നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Values of village

സ്വന്തം ഗ്രാമത്തെ കുറിച്ച് എഴുതുകയെന്നാല്‍ തന്നെ കുറിച്ച് തന്നെ എഴുതുക എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇരുള്‍ക്കാട്ടിനുള്ളിലേയ്‌ക്ക്‌ അരിച്ചിറങ്ങുന്ന നിലാവ് പോലെ ഏത് വിഷാദ വേളകളെയും അതിജീവിക്കാന്‍ മനുഷ്യനെ പ്രാപ്‌‌തനാക്കാറുണ്ട്.

സ്വന്തം ഗ്രാമത്തിന്റെ ഹരിതാഭമായ ഓര്‍മ്മ ചിത്രങ്ങള്‍. അന്ധകാരപ്പരപ്പില്‍ തെളിയുന്ന ഒരു മിന്നാ മിനുങ്ങിന്‍ വെളിച്ചം തന്റെ ചുറ്റുമൊരു ജീവനുള്ള ലോകം ഉണ്ടെന്ന് വിളിച്ചറിയിക്കുന്നത് പോലെയാണ് സ്മൃതികളിലേക്ക് അരിച്ചിറങ്ങുന്ന ബാല്യ കൗമാരങ്ങളിലെ ഓര്‍മ്മച്ചിന്തുകള്‍. വീണിടത്ത് നിന്ന്‌ വീണ്ടും ഉരിര്‍ത്തെഴുന്നെല്‍ക്കാന്‍  അഹങ്കാരശൂന്യമായ ഒരു ഗതകാലത്തിന് കഴിയുമെങ്കില്‍ അതില്‍ ത്രസിപ്പിക്കുന്ന ഭംഗിയോടെ തെളിഞ്ഞു നില്‍ക്കുന്ന അരങ്ങ്‌ നാം ജനിച്ചു വളര്‍ന്ന കളിച്ചു വളര്‍ന്ന ഗ്രാമത്തിന്റെതായിരിയ്‌ക്കും. 

പഴയകാല ചരിത്രങ്ങള്‍ അത്രയേറെ അറിയില്ലെങ്കിലും നിഷ്കളങ്കമായ ഒരു സമൂഹത്തിന്റെ നേര്‍ചിത്രങ്ങളും  അതിന്റെ എഴുതിയാല്‍ തീരാത്ത മഹത് ചരിതങ്ങളും ഒരു സ്വകാര്യ അഹങ്കാരമായി എനിക്കും എന്റെ സമചരിതര്‍ക്കും മനസ്സില്‍ സൂക്ഷിക്കാന്‍ ഉണ്ട്.കിഴക്കേ കരയെന്നും പടിഞ്ഞാറെ കരയെന്നും രണ്ട് ചെറുകരകളായി ഭൂമിശാസ്ത്ര പരമായി മാത്രം വിഭജിക്കപ്പെട്ട ഒരു നാടിന്റെറ നൈര്‍മല്യത്തിലേക്ക്‌ കാലാകാലങ്ങളായി ഒഴുകിയെത്തിയ മാലിന്യങ്ങള്‍ ഉണ്ടാക്കിയ അര്‍ബുദത്തെ ചികിത്സിക്കാനും ഭേദപ്പെടുത്താനും ഇത്തരം സംരംഭങ്ങള്‍ക്ക്‌  സാധിക്കുന്നു എന്ന സന്തോഷം കൂടിയാണ് ഈ കുറിപ്പിന് ആധാരം.

ഏതൊരു ഗ്രാമഭംഗിയിലും ഒരു തിലകച്ചാര്‍ത്തായി തെളിഞ്ഞു നില്‍ക്കുക എപ്പോഴും അനാചാരങ്ങളാണ്. തിരുനെല്ലൂര്‍ ഗ്രാമവും അനാചാരാഭരണ വിഭൂഷിതയായിരുന്നു. എന്റെ ഓര്‍മ്മകളിലെ ഏറ്റവും മനോജ്ഞമായ കാലവും നിരുപദ്രവകരങ്ങളായ അനാചാരാങ്കിതയാടയണിഞ്ഞ  ബാല്യ കൗമാരങ്ങളായിരുന്നു. പെരിങ്ങാട് പള്ളി എന്ന്‍ യശസ്സുള്ള നമ്മുടെ ജുമാ മസ്‌ജിദില്‍ ആണ്ടിലൊരിക്കല്‍ നടത്തിപ്പോന്നിരുന്ന കാഞ്ഞിരമുറ്റം പരീത് ഔലിയായുടെ പേരില്‍ ഉള്ള ആണ്ടു നേര്‍ച്ച. തദ്ദേശീയരും അയല്‍ ദേശക്കാരും  ചെയ്യുന്ന കച്ചവടങ്ങള്‍, നെറ്റിപ്പട്ടം കെട്ടി അലങ്കരിച്ച ഗജവീരന്മാര്‍ , ചെണ്ടക്കാര്‍, വാദ്യമേളങ്ങള്‍, ദഫ് മുട്ടുകാര്‍, കോല്‍ക്കളിക്കാര്‍ , അങ്ങനെ നീണ്ടു പോകുന്ന ഉത്സവ മേളങ്ങള്‍....!! ഇതിനൊക്കെ ഉപരി നാട്ടുകാര്‍ ജാതി-മത ഭേദമന്യേ ആസ്വദിച്ചിരുന്ന ഒരു ആഘോഷം...!! 

ഞങ്ങളുടെ കുട്ടിക്കാലം അതിമനോഹരവും അവിസ്മരണീയവും ആക്കിയതില്‍ ഇത്തരം ആഘോഷങ്ങള്‍ക്ക്‌  നല്ല പങ്കുണ്ട്. ഇതിലെ ശരിയും തെറ്റും ഞങ്ങളെ സ്വാധീനിച്ചിട്ടില്ല എന്നതാണ് സത്യം. അറിവിലൂടെ സ്വാംശീകരിക്കപ്പെട്ട ഒരു തലമുറ ഈ അനാചാരങ്ങളെ ഇല്ലായ്മ ചെയ്തു എന്നത് നല്ല കാര്യം എന്നിരിക്കെ പകരം നടപ്പാക്കപ്പെട്ട സദാചാരങ്ങള്‍ കൊണ്ട് കുഴിച്ച് മൂടപ്പെട്ട പരസ്പര സ്നേഹവും സൗഹാര്‍ദ്ധവും  കൂടുതല്‍ കൂടുതല്‍ ജീര്‍ണ്ണീച്ചു കൊണ്ടേയിരിക്കുന്നു എന്നത് ഖേദപൂര്‍വം  സ്മരിക്കുന്നു. 

ഇതിന്നര്‍ഥം  ഇല്ലായ്മ ചെയ്ത അനാചാരങ്ങളെ പുനരുജ്ജീവിപ്പിക്കണം എന്നല്ല, സത്യയുക്തമായ സദാചാര വ്യവസ്ഥകളിലൂടെ നിലച്ചു പോയ  സ്നേഹ സൗഹാര്‍ദ്ധങ്ങളെ വീണ്ടും ചലിപ്പിക്കനാവണം. ഒരേ മതിലില്‍ വിള്ളല്‍ ഉണ്ടാവുകയും വിള്ളല്‍ വിള്ളലുകള്‍ ആയി പരിണമിച്ചു കൊണ്ടെയിരിക്കുകയും ചെയ്യുന്ന ദൌര്‍ഭാഗ്യകരമായ അവസ്ഥ മാറണം. 

എന്റെ ഓര്‍മയില്‍  ഫുട്ബോള്‍ കളിയുടെ മേഘലയില്‍ നിരവധി വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. അയല്‍ ഗ്രാമങ്ങളില്‍ പോയി തല്ലുണ്ടാക്കി പോരുന്ന ഒരു പാരമ്പര്യം പെരിങ്ങാട്ടുകാര്‍ക്ക്‌ ഉണ്ടായിരുന്നു. പക്ഷെ അന്നൊക്കെ ആ വഴക്കുകള്‍ അവിടം കൊണ്ട് തീരും. ഇല്ലെങ്കില്‍ നാട്ടിലെ കാരണവന്മാര്‍ അത് പറഞ്ഞു തീര്‍ക്കും  . എന്നാല്‍ കുറച്ച് കാലങ്ങളായി അങ്ങനെയല്ല. ചെറിയൊരു വാക്ക് തര്‍ക്കം   ഉണ്ടായാല്‍ മതി. മൂന്നാം ദിവസം  വെട്ട് ഉറപ്പ്. ഇനി വാക്ക് തര്‍ക്കം  ഹിന്ദു-മുസ്ലിം ആണെങ്കില്‍ തീര്‍ന്നു . ഒരു രക്തസാക്ഷി ഉറപ്പ്. അവസരങ്ങളെ മുതലെടുത്ത്‌ പാര്‍ട്ടിക്ക്‌ രക്തസാക്ഷികളെ ഉണ്ടാക്കുന്ന എല്ലാ രാഷ്ട്രീയക്കാരെയും തിരിച്ചറിയണം. 

ഊര്‍ജ്ജസ്വലമായ യുവത്വം സുരക്ഷിതമായ ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള ക്രിയാത്മകമായ ആശയങ്ങളിലേക്ക് പറിച്ചു നടണം. സമര ചരിത്രങ്ങളില്‍ മരണമില്ലാതെ ഇന്നും ജീവിക്കുന്ന രക്തസാക്ഷികള്‍ ആദര്‍ശങ്ങള്‍ക്ക്‌ വേണ്ടി കൊല്ലപ്പെട്ടവരാണ്. അവരുടെ രക്തം സമൂഹത്തിന് നേടിക്കൊടുത്തത് അമൂല്യമായ നേട്ടങ്ങളാണ്. അവരുടെ ഓര്‍മകളെ പ്രണമിക്കാന്‍ ഒരു സ്മൃതിമണ്ഡപം ചൂണ്ടിക്കാട്ടേണ്ടതില്ല. എന്നാല്‍ ഇന്ന് കേരളത്തിന്റെ് തെരുവോരങ്ങളില്‍ കാണുന്ന ചുവപ്പും കാവിയും പച്ചയും വെള്ളയും നിറങ്ങള്‍ ഉള്ള സ്തൂപങ്ങള്‍ രാഷ്ട്രീയ നിക്ഷേപങ്ങള്‍ മാത്രമാണെന്ന് തിരിച്ചറിയുക. ആത്യന്തികമായി നിന്റെ കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടം ഒരു നിക്ഷേപത്തിനും തിരിച്ചു നല്‍കാനാവില്ല. 

ഓര്‍മച്ചിമിഴില്‍  ഒരായിരം മുത്തുകള്‍ ഇനിയും ഉണ്ട്. അതില്‍ ഒന്ന് കൂടി അനുസ്മരിച്ച് നിര്‍‌ത്താമെന്ന് കരുതുന്നു. 

പടിഞ്ഞാറെകരയ്ക്കും കിഴക്കേ കരയ്ക്കും ഇടയിലുള്ള വയലുകളില്‍ മഴക്കാലത്ത് നിറയെ വെള്ളം കയറും. ആ മഴക്കാലത്താണ് മഞ്ഞിയിലെ പള്ളിയില്‍ ഒരു നേര്‍ച്ച നടക്കാറുള്ളത്.  അന്ന് അന്ന ദാനം ഉണ്ടാവാറുണ്ട്. നെയ്ച്ചോര്‍ അല്ലെങ്കില്‍ ബിരിഞ്ചിയോ ആയിരിക്കും ഭക്ഷണം. കൂടെ പോത്തിറച്ചി കറിയും ഉണ്ടാവും. മരിച്ചു പോയ മോമ്മാലിക്കയുടെ ( പരലോക മോക്ഷം നല്‍കുമാറാകട്ടെ) നേതൃത്വത്തില്‍ ആയിരിക്കും വെപ്പ്. അന്ന് വലിയ പള്ളിയില്‍ നിന്ന് ചരക്ക് ( വലിയ ചെമ്പ്) കൊണ്ട് വരാന്‍ ഞങ്ങള്‍ക്ക്‌ വലിയ ഉത്സാഹമായിരുന്നു. കാരണം ചരക്കില്‍ കയറിയിരുന്ന്‍ വലിയ ചട്ടുകം കൊണ്ട് തുഴഞ്ഞാണ് അത് ചെറിയ പള്ളിയില്‍ (മഞ്ഞിയിലെ) എത്തിക്കുക. ഹോ...അതിന്റെ ഒരു രസം പറഞ്ഞറിയിക്കാന്‍ പറ്റില്ല. 

ചില രസങ്ങള്‍ നാവിലുണ്ട്. ചിലത് മനസ്സില്‍ ഉണ്ട്. രണ്ടും പോകാന്‍ കൂട്ടാക്കാതെ പിടയ്ക്കും....പുറത്തേക്ക് പോയ ശ്വാസത്തിനൊപ്പം വീണ്ടും അകത്തേക്കെടുക്കാന്‍ നാവ് നീട്ടും...! നിറഞ്ഞ മിഴികളോടെ....! അതിലേറെ പെയ്യുന്ന കണ്ണുകളോടെ ലാ..ഇലാഹ ..ഇല്ലല്ലാഹ് ...എന്ന് ചൊല്ലി കുറച്ച് പച്ച വെള്ളം മാത്രം നാവില്‍ തൊടും...! എല്ലാ രസങ്ങള്‍ക്കും   മീതെ ഒരിറക്ക് വെള്ളത്തിന്റെ നനവോടെ നമ്മള്‍ യാത്രയാവും....!! 

അതിനു മുമ്പ്‌ മനുഷ്യരെ സ്നേഹിക്കാം....മനസ്സിലാക്കാം. തിരു നബിയുടെ പാഠങ്ങള്‍ ഇതര ധര്‍‌മധാരയിലുള്ളവരെ പഠിപ്പിക്കാം... ജീവിതത്തിലൂടെ....! അതിരുകളില്ലാതെ ഭൂമി പരന്ന് കിടക്കട്ടെ...! വേലികള്‍ ശരീരങ്ങളെ തടയാനാണ്. ആത്മാവുകള്‍ക്ക്‌ വേലികള്‍ തടസ്സമേയല്ല.

സൈനുദ്ധീന്‍ ഖുറൈഷി
25.05.2015