നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Kayaloram

കായലോരം..
നായാട്ടിനും മത്സ്യ ബന്ധനത്തിനും ഏറെ പ്രാവീണ്യമുള്ള കാരണവന്മാരും അവരുടെ മക്കളും പഴയ തലമുറയിലുണ്ടായിരുന്നു.പാണ്ടി പാടത്ത്‌ മുണ്ടന്‍ ചെമ്മീനും,പണിക്ക ചെമ്മീനും,കരിമീനും സുലഭമായിരുന്നു.ഇതില്‍ കൂട്ടത്തോടെ വലയില്‍ കുടുങ്ങുന്ന ഇനമാണ്‌ മുണ്ടന്‍ ചെമ്മീന്‍.തുറുമ്പിട്ടു പിടിക്കുക, കുരുത്തി വെച്ചു പിടിക്കുക, തപ്പിപ്പിടിക്കുക, വെള്ളവലിക്കുക തുടങ്ങിയ പേരുകളില്‍ മത്സ്യബന്ധന രീതികള്‍ ഉണ്ടായിരുന്നു.

കണ്ടാടി വല,അരിപ്പ വല,വടി വല,കോരി വല,വീശി വല തുടങ്ങി മീന്‍‌ പിടുത്തത്തിന്റെ സ്ഥലവും സൗകര്യവും അനുസരിച്ചുള്ള പ്രയോഗത്തിനനുസൃതമായ വിവിധ തരം വലകള്‍ പ്രസിദ്ധങ്ങളായിരുന്നു.

മാസാന്തങ്ങളില്‍ ഒരു പ്രത്യേക വിഭാഗം മീന്‍ പിടുത്തക്കാര്‍ വരും.അവരുടെ വേഷ വിധാനങ്ങള്‍ പോലും ഒരു പ്രത്യേകതയുണ്ടായിരുന്നു.മത്സ്യ ബന്ധനത്തിലും ഉണ്ടായിരുന്നു ചില പ്രത്യേകതകള്‍. പുഴ മുഴുവന്‍ അടിച്ചു വാരി സകലതും പിടിച്ചു വാരി വലിച്ചു കൊണ്ടൂ പോകുന്ന പ്രതീതി ഉളവാക്കിയിരുന്നതിനാല്‍ അടിച്ചൂട്ടി വലക്കാര്‍ എന്നാണ്‌ അവര്‍ അറിയപ്പെട്ടിരുന്നത്.ഉപജീവനത്തിന്റെ ഭാഗമായ കായലും കരയും വള്ളവും വെള്ളവലിയും മത്സ്യബന്ധനവും തൊണ്ടും ചകിരിയും റാട്ടും ചൂളയും ഒക്കെയായി കായലും കരയും അക്ഷരാര്‍ഥത്തില്‍ സജീവമായിരുന്നു.

മത്സ്യബന്ധനത്തില്‍ ഏറെ പ്രാവീണ്യമുള്ള മറ്റൊരു വിഭാഗമായിരുന്നു കൊട്ടളക്കാര്‍.രണ്ട്‌ കൊതുമ്പു വഞ്ചികള്‍ നിശ്ചിത ദുരത്തില്‍ ഘടിപ്പിച്ച്‌, അലകും പിടിയും വെച്ച്‌ വല ഉറപ്പിച്ച്‌ വിളക്കു കത്തിച്ച്‌ വെച്ച്‌ വഞ്ചിപ്പലകയില്‍ മുട്ടി ശബ്‌ദമുണ്ടാക്കി  രാത്രികാലങ്ങളില്‍ പുഴയില്‍ ഇറങ്ങുന്നതായിരുന്നു ഇവരുടെ സമ്പ്രദായം.ഒഴുക്കലക്കാര്‍ എന്നറിയപ്പെട്ടിരുന്ന ഒഴുക്കുവലക്കാരുടെ മത്സ്യത്തിനായിരുന്നു കൂടുതല്‍ പ്രിയം.വിലയും അതു പോലെ വീര്യത്തില്‍ കൊടുക്കണം.

പെരിങ്ങാട്‌ കായല്‍ ആഴം കുറവാണ്‌.അതിനാല്‍ പരപ്പുഴ എന്നപേരിലാണ്‌ അറിയപ്പെട്ടിരുന്നത്.കക്ക വാരലും ചെളി വാരലും വ്യാപകമായതോടെ വലിയ കുഴികള്‍ രൂപപ്പെട്ടു.സ്ഥിരമായി കായലില്‍ പോകുന്നവര്‍‌ക്കും ജലഗതാഗതത്തിനു വരെ അപകടം സൃഷ്‌ടിച്ചു.

തീര ദേശ ഗ്രാമങ്ങലിലുള്ളവര്‍ ജല ഗതാഗതം വളരെ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു.വാടാനപ്പള്ളി,കണ്ടശാങ്കടവ്,മുറ്റിച്ചൂര്‍,കോടമുക്ക് ‌  പുളിക്കകടവ്‌, ചേറ്റുവ, ഒരുമനയൂര്‍, വെന്മേനാട്‌, അങ്ങാടിത്താഴം ചവക്കാട്‌ തുടങ്ങിയ സ്ഥലങ്ങലിലേയ്ക്ക്‌ കുടും‌ബസമേതമുള്ള യാത്രകള്‍‌ക്കും മറ്റും ജല ഗതാഗതം തന്നെയായിരുന്നു മുഖ്യമായും ആശ്രയിച്ചിരുന്നത്.

ഒരുകാലത്തു  വാഹനം വഞ്ചി തന്നെ ആയിരുന്നു.തൊയക്കാവ്, ചേറ്റുവ, വട്ടേകാട്, കടപ്പുറം, മുതലായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്‌തിരുന്നതും, കല്യാണങ്ങൾ വരെ നടന്നിരുന്നതും ഇതേ കടവത്തുനിന്നും ഉള്ള വഞ്ചി മാർഗം ആയിരുന്നു.. അതിന്റെ അമരക്കാരന്‍ (വഞ്ചി കുത്തുന്ന ആൾ). കടവത്തു തന്നെ താമസിച്ചിരുന്ന ബീരാവുക്ക ആയിരുന്നു.

എന്തിന്‌ ഏറെ പറയുന്നു.എഴുപതുകളില്‍ വെന്മേനാട് സ്‌കൂളില്‍ പഠിക്കാൻ പോയിരുന്നത് വരെ ഇതേ കടവത്തു നിന്നും (മഴക്കാലത്ത്) വഞ്ചി മാർഗം  ആയിരുന്നു  അത് പോലെ വട്ടേകാട്‌, നേർച്ച, പുന്നക്ക ചാൽ നേർച്ച - കടപ്പുറം,ചേറ്റുവ നേർച്ച... ഇതിനെല്ലാം രാത്രി സമയം.....നിലാവിന്റെ വെളിച്ചത്തിൽ...പുഴയിൽ കൂടി വഞ്ചിയിൽ പോകുമായിരുന്നു..കടവത്തു മുഹമ്മദ്‌ക്ക, പടിഞ്ഞായിൽ ഇബ്രാഹിം കുട്ടിക്ക പോലുള്ളവരുടെ നേതൃത്വത്തിൽ ആയിരുന്നു ഈ പുഴ നീന്തിയുള്ള യാത്ര.വഞ്ചി തുഴയല്‍ ഒരു കലയും കൂടി ആണ് എല്ലാവരെ കൊണ്ടും സാധിക്കുകയും ഇല്ല.കായലും വഞ്ചിയും യാത്രയും കുട്ടികൾ‌ക്ക്‌ വലിയ ആവേശമാണ്‌. ഇന്നും അതൊക്കെ ഓർക്കുമ്പോൾ.. പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തോന്നുന്നു.... അക്കാലത്തെ ഹൃദ്യമായ അനുഭവങ്ങളെ സൗഹൃദവലയത്തെ എല്ലാം ഒരു നിമിഷം പ്രാര്‍‌ഥനയോടെ ഓർത്തു പോകുന്നു

പടിഞ്ഞാറക്കരയില്‍ സ്‌ക്കൂള്‍ പറമ്പും കിഴക്കേകരയില്‍ മഞ്ഞിയില്‍ പറമ്പും കേളികേട്ട കളിപ്പറമ്പുകളായിരുന്നു. ഉപ്പും പക്ഷി,ആട്ടക്കളം പൂട്ടല്‍, കബഡി,പന്തു കളി,കാറ കളി,ഗോട്ടി കളി,കുറ്റിയും കോലും കളി,മേഡാസ്‌ തുടങ്ങിയവയായിരുന്നു അക്കാലത്തെ പ്രചാരം നേടിയ കളികള്‍.


ആര്‍.കെയുടെ ഓര്‍‌മകള്‍...
സമാഹരണം:- മഞ്ഞിയില്‍

(തുടരും)