നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Golden Memories

 മായാത്ത സ്‌മ‌രണകൾ..

മഴയും മഴ മേഘങ്ങളും നൊമ്പരപ്പെടുത്തുന്ന ഓര്‍‌മ്മകളാണ്‌ മനസ്സ് നിറയെ. മഴയും മഴ പെയ്‌ത വിശേഷങ്ങളും പങ്കുവെക്കപ്പെടുമ്പോഴും,അതു തന്നെയായിരുന്നു അവസ്ഥ.എന്നാല്‍ സകല നോവോര്‍‌മ്മകള്‍‌ക്കും തല്‍‌കാലം സുല്യം കൊടുത്തു.വര്‍‌ഷങ്ങള്‍‌ക്ക് മുമ്പ് സഹപാഠികളുമായും സമപ്രായക്കാരുമായും പങ്കുവെച്ചത് കുത്തി കുറിച്ച് സൂക്ഷിച്ചത് പൊടിതട്ടി മിനുക്കി പങ്കുവെക്കുകയാണ്‌.

========
ഗൃഹാതുരത്വം നിറഞ്ഞ ഓര്‍‌മ്മകളില്‍ ബാല്യകാലത്തെ നാടും നാട്ട് കാഴ്‌ചകളും തെളിഞ്ഞു വരും.ഓര്‍‌മ്മകളുടെ കലവറയായ മഞ്ഞിയില്‍ പള്ളിയും പള്ളിക്കുളവും തട്ടും തട്ടും - പുറവും പൂമുഖവുമുള്ള ഒരു നാല്‌കെട്ടും,കണ്ടം പറമ്പും, പൊന്നേങ്കടവും മാക്കിരിപ്പറമ്പും അഞ്ച്‌ ദശാബ്‌ദങ്ങള്‍‌ക്ക്‌ മുമ്പുള്ള ചിത്രവും ചരിത്രവും കല്ലില്‍ കൊത്തിയ മാതിരി.അല്ല അതിലും മനോഹരമായി വാര്‍‌ന്നു നില്‍‌ക്കുന്നുണ്ട്‌.

തെങ്ങുകളും മാവും പ്ലാവും മരങ്ങളും നിറഞ്ഞ പറമ്പിലൂടെ നടക്കാനും കളിച്ചുല്ലസിക്കാനും, മാങ്ങ പെറുക്കാനും പറിക്കാനും;അതിലുപരി സ്നേഹോഷ്‌മളമായ കുടുംബ പശ്ചാത്തലവും നന്മ നിറഞ്ഞ കൂട്ടും കൂട്ടുകാരും.

പല തരം കളികൾ കളിക്കുമായിരിന്നു. മേടാസ്, കൊത്ത് കല്ല്, വള്ളികുത്ത്, വട്ടംകളി ഇതൊക്കെയാണ്‌ പ്രധാന ഇനങ്ങള്‍. കൊത്തം കളികളുടെ തുടക്കം വൈകുന്നേരമാണ്.ഇതെല്ലാം ഇന്നും ഓര്‍‌മ്മയില്‍ മങ്ങാതെ  കിടക്കുന്നു. ആ കളികളിൽ എല്ലാവരും പങ്ക് കൊള്ളും.കുട്ടികളുടെ കളികളെല്ലാം മുതിർന്നവരും നോക്കി നിൽക്കും.

കൊത്തന്‍ കല്ലുകളി:- പെണ്‍കുട്ടികളുടെയും പ്രായമായ സ്ത്രീകളുടെയും ഒരു വിനോദമാണിത്.ഉരുണ്ട ചെറുകല്ലുകളാണ് ഈ കളിയുടെ കരുക്കള്‍.കരുക്കളുടെ എണ്ണത്തിനനുസരിച്ച് നാലു കല്ലുകളി, അഞ്ചുകല്ലുകളി, ഏഴു പൂട്ടുകളി, പന്ത്രണ്ടു പൂട്ടുകളി എന്നിങ്ങനെയാണ് കളിയുടെ പേര്. ഈര്‍ക്കില്‍ കളി (നൂറാംകോല്‍). ഉദ്ദേശം ഒരു ചാണ്‍ നീളമുള്ള നിശ്ചിത എണ്ണം ഈര്‍ക്കില്‍ ഉപയോഗിച്ചാണ് ഈ കളി കളിക്കുന്നത്. അവയെല്ലാം ഒന്നിച്ചെടുത്ത് നിലത്തിടുന്നു. അവയെ അകലെ തെറിച്ച ഒരു ഈര്‍ക്കിലെടുത്ത്, മേല്‍ക്കുമേല്‍ വീണ് കിടക്കുന്ന ഈര്‍ക്കിലുകള്‍ ഓരോന്നായി മറ്റുള്ളവ ചലിക്കാതെ നീക്കുകയാണ് വേണ്ടത്. ഒളിച്ചു കളി. കുട്ടികളുടെ ഒരു വിനോദമാണിത്. കളിക്കാനുള്ള കുട്ടികള്‍ രണ്ട് വിഭാഗമായി തിരിഞ്ഞ്, ഒരു വിഭാഗം ഇരുട്ടുള്ള സ്ഥലത്തോ, വാതിലിനടിയിലോ, മച്ചിന്‍പുറത്തോ, മരമുകളിലോ ഒളിച്ചിരിക്കും. മറുവിഭാഗം ഇവരെ കണ്ടുപിടിക്കുന്നതാണ് കളി. കണ്ണാമ്പൊത്ത് കളി. ഒരുതരം ഒളിച്ചുകളിതന്നെയാണിത്. ഒരു കുട്ടി കണ്ണ് കെട്ടി ഒരിടത്തു നില്ക്കും. മറ്റുള്ളവര്‍ പലയിടങ്ങളിലായി ഒളിച്ചിരിക്കും. കണ്ണ് കെട്ടിയ കുട്ടി മറ്റുള്ളവരുടെ ശബ്ദം കേട്ട് അവരെ കണ്ടുപിടിക്കുന്ന കളിയാണിത്.

പള്ളി മദ്രസാ പരിസരം കുട്ടികളുടെ ഓട്ടവും ചാട്ടവും ബഹളമയം തന്നെ.വിശിഷ്യാ അവധിക്കാലങ്ങളില്‍ പറയുകയും വേണ്ട.പന്തുകളി. ആണ്‍കുട്ടികളുടെ ഒരു വിനോദമാണിത്. ഓലപ്പന്തുകളി, തലപ്പന്തുകളി ,കോട്ടികളി എന്നിങ്ങനെ. കോട്ടി ഉപയോഗിച്ചുള്ള ഒരു വിനോദം. ഉദ്ദേശ്യം ഓരോ മീറ്റര്‍ ഇടവിട്ട് തുല്യ അകലത്തില്‍ മൂന്ന് ചെറിയ കുഴികള്‍ കുഴിക്കുന്നു. ആദ്യ കുഴിയില്‍ നിന്നും രണ്ടാമത്തേതിലേക്കും അവിടെനിന്ന് മൂന്നാമത്തേതിലേക്കും അവിടെ നിന്നും തിരിച്ച് ഒന്‍പതു പ്രാവശ്യം കോട്ടി കുഴിയില്‍ വീഴ്ത്തണം. വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവന് കളി നഷ്ടപ്പെടും. പിന്നെ അടുത്ത കുട്ടിയുടെ ഊഴമാണ്. ഇങ്ങനെ കളിക്കുമ്പോള്‍, മറ്റുള്ളവരുടെ കോട്ടികള്‍ അടുത്തെങ്ങാനും ഉണ്ടെങ്കില്‍ അവയെ അടിച്ച് അകലേക്കു തെറിപ്പിക്കാറുണ്ട്.

തെങ്ങുകയറ്റം കഴിഞ്ഞ്‌ ഓലവെട്ടു കഴിഞ്ഞാല്‍ പ്രഥമമായി തന്നെ ഇത്‌ മൂന്നു ഭാഗമാക്കി വെട്ടി മാറ്റപ്പെടും.മടല്‍ ഒരിടത്തും ഓല മറ്റൊരിടത്തും തുമ്പോല വേറെയും.ഉണ്ണിപ്പുരയുടെ നിര്‍‌മ്മാണ സാമഗ്രികളില്‍ ഏറെ വിലപ്പെട്ടതും ഇതൊക്കെ തന്നെ.

ഉണ്ണിപ്പുരയും ഉണ്ണിച്ചോറും കൗമാരക്കാരുടെ ഏറെ താല്‍പര്യമുള്ള കളിയാണ്‌.കൗമാരം വിട്ടവരും ചിലപ്പോള്‍ ഈ കളിയുടെ ലഹരിയില്‍ കൂടിയെന്നും വരും.ചോറിനു പകരം മണ്ണ്‌ ഉപയോഗിക്കുമെങ്കിലും വിശേഷപെട്ട ആഹാരത്തിന്റെ പ്രതീകമായി തുമ്പപ്പൂ സ്ഥാനം പിടിക്കും.വെട്ടി നുറുക്കിയ അമ്പഴങ്ങയുടെ ഇലയും  കണ്ണി മാങ്ങയും കറിയായും സുപ്രയില്‍ ഒരുക്കും.ഉമ്മ വിളമ്പും.ആദ്യം ഉപ്പാക്ക്‌ ഒപ്പം മക്കള്‍‌ക്കും ഉമ്മ സത്കരിച്ചിരിക്കും.നീയെന്തേ കഴിക്കാത്തതെന്നു കുടും‌ബ നാഥന്റെ ചോദ്യം.ഈ കുട്ടിയെ കുളിപ്പിച്ച്‌ ഉറക്കിയിട്ടു മതി എനിക്കെന്ന്‌ ഉമ്മയുടെ പ്രതികരണം.ചിരിയടക്കാനാകാത്ത ഉണ്ണിക്കുറുമ്പന്മാരും കൂട്ടത്തില്‍ ഉണ്ടാകും.ഏകദേശം ഒരു മുഴം വലിപ്പത്തിലുള്ള മടല്‍ കഷ്‌ണം ഉമ്മാടെ വേഷത്തിലുള്ളവളുടെ കയ്യിലുണ്ടാകും.കുട്ടിയെ പരിചരിക്കുന്നതും പരിപാലിക്കുന്നതും നോക്കി താത്തമാര്‍ അടക്കം പറഞ്ഞു ചിരിക്കും.

വെറ്റിലടക്ക മുറുക്കുന്ന ഉമ്മൂമമാരെപ്പോലെ കുട്ടികള്‍ മുറുക്കാന്‍ ചെല്ലം ഉണ്ടാക്കി പരസ്‌പരം ക്ഷണിക്കും.കൊങ്ങിണി ഇലയെ വെറ്റിലക്ക്‌ പകരം വെയ്‌ക്കും.അടയ്‌ക്കയായി തെങ്ങിന്റെ ഇളം വേരും.കുട്ടികള്‍ മുതിര്‍‌ന്നവരെ വായിച്ചെടുക്കുന്ന രീതി അവരുടെ കളികളിലൂടെ നമുക്ക്‌ നിരീക്ഷിക്കാനാകും.

ഉണ്ണിപ്പുരയുടെ ഭാഗമായി ചിലപ്പോള്‍ ഒരു ഭാവനാ ഗ്രാമം പോലും നിര്‍മ്മിച്ചെന്നു വരും.പലചരക്കു കച്ചവടം,മത്സ്യക്കച്ചവടം,മരുന്നും വൈദ്യരും ഒക്കെ ഈ ഗ്രാമത്തെ സമ്പന്നമാക്കും.

മഴക്കാല വിശേഷങ്ങള്‍‌ക്ക്‌ തികച്ചും വേറിട്ട രൂപ ഭാവങ്ങളാണ്‌.പുള്ളിക്കുട ചൂടി മുറ്റത്തിറങ്ങുക.തൊടിയില്‍ നിന്നൊഴുകുന്ന വെള്ളത്തിലൂടെ മുറിച്ചു നീങ്ങുക.ഇറയത്തെ ചാലിലൂടെ കടലാസ്‌ വഞ്ചികള്‍ ഒഴുക്കുക തുടങ്ങിയ കുസൃതികളും വികൃതികളും പറഞ്ഞാലും തീരില്ല.  സ്‌കൂള്‍ മുറ്റത്ത്‌ വന്നു നിന്നാല്‍ അരക്കൊപ്പം വെള്ളത്തില്‍ ഇക്കരെയ്‌ക്ക്‌ വരുന്നവരും അക്കരെയ്‌ക്ക്‌ പോകുന്നവരേയും കാണാം.അപൂര്‍‌വ്വം ചിലപ്പോള്‍ കടത്തു തോണികളും പ്രത്യക്ഷപ്പെടും.രണ്ട് കരകൾ കവിഞ്ഞ് നിറയുന്ന ഓര്‍‌മ്മകളില്‍ അഹ്‌ളാദം ഇന്നും കരകവിയുകയാണ്‌.പറഞ്ഞാലും മതിവരാത്ത ഓര്‍‌മ്മകളുടെ ഹരിത താഴ്‌വാരം.

ഇന്നൊക്കെ കുട്ടികള്‍ ഡിവൈസുകളില്‍ മുഖം കുത്തിയിരിക്കുന്നതു പോലെയല്ലായിരുന്നു പഴയ കാലം.ഓലപ്പന്തും,ഓലപ്പീപ്പിയും,പമ്പരവും ഓര്‍മ്മച്ചെപ്പിലെ ഉറച്ച പ്രതീകങ്ങളാണ്‌.പഴയ ചെരിപ്പ്‌ വെട്ടിയുണ്ടാക്കി ചക്രങ്ങളുണ്ടാക്കി മുളം തണ്ടില്‍ കമ്പി കയറ്റി കളിവണ്ടിയുണ്ടാക്കുന്നതില്‍ കുറുമ്പന്മാരുടെ വിദ്യകള്‍ രസകരം തന്നെ.കളിക്കൊരുങ്ങും മുമ്പ്‌ കളിക്കോപ്പ്‌ നിര്‍‌മ്മിക്കാനൊരുങ്ങും.അഥവാ കളിയിലാണെങ്കിലും ഒരു ക്രിയാത്മകതയുണ്ടെന്നര്‍ഥം.

സ്‌കൂള്‍ പറമ്പും കായല്‍ കരയും കുട്ടികളുടെ കളിയരങ്ങായിരുന്നതു പോലെ പടഞ്ഞാറെ കരയില്‍ മഞ്ഞിയില്‍ പറമ്പ്‌ പ്രസിദ്ധം.വളര്‍ന്നു പന്തലിച്ചു നില്‍‌ക്കുന്ന വലിയ ഒരു മാവുള്ള പറമ്പ്‌.കളികള്‍‌ക്ക്‌ കേളികേട്ട ഇടങ്ങളിലൊന്നായിരുന്നു.പെരുന്നാളുകളായാല്‍ മഞ്ഞിയില്‍ മുറ്റത്തെ കയ്യാലയില്‍ ഒപ്പനയും കൈകൊട്ടികളിയും ഉണ്ടാകും.ഉച്ച ഭക്ഷണത്തിനു ശേഷം കിഴക്കേകരയിലുള്ള പെണ്‍‌കുട്ടികളും പാട വരമ്പിലൂടെ വരിവരിയായി പോകുന്നതു കണാം.

സ്‌നേഹ നിധികളായ കാരണവന്മാരും അവരുടെ സ്‌നേഹ വാത്സല്യങ്ങളും,മുതിര്‍ന്നവരുടെ തല്ലും തലോടലും,സ്‌നേഹോഷ്‌മളമായ ശാസനകളും ശിക്ഷണങ്ങളും എല്ലാം മനസ്സിന്റെ നടുമുറ്റത്തെ തളത്തില്‍ ഇന്നും  പ്രതിഫലിച്ചും പ്രതിധ്വനിച്ചും കൊണ്ടിരിക്കുന്നു.എല്ലാ നല്ല ഓര്‍‌മ്മകളേയും ഹരിതാഭമായ ഒരു കാലത്തിനു സമര്‍പ്പിച്ചു കൊണ്ട്‌.
===============
മഞ്ഞിയില്‍