പ്രാദേശിക കോണ്‍ഗ്രസ്സ് രാഷ്‌ട്രീയം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാക്കളില്‍ ഒരാളായിരുന്നു കിഴക്കേപുര പരീദ് സാഹിബ്.
1977 ലെ തെരഞ്ഞെടുപ്പ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരുന്നു. അടിയന്തിരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ് എന്നതായിരുന്നു അതിന്റെ സവിശേഷമായ പ്രത്യേകത.എന്‍.ഐ.ദേവസ്സിക്കുട്ടിയായിരുന്നു മണലൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ്സിന്റെ - ഐക്യ ജനാധിപത്യ മുന്നണിയുടെ ശക്തനായ സ്ഥാനാര്‍ഥി.
ഒരുദിവസം ജേഷ്‌ഠ സഹോദരന്‍ മഞ്ഞിയിലെ കുഞ്ഞുക്ക എന്നോട് പറഞ്ഞു. മോന്‍ നാളെ മുതല്‍ പരീത്ക്കാടെ വീട്ടില്‍ പോകണം.കാര്യങ്ങള്‍ വ്യക്തമായി അന്വേഷിച്ചറിഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താനും സജീവമാക്കാനുമാണ് എന്ന് മനസ്സിലായി. മദ്രസ്സയിലെ പ്രസംഗ പരിപാടികളില്‍ നിന്നും അദ്ദേഹം നോട്ടമിട്ടതാകാം എന്ന് മനസ്സ് പറഞ്ഞു.
അവധിക്കാലമായിരുന്നു.നിത്യവും കാലത്ത് കിഴക്കേപുരയിലേക്ക് പോകും. മഞ്ഞിയില്‍ പടിയിറങ്ങി വലിയ വരമ്പിലെത്തിയാല്‍ കൊയ്‌ത്തു കഴിഞ്ഞു കിടക്കുന്ന കായല്‍ പാടത്ത് കൂടെ കുത്തനെ ഒരു നടത്തം.ചാങ്കരക്കാരുടെ പറമ്പിന്റെ തൊട്ട് പരീദ്‌ക്കാടെ പറമ്പിന്റെ കിഴക്കെമൂലയിലേക്ക് കയറുന്നതു വരെ ഉമ്മ നോക്കി നില്‍ക്കുമായിരുന്നു.
പരീദ്‌ക്കയോടൊപ്പം കരുവന്തലയിലുള്ള മണലൂര്‍ മണ്ഡലം ഓഫീസിലേക്കാണ് ആദ്യം പോകുക.പ്രചരണ പരിപാടികള്‍ അനുസരിച്ച് നിശ്ചിത അനൗണ്‍സ്‌മന്റ് വാഹനങ്ങളില്‍ കയറും.നിത്യവും കാലത്ത് ഓരോ ദിവസവും പറയാനുള്ള വിഷയങ്ങളുടെ രീതികള്‍ പറഞ്ഞു തരും.അത് എന്റെ ശൈലിയിലേക്ക് മാറ്റിയാണ് അവതരിപ്പിക്കുക.
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ പറയുന്ന ശൈലിയും പ്രധാന കവലകളില്‍ പ്രചണവാഹനം നിര്‍ത്തി പറയുന്ന ശൈലിയും വ്യത്യസ്‌തമയിരുന്നു.അവതരണ രീതി നേതാക്കള്‍ക്കൊക്കെ ഇഷ്‌ടമായിരുന്നു എന്നു മാത്രമല്ല തുറന്നു പറയുന്നതിലും പ്രോത്സഹിപ്പിക്കുന്നന്നതിലും അവരാരും പിശുക്ക് കാണിച്ചിരുന്നുമില്ല.
റോഡ് മുഴുവന്‍ കവര്‍ന്നെടുക്കുന്ന രാജകീയമായ കാറില്‍ പരീദ്‌ക്കയോടൊപ്പം ഗമയിലൂടെയുള്ള ദിനേനയുള്ള യാത്ര കൗമാരം വിട്ട് യുവത്വത്തിലേക്ക് പടികയറുന്ന എന്നെ ഏറെ ഉത്സാഹമുള്ളവനാക്കി. മുതിര്‍ന്ന നേതാക്കന്മാരില്‍ നിന്നും നല്ലപരിഗണനയും സ്വീകരണവും ലഭിച്ചിരുന്നു. സല്‍കരിക്കുന്നതിലും സ്‌നേഹാന്വേഷണം നടത്തുന്നതിലും ഒക്കെ അത് പ്രകടവുമായിരുന്നു.