നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Lamp and light

 വിളക്കും വെളിച്ചവും

1970 കളുടെ ആരംഭത്തിലാണ് മണ്ണെണ്ണ വിളക്കുകളുടെ സ്ഥാനത്ത് നാട്ടിലെ മിക്കവാറും വീടുകളില്‍ ബള്‍ബുകളും ട്യൂബുലൈറ്റുകളും തെളിഞ്ഞു കത്താന്‍ തുടങ്ങിയത്. ആ കാലഘട്ടത്തില്‍ തന്നെയാണ് പാടത്തെ പീടികയില്‍ നിന്നും തെക്കോട്ടുള്ള പഞ്ചായത്ത് റോഡ് നവീകരിച്ചതും നാല് ചക്രവാഹനങ്ങള്‍ ഓടിത്തുടങ്ങിയതും. പുരോഗമനപരമായ ആ സാമൂഹിക ഉണര്‍വ്വുകള്‍ക്ക് നേതൃത്വം നല്‍കിയ അഹമ്മദ്ക്ക, പരീത്ക്ക, അധികാരി കാദര്‍ക്ക തുടങ്ങിയ വ്യക്തികളോട് നമ്മുടെ ഗ്രാമം എക്കാലവും കടപ്പെട്ടിരിക്കുന്നു.

എത്രയോ തലമുറകള്‍ക്ക് അക്ഷരജ്ഞാനം പകര്‍ന്നു നല്‍കിയ എ.എം.എല്‍.പി. സ്‌കൂള്‍ തന്നെയാണ് ഗ്രാമത്തിന്‍റെ മുഖശ്രീ. മുഹമ്മദ് മാഷ്, സുധാലത ടീച്ചര്‍, ചാക്കുണ്ണിമാഷ്, ഏല്യക്കുട്ടി ടീച്ചര്‍, പോള്‍മാഷ്, സരോജിനി ടീച്ചര്‍, ഹാജിയാര്‍  മാഷ് (അദ്ദേഹത്തെ അങ്ങനെയാണ് അന്ന് എല്ലാവരും സംബോധന ചെയ്‌തിരുന്നത്. അറബിക്ക് അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര് അന്നും ഇന്നും അറിയില്ല) ജോസ് മാഷ്, ഔസേപ്പുണ്ണി മാഷ്......ഋഷിതുല്യരായിരുന്നു ആ അദ്ധ്യാപകര്‍. ആ കാലഘട്ടത്തില്‍ മാസത്തിലൊരിക്കല്‍ സംഘടിപ്പിച്ചിരുന്ന സാഹിത്യസമാജം പില്‍ക്കാലത്ത് എഴുത്ത് ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രസംഗിക്കാനും ആ സാഹിത്യ സമാജത്തിലൂടെയാണ് സാധ്യമായത്.

കുട്ടികളുടെ മനസ്സുകളില്‍ ഏതെല്ലാമോ പേടികളുടെ വിത്തുകള്‍ പാകിയ ഗ്രാമത്തിന്‍റെ പുരാവൃത്തങ്ങള്‍. പടിഞ്ഞാറെ കരയില്‍ നിന്നും വല്യവരമ്പിലൂടെ ചെന്നെത്തുന്ന കിഴക്കെകരയിലെ പുന്നച്ചുവടും, മാക്കിരി പറമ്പും പ്രേതപിശാചുക്കളും വിഷ ജീവികളും, ഇഴജന്തുക്കളുമെല്ലാം അവിടെ സമ്മേളിച്ചിരുന്നു എന്ന സങ്കല്‍പ്പങ്ങള്‍. വേനല്‍ക്കാലങ്ങളില്‍ ചന്ദ്രനുദിക്കാന്‍ വൈകുന്ന രാത്രികളില്‍ കൊയ്തൊഴിഞ്ഞ പാടത്ത് ഇടക്കിടെ മിന്നിമറഞ്ഞിരുന്ന കത്തിച്ച ഓലച്ചൂട്ടിന്‍റെ മങ്ങിയ തീനാളങ്ങള്‍. ഹൂം.....ക്രീ.......എന്ന ഹൂങ്കാരവങ്ങളോടെ പുന്നച്ചോട്ടില്‍ നിന്നും പുറപ്പെട്ട് വല്യ വരമ്പ് മുറിച്ചുകടന്ന് വരിതെറ്റാതെ തണ്ണീര്‍ക്കായലിന്‍റെ ഓരത്തു കൂടി കണ്ണന്‍കാട് ലക്ഷ്യമാക്കി ഭൂമിയില്‍ തൊടാതെ ഒഴുകിയകന്നു പോകുമായിരുന്ന പൊട്ടിയും മക്കളും എന്ന വലിയ സങ്കല്‍പ്പം.....

എഴുപതുകളുടെ ആരംഭത്തില്‍ നാടിന്‍റെ വിശ്വാസങ്ങളിലേക്ക് അന്ധവിശ്വാസത്തിന്‍റെ മേലങ്കിയുമായി ഒരു ദൂതനെപ്പോലെ കടന്നെത്തിയ ഫത്താഹ് എന്ന മതിഭ്രമമുള്ള ഒരാളിലേക്ക് നാട്ടുകാര്‍ ആകര്‍ഷിക്കപ്പെട്ടത് ആ കാലഘട്ടത്തിലെ പ്രധാന സംഭവമായിരുന്നു. അയാള്‍ പണ്ഡിതനാണെന്നും അനേകം അത്ഭുതസിദ്ധികളുള്ള വ്യക്തിയാണെന്നും ജനം വിശ്വസിച്ചു. 

അയാളുടെ നാട്ടുസഞ്ചാരങ്ങളില്‍ രാപ്പകല്‍ ഭേദമില്ലാതെ അനുഗമിക്കുന്നവരുണ്ടായിരുന്നു.. ബാധകള്‍ അകലാനും അസുഖങ്ങള്‍ ഭേദപ്പെടുത്താനും ഉദ്ദിഷ്‌ടകാര്യങ്ങള്‍ക്കും അയാളെ സമീപിക്കാന്‍ സ്ത്രീകളും, പുരുഷന്മാരും മടി കാണിച്ചില്ല. ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളും അവശേഷിപ്പിച്ചു കൊണ്ട് പീന്നീടൊരുനാള്‍ അയാള്‍ അപ്രത്യക്ഷനായി.

നാടിന്‍റെ കലാകായികരംഗം ഫ്രന്‍സ് അസോസിയേഷന്‍ എന്ന സംഘടനയിലൂടെയാണ് പ്രവര്‍ത്തിച്ചിരുന്നത് ഫ്രന്‍സ് അസോസിയേഷന്‍ പിന്നീട് മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങ് ക്ലബ്ബ് എന്ന പേരിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. ആ വര്‍ഷത്തില്‍ (1976) തന്നെയാണ് ചേറ്റുവയില്‍ വച്ച് നടന്ന സഹീദ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ ഫൈനലില്‍ വിജയിച്ച് മുഹമ്മദന്‍സ്‌ സ്പോര്‍ട്ടിങ്ങ് ചരിത്രം കുറിച്ചത്. ട്രോഫിയില്‍ മുത്തമിട്ടു കൊണ്ട് ആര്‍പ്പു വിളികളോടെ ചേറ്റുവയില്‍നിന്നും വഞ്ചി തുഴഞ്ഞെത്തിയ ഗ്രാമയുവത്വത്തെ എതിരേല്‍ക്കാന്‍ പുഴയോരത്ത് സന്ധ്യാമയക്കത്തില്‍ പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍ പ്രായഭേദമന്യേ ഒരു കൂട്ടം തന്നെ കാത്തുനിന്നിരുന്നു.

മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങ് ക്ലബ്ബിന്‍റെ ഒന്നാംവാര്‍ഷികത്തോടനുബന്ധ നാടിന്‍റെ ചരിത്രത്തില്‍ ആദ്യമായി 1977-ല്‍ സ്‌കൂള്‍ മുറ്റത്ത് അരങ്ങേറിയ മരട്‌ രഘുനാഥിന്‍റെ തരംഗങ്ങള്‍ എന്ന നാടകം (നാടകത്തിലെ പാട്ടുകള്‍ ഒരുക്കിയത് അസീസ് മഞ്ഞിയില്‍ ആയിരുന്നു) നാടകം തുടങ്ങി രണ്ട് രംഗങ്ങള്‍ പിന്നിടുമ്പോഴേക്കും തകര്‍ത്തു പെയ്‌ത മഴയില്‍ കുതിര്‍ന്നു പോയ നാടക സ്വപ്‌നങ്ങള്‍. (കൃത്യം ഒരാഴ്‌ച തികയുന്ന ദിവസത്തില്‍ തന്നെ ആ നാടകം വീണ്ടും ആ കാലഘട്ടത്തില്‍ ഇരുപത് വയസ്സില്‍ താഴെയുള്ള കൗമാരക്കാര്‍ നാടകം കളിക്കാന്‍ കാണിച്ച തന്‍റേടവും ആര്‍ജ്ജവവും സ്‌മരണീയമാണ്.

നാടിന്ന് ഉത്സവഛായ പകര്‍ന്നു കൊണ്ട് ആണ്ടറുതികളില്‍ കാഞ്ഞിരമറ്റം ഔലിയയുടെ സ്‌മരണാര്‍ത്ഥം ആഘോഷിച്ചിരുന്ന കൊടികയറ്റം നേര്‍ച്ച. ചുമരുകള്‍ വെള്ളതേച്ചും വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി വൃത്തിയാക്കിയും മുന്നൊരുക്കങ്ങള്‍ നടത്തിയും നേര്‍ച്ച ദിനത്തിനായി നാട് കാത്തിരിക്കും. നേര്‍ച്ചക്ക് നാല്‌നാള്‍ മുമ്പ് മുട്ടുംവിളി സംഘം നാടുചുറ്റാന്‍ തുടങ്ങും. തലേ ദിവസം വന്നെത്തുന്ന ആനകളും മേളക്കാരും പൊന്നേങ്ങാടത്ത് തറവാട്ടില്‍ നിന്നു തുടങ്ങിയ ആരാധന കലകളുടെ അകമ്പടിയോടെ പള്ളിയിലേക്കെത്തുന്ന രാത്രി നാട്ടുകാഴ്‌ചകള്‍. രാത്രിയില്‍ മേളങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അരങ്ങേറിയിരുന്ന ആലപ്പി അസീസ് , റംലാബീഗം, ഐഷാബീഗം, ഫാരിഷ ബീഗം എന്നിവരുടേയെല്ലാം ബദുല്‍മുനീര്‍ഹുസനുല്‍ ജമാല്‍, ബദര്‍യുദ്ധ ചരിത്രം, ഉഹദ്‌ യുദ്ധചരിത്രം കഥാപ്രസംഗങ്ങള്‍.

ചെറിയ - വലിയ പെരുന്നാള്‍ ദിനങ്ങളിലും ഞായറാ‌ഴ്‌ച പോലുള്ള ഒഴിവു ദിവസങ്ങളിലുമെല്ലാം കിഴക്കേകരയിലെ മഞ്ഞിയില്‍ പറമ്പില്‍ ആണ്‍പെണ്‍ ഭേദമില്ലാതെ കളിച്ചിരുന്ന കരുകരുമച്ചംപെണ്ണുണ്ടോ, ഉപ്പും പക്ഷിയും, മേഡാസ്, കൊച്ചം കുഞ്ഞിക്കളി, കുട്ടിയും കോലും, കോട്ടികളി, കല്ല്കളി, കള്ളനും പോലീസും എന്നിങ്ങനെ കളിച്ചാസ്വദിച്ചിരുന്ന ബാല്യകൗമാരങ്ങള്‍.

നാട്ടുനന്മകളാല്‍ സമ്പന്നമായ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും അക്ഷയഖനിയായ തിരുനെല്ലൂര്‍ ഗ്രാമത്തിന്‍റെ രേഖപ്പെടുത്തിയിട്ടില്ലാത്ത ചരിത്രവും സം‌സ്‌കാരവും പിന്നിട്ടുപോയ ഊഷ്‌മളമായൊരു കാലഘട്ടത്തിന്‍റെ രേഖാചിത്രങ്ങളും അടയാളപ്പെടുത്താന്‍ ഈ സ്‌മരണയുടെ എല്ലാ താളുകളും മതിയാവുകയില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഈ ലേഖനത്തിന്‍റെ ശീര്‍ഷകം സൂചിപ്പിക്കുന്ന പുരാവൃത്തങ്ങളില്‍ ഒരു ദേശത്തിന്‍റെ വായന എന്ന അതേ പേരില്‍ ഏറ്റവും പുതിയ നോവലില്‍ ഒട്ടേറെ അനുഭവങ്ങള്‍ വ്യത്യസ്തരായ കഥാപാത്രങ്ങളിലൂടെ പുനരാവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.കാലത്തിന്‍റെ ഗതിമാറ്റങ്ങളില്‍ മനസ്സിന്‍റെ ജാലകങ്ങള്‍ തുറന്നുവച്ച് ഓര്‍മ്മകളെ വീണ്ടെടുക്കാനുള്ള പ്രയത്നത്തിന്റെ ഭാഗം.

റഹ്‌മാന്‍ തിരുനെല്ലൂര്‍
============