നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Muadhin Bavukka

ബാവുക്ക

പ്രവാസി കൂട്ടായ്‌മ പ്രത്യേകം ആദരിച്ച വ്യക്തിത്വങ്ങളാണ്‌ ബാവുക്കയും  മുഅദ്ധിന്‍ മുഹമ്മദലിക്കയും.കൗമാരപ്രായം വിട്ടുണരാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ബാവുക്ക പള്ളിയുടെ പരിപാലന പരിപാടികളുമായി ഇഴുകിച്ചേര്‍‌ന്നു തുടങ്ങിയിരുന്നു. അയമുക്കാടേയും, മകന്‍ മുഹമ്മദാലിക്കയുടേയും ഒപ്പം ഖബര്‍ ഒരുക്കുന്ന പണികളിലും ഏര്‍‌പെട്ടിരുന്നു.

ഇളം പ്രായം മുതല്‍ കഠിനമായ കായിക വേലകളില്‍ വ്യാപൃതനായി പരിഭവങ്ങളില്ലാതെ ജീവിച്ച വ്യക്തി.പരു പരുത്ത ജീവിത യാഥാര്‍ഥ്യങ്ങളെ സൗമ്യമായി കൈകാര്യം ചെയ്‌ത നിസ്വാര്‍‌ഥന്‍.ജീവിച്ചു തീര്‍‌ത്തതിന്റെ മുഴുവന്‍ തെളിവുകളും ശരീരത്തില്‍ അടയാളമാക്കിയ കര്‍മ്മ നിരതന്‍.ജീവിച്ചിരിക്കുന്നവരെ സമയാ സമയങ്ങളില്‍ വിജയത്തിലേയ്‌ക്ക്‌ വിളിച്ചു കൊണ്ടേയിരുന്ന മുഅദദ്ധിന്‍.മണ്മറഞ്ഞവരെ സം‌സ്‌കരിക്കുന്നതില്‍ ഉത്സാഹത്തോടെ മുന്നിട്ടിറങ്ങി.അത്യധ്വാനം ചെയ്‌ത് കുടും‌ബം പോറ്റാന്‍ വിയര്‍‌പ്പൊഴുക്കി പണിയെടുത്ത് ജീവിച്ചു മടങ്ങിയ വ്യക്തിത്വമായിരുന്നു ബാവുക്ക.

പരുപരുത്ത കൈ കൊണ്ട്‌ മുത്ത്‌ റസൂലിനെ എങ്ങനെ ഹസ്‌തദാനം ചെയ്യുമെന്ന്‌ ആശങ്കപ്പെട്ട സ്വഹാബി ആശ്വസിപ്പിക്കപ്പെട്ടതും അനുഗ്രഹിക്കപ്പെട്ടതുമായ ചരിത്രം സാന്ദര്‍‌ഭികമെന്നോണം അവതരിപ്പിച്ചു കൊണ്ടായിരുന്നു ബാവുക്കയുടെ അനുസ്‌മരണത്തോടനുബന്ധിച്ചുള്ള ഓര്‍‌മ്മയുടെ ചെപ്പ്‌ തുറക്കപ്പെട്ടത്.

പെരിങ്ങാട്ടെ പള്ളിയും പള്ളി പരിപാലനവും ഇതര സേവന പ്രവര്‍ത്തനങ്ങളും വിശിഷ്യാ മരണ ശേഷ ക്രിയകളിലും മയ്യിത്ത്‌ സം‌സ്‌കരണങ്ങളിലും ഖബറൊരുക്കുന്നതിലും മറമാടുന്നതിലും ഒക്കെ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രം സജീവമായിരുന്ന കാലത്ത്‌ മുണ്ടു മുറുക്കി രംഗത്തിറങ്ങിയിരുന്ന അപൂര്‍‌വ്വം ചില വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു ബാവുക്ക.

പള്ളിപ്പടിയ്‌ക്ക്‌ സമീപത്ത് നിന്നും താമസം കിഴക്കേ കരയിലേയ്‌ക്ക്‌ മാറ്റിയപ്പോള്‍ മസ്‌ജിദ്‌ ത്വാഹയിലെ മുഅദ്ധിനായി സ്വയം സന്നദ്ധനായി അവരോധിതനാകുകയായിരുന്നു.

ആരോഗ്യാവസ്ഥയിലും അനാരോഗ്യാവസ്ഥയിലും നടക്കാന്‍ സാധിക്കുമെങ്കില്‍ സമയാസമയങ്ങളില്‍ വിശ്വാസികളെ വിളിച്ചുണര്‍‌ത്തുന്നതില്‍ ബാവുക്ക മുടക്കം വരുത്താറില്ല.പള്ളിയിലേക്ക് ആദ്യം എത്തിയിരുന്ന അവസാനം തിരിച്ചു പോയിരുന്നു സാത്വികനായ പച്ചമനുഷ്യന്‍.

ബാവുക്ക ഓര്‍‌ത്തെടുത്തതില്‍ നിന്നും .....

പള്ളി ഖബര്‍‌സ്ഥാനില്‍ ആദ്യത്തെ ഖബറൊരുക്കുമ്പോള്‍ 16 വയസ്സായിരുന്നു പ്രായം എന്നു ബാവുക്ക ഓര്‍‌ക്കുന്നു.ഉപജീവന മാര്‍ഗം എന്ന നിലയില്‍ വെള്ളവലിയ്‌ക്ക്‌ പോയിരുന്നു.പള്ളി ഹൗദില്‍ വെള്ളം നിറക്കുക.ഹൗദും പള്ളി പരിസരവും ശുചിയാക്കുക തുടങ്ങിയ പരിപാലന പരിപാടികള്‍‌ക്കായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നത്.

കിണറ്റിന്‍ കരയില്‍ ഘടിപ്പിച്ച ഒരു മുളന്തണ്ടിന്റെ തൂങ്ങി നില്‍‌ക്കുന്ന ഭാഗത്ത്‌ ഒരു തോല്‍ തൊട്ടിയുണ്ടാകും.മുളയുടെ കരയിലുള്ള ഭാഗത്ത്‌ കല്ല്‌ വെച്ച്‌ ഭാരവും തൂക്കിയിട്ടുണ്ടാകും.തൊട്ടിയോടൊപ്പം ഞാന്നു കിടക്കുന്ന കയറില്‍ തൊട്ടി കിണറ്റിലേയ്‌ക്ക്‌ താഴ്‌ത്തും.വെള്ളം നിറച്ച തൊട്ടി കരയിലൊരുക്കിയ ഭാരത്തിന്റെ സഹായത്താല്‍ അനായാസം പൊങ്ങുകയും ചെയ്യും.വലിയ അധ്വാനമില്ലാതെ വെള്ളം കോരിയെടുക്കാന്‍ പണ്ടുകാലങ്ങളില്‍ സ്വീകരിച്ചിരുന്ന രീതിയാണിത്.

വൈദ്യുതിയും മോട്ടോറും ഒക്കെ വരും മുമ്പ്‌ ഇവ്വിധമായിരുന്നു നമ്മുടെ ഹൗദുകള്‍ നിറച്ചിരുന്നത്.ഈ ജോലികളില്‍ ഏര്‍‌പ്പെട്ടുകൊണ്ടിരുന്നതു കൊണ്ടാകാം തണ്ണി മുക്രി എന്നൊരു പേരും ബാവുക്കാടെ പേരിനോടൊപ്പം പറയപ്പെട്ടിരുന്നു.

പള്ളിയുമായി ബന്ധപ്പെട്ട ഇത്തരം ജോലികള്‍‌ക്കൊന്നും കണക്കു പ്രകാരം എന്ന നിലക്കുള്ള ശമ്പളമൊന്നും നിലവിലുണ്ടായിരുന്നില്ല. ഖബറൊരുക്കുന്നതിനും അങ്ങിനെ തന്നെ.ബന്ധപ്പെട്ടവര്‍ തൃപ്‌തിപ്പെട്ട് കൊടുക്കുന്നതായിരുന്നു കൂലി.

ഖബറൊരുക്കുന്ന സേവനം തുടങ്ങിയതു മുതല്‍ നൂറിലേറെ പേര്‍‌ക്ക്‌ അവസാന ഗേഹം ഒരുക്കാനുള്ള അവസരമുണ്ടായിട്ടുണ്ടാകാം എന്നും ബാവുക്ക ഓര്‍ത്തെടുത്തു.ഖബര്‍ പണിയുന്നതില്‍ കാര്യമായ കൂട്ട്‌ പരേതനായ മുക്രി മുഹമ്മദലിയായിരുന്നു.ഒടുവില്‍ മുഹമ്മദാലിക്ക്‌ വേണ്ടി മണ്ണറ പണിയുന്നതിലും ബാവുക്കയുണ്ടായിരുന്നു.2012 നവംബര്‍ രണ്ടിന്‌  വെള്ളിയാഴ്‌ച പുലര്‍ച്ചെയായിരുന്നു മുഹമ്മദാലിക്കയുടെ അന്ത്യം.ജുമ‌അ തുടങ്ങും മുമ്പ്‌ ഖബറടക്കാമെന്ന തീരുമാനത്തിനനുസരിച്ച്‌ ധൃതഗതിയില്‍ കാര്യങ്ങള്‍ പുരോഗമിച്ചു.മുഹമ്മദാലിക്കയുടെ ജനാസ ഖബറില്‍ വെയ്‌ക്കുമ്പോള്‍ പള്ളി മിനാരത്തിലെ ശബ്‌ദ സംവിധാനത്തിലൂടെ ബാങ്കൊലികള്‍ മുഴങ്ങുന്നുണ്ടായിരുന്നു.

തന്റെ സഹകാരിയും സഹചാരിയുമായിരുന്ന കൂടപ്പിറപ്പിന്റെ വിയോഗത്തില്‍ ബാവുക്കാടെ മനസ്സ്‌ തേങ്ങി.

മരണപ്പെട്ടതിന്റെ നാലാം മണിക്കൂറില്‍ സംസ്‌കാര ക്രിയകളെല്ലാം ഭംഗിയായി കലാശിച്ചതിനുശേഷം വെള്ളിയാഴ്‌ച ബാങ്കൊലിയുടെ അന്തരീക്ഷത്തില്‍ പരേതനെക്കുറിച്ചുള്ള നനവൂറുന്ന ഓര്‍മ്മകള്‍ തിരുനെല്ലൂര്‍ക്കാരുടെ മനസ്സില്‍ വേദനിക്കുന്ന ഓര്‍മയാക്കിയതും  പച്ചപിടിപ്പിച്ചതും എല്ലാമെല്ലാം അല്ലാഹുവിന്റെ നിശ്ചയമായിരുന്നു. യഥാര്‍ഥത്തില്‍ ഇതു പരേതനു ലഭിച്ച ഭാഗ്യമാണ്‌. അനുഗ്രഹമാണ്‌. സംസ്‌കാരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു കൊണ്ടിരുന്നു.

ഒടുവില്‍ ബാവുക്കയും നനവൂറുന്ന ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി 2017 മെയ്‌ മൂന്നിന്‌ ജീവിതത്തിന്റെ മലമ്പാത നടന്നു തീര്‍ത്തിരിക്കുന്നു.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

ഒരു നാടിനെ മുഴുവന്‍ വിജയത്തിലേയ്ക്ക്‌ അല്ലാഹുവിലേയ്‌ക്ക്‌ വിളിച്ചു കൊണ്ടേയിരുന്ന ശബ്‌ദം നിലച്ചു പോയിരിക്കുന്നു.അല്ലാഹു അദ്ധേഹത്തെ വിജയികളുടെ കൂട്ടത്തില്‍ സജ്ജനങ്ങളുടെ കൂട്ടത്തില്‍ ഉള്‍‌പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.