അഭ്യാസങ്ങളുടെ നാള്‍വഴികള്‍ ..
കളരിപ്പയറ്റ് കേരളത്തിന്റെ ചിര പുരാതന ആയോധന കലയാണെങ്കിലും മലബാറിൽ, പ്രത്യേകിച്ച് വിശ്വാസികളായ അഭ്യാസികള്‍ക്കും ശിഷ്യന്മാര്‍ക്കും ഇടയില്‍ അതിനൊരു മതകീയ മേലാപ്പുമുണ്ട്. കളരി ഗുരുക്കളെ ഉസ്‌താദ് എന്നായിരുന്നു അഭിസംബോധന ചെയ്‌തിരുന്നത്.
ഭക്തി നിര്‍ഭരമായ രീതിയില്‍ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ഒരു ആരാധനപോലെ അഭ്യാസവും പവിത്രമായി കരുതിപ്പോന്നിരുന്നു.
അഭ്യാസം അക്രമത്തിന് ഉപയോഗിക്കാൻ പാടില്ലെന്ന ഉപദേശം ദക്ഷിണ കൊടുക്കും മുമ്പേ പറയുന്ന പതിവും ഉണ്ട്. ഈ കായികാഭ്യാസമുറയുടെ പാരമ്പര്യം പ്രവാചകാനുചരന്മാരുടെ കാലം മുതൽ ഉണ്ടെന്ന കാര്യവും പരാമർശിപ്പെടാറുണ്ട്.
ആരംഭശൂരത്വം ഏറെ അഭിമുഖീകരിച്ചു കൊണ്ടിരുന്ന ഒരിനമായിരുന്നു കളരി പഠനം എന്ന് പറയാം.പല കളരിപ്പുരകള്‍ക്കും ഹ്രസ്വകാലത്തെ ആയുസ്സേ ഉണ്ടാകാറുള്ളൂ.വര്‍ഷം മുഴുവന്‍ നീണ്ടു നിന്ന ഒരു കളരി കാട്ടില്‍ കുഞ്ഞു മൊയ്‌തുക്കാടെ പറമ്പില്‍ വലിയ പന്തലിട്ട് വളച്ചു കെട്ടിയ കളരിപ്പുരയായിരുന്നു.നാട്ടുകാരനായ ഇബ്രാഹീംക്കയായിരുന്നു ഉസ്‌താദ്. അദ്ദേഹം പ്രസിദ്ധനായ അഭ്യാസിയായിരുന്നു
====
എഴുപതുകളില്‍ ബോംബെയില്‍ ഡോഗ്രി മൈതാനത്ത് നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ച് ഇബ്രാഹീംക്ക കളരി അഭ്യസിപ്പിച്ചിരുന്നു.ക്രമ പ്രവര്‍ദ്ധമായും സാവകാശവും അച്ചടക്ക പൂര്‍ണ്ണവുമായിരുന്നു എന്നതത്രെ ഇബ്രാഹീംക്കയുടെ സവിശേഷത. കളരി ശരീര ഭാഷ എണ്ണി പ്പറയുകയും ശിഷ്യരോടൊപ്പം അഭ്യാസത്തില്‍ പങ്കെടുക്കുന്ന രീതിയും കളരി വിദ്യാര്‍ഥികളില്‍ മതിപ്പുളവാക്കിയിരുന്നു.
മെയ്‌പയറ്റ്,കൈ കുത്തിപ്പയറ്റ്,ചുമട്ടടി,മുച്ചാണ്‍,വടിത്തല്ല്,വാളും പരിജയും ഇങ്ങനെ എണ്ണിപ്പറഞ്ഞ രീതിയിലായിരുന്നു പഠനം.കേരളത്തിലെ അഭ്യാസമുറകളെ അടുത്തറിയാനും പഠിക്കാനും പകര്‍ത്താനും എത്തിയ ജാപ്പാന്‍കാരന്‍ ഒരിക്കല്‍ ഇബ്രാഹീംക്കയുടെ കളരിയില്‍ വന്നിരുന്നു.ജാപ്പാന്‍ കാരന്‍ ഏറെ സന്തുഷ്‌ടനായതും പാരിതോഷികങ്ങള്‍ നല്‍കിയതും വളരെ ആദര പൂര്‍വ്വം ഇന്നും ശിഷ്യ ഗണങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നുണ്ട്.
മെയ്‌പയറ്റ്,കൈ കുത്തിപ്പയറ്റ്,ചുമട്ടടി,മുച്ചാണ്‍,വടിത്തല്ല്,വാളും പരിജയും ഇങ്ങനെ എണ്ണിപ്പറഞ്ഞ രീതിയിലായിരുന്നു പഠനം.കേരളത്തിലെ അഭ്യാസമുറകളെ അടുത്തറിയാനും പഠിക്കാനും പകര്‍ത്താനും എത്തിയ ജാപ്പാന്‍കാരന്‍ ഒരിക്കല്‍ ഇബ്രാഹീംക്കയുടെ കളരിയില്‍ വന്നിരുന്നു.ജാപ്പാന്‍ കാരന്‍ ഏറെ സന്തുഷ്‌ടനായതും പാരിതോഷികങ്ങള്‍ നല്‍കിയതും വളരെ ആദര പൂര്‍വ്വം ഇന്നും ശിഷ്യ ഗണങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നുണ്ട്.
ആചാര കൈകള്‍ ...
ചിലസന്ദര്‍ഭങ്ങളില്‍ പ്രതിയോഗിയുടെ പ്രയോഗങ്ങളെ പ്രതിരോധിക്കുന്നതിന്ന് വേണ്ടിയോ അതല്ലങ്കില്‍ പ്രതിയോഗിയുടെ നേരെ പ്രയോഗങ്ങള്‍ പ്രയോഗിക്കുന്നതിന്ന് വേണ്ടിയോ നമ്മുടെ കൈകളെ ചില പ്രത്യേക രീതികളില്‍ വെക്കുന്നതിനെയാണ് ആചാര കൈകള്‍ എന്ന് പറയുന്നത്.ഇവയില്‍ ചിലത് നിത്യജീവിതത്തില്‍ നാം അറിയാതെ തന്നെ ചെയ്യുന്നതും മറ്റു ചിലത് അറിഞ്ഞുകൊണ്ട് ചെയ്യുന്നതും ഉണ്ട്.
പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും അവയെ നേരിടാന്‍ വരുന്ന ശത്രുവിന്റെ മുമ്പില്‍ സ്വന്തം ശരീരഭാഗങ്ങളെ ചില പ്രത്യേക രീതികളില്‍ ക്രമീകരിക്കുന്നതായി കാണാറുണ്ട്. നമ്മുടെ പൂര്‍വികന്മാര്‍ അവയുടെ പ്രവര്‍ത്തനങ്ങളെ സസൂക്ഷ്‌മം പഠിക്കുകയും അത് അനുകരിച്ച് കൊണ്ട് തന്നെ ആ പ്രവര്‍ത്തികളില്‍ ചില തിരുത്തലുകള്‍ വരുത്തി അവയെ വേണ്ടവിധം ക്രമീകരിച്ച് രൂപപ്പെടുത്തി എടുത്തതാണ് ആചാര കൈകള്‍.
കളങ്ങള്‍ ...
കളങ്ങള്‍ ...
ശരീരത്തിന്റെ നിയന്ത്രണം നിലനിറുത്തിക്കൊണ്ട് ചില പ്രത്യേക രീതികളില്‍ ഭാവമാറ്റങ്ങളോടെ മുന്നോട്ടോ, പിന്നോട്ടോ,ശരീരത്തിന്റെ പാര്‍ശ്വ ഭാഗങ്ങളിലെക്കൊ - ശത്രുവിന്റെ മര്‍മസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി അടിക്കുകയോ, ഇടിക്കുകയോ, വെട്ടുകയോ, കൊളുത്തി വലിക്കുകയോ ചെയ്യാന്‍ വേണ്ടി - കയറുകയും, ഇറങ്ങുകയും ചെയ്യുന്നതിനെയാണ് 'കളങ്ങള്‍ ' എന്ന് പറയുന്നത്.
ഇതിന് ചിലര്‍ ചുവട് എന്നും പറഞ്ഞു വരുന്നുണ്ട്. ഒന്ന് മുതല്‍ അറുപത്തിനാല് കളങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.കളങ്ങള്‍ മുഴുവനും ശാസ്ത്രീയമായിട്ടും വ്യക്തമായും പഠിച്ച ഒരായോധന വിദ്യാര്‍ത്ഥിക്ക് അഭ്യാസങ്ങള്‍ എത്ര ചെയ്‌താലും തീരില്ല എന്നതാണ് ഇതിന്റെ ഗുണം. അഭ്യാസങ്ങള്‍ എന്ന് പറയുമ്പോള്‍ കാഴ്ച്ചപ്പയറ്റല്ല,ആന്തരിക വിദ്യകളാണ് തീരില്ല എന്ന് പറഞ്ഞത്.ഒരു വിദ്യക്ക് പതിനെട്ട് ഭാഗങ്ങള്‍ ഉണ്ട്.അതായത് ഒരു പിടിമുറയില്‍ ഒരാളെ പൂട്ട് ചെയ്‌താല്‍ അതിനൊരു ഒഴിവുണ്ട്.ആ ഒഴിവിന് വീണ്ടും ഒരു ബന്ധനം.അതിന് മറ്റൊരു ഒഴിവ് .അതിന് വീണ്ടും .... ഇങ്ങനെ പതിനെട്ട് എണ്ണം.ഇവിടെ തീരുന്നു അഭ്യാസം. ഒരു കാല്‍ മുന്നില്‍ വെച്ചാല്‍ അതിന് പതിനെട്ട് പ്രയോഗങ്ങള്‍ ഉണ്ടായിരിക്കും.അതാണ് പതിനെട്ടടവ് എന്ന് പറയുന്നത്.അല്ലാതെ പതിനെട്ട് മുറകള്‍ക്കല്ല.
ഇന്ന് ഏതാണ്ട് എല്ലാ കളരികളിലും പതിനെട്ട് മുറകള്‍ പഠിപ്പിച്ച് ഇതാണ് പതിനെട്ടടവുകള്‍ എന്ന് പറഞ്ഞ് കൊടുക്കുന്നുണ്ട്.
ഇന്ന് ഏതാണ്ട് എല്ലാ കളരികളിലും പതിനെട്ട് മുറകള്‍ പഠിപ്പിച്ച് ഇതാണ് പതിനെട്ടടവുകള്‍ എന്ന് പറഞ്ഞ് കൊടുക്കുന്നുണ്ട്.
ഏതൊരു പ്രവര്‍ത്തിക്കും രണ്ട് വശങ്ങളുണ്ട്. അതില്‍ ഒന്ന് ബാഹ്യമായിട്ടുള്ളതാണെങ്കില്‍ രണ്ടാമത്തേത് ആന്തരിക പ്രാധാന്യമുള്ളതുമത്രെ. പയറ്റ് മുറയിലെ പ്രധാന ഇനമായ ഒറ്റപ്പയറ്റിലെ ചുവടുകള്‍ 64 എണ്ണമാണ്.കളവും 64 എണ്ണമാണ്.ഇതിലൂടെ കളങ്ങളുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാനാകും. എല്ലാ അഭ്യാസങ്ങളെയും വിദ്യകളെയും പോലെ ഇതിനെയും പല ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്.
അഭ്യാസ മുറകളും കളങ്ങളും ചുവടുകളും എന്നതിലുപരി ജീവിതക്കളരിയില്‍ കളം തെറ്റാതിരിക്കുന്നവനാണ് യഥാര്‍ഥ അഭ്യാസി.
======
അനുബന്ധമായി ചിലകളങ്ങളും ചുവടുകളും പരാമര്‍ശിക്കാം...
1.ഒറ്റക്കളം: (ഒറ്റച്ചുവട്) ഇടത് കാല്‍ മാറ്റാതെ അല്ലെങ്കില്‍ വലത് കാല്‍ മാറ്റാതെ അടുത്ത കാല്‍ ചില പ്രത്യേക രീതികളില്‍ അതിനനുസരിച്ചുള്ള അമര്‍ച്ചയോട് കൂടി നാലു ഭാഗത്തേക്കും ചില പ്രയോഗങ്ങള്‍ നടത്തുന്ന ചുവടുകള്‍.
2.ഇരട്ടക്കളം: (ഇരട്ടച്ചുവട്) രണ്ട് കാലും പ്രത്യേക രീതികളില്‍ രണ്ട് കളത്തില്‍ അതിനനുസരിച്ചുള്ള അമര്‍ച്ചയോട് കൂടി കയറുകയും ഇറങ്ങുകയും ചെയ്‌ത് പ്രയോഗങ്ങള്‍ നടത്തുന്ന ചുവടുകള്‍.
3.മുക്കളം: (മുച്ചുവട്) രണ്ട് കാലും മൂന്ന് കളങ്ങളില്‍ പ്രത്യേക രീതിയില്‍ തിരിഞ്ഞ് കയറുകയും ഇറങ്ങുകയും ചെയ്‌ത് പ്രയോഗങ്ങള്‍ നടത്തുന്ന ചുവട്.
4.കൂട്ടച്ചുവട്: രണ്ട് കാലുകളും യഥേഷ്ടം നിശ്ചിത കളങ്ങളില്‍ കയറി ഇറങ്ങി പ്രയോഗങ്ങള്‍ നടത്താനുള്ള ചുവട്.
5.പേരിക്കച്ചുവട്: ഗുണന രൂപത്തില്‍ കയറി ഇറങ്ങി പ്രയോഗം നടത്താനുള്ള ചുവട്.
6.കുഴിച്ചുവട്: ഒരു പ്രത്യേക തരം ചുവടുകള്‍ .
7.തട്ടുമാര്‍മച്ചുവട്: പ്രധാനപ്പെട്ട ചില പ്രയോഗങ്ങള്‍ നടത്താനുള്ള ചുവടുകള്‍.
8.പാച്ചില്‍ച്ചുവട്: എതിരാളികളുടെ ആക്രമണ സ്വഭാവം മനസ്സിലാക്കി കൂട്ടത്തിലേക്ക് കയറി ആക്രമിക്കാനുള്ള ചുവട്.
അങ്കച്ചുവട്, ചതുരച്ചുവട്, ചൊട്ടച്ചാണ്‍ ചുവട്,നീട്ടച്ചുവട് തുടങ്ങി ഒട്ടനേകം വിവിധ രീതികളിലുള്ള കളങ്ങള്‍ ചുവടുകള്‍ പ്രയോഗത്തിലുണ്ട്. ഇതുപോലെ എത്രയെത്ര ചുവടുകള്‍...
==========