ പിന്നിലും ഈസക്കായുടെ പരിശ്രമങ്ങൾ ഉണ്ടായിരുന്നു. തനത് മാപ്പിളപ്പാട്ടുകളെ ഉൾപ്പെടുത്തി അവിസ്മരണീയമായ ഒരുപാട് മാപ്പിള കലാ സന്ധ്യകൾ ദോഹക്ക് നൽകിയ കലാകാരനായിരുന്നു ഈസക്ക. കവി പി.ടി. അബ്ദുറഹിമാൻ്റെ സ്മരണാർത്തം തനിമ ഖത്തർ സംഘടിപ്പിച്ചിരുന്ന മാപ്പിളപ്പാട്ട് മത്സരത്തെ തുടക്കം മുതൽ സ്പോൺസർ ചെയ്യുക മാത്രമല്ല അതിൻ്റെ മുഖ്യസംഘാടകനായി ഈസക്ക മുന്നിൽ നിന്നു. പാട്ടിൻ്റെ ഈണത്തെയും, താളത്തെയും, ശ്രുതിയെയും കുറിച്ച് എത്ര ആധികാരികമായിട്ടാണ് ഈസക്ക സംസാരിക്കുക! പലപ്പോഴും അത്ഭുതമായി തോന്നിയിട്ടുണ്ട്.  കെഎംസിസി യുടെ ഉത്തരവാദപ്പെട്ട ആളായിട്ട് പോലും അതൊന്നും മറ്റ് സംഘടനകളുമായി സഹകരിക്കുന്നതിൽ അദ്ദേഹത്തിന് തടസ്സമായില്ല എന്നത് അദ്ദേഹത്തിൻ്റെ ഉയർന്ന നിലപാടിന്റെ നിദർശനമായിരുന്നു.

 ഖത്തറിൻ്റെ  കായിക രംഗത്ത് വോളിക്കും, ഖിഫും അടയാളപ്പെടുത്തിയ രണ്ട് സംഭവങ്ങളാകുന്നതിൽ  ഈസക്കയുടെ പങ്ക് അനിഷേധ്യമായിരുന്നു. ഓരോ രംഗത്തേക്കിറങ്ങുമ്പോഴും അതിനെ അതിരറ്റ് സ്നേഹിക്കുക, അതിൻ്റെ വിജയത്തിന് വേണ്ടി ആത്മാർഥമായി പരിശ്രമിക്കുക അദ്ദേഹത്തിൻ്റെ പ്രകൃതമായിരുന്നു.  ഖിഫ് ഫുട്‌ബോളിൻ്റെ  കരുത്തരായ ടീമുകളിലൊന്നായ കെഎംസിസി മലപ്പുറത്തിന്റെ എല്ലാമെല്ലാമായിരുന്നു ഈസക്ക. ഖിഫിന്റെ കഴിഞ്ഞ ഡിസംബറിലെ ഫൈനൽ മത്സരത്തിൽ ജയിച്ച് തൻ്റെ ടീമ കപ്പടിച്ചപ്പോൾ സന്തോഷത്തിന്റെ അശ്രുകണങ്ങൾ പൊഴുക്കി ടീമിലെ ഓരോ കളിക്കാരനെയും കെട്ടിപ്പിടിച്ച ഈസക്ക. ഇതിനേക്കാൾ വലിയ പ്രചോദനം ഒരാൾക്കും നൽകാൻ കഴിയില്ല.  

ജീവ കാരുണ്യ, ജന സേവന രംഗത്തും മാതൃകാ പരമായ ഒട്ടേറെ കാര്യങ്ങൾ ചെയ്താണ് അദ്ദേഹം വിട പറയുന്നത്. തൻ്റെ ജോലിക്കാരിൽ രണ്ട് പേർ വർഷങ്ങൾക്ക് മുമ്പ് ഇന്റസ്ട്രിയൽ ഏരിയയിൽ വെച്ച് അപകടത്തിൽ മരിച്ചപ്പോൾ "എൻ്റെ കമ്പനി നിലനിൽക്കുന്നേടത്തോളം അവരുടെ ശമ്പളം കുടുംബത്തിന് അയച്ച് കൊടുക്കും" എന്ന് പ്രഖ്യാപിക്കുകയും അത് നടപ്പാക്കുകയും ചെയ്ത് സേവന രംഗത്ത് വേറിട്ട മാതൃക സൃഷ്ടിച്ച പ്രിയങ്കരനായ ഈസക്ക. അവശരരേയും, നിലാരംബരെയും ആരുമറിയാതെ സഹായിച്ച വ്യക്തിത്വം. കനിവ് ഗ്രാമം ഖത്തർ ചാപ്റ്ററിൻ്റെ പ്രസിഡണ്ട് ആയിരുന്നു. സേവന രംഗത്ത് പറഞ്ഞാൽ തീരാത്തത്ര കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.

സി.ഐ.സി ഖത്തറിൻ്റെ, ബഹുമുഖ പ്രവർത്തനങ്ങളിൽ, എല്ലാ പൊതു സംരംഭങ്ങളിലും നിസ്സീമമായ സഹകരണമാണ് ഈസാക്ക നൽകിയത്. "നന്മയുടെയും തഖ്‌വയുടെയും മാർഗ്ഗത്തിൽ പരസ്പരം സഹകരിക്കുക" എന്ന ഖുർആനിന്റെ അധ്യാപനം ശിരസ്സാ വഹിക്കുകയായിരുന്നു ഈസക്ക. ഗൾഫ് മാധ്യമം, മീഡിയ വൺ എന്നിവക്ക് കലവറയില്ലാത്ത പിന്തുണ നൽകി. എഫ്.സി.സി യുടെ ഖത്തർ കേരളീയത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാൾ, തനിമ പി.ടി. അബ്ദുറഹിമാൻ ട്രോഫി മാപ്പിളപ്പാട്ട് മത്സരം തുടങ്ങി ഒട്ടേറേ പരിപാടികളിൽ സാമ്പത്തികമായും, ശാരീരികമായും, ഈസക്ക ചേർന്ന് നിന്നു.

താൻ ഏറ്റെടുക്കുകയും, ഏല്പിക്കപ്പെടുകയും ചെയ്യന്ന പരിപാടികൾ വൃത്തിയായും, വെടിപ്പായും നിർവഹിക്കുന്നതിൽ അദ്ദേഹം കണിശത പുലർത്തിയിരുന്നു. യോഗങ്ങളിൽ സമയ നിഷ്ഠ പാലിക്കുന്നതിൽ അദ്ദേഹം മാതൃകയായിരുന്നു.  

വ്യക്തിപരമായി 1992 മുതൽ എനിക്കുള്ള ബന്ധമാണ്. ഖത്തർ മുനിസിപ്പാലിറ്റിയിലേക്ക് റിക്രൂട്ട് ചെയ്യാൻ ഖലീഫ അൽ കുവാരിയോടൊപ്പം ഈസക്കയും കോഴിക്കോട്ട് ഉണ്ടായിരുന്നു. മലയാളിയായ ഒരാൾ ഭംഗിയായി കൊളോക്കിയൽ അറബി സംസാരിക്കുന്നത് ആദ്യമായി കേട്ടത് ഈസാക്കയിൽ നിന്നാണ്. അങ്ങിനെ ദോഹയിൽ എത്തിയത് മുതൽ ഉള്ള ആ ബന്ധം ഊഷ്മളമായി കാത്ത് സൂക്ഷിക്കാൻ കഴിഞ്ഞു. അൻവർ ബാബു വടകരയുടെ മകൻ മരണപ്പെട്ട ദിവസം കെഎംസിസി ഓഫീസിൽ പോയപ്പോൾ അവിടെ നിന്നായിരുന്നു അവസാനത്തെ കൂടിക്കാഴ്ച്ച. കാൽമുട്ടിന്റെ വേദനയല്ലാതെ ആരോഗ്യപരമായി വേറെ പ്രശ്നങ്ങളൊന്നുമില്ലെന്നൊക്കെ അന്നത്തെ സംസാരത്തിൽ പറഞ്ഞിരുന്നു.

ഈസാക്കാക് പകരം വേറെയൊരാളില്ല എന്നത് ഭംഗിവാക്കല്ല. 1976 ൽ ഖത്തറിലെത്തിയ ഈസക്ക അര നൂറ്റാണ്ടോളം ഖത്തറിൻ്റെ പ്രവാസ ഭൂമികയിൽ അനുകരിക്കാനും, അനുധാവനം ചെയ്യാനും ഒട്ടേറെ വേറിട്ട മാതൃകകൾ വിട്ടേച്ച് കൊണ്ടാണ്  നാഥൻ്റെ സവിധത്തിലേക്ക് യാത്രയായത്.  പല മരണങ്ങളും ഉൾകൊള്ളാൻ പ്രയാസപ്പെടുമെങ്കിലും, ആ യാഥാർഥ്യത്തെ ഉൾക്കൊള്ളുകയും അതിന് വേണ്ടി തയ്യാറെടുപ്പ് നടത്തുകയും ചെയ്യുക എന്നത് മാത്രമേ നമുക്ക് ചെയ്യാനുള്ളൂ.  അല്ലാഹു പ്രിയങ്കരനായ ഈസക്കാക് ജന്നാത്തുൽ ഫിർദൗസിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കുമാറാകട്ടെ. അദ്ദേഹത്തിൻ്റെ വിയോഗം താങ്ങുവാനും, സഹിക്കുവാനുമുള്ള കരുത്തും, ക്ഷമയും അദ്ദേഹത്തിൻ്റെ കുടുംബത്തിന് അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ. ആമീൻ ... 

വി.ടി. ഫൈസൽ
=============
എല്ലാവരേയും പരിഗണിച്ചിരുന്ന ഈസക്ക
സുഹൈൽ വാഫി ആദൃശ്ശേരി.

എന്തു പറയുമ്പോഴും എന്ത് ചെയ്യുമ്പോഴും ചടുലതയോടെ മാത്രം കാണപ്പെട്ട പ്രിയപ്പെട്ട  ഈസക്ക ഇന്ന് ഖത്തറിലെ മിസൈമീർ മഖ്ബറയിലെ പള്ളിയിൽ ഇഷാ നമസ്കാര സമയത്ത് പൂർണ്ണമായും ചലനമറ്റുപോയൊരു ശരീരമായി അന്ത്യയാത്രക്കൊരുങ്ങിക്കിടന്നു..ജനത്തിരക്കിന്റെ അസാധാരണ കാഴ്ച കണ്ട് "ഇന്ന് മരിച്ചയാൾ അനേകരുടെ പ്രിയപ്പെട്ടവനാണ്.. താഴെ സ്ഥലമില്ലെങ്കിൽ  മുകൾത്തട്ടിലെ ലൈറ്റുകൾ ഓൺ ചെയ്തുതരാൻ ജോലിക്കാരോട് ആവശ്യപ്പെടുക" എന്ന് ഇടയ്ക്കിടെ അനൗൺസ് ചെയ്തുകൊണ്ടിരുന്ന പള്ളി ഇമാം മുകളിലും താഴെയും കവിഞ്ഞ് മുറ്റത്ത് പള്ളിക്ക് ചുറ്റിലും തളംകെട്ടി നിൽക്കുന്ന ജനസമുദ്രം കണ്ട് നിസ്സഹായനായി.. 

നിസ്കാരം കഴിഞ്ഞ് പുറത്തേക്ക് കടക്കുന്ന തിക്കിലും തിരക്കിലും തൊട്ടുപിന്നിൽ നിന്ന് രണ്ട് സുഡാനികൾ അടക്കം പറയുന്നത് കേട്ടു; "ആ മനുഷ്യന്റേത് ശുഭകരമായ അന്ത്യമാണെന്നതിന് ഇതിൽപരം എന്ത് തെളിവ് വേണം!" എന്ന്.

മിസൈമിർ പള്ളിയിലെ പതിവ് രീതികളും സമയക്രമങ്ങളും പാടെ തെറ്റിച്ച ഈസക്കയുടെ അന്ത്യയാത്രക്ക് ഉദാരമായി ഒത്താശകൾ ചെയ്ത അവിടുത്തെ ഒന്നാം ചുമതലക്കാരനായ ഖത്തരി പൗരനെ പ്രിയപ്പെട്ട മഹമൂദ് നാലകത്ത് സാഹിബ് നന്ദി സൂചകമായി പരിചയപ്പെടുത്തി കൊടുക്കാൻ മുനവ്വറലി തങ്ങളുടേയും ഇടി മുഹമ്മദ് ബഷീർ സാഹിബിന്റെയും  അടുത്തേക്ക് കൊണ്ടുവന്നു.. തിരക്കും പ്രായവും ക്ഷീണവും ഒന്നും വകവയ്ക്കാതെ ഈസക്കയെ യാത്രയാക്കാൻ വേണ്ടി മാത്രം വാർത്ത കേട്ടയുടനെ കടലുകടന്ന് ഓടിയെത്തിയതാണവരും ടിവി ഇബ്രാഹിം സാഹിബും നെല്ലറ ശംസുക്കയും മറ്റനേകം പേരും.. മേൽനോട്ടക്കാരനെ അടുത്ത് ഒത്തുകിട്ടിയപ്പോൾ ഞാൻ ചോദിച്ചു; ഇതിനെക്കാൾ വലിയൊരു ജനാസ നിങ്ങൾ ഇവിടെ കണ്ടിട്ടുണ്ടോ എന്ന്. ഈജിപ്ത് ഗവൺമെൻറ് വധശിക്ഷ വിധിച്ച ഒരു വലിയ പണ്ഡിതൻ 2022 ൽ മരണപ്പെട്ടപ്പോൾ മാത്രമേ ഇതിനേക്കാൾ വലിയൊരു ജനക്കൂട്ടം ഞാനിവിടെ കണ്ടിട്ടുള്ളൂ എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി.. അതായത് ശൈഖ് യൂസഫുൽ ഖർളവിയുടെ ജനാസ കഴിഞ്ഞാൽ മിസൈമിർ പള്ളിയിൽ ഏറ്റവും വലിയ ജനക്കൂട്ടം തടിച്ചു കൂടിയത് നമ്മുടെ പ്രിയപ്പെട്ട ഈസക്കയെ യാത്രയാക്കാനായിരുന്നു എന്ന്.. അവസാനമായി ഒരു നോക്ക് കാണാനുള്ള ഭീമാകാരനായ ക്യൂ എത്ര വേഗത്തിൽ ചലിപ്പിക്കാൻ ശ്രമിച്ചിട്ടും രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും അവസാനിച്ചിട്ടുണ്ടായിരുന്നില്ല.

ബാഹുല്യം പോലെ തന്നെ ഏറെ വിചിത്രമായിരുന്നു ആ ജനക്കൂട്ടത്തിന്റെ വൈവിധ്യവും.. 

സാരിയുടുത്ത അമുസ്ലിം സഹോദരിമാർ പോലും ഖനീഭവിച്ച ദുഃഖഭാരം കൊണ്ട് തലതാഴ്ത്തി പള്ളിയുടെ ഓരം ചേർന്ന് വരിയായി പോകുന്നത് കണ്ടു.. നേതാക്കന്മാരും പണക്കാരും മാത്രമല്ല, വളരെ സാധാരണക്കാരായ പ്രവാസികൾ ധാരാളമായി അവിടെയെല്ലാം നിറഞ്ഞുനിന്നു.. കമൻറ് ബോക്സുകളിൽ പരസ്പരം കൊലവിളിക്കുന്നവരും വേദി പങ്കിട്ടാൽ ആദർശം ചോർന്നു  പോകുന്നവരും കണ്ടാൽ സലാം പറയാത്തവരും ഒത്തൊരുമയോടെ തോളുരുമ്മി നിന്നു.. ഈസക്ക എല്ലാവരുടേതുമായ ഒരു തണലായിരുന്നു..  അദ്ദേഹത്തിൻറെ നാനോൻമുഖമായ കാരുണ്യ സ്പർശങ്ങൾക്ക് ഇത്രയും വ്യാപ്തിയും വൈവിധ്യവും ആഴവും പരപ്പുമുണ്ടായിരുന്നോ എന്ന് അവിടെ കൂടിയ ഓരോരുത്തരും ഉള്ളിൽ അത്ഭുതം കൂറി.. 

ഒരു ഭാഷയുടെയും ഒരു അതിർവരമ്പുകളുടെയും പരിധിയിൽ ഒതുങ്ങാത്ത ഈസക്കയുടെ സംഗീതത്തെയും വ്യക്തിത്വത്തെയും പോലെ കണ്ണെത്താ ദൂരത്തോളം നീണ്ടു പരന്നു കിടക്കുന്ന ആ കബർസ്ഥാനിലെ മീസാൻ കല്ലുകളെ തഴുകി എല്ലാവരുടേതുമായൊരു കാറ്റിന്റെ കുളിർമ സാന്നിധ്യമറിയിച്ചു കൊണ്ടിരുന്നു..

ചടങ്ങുകളും പ്രാർത്ഥനകളും എല്ലാം കഴിഞ്ഞിട്ടും ഈസക്കയെ മണ്ണിലിട്ടുപോരാൻ  മനസ്സിലാതെ കബറിന് ചുറ്റും ഏറെനേരം വെറുതെ തങ്ങിനിന്ന പ്രിയപ്പെട്ടവരുടെ വലിയൊരു സംഘം അന്യദേശക്കാരായ അവിടുത്തെ തൊഴിലാളികളിൽ ആശ്ചര്യം പടർത്തി.. 

പച്ചപ്പിന്റെ ഒരു പുൽക്കണം പോലുമില്ലാതെ വരണ്ട് പരന്നുകിടന്ന ആ മരുമണ്ണിൽ പൊടുന്നനെ മഞ്ഞുകണങ്ങളേന്തിയ കുറേ പൂക്കൾ വിരിഞ്ഞതുപോലെ അനേകമനേകം കണ്ണുകൾ സങ്കടമായി മാറിയ സ്നേഹം സഹിക്കാനാവാതെ കണ്ണുനീർ തൂകി നിന്നു.. 

പോറ്റമ്മയായ ഖത്തറിനെ ഇത്രയേറെ സ്നേഹിച്ച ഒരു മകനെ ഈ മണ്ണിനിന്നി കിട്ടുമോ എന്നറിയില്ല.. ഖത്തറെന്ന രാജ്യം പ്രയാസകരമായ ചില സമയങ്ങളിലൂടെ കടന്നു പോയപ്പോൾ ഇത്രയേറെ ആത്മാർത്ഥമായി അസ്വസ്ഥനായ, സങ്കടപ്പെട്ട, ഐക്യദാർഢ്യപ്പെട്ട ഒരു പ്രവാസിയെയും ഞാൻ കണ്ടിട്ടില്ല..

നാട്ടിലേക്ക് കൊണ്ടുപോകേണ്ട, അന്തിയുറങ്ങാൻ ഈ മണ്ണു തന്നെ മതി എന്നദ്ദേഹം ആദ്യമേതന്നെ അറിയിച്ചിരുന്നത്രേ..

ഈസക്കാക്ക് ചെയ്യുന്നതും പറയുന്നതും എന്തുതന്നെയാവട്ടെ അതെല്ലാം കാര്യമായിരുന്നു. അതിനി കളിയാണെങ്കിലും..ഉത്തരവാദിത്തങ്ങൾ അദ്ദേഹം എന്നും ഏറ്റെടുത്തു, പൂർണ്ണ ഗൗരവത്തോടെ. ചെറിയതോ വലിയതോ ആവട്ടെ, പങ്കെടുക്കുന്ന ഏതു പരിപാടിയിലും മീറ്റിങ്ങുകളിലും സമയത്തിനെത്താനും മുഴുവൻ ശ്രവിക്കാനും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാനും നേട്ടങ്ങളിൽ പ്രശംസിക്കാനും  ഇത്രയും വലിയ പണക്കാരൻ എന്ന പദവി പലരെയും പോലെ അദ്ദേഹത്തിന് എന്തേ തടസ്സമാകുന്നില്ല എന്ന് പലപ്പോഴും ആശ്ചര്യം തോന്നിയിട്ടുണ്ട്.. വലിയവർക്കും ഉയർന്നവർക്കും മാത്രമല്ല, ഇടപഴകിയ ഓരോരുത്തർക്കും ഉദാരമായി അനുവദിച്ച ആദരവും പരിഗണനയും അദ്ദേഹത്തിൻറെ വ്യക്തിത്വത്തെ ഏറെ ഉയർത്തി നിർത്തി.. കാളികാവ് വാഫി ക്യാമ്പസ് നിർമ്മാണത്തിന് ഖത്തറിൽ നിന്നുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സംഭാവന അദ്ദേഹത്തിൻറെതായിരുന്നു.. സാമ്പത്തിക കാര്യത്തിൽ ഇത്ര കൃത്യതയും സത്യസന്ധതയും പറഞ്ഞ വാക്കിന് വിലയുമുള്ള അധികം പേരെയൊന്നും കാണാൻ കഴിയില്ല..

ഇതുപോലെ നമ്മുടെ പ്രിയപ്പെട്ട ഈസക്കയെ പറ്റി പറയാൻ എത്രയെത്രയാളുകൾക്ക് എത്രയെത്ര വലിയ വലിയ കാര്യങ്ങൾ.. അല്ലാഹുവേ നീ ഏറ്റെടുക്കണേ റബ്ബേ.. നിൻറെ സന്നിധിയിൽ ആദരിക്കണേ റബ്ബേ..

സുഹൈൽ വാഫി ആദൃശ്ശേരി.
=============