നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 28 February 2010

നബിദിനം സമുചിതമായി ആഘോഷിച്ചു.


തിരുനെല്ലുര്‍:ലോകത്തിന്‌ മുമ്പില്‍ സത്യത്തിന്റെയും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പാത കാണിച്ച അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബി (സ)യുടെ ജന്‍മദിനത്തിനായി നാടും നഗരവും ഒരുങ്ങി.തിരുനെല്ലുര്‍ നൂറുല്‍ ഹിദായ മദ്രസ്സ അങ്കണത്തില്‍ കാലത്ത്‌ 7.30 ന്‌ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ്‌ ഇസ്‌മാഈല്‍ പതാക ഉയര്‍ത്തിക്കൊണ്ട് നബിദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
 
ശേഷം ബഹു:മൂസ അന്‍വരിയുടെ (തിരുനെല്ലൂര്‍ ജുമാമസ്‌ജിദ് ഖത്തീബ്), നേതൃത്വത്തില്‍ ആഘോഷ ജാഥ മദ്രസ്സ അങ്കണത്തില്‍ നിന്ന്‌ പുറപ്പെട്ട് ചിറ കിഴക്കേകര മുള്ളന്തറ പുവ്വത്തുര്‍ സെന്റര്‍ പിന്നിട്ട് തിരുനെല്ലൂര്‍ സെന്റര്‍ വഴി നാട് ചുറ്റി പതിനൊന്ന് മണിയോടെ മദ്രസ്സാങ്കണത്തില്‍ തിരിച്ചെത്തി. കുട്ടികള്‍ക്ക്‌ വേണ്ടി മധുരപലഹാരങ്ങളും ശീതള പാനീയങ്ങളും വിവിധകേന്ദ്രങ്ങളില്‍ വിതരണം ചെയ്യപ്പെട്ടു. ആബാലവൃന്ദം ജനങ്ങള്‍ ആഘോഷ ജാഥയെ സ്വീകരിക്കാന്‍ വിവിധകേന്ദ്രങ്ങളില്‍ ഒത്ത്‌ കൂടിയിരുന്നു. ദുഹര്‍ നിസ്‌കാരത്തിന്‌ മുമ്പ് മൌലിദ് പാരായണവും ശേഷം അന്നധാനവും നടന്നു. ആഘോഷ പരിപാടിയിലെ ഏറെ ആകര്‍ഷകമായ ഇനമായിരുന്നു.മോട്ടോര്‍ റാലി.മദ്രസ്സ സെക്രട്ടറി നൌഷാദ്‌ പി ഐ യുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ അമ്പതിലേറെ വാഹനങ്ങള്‍ പങ്കെടുത്തു. ചെറിയ ഇടവേളക്ക്‌ ശേഷം ഖുര്‍ആന്‍ പാരായണ മത്സരം നടന്നു.പത്ത് കുട്ടികള്‍ പങ്കെടുത്ത പരിപാടി ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. മഹല്ല്‌ പ്രസിഡന്റ് കെ.പി അഹമ്മദ്‌ സാഹിബിന്റെ അധ്യക്ഷതിയില്‍ മഗ്‌രിബിന്‌ ശേഷമായിരുന്നു പൊതുസമ്മേളനം .തിരുനെല്ലൂര്‍ ഖത്തീബ്‌ ഉദ്ഘാടനം ചെയ്തയോഗത്തില്‍ സുബൈര്‍ ബാഖവി,ഹനീഫ അഹ്‌സനി,നൌഷാദ്‌ പി ഐ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ‍ അബൂബക്കര്‍ സിദ്ദീഖ് സ്വാഗത ഭാഷണം നടത്തി. നൂറിലേറെ കുട്ടികളുടെ പങ്കാളിത്തത്തോടെ അരങ്ങേറിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഏറെ ഹൃദ്യമായിരുന്നു.
 
പുലരുവോളം നീണ്ട് നിന്ന ആകര്‍ഷകമായ ആഘോഷ പരിപാടികള്‍ ആസ്വദിക്കാന്‍ നാട്ടുകാരും രക്ഷിതാക്കളും അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ആഘോഷപരിപാടികളുടെ പുതുമയും പൊലിമയും കൂട്ടുന്നതിനും വിദ്യാര്‍ഥികളില്‍ ആരോഗ്യകരമായ മത്സരബുദ്ധി വളര്‍ത്തുന്നതിനും ഉപകരിക്കും വിധം മേത്തരം സമ്മാനങ്ങള്‍ ഒരുക്കുന്നതില്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രത്യേക താല്പര്യം കാണിച്ചതില്‍ നാട്ടുകാര്‍ സന്തുഷ്‌ടി രേഖപ്പെടുത്തി.ആഘോഷപരിപാടികളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനങ്ങളും, സര്‍ട്ടിഫിക്കറ്റുകളും, അംഗീകാരങ്ങളും മഹല്ല്‌ വൈസ്‌ പ്രസിഡന്റ്‌ ആര്‍.വി.കാദര്‍ സാഹിബ്‌,മഹല്ല്‌ ഖത്തീബ് മൂസ അന്‍വരി എന്നിവര്‍ വിതരണം ചെയ്‌തു.പൊതു പരീക്ഷയില്‍ കൂടുതല്‍ മികവ്‌ കാണിച്ച വിദ്യാര്‍ഥികളായ ഹസനത്ത് സലീം ,റിന്‍ഷി റാഫി,ശാനിബ എന്നിവര്‍ക്ക് മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രത്യേക സമ്മാനങ്ങള്‍ നല്കി.നബിദിന പരിപാടിയില്‍ പങ്കെടുത്ത നൂറിലേറെ കുട്ടികള്‍ക്ക് മാറ്റ് ലോഗൊ മുദ്രണം ചെയ്‌ത ടി-ഷര്‍ട്ടുകള്‍ വിതരണം ചെയ്‌തു.അസിസ്‌റ്റന്റ് സദര്‍ ഹംസ മുസ്‌ലിയാര്‍ നന്ദിരേഖപ്പെടുത്തി.
*********
മുല്ലശ്ശേരി - കുന്ന്‌ സിദ്ധീഖുൽ അക്ബർ മസ്‌ജിദ്: മഹല്ല്‌ തിരുനെല്ലൂര്‍ പരിധിയില്‍ പെട്ട കുന്നത്ത് മദ്രസ്സാങ്കണത്തില്‍ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളോടെ പ്രാര്‍ഥനാ നിര്‍ഭരമായ സദസ്സില്‍ നബിദിനം സമുചിതമായി ആഘോഷിച്ചു.വിദ്യാര്‍ഥികളുടെ കലാവിരുന്ന് ആസ്വദിക്കാന്‍ ജാതി മത ഭേദമേന്യ വലിയ ജനാവലി പങ്കെടുത്തു.