1983 വരെ തിരുനെല്ലൂര്‍ മഹല്ല് ജമാഅത്ത് പള്ളിയില്‍ കൊടികയറ്റ - ചന്ദനക്കുട നേര്‍ച്ച വലിയ ആഘോഷത്തോടെ അതിഗംഭീരമായി ഒരു ദേശത്തിന്റെ തന്നെ ആരവവും ആവേശവും ഉത്സവവുമായി കൊണ്ടാടിയിരുന്നു.
ഇതിന്റെ ധാര്‍മികവും വിശ്വാസപരവും ഇസ്‌ലാമികവുമായ വിധിവിലക്കുകള്‍ എന്തൊക്കെയാണെങ്കിലും പെരിങ്ങാട്ടുകാരുടെ - തിരുനെല്ലൂര്‍ക്കാരുടെ മഹോത്സവമായിരുന്നു ഇത്. കാഞ്ഞിരമുറ്റം പരീദ് ഔലിയയുടെ പേരിലായിരുന്നു ഗജവീരന്മാരെ അണിനിരത്തിയ ഈ ചന്ദനക്കുട നേര്‍ച്ച കൊടികയറിയിരുന്നത്.
നേര്‍ച്ചയുടെ പത്തു ദിവസം മുമ്പ് തന്നെ മുട്ടും വിളിയും തുടങ്ങും.രണ്ടുതരം വാദ്യങ്ങളും ഒരു പീപ്പി വിളിക്കാരനും അടങ്ങുന്നതാണ് മുട്ടും വിളി മൂവര്‍ സംഘം.പടപ്പാട്ടുകളും കെസ്സു പാട്ടുകളും മാപ്പിള സംഗീതച്ചുവയുള്ള നാടന്‍ ഗാനങ്ങളും ഇവര്‍ ആലപിച്ചു തകര്‍ക്കും.വീട് വീടാന്തരമുള്ള മുട്ടും വിളി സംഘത്തിന്റെ ഊരുചുറ്റലോടെ പെരിങ്ങാട് പ്രദേശം ഉത്സവ ലഹിരി പടരും.
കുട്ടികളും മുതിര്‍ന്നവരും ഈ മൂവര്‍ സംഘത്തെ അനുഗമിക്കും.മുട്ടുംവിളി സംഘത്തിലെ പീപ്പി വിളിക്കാര്‍ക്ക് പ്രത്യേക പാരിതോഷികങ്ങള്‍ നല്‍കി തങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട ഗാനങ്ങള്‍ ആലപിപ്പിക്കുന്നതില്‍ വിശിഷ്യാ സ്‌ത്രീകള്‍ വലിയ ആവേശം കാണിക്കുമായിരുന്നു.
നേര്‍ച്ചയുടെ തലേദിവസം തന്നെ ചെണ്ടക്കാരും മറ്റു വാദ്യമേളക്കാരും മദ്രസ്സ മുറ്റത്ത് തമ്പടിക്കും.
വാലിപ്പറമ്പില്‍ സെയ്‌തു,കണ്ടത്തില്‍ മമ്മു,അധികാരി ഖാദര്‍, അബൂബക്കര്‍ മൂക്കലെ, പടിഞ്ഞാറയില്‍ മമ്മുക്ക തുടങ്ങിയവര്‍ കൊടികയറ്റുത്സവത്തിന്റെ മുന്നണി തേരാളികളായിരുന്നു.
ആദ്യത്തെ കാഴ്‌ച മക്കാറ്റിക്കയുടെ വീട്ടില്‍ നിന്ന് എന്നതില്‍ വളരെ ശുഷ്‌കാന്തി കാട്ടിയിരുന്നു.ആനപ്പുറത്തു കയറാന്‍ പാപ്പാനെ വരുതിയിലാക്കുന്നവരും ആനവാലിനു കെഞ്ചുന്നവരും സംഘാടകര്‍ക്ക് വലിയ തലവേദന സൃഷ്‌ടിക്കുമായിരുന്നു.
ആദ്യത്തെ കാഴ്‌ച കിഴക്കെകരയില്‍ നിന്നും വലിയ വരമ്പു വഴി പുറപ്പെടുന്നതും നോക്കി പാടത്തും പറമ്പിലും ആണുങ്ങളും പെണ്ണുങ്ങളും തടിച്ചു കൂടുമായിരുന്നു.പള്ളിപ്പറമ്പിലേയ്‌ക്ക് കാഴ്‌ച കയറുന്ന തിരക്കില്‍ പരസ്യ വാചകങ്ങള്‍ അലമുറയിടുന്ന മൈക്കുകള്‍ സജീവമാകും. വൈകുന്നേരം പുവ്വത്തൂര്‍ നിന്നും വരുന്ന നാട്ടുകാഴ്‌ചയെക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വെച്ച വാചകക്കസര്‍ത്തുകള്‍ വലിയ ആവേശത്തോടെയാണ് ആബാല വൃദ്ധം ചെവികൊടുത്തിരുന്നത്.
വാലിപ്പറമ്പിൽ മുഹമ്മദ്‌ക്ക, എൻ.എം. അബുക്ക,ബീരാൻ കാദർക്ക. കടവത്തു മുഹമ്മദ്‌ക്ക, വടകന്റെ കായിൽ കുഞ്ഞയമുക്ക, കറപ്പം വീട്ടിൽ കുഞ്ഞാമുക്ക തുടങ്ങിയവര്‍ വളരെ സജീവമായി അന്ന് രംഗത്ത് ഉണ്ടായിരുന്ന വ്യക്തിത്വങ്ങളാണ്.
മധ്യാഹ്നത്തില്‍ 12 മണിക്കുള്ള കൊടികയറ്റക്കാഴ്‌ച പൊന്നേങ്കടത്ത് നിന്നായിരുന്നു.കാഴ്‌ചയുടെ ഭാഗമായി തട്ടുപറമ്പില്‍ ഖാദര്‍ സാഹിബിന്റെ നേതൃത്വത്തില്‍ കളരി അഭ്യാസങ്ങളുണ്ടാകും. വേലിക്കപ്പുറം ശ്വാസമടക്കിപ്പിടിച്ച് അഭ്യാസങ്ങള്‍ വീക്ഷിക്കുന്ന പെണ്ണുങ്ങളാല്‍ പൊന്നേങ്കടത്തെ പറമ്പ് നിറഞ്ഞു കവിഞ്ഞിരിക്കും.
ഓരോ വാദ്യക്കാരും വേറെ വേറെയായി അവരവരുടെ മേളങ്ങള്‍ പെരുപ്പിക്കും.ദഫ്‌മുട്ടും കോല്‍ക്കളിയുമാണ് മറ്റൊരു ആവേശകരമായ പരിപാടി. മാപ്പിളപ്പാട്ടിന്റെ ഇശലിനൊത്തുള്ള കളിക്കാരുടെ കയ്യും മെയ്യും ഇളക്കിയുള്ള പാട്ടും കളിയും ചാട്ടവും കാണാനും കേള്‍ക്കാനും ഉള്ള തിരക്കിനാല്‍ പൊന്നേങ്കടം വീര്‍പ്പുമുട്ടുമായിരുന്നു. കൊടികയറ്റാനുള്ള കൊടിയും ഉയര്‍ത്തി ആനപ്പുറത്തിരിക്കുന്ന വ്യക്തിയുടെ ഭാഗ്യത്തെക്കുറിച്ച് കുട്ടികള്‍ വാചാലമാകുമായിരുന്നു. വിശാലമായ പാടത്തുകൂടെ പടിഞ്ഞാറക്കരയില്‍ നിന്നു വരുന്ന കാഴ്‌ചകള്‍ക്ക് വലിയ ഉത്സവച്ഛായ ലഭിച്ചിരുന്നു.
വൈകുന്നേരം പുവ്വത്തൂരില്‍ നിന്നും വരുന്ന നാട്ടുകാഴ്‌ച കാണാന്‍ വലിയ തിരക്ക് അനുഭവപ്പെടുമായിരുന്നു. വളരെ സാവകാശം വരുമായിരുന്ന പ്രസ്‌തുത കാഴ്‌ചയില്‍ വ്യത്യസ്‌ത രീതിയിലുള്ള പ്രകടനങ്ങള്‍ ഉണ്ടാകുമായിരുന്നു. പന്തം വീശല്‍ പടക്കം പൊട്ടിക്കല്‍ പൂത്തിരി വീശല്‍ തുടങ്ങിയ വര്‍ണ്ണ വിസ്‌മയങ്ങളാലും കലാവിരുന്നുകളുടെ വൈവിധ്യങ്ങളാലും ഈ കാഴ്‌ച സവിശേഷമായിരുന്നു.
നാട്ടു കാഴ്ച്ചയില്‍ കളരി അഭ്യാസമുറകളുടെ വിവിധ തലത്തിലും തരത്തിലുമുള്ള പ്രദര്‍ശനം പ്രത്യേക ഇനമായിരുന്നു. മാധവപ്പണിക്കരുടെ പ്രധാന ശിഷ്യൻകൂടി ആയിരുന്ന ആര്‍.വി ഇബ്രാഹിം, ശങ്കുരു, അറക്കക്കാരൻ അബു,ടി.പി ദാമോദരൻ, എന്നിവരുടെ നേതൃത്വത്തിൽ, പുവ്വത്തൂരില്‍ നിന്നും സന്ധ്യ സമയത്തു പുറപ്പെടുന്ന നാട്ടു കാഴ്ച്ച നാടിനും നാട്ടുകാർക്കും,മാനവ മത മൈത്രി സന്ദേശം നൽകി കൊണ്ടുള്ള ഒന്നായിരുന്നു. യുവാക്കളുടെ കൂടുതല്‍ പങ്കാളിത്തമുള്ള ഈ നാട്ടുകാഴ്‌ച ജനപങ്കാളിത്തം കൊണ്ടും സമ്പന്നമായിരുന്നു.
നേര്‍ച്ച കാണാന്‍ വരുന്നവരും ആഘോഷത്തിന്റെ ഭാഗമായെന്നോണം നടക്കുന്ന അനഭിലഷണീയമായ പ്രവണതകളില്‍ അസ്വസ്ഥരാകുന്നതും പരിഭവിക്കുന്നതും കാണാമായിരുന്നു.
ചന്ദനക്കുടം നേര്‍ച്ചയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് ചില കുറിപ്പുകളും ലഖു ലേഖകളും പ്രത്യക്ഷപ്പെടുമായിരുന്നെങ്കിലും ആഘോഷം പൂര്‍വാധികം ഭംഗിയായി പുരോഗമിച്ചു കൊണ്ടേയിരുന്നു.
ഇവ്വിഷയത്തെ പരാമര്‍ശിച്ചു് 1982 ല്‍ ഏറ്റവും ഒടുവിലായി പ്രചരിപ്പിക്കപ്പെട്ട ലേഖനം ഏറെ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു.കറന്‍സികള്‍ കത്തിയെരിയുമ്പോള്‍ എന്ന തലക്കെട്ടിലുള്ള കുറിപ്പ് കൊടികയറ്റ സംഘാടകരായ കാരണവന്മാര്‍ക്ക് ഒരു പുനര്‍ വിചിന്തനത്തിന് വഴിയൊരുക്കി എന്ന് നിരീക്ഷിക്കപ്പെടുന്നു.
യുവജനവേദിയുടെ വിലാസത്തില്‍ എഴുതപ്പെട്ട കുറിപ്പിന്റെ പിന്നില്‍ ഒന്നില്‍ കൂടുതല്‍ വ്യക്തികളുടെ പേരുകള്‍ പൊതുവെ പറഞ്ഞു കേട്ടിരുന്നു. പ്രസ്‌തുത വ്യക്തികള്‍ ഇന്നേവരെ ഇക്കാര്യം നിഷേധിച്ചിട്ടുമില്ല.മതധാര്‍മിക വിധികളുടെ വിലാസത്തിനപ്പുറമുള്ള നേര്‍ച്ചോത്സവമാമാങ്കം,തിരുനെല്ലൂര്‍ മഹല്ല് നേതൃത്വത്തിന്റെ വിവേകപൂര്‍ണ്ണമായ ഇടപെടലുകളിലൂടെ നമ്മുടെ നാട്ടില്‍ നിന്നും എന്നെന്നേക്കുമായി നിര്‍മാര്‍ജനം ചെയ്യുകയായിരുന്നു.
കാട്ടില്‍ ബാബുപ്പുട്ടിയുടെ നേതൃത്വത്തില്‍ തട്ടുപറമ്പിൽ ഹനീഫ, കമാൽ അഹമ്മദ്, നൗഷാദ് അഹമ്മദ്, പി സി അബ്‌ദുള്ള തുടങ്ങിയവര്‍ ഉള്‍പ്പെട്ട മഹല്ല് പ്രവര്‍ത്തക സമിതി നിലവിലുള്ള കാലത്താണ് പള്ളിയിലെ ഗജവീരോത്സവത്തിന് അന്ത്യം കുറിച്ചത്.
=====