തിരുനെല്ലൂര്‍ പാടം . സമയം വൈകുന്നേരം കൃത്യം 05.45 കൂലിപ്പണിക്കാരും കര്‍ഷകരും നാട്ടിലെ പ്രമുഖരും അല്ലാത്തവരും എല്ലാം തിങ്ങി നിറഞ്ഞ സമയം . എല്ലാവരും പോസ്റ്റാപ്പീസിന്റെ മൂലയിലേയ്‌ക്ക് ആകാംക്ഷയോടെ നടന്നടുക്കുകയാണ്.പഴക്കം ചെന്ന കെട്ടിടത്തിന്റെ മുകളിലത്തെ ഇറയത്ത് ഒതുക്കിക്കെട്ടിയ കോളാമ്പിപോലുള്ള ശബ്‌ദ സംവിധാനത്തിലേക്കാണ് എല്ലാവരുടേയും നോട്ടം .
"ആകാശവാണി തിരുനവനന്തപുരം തൃശുര്‍ ആലപ്പുഴ.പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍ ."പ്രധാന വാര്‍ത്തകള്‍ ഒരിക്കല്‍കൂടെ.വാര്‍ത്തകള്‍ കഴിഞ്ഞാല്‍ സംസ്‌കൃതത്തിലുള്ള ഡല്‍ഹി വാര്‍ത്തകള്‍ തുടങ്ങിയാലാണ് ഓരോരുത്തരും തങ്ങളുടെ ഇടങ്ങളിലേയ്‌ക്ക് പിരിയുക.
ഒരുമിച്ച് വാര്‍ത്തകള്‍ കേട്ടും വാര്‍ത്താ വിശേഷങ്ങള്‍ പങ്കുവെച്ചും ഒരുമിച്ചു ചായ കുടിച്ചും വെടിപറഞ്ഞും സന്തോഷങ്ങളും ദുഖങ്ങളും പങ്കു വെച്ചും കഴിഞ്ഞു കൂടിയിരുന്ന ഒരു സുവര്‍ണ്ണ കാലഘട്ടം തിരുനെല്ലുരിനുണ്ടായിരുന്നു.
പ്രദേശത്തെ പ്രസിദ്ധമായ വ്യാപാര സ്ഥാപനമായിരുന്നു കൊച്ചന്റെ പീടിക എന്ന മൊത്ത വ്യാപാര പലചരക്കു കട.തെക്കു തൊയക്കാവില്‍ നിന്നും വടക്ക് പെരിങ്ങാട് വെന്മേനാട് ഭാഗത്ത് നിന്നുവരെയുള്ള ഗ്രാമീണരുടെ ആശാകേന്ദ്രമായിരുന്നു. കണ്ണന്‍ കാട്ടിലുള്ള ഹരിജനങ്ങള്‍ മുതല്‍ പെരിങ്ങാട്ടു പ്രദേശത്തുകാരുടെ മുഴുവന്‍ ചെറുതും വലുതുമായ കച്ചവട ഇടപാടുകള്‍ക്ക് സാക്ഷ്യം വഹിച്ച സ്ഥാപനമായിരുന്നു കൊച്ചന്റെ പീടിക.
മഞ്ഞിയില്‍ അന്തുക്കാടെ ടൈലര്‍ ഷോപ്പ്,ബാലേട്ടന്റെയും ഒസാന്‍ അദ്ദുക്കാടെയും ബാര്‍ബര്‍ ഷോപ്പ്, റേഷന്‍കട , സൈക്കിള്‍ കട,റേഡിയൊ റിപ്പയര്‍ ഷോപ്പ് കൂടാതെ സ്വര്‍ണ്ണം - വെള്ളിയാഭരണങ്ങള്‍ പണിയുന്നവരും അതിന്റെ ഭാഗമായി ചെറിയൊരു ജ്വല്ലറിയും തിരുനെല്ലുരിലുണ്ടായിരുന്നു.
പാടത്തെ പീടികയിലെ പള്ളിയുടെ ഇടതു ഭാഗത്തായിരുന്നു മീന്‍ ചന്ത. ഉണക്കമീന്‍ കച്ചവക്കാരായ സ്‌ത്രീകളും പ്ലാവിലക്കച്ചവടക്കാരും ഈ ചന്തയുടെ ഭാഗമായിട്ടെന്നപോലെ ഉണ്ടാകാറുണ്ട്.
ലാസറേട്ടന്റെയും,മാത്യു മാപ്പിളയുടേയും, തൊയക്കാവ് കുഞ്ഞറമുക്കാടെയും പലചരക്ക്കട, വര്‍ഗീസ് വൈദ്യരുടേയും ജോസഫേട്ടന്റേയും ആയുര്‍വേദ മരുന്നു കട,ഒ.കെ ആര്യ വൈദ്യശാലയുടെ തിരുനെല്ലൂര്‍ ശാഖ, നാരായണി അമ്മയുടെ പച്ചക്കറിക്കട, ദാമോദരന്റെ ഉണക്കമീന്‍ കട,സീനീപ്പി സെയ്‌തുക്കാടെയും കൊക്കിന്റെയും ബീഡിക്കട,ചെമ്പയിലെ രാഘവേട്ടന്‍ നടത്തിയിരുന്ന തുണിക്കട,സോഡ ശര്‍ബത്തിന് പേരുകേട്ട സി.പി സ്റ്റോര്‍, കിട്ടുണ്ണ്യേട്ടന്റെ ടീകോര്‍ണര്‍ ,കുഞ്ഞുമോന്റെ കാപ്പിക്കട, അപ്പുക്കുട്ടന്‍റെയും വസുവേട്ടന്റെയും ചായപ്പീടിക, കമ്പനി അലീമാത്താടെ പ്രസിദ്ധമായ ചായപ്പീടിക. ഇതെല്ലാം തിരുനെല്ലൂരിന്റെ മുഖഛായയില്‍ തിളങ്ങി നില്‍ക്കുന്ന സ്ഥാപനങ്ങളായിരുന്നു.
കല്യാണക്കുറികളും സഹായക്കുറികളും അധികവും നടത്തപ്പെട്ടിരുന്നത് പ്രസിദ്ധമായ അലീമാത്താടെ ചായപ്പീടികയില്‍ തന്നെയായിരുന്നു. നാട്ടുകാര്‍ക്ക് എന്തെങ്കിലും ഒരാവശ്യം വന്നാല്‍ പണം സമാഹരിക്കുന്ന സഹൃദ പൂര്‍ണ്ണമായ രീതിയായിരുന്നു ചായക്കുറി.
വര്‍ഗീസ് വൈദ്യരുടെ പീടിക മൂലയില്‍ ഒരു ഇടുങ്ങിയ മുറിയില്‍, എല്ലാവരും ആശ്രയിച്ചിരുന്ന ഒരു കേന്ദ്ര സർക്കാർ സ്ഥാപനം പോസ്റ്റാഫീസ് പാടത്ത് പീടികയിൽ പ്രവർത്തിച്ചിരുന്നു.മധ്യാഹ്നത്തോട് കൂടി ഒരുവിധം എല്ലാവരും മെയില്‍ നോക്കാന്‍ അവിടെ സമ്മേളിക്കുക പതിവായിരുന്നു.
പാങ്ങിൽ നിന്നും അഞ്ചലക്കാരന്‍ കാൽനടയായി കൊണ്ടുവരുന്ന തപാൽ സഞ്ചി തുറന്ന് തരം തിരിച്ചു രേഖപ്പെടുത്തി സീൽ ചെയ്‌ത് കഴിഞ്ഞാൽ കടൽ കടന്നും തീവണ്ടിവഴിയും വന്നെത്തിയ വിരഹങ്ങളും, വിശേഷങ്ങളും, പരാതികളും പരിദേവനങ്ങളും അതിന്റെ അവകാശികൾക്ക് കൈമാറുകയായി.എല്ലാ കണ്ണുകളും പോസ്റ്റ്മാൻ കൊച്ചാപ്പു വിന്റെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി നിൽക്കും.
അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഫലിതത്തിന്റെ മേമ്പൊടി ചേര്‍ത്തതുമായ പേരുവിളികളിൽ കൂടിനിൽക്കുന്നവർ ചിരിച്ചു ചാകും. അടുത്തടുത്ത വീടുകളിലേക്കുള്ള ഉരുപ്പടികൾ ഓരോരുത്തരേയും ഏൽപ്പിച്ചു കൊച്ചാപ്പു സ്ഥലം വിടും.ഇതോടെ ഒരു മധ്യാഹ്ന സമ്മേളനം കഴിഞ്ഞ പ്രതീതിയില്‍ ആളുകള്‍ പിരിഞ്ഞു പോകും.
========