നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Kayal Views

 കടവത്തെ കാഴ്‌ചകള്‍ ..

കടവത്ത്‌ മത്സ്യം വഞ്ചികളില്‍ വന്നിറക്കുന്നതും, കാവ് കുട്ടകളില്‍ ചുമന്ന്‌ പാങ്ങിലേയ്‌ക്കും പാടത്തെ പീടികയിലേയ്‌ക്കും കൊണ്ടു പോകുന്നതും ഏറെ കൗതുകമുള്ള കാഴ്‌ചകളായിരുന്നു.

വഞ്ചികളില്‍ കൊണ്ട്‌ വന്നിറക്കുന്നത്‌ കടല്‍ മത്സ്യങ്ങളായിരുന്നു.കുഞ്ഞുകുട്ടനും,അദ്ദേഹത്തിന്റെ സഹോദരന്‍ അപ്പുകുട്ടനും,ബീരാവുക്കയും ആയിരുന്നു അക്കാലത്തെ വഞ്ചി ഉടമകള്‍. നാലണയായിരുന്നു വഞ്ചി വാടക.ഒരു വാരലിലൊതുങ്ങുന്ന മത്സ്യവും.

കടല്‍ മത്സ്യങ്ങളെത്തും മുമ്പ്‌ തന്നെ വെള്ള വലിക്കാരുടെ മത്സ്യങ്ങള്‍ പാടത്തെ പീടികയിലെ മത്സ്യ മാര്‍ക്കറ്റില്‍ എത്തിയിരിയ്‌ക്കും.കായലും കായലോരവും നാടിന്റെ ജീവല്‍ സ്‌പന്ദനങ്ങളായിരുന്നു.

കടല്‍ മത്സ്യങ്ങള്‍ കൊണ്ടുവന്നു വില്‍‌പന നടത്തുക കായലില്‍ വലയെറിഞ്ഞ്‌ മത്സ്യം പിടിക്കുക രാത്രി കാലങ്ങളില്‍ വെള്ളവലിയിലേര്‍‌പ്പെടുക തുടങ്ങിയ അദ്ധ്വാനമുള്ള ജോലികളില്‍ ജിവിതം പടുത്തുയര്‍ത്തിയവരായിരുന്നു പഴയ  കാലത്തെ തിരുനെല്ലൂരിലെ കുടും‌ബ നാഥന്മാര്‍.മത്സ്യം കൂടുതല്‍ ലഭിക്കുന്ന അവസരങ്ങള്‍ ഉത്സവ പ്രതീതി ജനിപ്പിച്ചിരുന്നു.കൂടുതല്‍ മീന്‍ കിട്ടുന്ന ദിവസങ്ങളില്‍ മീന്‍ കുട്ടകള്‍ രണ്ടും മൂന്നും അട്ടികളായി വെച്ച്‌ ചുമടൊരുക്കി പൊക്കുന്ന അക്കാലത്തെ ആരോഗ്യമുള്ളവരെപ്പോലെ ഒരാളെയും ഇന്നു കാണാന്‍ സാധ്യമല്ല.

നമ്മുടെ പ്രദേശത്തെ പ്രസിദ്ധങ്ങളായ കയറ്റിറക്ക്‌ കടവുകളായിരുന്നു. കൂട്ടുങ്ങല്‍ അങ്ങാടി കടവും,ചേറ്റുവ കടവും,കണ്ടശ്ശാം കടവും,പെരിങ്ങാട്ടെ കടവും.എന്നാല്‍ കോടമുക്ക്‌ പുളിക്കകടവ്‌  മുനക്കകടവ്‌ കുണ്ടുവകടവ്‌ എന്നിവ കടത്തു കടവുകളായാണ്‌ അറിയപ്പെട്ടിരുന്നത്‌.

ഉണക്കിയ കയറുകള്‍ വലിയ കെട്ടുകളാക്കി കെട്ടു വള്ളങ്ങളില്‍ കൊച്ചിയിലേയ്ക്ക്‌ ഈ കായല്‍ കടവുകളില്‍ നിന്നാണ്‌ കയറ്റി കൊണ്ടു പോയിരുന്നത്.

കായലോരങ്ങള്‍ കേന്ദ്രികരിച്ചുള്ള തൊണ്ടു തല്ലലും ചകിരിയും കയറു പിരിയും ഒക്കെ സജീവമായിരുന്ന കാലം.വലിയ കെട്ടു വള്ളങ്ങളില്‍ ചകിരി കെട്ടുകള്‍ കയറ്റുന്നതും അടുക്കി വെക്കുന്നതും കൗതുകമുണര്‍‌ത്തുന്ന കാഴ്‌ചകള്‍ തന്നെ.തൊണ്ട് തല്ലാന്‍ പരുവമാക്കുന്നതിന്റെ ഭാഗമായി ചകിരി കായല്‍ ചെളിയില്‍ പൂഴ്‌ത്തിയിടും.ആഴ്‌ചകള്‍ക്ക്‌ ശേഷമായിരിക്കും പുറത്തെടുക്കുന്നത്.

വളരെ ദൂരെ ദിക്കുവരെ ദുര്‍ഗന്ധം പരന്നിരിക്കും.കടവു മുതല്‍ ചിറവരെ കായലില്‍ വലിയ തടം രൂപപ്പെടുത്തിയിട്ടായിരുന്നു ചകിരി മൂടല്‍. കുറെ കഴിഞ്ഞപ്പോള്‍ തൊണ്ട്‌ തല്ലുന്ന മെഷിനുകള്‍ സ്ഥാപിക്കപ്പെട്ടു.കയറു പിരിക്കുന്നതിന്‌ റാട്ടുകളും അനുബന്ധ സം‌വിധാനങ്ങളും ഉണ്ടായി. സ്‌ത്രീകളുടെ തൊഴില്‍ മേഖല കൃഷിയിടങ്ങളും നാളികേരവും തൊണ്ടും കയറും ഒക്കെ തന്നെയായിരുന്നു.

ചുക്കു ബസാര്‍ പുവ്വത്തൂര്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബീഡി തെറുപ്പു തൊഴിലിലും ഏറെ യുവതികള്‍ സജീവമായിരുന്നു.

ഇന്ന്‌ വലിയ തുറമുഖങ്ങളിലും പ്രസിദ്ധങ്ങളായ ബോട്ടു ജെട്ടികളിലും ഒക്കെ വിനോദയാത്രയ്‌ക്ക്‌ പ്രൈമറി വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ പോകുന്നതു പോലെ തിരുനെല്ലൂര്‍ കായല്‍ കടവത്തെ കെട്ടു വള്ളങ്ങളും ചെറുതോണികളും കാണാന്‍ സമീപ പ്രദേശത്തെ വിദ്യാര്‍ഥികള്‍ വരുമായിരുന്നു.


അറ്റകുറ്റ പണികള്‍ക്കായി കരയില്‍ കയറ്റിയിട്ട വഞ്ചികള്‍ കാണാന്‍ മാത്രമുള്ള പ്രൗഢിയും ഉണ്ട്‌.പണി കഴിഞ്ഞ വഞ്ചികളില്‍ അണ്ടിക്കറ പുരട്ടി നിശ്ചിത ദിവസങ്ങള്‍‌ക്ക്‌ ശേഷമേ നീറ്റിലിറക്കിയിരുന്നുള്ളൂ.വലിയ വഞ്ചികള്‍ കരയിലേയ്‌ക്ക്‌ വലിച്ചു കയറ്റാന്‍ പ്രാപ്‌തരായ അരോഗ ദൃഢഗാത്രരായ പരിചയസമ്പന്നരുടെ അദ്ധ്വാനം കാണേണ്ടതു തന്നെ.വടം കെട്ടി വലിക്കുമ്പോള്‍ മല്ലന്മാര്‍ മൂളുന്ന പാട്ടും പതവും ദൂരെ ദിക്കുകള്‍ വരെ കേള്‍‌ക്കാം.

കടവത്തെ ചായപ്പീടികയില്‍ ആളൊഴിഞ നേരമുണ്ടാകാറില്ലെന്നു പറയാം.നേരം പോക്കും വെടിപറച്ചിലും സാധാരണ കവലകളിലേക്കാള്‍ അധികം കടവുകളായിരുന്നു എന്ന് തോന്നുന്നു. ചായപ്പീടികയോട്‌ ചേര്‍‌ന്നായിരുന്നു തൊറയപ്പന്റെ ഇത്തള്‍ ചൂളപ്പുര.ഇത്തള്‍ നീറ്റിയാണ്‌ ചുണ്ണാമ്പും ഇത്തള്‍ കുമ്മായവും ഉണ്ടാക്കിയിരുന്നത്. അക്കാലത്തെ വീടുകള്‍ വെള്ള പൂശിയിരുന്നത് ഈ ചൂളയിലെ വെള്ള കുമ്മായം കൊണ്ടായിരുന്നു. 

നീറ്റ് കക്ക തറയില്‍ കൂട്ടിയിട്ട് കക്കകള്‍  നനയത്തക്ക വിധത്തില്‍ പാകത്തിന്‌  വെള്ളം തളിക്കും.മിനിട്ടുകള്‍ക്കു ശേഷം ഇവ നീറിതുടങ്ങും,കുറഞ്ഞ മണിക്കൂറുകൾ കൊണ്ട് ഇത് മുഴുവൻ പൊടി ആയിട്ടുണ്ടാകും.ഈ പൊടിക്ക് നല്ല ചൂടാണ് .ഈ പൊടി നന്നായി തണുത്ത ശേഷമാണ്‌ കുമ്മായം ഉണ്ടാക്കുന്നത്.

മുല്ലശ്ശേരിക്കാരന്‍ കുന്നത്ത് ദേവസ്സി മാപ്പിളയായിരുന്നു എല്ലാവരുടേയും പ്രിയപ്പെട്ട വെള്ള പൂശുകരന്‍.റമദാനിന്റെ തൊട്ടുമുമ്പ് ചുമരുകളുള്ള ഒരു വിധം വീടുകളൊക്കെ നീലം ചേര്‍‌ത്ത ഇത്തള്‍ കുമ്മായം കൊണ്ട് വെള്ളപൂശുമായിരുന്നു.

നീറ്റുകക്ക ചൂടു വെള്ളവുമായി ചേർത്താണ് ചുണ്ണാമ്പ് ഉണ്ടാക്കുന്നത്.വെറ്റില മുറുക്കുന്നവർ വെറ്റിലയും അടക്കയും ചുണ്ണാമ്പും ഉപയോഗിച്ചാണ്‌ മുറുക്കിയിരുന്നത്.

ചെറിയ തോതില്‍ മത്ത് പിടിപ്പിക്കാനും വായനാറ്റം ഒഴിവാക്കാനും ഒക്കെയായി വെറ്റിലയോടൊപ്പം പുകയില, ചുണ്ണാമ്പ് തുടങ്ങിയ വസ്‌തുക്കള്‍ ചേർത്ത് വായിലിട്ട് ചവയ്ക്കുന്നതിനെയാണ് വെറ്റില മുറുക്കൽ എന്നു പറയുന്നത്.പഴയ കാലങ്ങളില്‍ മുറുക്കാന്‍ ചെല്ലങ്ങളില്ലാത്ത വീടുകളുണ്ടായിരുന്നില്ല.പൊതുവെയുള്ള നാട്ടു - വീട്ടു സല്‍‌ക്കാരങ്ങളില്‍ വെറ്റിലമുറുക്കല്‍ ഒഴിച്ചു കൂടാനാകാത്ത ഒരിനമായിരുന്നു.

ആര്‍.കെയുടെ ഓര്‍‌മകള്‍...
സമാഹരണം:- മഞ്ഞിയില്‍

(തുടരും)