കനോലിക്കായലിന്റെ ഭാഗമായ കായലോരത്തോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമമാണ് പെരുങ്കാട് - പെരിങ്ങാട്.പെരിങ്ങാടിന്റെ കിഴക്ക് ഭാഗം മുല്ലശ്ശേരി കുന്ന് എഴുപതുകളുടെ തുടക്കം വരെ ഒരുകാട്ടു പ്രദേശത്തിന്റെ പ്രതീതിയിലായിരുന്നു.നിറഞ്ഞു നില്‍ക്കുന്ന കശുമാവിന്‍ തോപ്പുകളാല്‍ സമൃദ്ധമായിരുന്നു ഈ പ്രദേശം.ഏകദേശം തെക്ക് കിഴക്ക് കണ്ണന്‍ കാട് സ്ഥിതിചെയ്യുന്നു.ഈ മേഖലയില്‍ ജനവാസം കൂടുതലുണ്ടായിരുന്ന നാട് വെന്മേനാട് ആയിരുന്നുവത്രെ.കായലിനോട് ചേര്‍ന്നുള്ള താരതമ്യേന ജനവാസം കുറഞ്ഞ മൂന്ന് ഊരുകളായിരുന്നു പൈങ്കണ്ണിയൂര്‍, തിരുനെല്ലൂര്‍,പാടൂര്‍.
തിരുനെല്ലൂരിനേയും മുല്ലശ്ശേരിയേയും വേര്‍ത്തിരിക്കുന്ന കോഴിത്തോടിന്റെ മറുകരയിലുള്ള ഊരാണ് പുവ്വത്തൂര്‍.പ്രദേശത്തെ പ്രസിദ്ധങ്ങളായ കാവുകളായിരുന്നു തൊയക്കാവ്,ഇടുകാവ്.
പെരുങ്കാട് പെരിങ്ങാടായി മാറിയതൊഴിച്ചാല്‍ മറ്റുപേരുകളൊക്കെ ഇന്നും മാറ്റമില്ലാതെ തുടരുന്നുണ്ട്.എന്നാല്‍ ഇടുകാവ് ഇന്നു നിലവില്‍ ഇല്ല. തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ ജുമാഅത്ത് മസ്‌ജിദ് നിലനില്‍ക്കുന്ന സ്ഥലം ഇടുകാവ് എന്നും പ്രസ്‌തുത പ്രദേശത്തുകാരായ ചില കുടുംബംഗങ്ങള്‍ ഇടേയില്‍ക്കാര്‍ എന്ന പേരിലുമാണ് അറിയപ്പെടുന്നത്.
പഴങ്കഥയിലെ പെരുങ്കാടിന്റെ ചരിത്രപശ്ചാത്തിലായിരിക്കുമോ ഈ കായലോര ഗ്രാമവും കായലും വനം വകുപ്പിന്റെ പരിധിയില്‍ ഉള്‍കൊള്ളിക്കാനുള്ള ശ്രമങ്ങള്‍ എന്ന് നിഷ്‌കളങ്കരായ ചില ഗ്രാമീണര്‍ അടക്കം പറയുന്നുണ്ടത്രെ.
പ്രകൃതി ഭംഗികൊണ്ട് വശ്യമനോഹരമായ കായലോരത്ത് തിരുനെല്ലൂര്‍ മഹല്ല് വാസികളുടെ അഭിമാനമായി ജുമാഅത്ത് പള്ളി തല ഉയര്‍ത്തി നില്‍ക്കുന്നു.300 ലേറെ വര്‍ഷത്തെ പഴക്കമുള്ള ഇടുകാവില്‍ പള്ളി കാലക്രമേണ ഇടേയില്‍ പള്ളി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.കേരളീയ തച്ചു ശാസ്‌ത്രവും ,പരമ്പരാഗത ഇസ്‌ലാമിക ശില്‍പ ചാതുരിയും ഇഴചേര്‍ന്ന ഈ പരിശുദ്ധ ഭവനം 1969 ല്‍ പുനര്‍ നിര്‍മ്മിക്കപ്പെട്ടു.മുന്‍ പൊതു മരാമത്ത് വകുപ്പ് മന്ത്രി മര്‍ഹൂം അവുക്കാദര്‍ കുട്ടി നഹയാണ് ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചത്.
ആധുനികവും പരമ്പരാഗതവുമായ രീതികള്‍ സമന്വയിപ്പിച്ച് കൊണ്ട് 2007ല്‍ നവീകരിക്കപ്പെട്ടു.ബഹു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.കാലപ്പഴക്കത്തിന്റെ പോറലുകള്‍ ഒന്നും ഏല്‍ക്കാതെ പഴയകാല ചരിത്രത്തിന്റെ ബാക്കി പത്രമായി പ്രൌഢിയോടെ നില്‍ക്കുകയാണ് പള്ളി മിമ്പര്‍ (പ്രസംഗ പീഠം )ഗതകാല ചരിത്രത്താളുകളില്‍ നിന്ന് നമുക്ക് കിട്ടിയ അനര്‍ഘ നിധിയാണ് ഈ കവിത തുളുമ്പുന്ന പ്രസംഗ പീഠം. ഇസ്‌ലാമിക പഠനത്തിന് പള്ളി ദര്‍സ്സുകള്‍ മാത്രം അവലംബിച്ചിരുന്ന കാലത്ത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ പ്രസിദ്ധരായ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ വളരെ വിപുലമായ ദര്‍സ്സ് നിലവിലുണ്ടായിരുന്നു. ഇടുകാവില്‍ പള്ളി ദര്‍സ്സില്‍ നിന്നും പടിച്ചു വളര്‍ന്ന പ്രശസ്‌തരും പ്രഗല്‍ഭരും വിവിധ പ്രസ്ഥാനങ്ങളിലും സംഘങ്ങളിലും പ്രശോഭിക്കുന്നവരാണ്.
പുരാതന കാലം മുതല്‍ അത്യന്താധുനിക പുലരി വരെ തിരുനെല്ലൂര്‍ മഹല്ലിന് വേണ്ടി അശ്രാന്തം അധ്വാനിച്ചവരുടെ പട്ടിക വളരെ ദീര്‍ഘമുള്ളതാണ്.അവരില്‍ പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയിരിക്കുന്നു. മഹല്ലിന്റെ പരിചാരക സാരഥ്യം വഹിച്ച സകലരേയും ഇത്തരുണത്തില്‍ സ്‌മരിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
മത പഠന സമ്പ്രദായം ഓത്തു പള്ളി രീതിയില്‍ നിന്നും മദ്രസ്സാ സംവിധാനത്തിലേയ്‌ക്ക് മാറ്റുന്നതിന്റെ ഭാഗമായി 28.11.1953 ല്‍ ഹിദായത്തുല്‍ ഇസ്‌ലാം സംഘം രൂപികരിക്കപ്പെട്ട വിവരം സെക്രട്ടറി ഹമീദെന്ന അപരനാമാത്താല്‍ അറിയപ്പെട്ടിരുന്ന ഹമീദ് സാഹിബിന്റെ ഡയറിക്കുറിപ്പുകള്‍ സാക്ഷ്യം വഹിക്കുന്നു.നൂറുല്‍ ഹിദായ മദ്രസ്സ എന്ന പേരില്‍ മദ്രസ്സാ കെട്ടിടം നിലവില്‍ വന്നത് 22.02.1954 ലാണെന്നും അദ്ധേഹം കുറിച്ചു വെച്ചിരിക്കുന്നു.പള്ളിയുടെ പുനരുദ്ധാരണത്തിനു ശേഷം 1969 ല്‍ മദ്രസ്സ വീണ്ടും പുതുക്കിപ്പണിതു.1969 ല്‍ പെരിങ്ങാട്ടെ പള്ളിയുടെ പുനര്‍ നിര്‍മ്മാണത്തിനു ശേഷമുള്ള ഉദ്‌ഘാടന ദിവസം നാടെങ്ങും ഉത്സവ പ്രതീതിയില്‍ ജ്വലിച്ചു നിന്ന ദിവസം.ഒരുഗ്രാമം മുഴുവന്‍ വൈദ്യതീകരിക്കപ്പെട്ട പ്രഭാ പൂരിതമായ ദിവസം മറക്കാനാകില്ല.പള്ളിയും ഗ്രാമവും വൈദ്യുതീകരിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് മഹല്ല് പ്രസിഡാണ്ടായിരുന്ന കിഴക്കേ പുര പരീത് സാഹിബായിരുന്നു.പള്ളിയുടേയും നാടിന്റെയും പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ധേഹം ചെയ്‌ത പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്‌ളാഘനീയമാണ്.സാമ്പത്തികമായി ഏറെയൊന്നും വരുമാനമില്ലാത്ത അക്കാലത്ത് പള്ളിയുടെ പുനര്‍ നിര്‍മ്മാണം ഒരു സാഹസിക യജ്ഞം തന്നെയായിരുന്നു.
പെരിങ്ങാട്ടുകാരുടെ തൊഴില്‍ മേഖല ബോംബെ നഗരമായിരുന്നു.പള്ളി മദ്രസ്സയുടെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സ്ഥിരവരുമാനമാര്‍ഗമായി ഒരു താമസമുറി മെഹമന്‍ മൊഹല്ലയില്‍ ഉണ്ടായിരുന്നു.ബോംബെയിലുള്ള പെരിങ്ങാട്ടുകാര്‍ മാസാന്തം അവിടെ ഒത്തു കൂടുകയും നാട്ടിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും കഴിയും വിധമുള്ള സഹായങ്ങള്‍ നാട്ടിലേയ്‌ക്ക് എത്തിക്കുകയും ചെയ്‌തിരുന്നു.ബോംബെ കേന്ദ്രീകരിച്ച് നേതൃത്വം കൊടുത്തവരുടെയും പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ എടുത്തുദ്ധരിക്കുന്നില്ല.മണ്‍മറഞ്ഞ കാരണവന്മാരുടെ അക്ഷീണ പ്രവര്‍ത്തനങ്ങള്‍ ഏറെ സ്‌മരിക്കപ്പെടേണ്ടതാണ്.പഴയകാല ബോംബെ മുസാഫറുകളില്‍ രണ്ടാം നിരക്കാരനില്‍ ഒന്നാം നിരക്കാരനായിരുന്നു മണ്‍മറഞ്ഞ വൈശ്യം വീട്ടില്‍ അഹമ്മദ് ഹാജി.
മഹല്ല് നേതൃത്വം പലരും കൈകാര്യം ചെയ്‌തിട്ടുണ്ടെങ്കിലും ആര്‍.പി അബ്‌ദുല്ല ഹാജിയെപ്പോലെ അത്യാകര്‍ഷകമായ വ്യക്തിപ്രഭാവമുള്ള ആദരണീയനായ വ്യക്തിത്വം നേതൃസ്ഥാനം അലങ്കരിച്ചതായി ഓര്‍ക്കുന്നില്ലെന്നു അമ്പതു പിന്നിട്ട നാട്ടുകാര്‍ പലരും അഭിപ്രായപ്പെട്ടു.
നുള്ളരി കൊണ്ട് ഒരു നൂറുകാര്യങ്ങള്‍ നമുക്ക് സാധിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു എന്നത് മറക്കാനാകില്ല.എല്ലാ വീടുകളിലും അടുക്കളയില്‍ ഒരു തൊട്ടിയുണ്ടാകും.അരിവെക്കും മുമ്പ് അതില്‍ നിന്ന് ഒരു നുള്ള് ഈ തൊട്ടിയില്‍ നിക്ഷേപിക്കും മാസാന്തത്തില്‍ വീടുകളില്‍ നിന്നും ഇതെല്ലാം ശേഖരിച്ച് ലേലം ചെയ്യുകയായിരുന്നു പഴയ രീതി.പള്ളിക്കും മദ്രസ്സക്കും ഒരു തെങ്ങ് എന്ന രീതിയും നിലവിലുണ്ടായിരുന്നു.ഏറെ പ്രയാസങ്ങള്‍ ഉള്ള കാലത്ത് അരമുറുക്കി നമ്മുടെ പുര്‍വികര്‍ പടുത്തുയര്‍ത്തിയ മഹല്ലും മഹല്ലു സംവിധാനവും ഒരിക്കലും വിസ്‌മൃതമാകുകയില്ല.