ചായക്കടകളിലും ഗ്രാമീണ ബെഞ്ചുകളിലുമാണ് അക്കാലത്തെ സോഷ്യല്‍ മീഡിയ എന്നു വേണമെങ്കില്‍ പറയാം.തിരുനെല്ലൂര്‍ പാടം ഒരുവിധം ചര്‍ച്ചകള്‍ക്കൊക്കെ വേദിയാകാറുമുണ്ട്.കമ്പനി ഹലീമത്താടെ പീടികയുടെയും ബാലേട്ടന്റെ ബാര്‍ബര്‍ഷോപ്പിന്റെയും ചേര്‍ന്നുള്ള വരാന്തയാണ് മുഖ്യ ചര്‍ച്ചാ വേദി.
അറുപത് എഴുപതുകളില്‍ ദേശീയതലത്തിലും അന്തര്‍ ദേശീയതലത്തിലും ഉള്ള പ്രധാന വാര്‍ത്താ ക്ലിപ്പുകളും ബോധവതകരണ സന്ദേശങ്ങളും സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് മുമ്പ് പ്രസാരണം ചെയ്യുമായിരുന്നു. വളരെ പ്രധാനപ്പെട്ട ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ഗ്രാമങ്ങള്‍ തോറും പ്രത്യേക പ്രചരണ വാഹനങ്ങളിലൂടെയും ഒരു വേള ഹ്രസ്വമായ ഫിലിം പ്രദര്‍ശനങ്ങളിലൂടെയും ജനങ്ങളില്‍ എത്തിക്കുകയാണ് പതിവ്. ഇതുപോലെയുള്ള പ്രദര്‍ശനങ്ങള്‍ തിരുനെല്ലൂര്‍ പാടത്ത് സെന്ററിലും ഉണ്ടാകാറുണ്ട്. ഇങ്ങനെ പ്രദര്‍ശനങ്ങളുണ്ടാകുമ്പോള്‍ തദ്‌വിഷയങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയും പതിവായിരുന്നു.
കടവത്തെ മുഹമ്മദ്‌ക്ക വലിയ ആരവങ്ങളോടെ ചില വിഷയങ്ങള്‍ തുടങ്ങും,മൊമ്മുക്കമാര്‍ കൂടെ ചേരും.അധികാരിയില്‍ അത് കെട്ടടങ്ങും. മണിയന്‍ മുഹമ്മദ്‌ക്കയും കണ്ടത്തില്‍ മൊമ്മുക്കയും എം.കെ അഹമ്മദ്‌ക്കയും കൊട്ടിന്റെകായില്‍ ഹമീദ്‌ക്കയും ചിലപ്പോള്‍ രംഗം കീഴടക്കും.
പീടിക വരാന്തയില്‍ ഹമീദ്‌ക്കയുമായുള്ള ചര്‍ച്ചക്കിടയില്‍ അത് മുതുവട്ടൂരന്‍ ശൈലിയാണെന്ന് ഹാസ്യ രൂപേണ ഖാദര്‍ക്ക പറഞ്ഞിരുന്നു.അതുമായി ബന്ധപ്പെട്ട് അന്വേഷിച്ചറിഞ്ഞപ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാനവുമായി വിദൂരബന്ധമുള്ളവരെപ്പോലും പ്രാദേശികമായി ഈ രീതിയില്‍ പറയാറുണ്ടായിരുന്നതായി അറിയാന്‍ കഴിഞ്ഞു.കാരണം.മുതുവട്ടൂര്‍ രാജ പള്ളിയും പരിസരത്തുമായിരുന്നു പ്രദേശത്ത് ആദ്യമായി സംഘടിത സ്വഭാവത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്.
നിര്‍ധനര്‍ക്കും വിധവകള്‍ക്കും ഒക്കെയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖേനയുള്ള മാസാന്ത സഹായങ്ങളും ആനുകൂല്യങ്ങളും അനുവദിച്ച് കിട്ടാനും എത്തിച്ചു കൊടുക്കാനുമെല്ലാം സാധ്യമായ എല്ലാ സഹായ സഹകരണങ്ങളിലും നാട്ടുകാരുടെ അധികാരി എന്ന വിശേഷ പേരുകാരന്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
ഒരു പ്രത്യേക രാഷ്‌ട്രീയ കാലാവസ്ഥയില്‍ ലീഗ് പിളര്‍ന്ന് 1994 ല്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് നിലവില്‍ വന്നപ്പോഴും അധികാരി ഖാദര്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗില്‍ തന്നെ ഉറച്ചു നിന്നു.
എമ്പതുകളിലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടക്കമിട്ട മുന്നണി പിടലപ്പിണക്കം,ഘട്ടം ഘട്ടമായി ഇടതു പക്ഷത്തേക്ക് കളം മാറാന്‍ നിര്‍ബന്ധിതനാകുന്ന അധികാരി ഖാദര്‍ എന്ന രാഷ്‌ട്രീയക്കാരന്റെ വിപ്ലവകരമായ ചുവട്‌മാറ്റത്തിന് തൊണ്ണൂറുകളില്‍ പെരിങ്ങാട് സാക്ഷിയായി.
ഈ രാഷ്‌ട്രീയ ചേരിതിരിവ് ഇടതു പക്ഷത്തിനു കൂടി ആത്മവിശ്വാസത്തോടെ കടന്നു വരാനും വളരാനും ഉള്ള ഭൂമികയായി തിരുനെല്ലുരിനെ മാറ്റിയെടുത്തു എന്നതായിരിക്കണം രാഷ്‌ട്രീയമായ വായന.ഇതിന്റെ പേരില്‍ ഖാദര്‍ക്കയുടെ കുടുംബം വിവിധ തലത്തിലും തരത്തിലും വേട്ടയാടപ്പെടാനും കാരണമായി. രാഷ്‌ട്രീയ ചേരിമാറ്റത്തെ തുടര്‍ന്ന് ഒരു കുടുംബത്തില്‍ നിന്നും ഇത്രയധികം പേരുടെ ജീവന്‍ ബലി നല്‍കേണ്ടിവന്നു എന്നത് ആരെയും വേദനിപ്പിക്കുന്നതത്രെ.
പത്ത് മക്കള്‍:- ഷംസുദ്ദീന്‍, ഖറുദ്ദീന്‍, താജുദ്ദീന്‍, ഷിഹാബുദ്ദീന്‍ (രക്തസാക്ഷി), ഖാജ,മുജീബ് റഹ്‌മാന്‍ (രക്തസാക്ഷി),ഫൈസല്‍,ഹാരിസ് കൂടാതെ രണ്ട് പെണ്‍മക്കള്‍ ...
സംഭവ ബഹുലമായ സാമൂഹ്യ രാഷ്‌ട്രീയ ഭൂമിക നടന്നു തീര്‍ത്ത് 2007 ജനുവരിയിലായിരുന്നു നാട്ടുകാരുടെ സ്വന്തം അധികാരി ഖാദര്‍ സാഹിബ് പരലോകം പൂകിയത്.