നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday 19 November 2018

വാര്‍‌ഷിക പരിപാടികള്‍ സമാപിച്ചു.

തിരുനെല്ലൂര്‍:വായിക്കാനുള്ള കല്‍പനയോടു കൂടെ അവതീര്‍‌ണ്ണമായ ദര്‍‌ശനത്തിന്റെ അനുധാവകരും അനുയായികളുമാണ്‌ വിശ്വാസികള്‍.അത്യന്താധുനിക ലോകത്തിന്റെ അനിവാര്യമായ തേട്ടം പോലെ വായനയെ പ്രോത്സാഹിപ്പിച്ചു കൊണ്ട്‌ നൂറ്റാണ്ടുകള്‍‌ക്ക്‌ മുമ്പ്‌ അവതീര്‍‌ണ്ണമായ പരിശുദ്ധ ഖുര്‍‌ആനിന്റെ ആഴവും പരപ്പും അര്‍‌ഹമായ രീതിയില്‍ പഠിക്കാനും മനനം ചെയ്യാനും അതിന്നനുസൃതമായി ജീവിതത്തെ ചിട്ടപ്പെടുത്താനും തിട്ടപ്പെടുത്താനും ആകുമ്പോള്‍ മാത്രമേ ഈ ദര്‍‌ശനം അക്ഷരാര്‍‌ഥത്തില്‍ ആകര്‍‌ഷിക്കപ്പെടുകയുള്ളൂ.

തിരുനെല്ലൂര്‍ ജുമാ മസ്‌ജിദ്‌ ഖത്വീബ്‌ അബ്‌ദുല്ല അഷ്‌റഫി പറഞ്ഞു.നന്മ തിരുനെല്ലൂരിന്റെ ദ്വിദിന വാര്‍‌ഷിക പരിപാടികള്‍ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഉസ്‌താദ്‌.

ഖുര്‍‌ആന്‍ ഹിഫള്‌,ഖുര്‍‌ആന്‍ പാരായണം,അദാന്‍ ഇനങ്ങളിലെ മത്സരങ്ങള്‍ രാവിലെ 10 മുതല്‍ തന്നെ ആരം‌ഭിച്ചിരുന്നു.തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍‌ഥികളുടെ പാരായണത്തോടെയായിരുന്നു സമാപന സമ്മേളനം തുടക്കമിട്ടത്.മത്സരാര്‍‌ഥികള്‍‌ക്കെല്ലാവര്‍‌ക്കും പ്രശം‌സാ പത്രം നല്‍‌കി ആദരിച്ചു.ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തിയ വിദ്യാര്‍‌ഥികള്‍‌ക്ക്‌ 10,001,5,001,3,001 എന്നീ ക്രമത്തില്‍ കേഷ്‌ അവാര്‍‌ഡുകളും പ്രശം‌സാ പത്രവും ഫലകവും നല്‍‌കി.

ഖുര്‍‌ആന്‍ ഹിഫ്‌ള്‌ മത്സരത്തില്‍ മുഹമ്മദ് അലി മുഹമ്മദ് സൈനുദ്ദീൻ വലിയകത്ത് മാഞ്ചേരി  ഒന്നാം സ്ഥാനത്തിന്‌ അര്‍‌ഹനായി.പാടൂര്‍ അൽ സലാം മദ്രസ്സ വിദ്യാര്‍‌ഥിയാണ്‌ ഈ മിടുക്കന്‍.രണ്ടും മൂന്നും സ്ഥാനത്തിന്‌ യഥാക്രമം തളിക്കുളം ദാറുൽ മുസ്തഫ വിദ്യാര്‍‌ഥി അബദുൽ ഹലീം ഹൈദർ ഹാജി തൊണ്ടൻ കീരൻ ഹൗസ് പുവ്വത്തൂർ ,തൊയക്കാവ്‌ കോടമുക്ക്‌ മനാറുൽ ഹുദാ ദർസ്സ് വിദ്യാര്‍‌ഥി മുഹമ്മദ് സുഹൈൽ സി.എസ് എന്നിവര്‍ യോഗ്യത നേടി.

ഖിറാഅത്ത് മത്സരത്തില്‍ വെന്മേനാട്‌ ഹയാത്തുൽ ഇസ്ലാം മദ്രസ്സ വിദ്യാര്‍‌ഥി മുഹമ്മദ് ജവാദ്‌ മഹ്മൂദ് പണിക്കവീട്ടിൽ തെക്കേ അകായിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.തിരുനെല്ലുര്‍ അൽ ഫുർഖാൻ മദ്രസ്സ വിദ്യാര്‍‌ഥി ബെൻസീർ ഷാജഹാൻ പണിക്കവീട്ടിൽ,തെക്കെ തൈക്കാട്‌ മദ്രസത്തുൽ  ബദ്‌രിയ്യ വിദ്യാര്‍‌ഥി മുഹമ്മദ് മുഹ്സിൻ മുനീർ കുന്നിക്കൽ എന്നീ വിദ്യാര്‍‌ഥികള്‍ യഥാ ക്രമം രണ്ടും മൂന്നും സ്ഥാനത്തിന്‌ അര്‍‌ഹരായി.

അദാന്‍ മത്സരത്തില്‍ ജൂനിയർ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന്‌ അബ്ദുൽ ഹലീം പുവ്വത്തൂർ അര്‍‌ഹനായി.ബൻസീർ ഷാജഹാൻ തിരുനെല്ലൂർ,മുഹമ്മദ് മുഹ്സിൻ എന്നീ വിദ്യാര്‍‌ഥികള്‍ രണ്ടാം സ്ഥാനം പങ്കിട്ടു.സീനിയര്‍ വിഭാഗത്തില്‍ ജാഫർ ഉമ്മർ തിരുനെല്ലൂർ,ഉസ്മാൻ. പിബി യും അര്‍‌ഹത നേടി.

പാടൂര്‍ മഹല്ല്‌ പ്രസിഡന്റ്‌ അസ്‌ഗറലി തങ്ങള്‍,മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷരീഫ്‌ ചിറക്കല്‍,കെ.എം.സി.സി ഖത്തര്‍ ജില്ലാ പ്രതിനിധി അബൂബക്കര്‍ സിദ്ധീഖ്‌ തുടങ്ങിയവര്‍ ആശം‌സകള്‍ നേര്‍‌ന്നു സംസാരിച്ചു.

അൽ ഫുർഖാൻ മദ്രസ്സ വിദ്യാര്‍‌ഥി ബെൻസീർ ഷാജഹാൻ നടത്തിയ ആശം‌സാ പ്രസം‌ഗം ഏറെ പ്രശം‌സിക്കപ്പെട്ടു.പ്രായത്തെ വെല്ലുന്ന പ്രതിഭയുടെ വാചാലത സം‌ഗമ സദസ്സിനെ വിസ്‌മയം കൊള്ളിച്ചു. 

ആര്‍.വി കുഞ്ഞുമോന്‍ ഹാജി,ആര്‍.വി ഖാദര്‍ സാഹിബ്‌,ഇസ്‌മാഈല്‍ ബാവ,കെ.വി ഹുസൈന്‍ ഹാജി,ആര്‍.കെ മുസ്‌തഫ,പി.എം ഷം‌സുദ്ധീന്‍,അബൂബക്കര്‍ മാസ്‌റ്റര്‍,റഷീദ്‌ മതിലകത്ത്,നൗഷാദ്‌ അഹമ്മദ്,ഖമറുദ്ദീന്‍ കടയില്‍ തുടങ്ങിയവര്‍ സമ്മാന ദാനം നിര്‍വഹിച്ചു.ഷിഹാബ്‌ എം.ഐ മത്സരങ്ങള്‍ നിയന്ത്രിച്ചു.പി.എം ഷം‌സുദ്ദീന്‍ സ്വാഗതം പറഞ്ഞു.ആര്‍‌.കെ ഹാരിസ്‌ നന്ദി പ്രകാശിപ്പിച്ചു.