---------------
അല്ലയോ വിശ്വസിച്ചവരേ, മദ്യവും ചൂതാട്ടവും പ്രതിഷ്‌ഠകളും അവയ്ക്കു മുമ്പില്‍ അമ്പുകൊണ്ട് ഭാഗ്യം നോക്കുന്നതുമെല്ലാം പൈശാചിക വൃത്തികളില്‍പ്പെട്ട മാലിന്യങ്ങളാകുന്നു.അതൊക്കെയും വര്‍ജിക്കുക. നിങ്ങള്‍ക്കു വിജയ സൗഭാഗ്യം പ്രതീക്ഷിക്കാം
(ഖുര്‍ആന്‍ 5:90)
---------------
വ്യാപകമാകുന്ന മയക്ക് മരുന്ന് ലഹരി ഉപയോഗത്തിനെതിരെ സമൂഹ മനഃസാക്ഷി ഒരുമിച്ച്നിന്ന് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കേട്ടുകേള്‍വിയില്ലാത്ത വിധം വ്യത്യസ്തമായ ലഹരി വസ്തുക്കള്‍ നാട്ടിലാകെ ലഭ്യമാകുന്ന ഗുരുതരമായ സാഹചര്യമാണ്. യൂണിവേഴ്‌സിറ്റികള്‍, കോളജുകൾ, സ്‌കൂളുകൾ, ഹോസ്റ്റലുകള്‍ ഇവയെല്ലാം ലഹരി വസ്തുക്കളുടെ അനിയന്ത്രിതമായ സംഭരണ കേന്ദ്രങ്ങളും വിതരണ ശൃംഖലകളുമായി തീരുന്നത് ആശങ്കാജനകമാണ്.
ഇവിടെയാണ് വീട് എന്ന വിദ്യാലയത്തിന്റെ പ്രസക്തി.വീടും വീടരും മക്കളും കുടുബവും ഒക്കെ പഴഞ്ചനില്‍ പഴഞ്ചനാക്കി പുതു തലമുറയെ ലിബറിസത്തിന്റെ കുത്തഴിഞ്ഞ തൊഴുത്തിലേക്ക് ആട്ടിയിറക്കുന്നതില്‍ വ്യഗ്രതകാട്ടുന്ന നിഷേധ നിര്‍മിത ദര്‍ശനങ്ങളുടെ വക്താക്കള്‍ തന്നെയാണ് ഇവിടെ ഒന്നാം പ്രതി.
നല്ലതും ചീത്തയും തിരിച്ചറിയിക്കുന്നതില്‍ രക്ഷിതാക്കള്‍ കടുത്ത ജാഗ്രത പുലര്‍ത്തുക തന്നെ വേണം...
ഒപ്പം പ്രതിസന്ധികളെ തരണം ചെയ്യുന്നതിലെ ധീരത, സത്യത്തിന്റെ പക്ഷത്ത് ഉറച്ചു നില്‍ക്കുന്ന അചഞ്ചലത, അന്യദുഃഖങ്ങളിലെ ആര്‍ദ്രത തുടങ്ങിയ ജീവിതത്തിലെ സകല നന്മകളും വീട്ടില്‍ നിന്നും തന്നെ പകര്‍ന്ന് കിട്ടുന്ന സാഹചര്യം വളര്‍ന്നു വരുന്ന തലമുറക്ക് ഇല്ലാതിരുന്നാല്‍ ഭാവിയെക്കുറിച്ച് ആശങ്കപ്പെടാന്‍ എന്ത് അവകാശമാണ് പരാതികെട്ടഴിക്കുന്ന ഈ സമൂഹത്തിനുള്ളത്.
ലഹരിക്കെതിരെ എന്ന് ഔദ്യോഗിക അനൗദ്യോഗിക വാര്‍ത്തകളും വര്‍ത്തമാനങ്ങളും പൊടിപൊടിക്കുന്നുണ്ടെങ്കിലും കൃത്യമായ സന്ദേശം എത്തിക്കുന്നതില്‍ രാജ്യം പരാജയപ്പെടുന്നുണ്ട്.മാരകമായതും അല്ലാത്തതും എന്ന അര്‍ഥത്തിലുള്ള ക്യാമ്പയിനുകളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.അഥവാ മാരകമല്ലാത്ത അനുവദനീയമായ ലഹരി ആകാം എന്ന ധ്വനി ഈ ദുരന്തത്തെ തുടച്ചു മാറ്റുന്നതില്‍ വിലങ്ങുകള്‍ സൃഷ്‌ടിക്കുന്നുണ്ട്.വീര്യമുള്ളതും അല്ലാത്തതും എന്തായാലും എല്ലാം നാശങ്ങളുടെ താക്കോല്‍ തന്നെയാണ്.ഇവ്വിഷയത്തില്‍ ശക്തമായ ആഹ്വാനത്തിന്റെ അനിവാര്യത അടിവരയിടേണ്ടതാണ്.
കേരളത്തിൽ സ്‌കൂൾ വിദ്യാർഥികളിലും യുവാക്കളിലും ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നതായി, സമീപകാലത്ത് രജിസ്റ്റർ ചെയ്ത കേസുകൾ തെളിയിക്കുന്നു. കേരളം ഇത്തരം ലഹരിമരുന്നുകളുടെ വലിയ വ്യാപാര കേന്ദ്രമായി മാറുകയാണ് എന്നാണ് അധികൃതരുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു തലമുറയുടെ ആരോഗ്യത്തെ കാർന്നുതിന്നുന്ന ഈ പ്രശ്‌നത്തെ ഒരു സാമൂഹിക ദുരന്തമായി കണ്ട് എങ്ങനെ നേരിടാം എന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള ജാഗ്രത വേണ്ടിവരും.ലഹരി വസ്തുക്കൾ വാങ്ങി ഉപയോഗിക്കുക എന്നതിനപ്പുറത്തേക്ക് ഏതാനും കുട്ടികളിൽ നിന്ന് നിരവധി കുട്ടികളിലേക്ക് ലഹരി ഉപഭോഗം പടർത്തിവിടുക, അതുവഴി ഒരു തലമുറയെ മുഴുവൻ ലഹരിക്കടത്തിന്റെ കണ്ണികളാക്കുക എന്നതാണ് ലഹരി കച്ചവടക്കാരുടെ ലക്ഷ്യമെന്ന് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ,കേസുകൾ, എന്നിവ വിശകലനം ചെയ്താൽ വ്യക്തമാകും.ഈ യുദ്ധഭൂമിയില്‍ ആവേശകരമായ സമീപനങ്ങളേക്കാള്‍ അവധാനതയോടെയുള്ള നീക്കങ്ങളായിരിയ്‌ക്കും അഭികാമ്യം.
നിതാന്ത ജാഗ്രതയോടെ നാടിന്റെ കരുതലില്‍ കൈകോര്‍ത്ത് നില്‍ക്കാം ...
=============
Designed by
Abu Bilal