നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 23 November 2018

കൃഥാര്‍‌ഥതയോടെ നന്മ തിരുനെല്ലൂര്‍

തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂർ സംഘടിപ്പിച്ച  ജലസംരക്ഷണ സെമിനാറിൽ ഉൾത്തിരിഞ്ഞ ചർച്ചയുടെ അടിസ്ഥാനത്തിൽ തിരുനെല്ലൂർ ഗ്രാമത്തിന്റെ ആവശ്യമായ കാര്യങ്ങൾ ഉൾപ്പെടുത്തിയ നിവേദനം ബഹു: കേരള മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്,കൃഷി ജലസേചന വകുപ്പ് മന്ത്രി എന്നിവര്‍‌ക്ക്‌ സമര്‍‌പ്പിച്ചിരുന്നു.നിവേദനത്തിന്റെ പകർപ്പ് വിവിധ വകുപ്പ് മേധാവികൾക്കും നല്‍‌കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കെ.എല്‍.ഡി.സി വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് തിരുനെല്ലൂർ സന്ദർശിക്കുകയും നിവേദനത്തില്‍ അടിവരയിടപ്പെട്ട വിഷയങ്ങള്‍ നേരിട്ട്‌ വന്ന്‌ വിലയിരുത്തുകയും ചെയ്‌തു. മഴക്കാലത്ത്‌ തിരുനെല്ലുരിന്റെ വടക്ക്‌ പെരിങ്ങാട്ട്‌ നിന്നും ഒഴുകിയെത്തുന്ന അധിക ജലത്തെ സംഭരിച്ച് നിർത്താനും ക്രമീകരിക്കാനും പുതിയ സംവിധാനം ഉണ്ടാക്കണമെന്ന ആവശ്യം വിശദമായി വിലയിരുത്തി.

ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്ന കാരക്കല്‍ തോട്‌ റോഡായി പരിണമിച്ചതും പുഴങ്ങര തോട്‌ നാമാവശേഷമായതും പഠനവിധേയമാക്കപ്പെട്ടു. ക്രമം തെറ്റിയ ജല ഒഴുക്കിന്റെ ഗതിമാറ്റത്തെ നിയന്ത്രിച്ച്‌ ശാസ്‌ത്രീയമായ രീതിയില്‍ തിരിച്ചു വിടാനുള്ള പദ്ധതി യഥോചിതം വിലയിരുത്തി.കൃഷി ആവശ്യാർത്ഥം  തണ്ണീര്‍ കായലില്‍ നിന്നും കനാലിലേക്കും ആവശ്യം വരുമ്പോള്‍ വെള്ളം ഒഴുക്കി വിടാനുള്ള ശാസ്‌ത്രീയമായതും സുഖമമായതുമായ സം‌വിധാനം പുതിയ പദ്ധതിയില്‍ ഉണ്ടാകും. തീരദേശ പാതയുടെ ഭാഗമായി റോഡ്‌ പുനര്‍ നിര്‍മ്മിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യുമ്പോള്‍ ഇരു വശത്തും വ്യവസ്ഥാപിതമായ ചാലുകള്‍ സുരക്ഷിതമായ സ്‌ലാബുകള്‍ പാകി നിര്‍നിർമ്മിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെടും.കനാല്‍ റോഡിന്റെ അറ്റകുറ്റങ്ങള്‍ തീര്‍‌ക്കുകയും വശങ്ങള്‍ ഭദ്രമായി കെട്ടി സുരക്ഷിതമാക്കുകയും വേണമെന്ന ആവശ്യവും സജീവ പരിഗണനക്ക്‌ വിധേയമാകും.

നന്മ രക്ഷാധികാരിയും മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ എ.കെ.ഹുസൈൻ  ഭാരവാഹികളായ ഇസ്‌മാഈല്‍ ബാവ, ജലീൽ.വി.എസ്, ഷിഹാബ്.എം.ഐ,റഷീദ് മതിലകത്ത് , മുസ്തഫ ആർ.കെ, നൗഷാദ് അഹമ്മദ്, ഹാരിസ് ആർ.കെ,ഹുസൈൻ ഹാജി കെ.വി, ഉസ്മാൻ.പി.ബി, നസീർ എം.എം, കാദർമോൻ ഹാജി  വി.എം എന്നിവർ സംഘത്തെ അനുഗമിച്ചു.