
ജൈവ വൈവിധ്യങ്ങളാലും വിശേഷപ്പെട്ട പറവകളുടെ സാന്നിധ്യത്താലും സമ്പന്നമായ ഈ പ്രദേശം പ്രകൃതി സുരക്ഷാ മേഖലയായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടത്രെ.
കൂമ്പുള്ളിപ്പാലം വഴികടന്നു വന്നിരുന്ന പഴയതോടും കോല്‍ക്കപ്പാലം വഴി ഒഴുകിവന്നിരുന്ന കോഴിത്തോടും കിഴക്കേപാടത്തു സംഗമിച്ച് കടുക്കുഴി വഴി തണ്ണീര്‍കായലിലും അതുവഴി ഇടിയഞ്ചിറ കായല്‍ കടവിലേക്കും ബന്ധിപ്പിക്കപ്പെട്ടിരുന്നു.പാടൂര്‍ തൊയക്കാവു ഭാഗത്തുള്ളവര്‍ ഈ കോഴിത്തോട് വഴി ചിറ്റാട്ടുകര അങ്ങാടിയിലേക്കും പുവ്വത്തൂര്‍ കാണൂര്‍ അപ്പുവിന്റെ കൊപ്രക്കളത്തിലേക്കും സുഖമമായ ചരക്കു ജല പാതയായി എഴുപതുകളുടെ ആദ്യപാദം വരെ ഉപയോഗിച്ചിരുന്നു.
മുല്ലശ്ശേരി കനാല്‍ യാഥാര്‍ഥ്യമായപ്പോള്‍ തിരുനെല്ലൂരിലെ പതിനഞ്ചാം വാഡ് ഒരു കഷ്‌ണം മുല്ലശ്ശേരി കുന്നത്തും മറ്റൊരു കഷ്‌ണം തിരുനെല്ലൂര്‍ കിഴക്കേകരയിലുമായി വിഭജിക്കപ്പെട്ടു.കയ്യെത്തും ദൂരത്തുണ്ടായിരുന്ന പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രം ദൂരെ ദൂരെ എവിടെയൊ മാറ്റപ്പെട്ട പ്രതീതിയിലാണുള്ളത്.
അയല്‍ വാസികളായിരുന്നവര്‍ അപ്രതീക്ഷിതമായൊരു സുപ്രഭാതത്തില്‍ അന്യ ദേശത്തേയ്‌ക്കെന്നപോലെ എടുത്തെറിയപ്പെടുകയായിരുന്നു.ഒരു പ്രദേശത്തിന്റെ സൗഭാഗ്യമായിത്തീരേണ്ടിയിരുന്ന പദ്ധതി എല്ലാ അര്‍ഥത്തിലും ദൗര്‍ഭാഗ്യം വിതച്ചിരിക്കുന്നു.നെല്‍ വയല്‍ കണ്ണില്‍ പെടാത്ത കൃഷിയിടം, വെള്ളക്കെട്ടുകള്‍ക്ക് മോചനമില്ലാത്ത പറമ്പും പാടവും.മിതമായ ഒരു വര്‍ഷകാല മഴയില്‍ പോലും അരക്കൊപ്പം വെള്ളത്തില്‍ നില്‍ക്കുന്ന ഗ്രാമം ഇതാണ് തിരുനെല്ലൂരിന്റെ ചിത്രം.
എഴുപതുകളിലാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട കനാലിന്റെ പണികള്‍ക്ക് തുടക്കം കുറിച്ചത്.പെരിങ്ങാടിന്റെ അരഞ്ഞാണമെന്നോണം ചുറ്റപ്പെട്ടു കിടന്നിരുന്ന കോഴിത്തോടിനെ അസ്‌തിപഞ്ചരം പോലെയാക്കിയ കനാല്‍ നഷ്‌ടങ്ങളുടെ കണക്കുകള്‍ മാത്രമെ തിരുനെല്ലുരിന് നല്‍കിയിട്ടുള്ളൂ. കിഴക്കന്‍ പ്രദേശത്തു നിന്നും തിരുനെല്ലൂര്‍ കടവുവരെയുണ്ടായിരുന്ന പഴയ വീഥിയും അപ്രത്യക്ഷമായി.
മുല്ലശ്ശേരിക്കുന്ന് കേവല പറങ്കിമാവിന്‍ തോപ്പും രണ്ടോ മൂന്നോ നാട്ടു പ്രമാണികളുടെ നാലുകെട്ടും മാത്രമുണ്ടായിരുന്ന കാലം അധികം പഴയ കഥയൊന്നും അല്ല.സ്വാതന്ത്ര്യ ലബ്‌ധിക്കു മുമ്പുതന്നെ ക്രൈസ്‌തവ ആരാധനാലയവും,വിദ്യാലയവും ശേഷം സര്‍ക്കാര്‍ ആതുതുരാലയവും സ്‌ഥപിതമായി. പ്രസ്‌തുത ആതുരാലയത്തിന്റെ ശില്‍പികളില്‍ ഏറിയകൂറും പെരിങ്ങാട്ടുകാരും തിരുനെല്ലൂര്‍ക്കാരുമായിരുന്നു.
മുല്ലശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം:- കായലോര ഗ്രാമങ്ങള്‍ക്കെല്ലാം ആരോഗ്യ മേഖലയില്‍ സമാശ്വാസം ലഭിച്ചു കൊണ്ടിരിക്കുന്ന പ്രസ്‌തുത കേന്ദ്രത്തിന്റെ പതിറ്റാണ്ട് മുമ്പുള്ള നിര്‍ണ്ണായക നിമിഷങ്ങളില്‍ തിരുനെല്ലുരിന്റെ കയ്യൊപ്പ് പതിഞ്ഞു കിടപ്പുണ്ട്.
ഖത്തറിൽ നിന്ന് മുല്ലശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു വേണ്ടി കണ്ടംപറമ്പിൽ അഹമ്മദ് സാഹിബ് മുഖേനെ സംഭാവന കൊടുത്തതായി ചിലര്‍ ഓര്‍ക്കുന്നുണ്ട്. അതിനു വേണ്ടി ആർ.ഒ.കെ ബാവുമോന്‍ ഹാജി,വടക്കൻറെകായിൽ അബൂബക്കർ ഹാജി, കിഴക്കെയിൽ സൈതു മുഹമ്മദ്, ആർ.വി കുഞ്ഞു മുഹമ്മദ്, വി.പി അബ്ദുൽ കരീം(കരീംജി) , കൂടത്തു് ഹമീദ്, ഇടുകാവിൽ ഹസ്സനാർ ഹാജി, കൂടത്ത് കുഞ്ഞു ബാപ്പു തുടങ്ങിയ പല സഹൃദയരും മുല്ലശ്ശേരി ആരോഗ്യ കേന്ദ്രത്തിന്റെ പ്രാരംഭത്തില്‍ തന്നെ സഹകരിച്ചിട്ടുണ്ട്.
തിരുനെല്ലുര്‍ക്കാരുടെ വികൃതികള്‍ക്കും കുസൃതികള്‍ക്കും വിനോദത്തിനും അതിലുപരി നായാട്ടിനും കുന്ന് പ്രസിദ്ധമായിരുന്നു.
ഈ പ്രദേശത്തു നിന്നും തിരുനെല്ലൂര്‍ കടവു വരെ കുന്നിനേയും കിഴക്കേകരയേയും പടിഞ്ഞാറക്കരയേയും ബന്ധിപ്പിച്ചു കൊണ്ട് ഒരു 'വലിയവരമ്പെന്ന' രാജവീഥി പ്രദേശത്തിന്റെ പ്രൗഡിയുടെ ചിഹ്നമായിരുന്നു.ഇന്ന് എല്ലാം പഴങ്കഥകളായി.ചേരിപ്പോരും സങ്കുചിതത്വവും ഒരു നാടിന്റെ ഭൂപടം തന്നെ മാറ്റിമറിച്ചു.
മുല്ലശ്ശേരി കനാലിന്റെ വരവോടെ നമ്മുടെ പ്രദേശത്തിനേറ്റ പ്രഹരം പഴയതലമുറയിലുള്ളവരെ ഇപ്പോഴും വേട്ടയാടുന്നുണ്ടാകാം.വലിയ വരമ്പെന്ന പഴങ്കഥയിലെ പ്രതാപ വീഥിയെ മലമ്പാമ്പ് കണക്കേ വിഴുങ്ങി നിശ്ചലമായി കിടക്കുന്ന തണ്ണീര്‍ കായല്‍ തിരുനെല്ലൂര്‍ക്കാരുടെ കണ്ണീര്‍ കായലായിരിക്കുന്നു. ഇവിടെയാണ് ഇരുകരകളെയും ബന്ധിപ്പിക്കുന്ന പുതിയ മസ്‌ജിദ് റോഡിന്റെ പ്രാധാന്യം വിളിച്ചറിയിക്കപ്പെടുന്നത്.
തിരുനെല്ലൂരിലെ ഇരുകരകളെ ബന്ധിപ്പിക്കുന്ന മസ്‌ജിദ് റോഡിന്റെ നിര്‍മ്മാണം എമ്പതുകളില്‍ ഹാജി അബ്‌ദുല്‍ റഹിമാന്‍ സാഹിബിന്റെ നേതൃത്വത്തിലായിരുന്നു പ്രാഥമിക ജോലികള്‍ പുരോഗമിച്ചത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പഞ്ചായത്ത് ഏറ്റെടുത്ത് സുഖപ്രദമായ പാതയായി പരിണമിച്ചു.2010 ല്‍ നിര്‍മാണോദ്‌ഘാടനം ബഹു: മുരളി പെരുനെല്ലി എം.എല്‍.എ നിര്‍വഹിച്ചു.മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എ ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ലളിതമായ ചടങ്ങില്‍ രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു ഗ്രാമത്തിന്റെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട വീഥി വിവിധ പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. രേഖകളില്‍ മസ്‌ജിദ് റോഡ് എന്ന് മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അങ്ങിനെ വിളിക്കപ്പെടാറില്ല.ഈ ദുരവസ്ഥക്ക് മാറ്റം പ്രതീക്ഷിച്ചുകൊണ്ട് മസ്‌ജിദ് റോഡ് എന്ന ഫലകം 2010 ല്‍ സ്ഥാപിക്കപ്പെട്ടു.
മുല്ലശ്ശേരി കനാലിന്റെ വരവും ദുര്‍ഗതിയും ഒക്കെ പലപ്പോഴും വിവരിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം 2017 ല്‍ പ്രസ്‌തുത പ്രദേശങ്ങളില്‍ വന്ന മാറ്റവും ഒപ്പം വായിക്കപ്പെടാതിരിക്കരുത്. കൂമ്പുള്ളി പാലം മുതല്‍ ചിറയ്‌ക്കല്‍ വരെയുള്ള മുല്ലശ്ശേരി കനാലിന്റെ ഇരുവശമുള്ള റോഡുകളും ഗതാഗത യോഗ്യമായതോടെ തിരുനെല്ലൂര്‍, പെരിങ്ങാട്,പാടൂര്‍ തുടങ്ങി കായലോര പ്രദേശങ്ങലിലുള്ളവര്‍ക്ക് ചാവക്കാട് ഏനാമാവ് മെയിന്‍ റോഡിലെത്താന്‍ ഏറെ സഹായകരമാകുന്നുണ്ട്.
മുല്ലശ്ശേരി,എളവള്ളി,വെങ്കിടങ്ങ് എന്നീ മൂന്നു പഞ്ചായത്തുകളുടെ അതി വിചിത്രമായ ഊരാകുരുക്കില്‍ പ്രദേശവാസികളുടെ അഭിലാഷം പൂവണിയാതെ കിടക്കുകയായിരുന്നു.മുല്ലശ്ശേരി എളവള്ളി പഞ്ചായത്ത് പരിധിയില്‍ പെടുന്ന കനാലിന്റെ വടക്കു ഭാഗം ദേശീയ ഗ്രാമീണ പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ചു.റോഡിന്റെ ഇരുവശവും കെട്ടി വീതികൂട്ടി വികസിപ്പിക്കുന്ന പണികള്‍ പൂര്‍ണാര്‍ഥത്തിലല്ലെങ്കിലും ഒരു ഭാഗം ഏറെക്കുറെ പൂര്‍ത്തിയാക്കി.
1820 മീറ്റര്‍ ദൂരമുള്ള കൂമ്പുള്ളി ഇടിയഞ്ചിറ റോഡ് നിര്‍മ്മാണത്തിനു ഒന്നര കോടിയോളം ചെലവ് കണക്കാക്കപ്പെട്ടിരിക്കുന്നു. ഭാരത സര്‍ക്കാറിന്റെ ഗ്രമീണ വികസന വകുപ്പിന്റെ പദ്ധതി തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് പൂര്‍ത്തീകരിക്കപ്പെട്ടത്.
സംസ്ഥാനത്തിന്റെ തന്നെ പലഭാഗങ്ങളിലും കര്‍ഷകര്‍ പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തി ലാഭമുള്ളതും എളുപ്പമുള്ളതുമായ മറ്റ് കൃഷി സമ്പ്രദായങ്ങളിലേക്ക് തിരിഞ്ഞപ്പോഴും തിരുനെല്ലൂരിന്റെ പാടശേഖരം ശുദ്ധജല പദ്ധതിയുടെ മധുരിക്കുന്ന കിനാവില്‍ കരിഞ്ഞുണങ്ങുകയായിരുന്നു.ഈ ഗ്രാമത്തിന്റെ തെക്കേ അറ്റത്ത് കൂടെ ഭീമാകാരനായി കടന്ന് വന്ന് ഇടിയഞ്ചിറയില്‍ അവസാനിക്കുന്ന ശുദ്ധജല പാദ്ധതി തിരുനെല്ലൂരിന്റെ കാര്‍ഷിക സ്വപനങ്ങള്‍ തൂത്തെറിയാനും വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ രൂക്ഷമാകാനും മാത്രമാണ് സഹായിച്ചത്.
ഈ ദുര്‍ഗതിയ്‌ക്ക് അറുതി വരുത്താനുള്ള പഞ്ചായത്തിന്റെ ആസുത്രണങ്ങള്‍ 2017 ല്‍ താല്‍കാലിക ഫലം കണ്ടിരുന്നു.ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തന നൈരന്തര്യമാണ് തിരുനെല്ലൂരിലെ നെല്‍കൃഷി സ്വപ്‌നത്തെ പൂര്‍ണ്ണാര്‍ഥത്തില്‍ സാക്ഷാല്‍കാരത്തിലേയ്‌ക്ക് നയിക്കുകയുള്ളൂ. പ്രാഥമികമായി കര്‍ഷകരെ വിളിച്ചിരുത്തി സംസാരിച്ചും,അവരുടെ അഭിപ്രായങ്ങള്‍ മുഖവിലെക്കെടുത്തും ഒപ്പം അവര്‍ക്കു വേണ്ട ബോധവത്കരണം നല്‍കിയും ഒക്കെയാണ് ഈ വിഭാവനയെ ഒരു പരിധിവരെ സമാശ്വസിപ്പിക്കാനായത്.
സംസ്‌ഥാനത്തെ പ്രാദേശിക പഞ്ചായത്ത് തല കൃഷി ഭവനുകളുടെ പങ്കാളിത്തത്തെ ഊര്‍ജ്ജസ്വലമാക്കാനുതകും വിധം തദ്ധേശവാസികളുടെ ഭാഗദേയത്വം ഉറപ്പാക്കാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളുടെ പ്രതിഫലനം സഹൃദയരായ കര്‍ഷകരുടെ കൂട്ടുത്തരവാദത്തോടെ ഹരിതാഭമാകുമെന്ന ശുഭ പ്രതീക്ഷ ഉത്തരവാദപ്പെട്ടവരുടെ വാക്കുകള്‍ക്ക് തിളക്കം കൂട്ടിയിരുന്നു.ഒപ്പം ഒരു ഗ്രാമത്തിന്റെ കാര്‍ഷിക സ്വപ്‌നങ്ങള്‍ കതിരണിയാനുള്ള മോഹങ്ങള്‍ക്കും.
-------
പെരിങ്ങാട് പുഴ ..
ചാവക്കാട് പെരിങ്ങാട് പുഴയുടെ 234.18 വിസ്‌തൃതിയിലുള്ള തണ്ണീർത്തട പ്രദേശങ്ങള്‍ വനം വകുപ്പ് ഏറ്റെടുക്കുന്നത് തികച്ചും അശാസ്‌ത്രീയമത്രെ.
തൃശൂർ ജില്ലയിലെ പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ്, ഏങ്ങണ്ടിയൂർ, ഒരുമനയൂർ തുടങ്ങിയ പഞ്ചായത്തുകൾക്കിടയിൽ കിടക്കുന്ന പെരിങ്ങാട് പുഴയെന്ന പെരിങ്ങാട് കായൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.അതിന്നിടയില്‍ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെയുള്ള ഏകപക്ഷീയമായ തീരുമാനങ്ങൾ കൂടെ നടപ്പിലാകുമ്പോള്‍ ഒരു പ്രദേശത്തെ തന്നെ നാമാവശേഷമാക്കുന്നതിലേക്ക് നയിച്ചേക്കും.
ഇടിയഞ്ചിറമുതല്‍ കൂരിക്കാട് വരെ റിസര്‍വ്‌ഡ് ഫോറസ്റ്റ് ആയി പ്രഖ്യാപിക്കുക വഴി പ്രസ്‌തുത പ്രദേശത്തെ ജനങ്ങളുടെ നിത്യജിവിതം തന്നെ വഴിമുട്ടുകയാണ്.
ആവാസവ്യവസ്ഥയിൽ അതീവ പ്രാധാന്യമർഹിക്കുന്നതിനെ സംരക്ഷിക്കാനെന്ന തരത്തില്‍ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി ഒരു പ്രദേശവും അവിടുത്തെ ജനങ്ങളുടെ പ്രാഥമികമായ അവകാശം പോലും ഹനിക്കുന്നതാണെന്ന ആശങ്കയിലാണ് കായലോര ഗ്രാമങ്ങള്‍.
റിസര്‍വഡ് ഫോറസ്‌റ്റ് എന്നതിനോടനുബന്ധിച്ച് സ്വാഭാവികമായും ബഫര്‍ സോണ്‍ പ്രഖ്യാപനവും പ്രദേശത്തെ ജീവിതക്രമങ്ങളെ ഏതൊക്കെ വിധത്തില്‍ ബാധിക്കും എന്നതു പോലും പ്രവചനാതീതമാണ്.
പുഴയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം പ്രതിസന്ധികള്‍ക്ക് മേല്‍ പ്രതിസന്ധി സൃഷ്‌ടിക്കാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ കാരണമായേക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒഴുക്കുവെള്ളവും കനാല്‍ വഴിയുള്ള വെള്ളവും ഒഴുകിയെത്തുന്ന ഒരു പ്രദേശത്തെ ശാസ്‌ത്രീയമായ രീതിയില്‍ പരിഗണിക്കണം.പുഴയിലെ മാലിന്യം നീക്കി നീരൊഴുക്ക് സാധ്യമാക്കിയില്ലെങ്കിൽ വർഷക്കാലത്ത് പ്രദേശം മുഴുവൻ വെള്ളം കയറി ജീവിതം ദുസ്സഹമാകുമെന്നുള്ളതിന് സമീപകാല അനുഭവങ്ങൾ സാക്ഷിയാണ്.
തീരദേശവാസികളായ തൊഴിലാളികൾ ഈ പുഴയിൽ നിന്നും കാലാകാലങ്ങളിൽ സ്ഥിരമായി ചെളി കോരി മാറ്റി അത് തെങ്ങിൻ തോപ്പുകളിൽ വളമായി ഉപയോഗിച്ചിരുന്നു. ഇത് പുഴയുടെ ആഴം സ്ഥിരമായി നിലനിർത്തി പോന്നിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് പെട്ടെന്നൊരു ദിവസം ഒരു പഠനത്തിന്റെ പിൻബലവുമില്ലാതെ ചെളികോരൽ അധികാരികള്‍ തടഞ്ഞു. ഇതുമൂലം ചെളിയും എക്കൽ മണ്ണും അടിഞ്ഞുകൂടി പുഴയുടെ ആഴം കുറഞ്ഞു വന്നു. പെരിങ്ങാട് കായൽ ഉൾക്കൊള്ളുന്ന ജലത്തിന്റെ അളവുകുറഞ്ഞു. സമൃദ്ധമായി ഉണ്ടായിരുന്ന മത്സ്യസമ്പത്ത് ഇല്ലാതായി. സുഗമമായ ജലഗതാഗതം തടസ്സപ്പെട്ടു. കനോലി കനാലിന്റെ ഭാഗമായ പെരിങ്ങാട് പുഴയും ഉപയോഗരഹിതമായി. ഉപ്പുവെള്ളം വേലിയേറ്റ സമയത്ത് പുഴയുടെ തീരദേശമേഖലയിൽ കയറി ശുദ്ധജല സ്രോതസുകളും, കൃഷിയും തകർത്തു. അതുകൊണ്ടു തന്നെ കൃത്യമായ ശാസ്ത്രീയമായ പഠനം നടത്താതെയുള്ള അത്യന്തം അപകടകരമായ നീക്കത്തിനാണ് കായലോര ഗ്രാമങ്ങള്‍ സാക്ഷിയായത്.
-------