നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label പദ്ധതികളുമായി. Show all posts
Showing posts with label പദ്ധതികളുമായി. Show all posts

Friday, 10 November 2023

സാന്ത്വന സേവന സരണിയില്‍

ദോഹ:സാന്ത്വന സേവന പാതയില്‍ പുതിയ തുടക്കം കുറിച്ച ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ സംഗമം ധന്യമായി.ഖ്യുമാറ്റ് പ്രസിഡന്റ്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ഏഷ്യന്‍ റസ്റ്റോറന്റില്‍ വിളിച്ചു ചേര്‍‌ത്ത യോഗത്തില്‍ മഹല്ല്‌ കൂട്ടായ്‌മയുടെ പഴയകാല ചരിത്രങ്ങളും പൂര്‍‌വ്വികരുടെ സം‌ഭാവനകളും അനുസ്‌മരിക്കപ്പെട്ടു.ഖ്യുമാറ്റ് പ്രാരം‌ഭകാല സാരഥികളില്‍ പ്രമുഖനായ ഹാജി അബ്‌‌ദുറഹിമാന്‍ സാഹിബിന്റെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍‌ത്ത യോഗം അം‌ഗങ്ങളുടെ പ്രാതിനിധ്യം കൊണ്ട് സമ്പന്നമായിരുന്നു.

പ്രവാസത്തോളം പഴക്കമുള്ള സം‌വിധാനമാണ്‌ പ്രവാസി തിരുനെല്ലൂര്‍ കൂട്ടായ്‌മ.പരിമിതമായ ഭൗതിക സാഹചര്യങ്ങളില്‍ നിന്നു കൊണ്ട് പടുത്തുയര്‍‌ത്തിയ പ്രവാസി സം‌ഘത്തിന്റെ ദീര്‍‌ഘകാല പ്രവര്‍‌ത്തനങ്ങളും ഘട്ടം ഘട്ടമായുണ്ടായ കുതിപ്പും കിതപ്പും വളര്‍‌ച്ചയും വികസനവും വിലയിരുത്തപ്പെട്ടു.തുടര്‍‌ന്ന്‌ ഹാജിയുടെ ബഹുമാനാര്‍‌ഥം ഖ്യുമാറ്റ് മൊമെന്റൊ നല്‍‌കി ആദരിച്ചു.

മധേഷ്യയിലെ പുതിയ സാഹചര്യത്തിലെ സം‌ഭവ വികാസങ്ങള്‍ ഓര്‍‌മ്മിപ്പിച്ചു കൊണ്ടും യുദ്ധക്കെടുതിയില്‍ പ്രയാസമനുഭവിക്കുന്ന ഫലസ്‌തീന്‍ ജനതക്ക് വേണ്ടി പ്രാര്‍‌ഥിച്ചു കൊണ്ടുമായിരുന്നു അജണ്ടയിലെ ഇതര പരിപാടികളിലേക്ക്‌ കടന്നത്.ഖ്യുമാറ്റ് സാന്ത്വനം ചെയര്‍‌മാന്‍ യൂസുഫ് ഹമീദ്,മീഡിയ സെക്രട്ടറി അസീസ് മഞ്ഞിയില്‍,പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളായ കെ.ജി റഷാദ്,ആരിഫ് ഖാസ്സിം തുടങ്ങിയവര്‍  ആശം‌സകള്‍ നേര്‍‌ന്നു.

ഹാജി അബ്‌ദു‌റഹിമാന്‍ സാഹിബ് മറുപടി പ്രസം‌ഗം നടത്തി.പൂര്‍‌വ്വികരുടെ സങ്കല്‍‌പങ്ങളെ കെടാതെ സൂക്ഷിക്കുന്ന പുതിയ തലമുറയുടെ കര്‍‌മ്മ നൈരന്തര്യത്തെ അദ്ദേഹം പ്രശം‌സിച്ചു.സാന്ത്വന സേവന രം‌ഗത്ത് ഒരു പടി കൂടെ മുന്നിടാനും അദ്ദേഹം അഭ്യര്‍‌ഥിച്ചു.അഥവാ  പ്രദേശത്ത് ഒരു പാലിയേറ്റീവ് ക്ലിനിക് ഒപ്പം ആം‌ബുലന്‍‌സ് സേവനവും ഈ കൂട്ടായ്‌മയുടെ അജണ്ടയിലുണ്ടായിരിക്കണമെന്ന്‌ അടിവരയിട്ടുകൊണ്ടായിരുന്നു വാക്കുകള്‍ ഉപസം‌ഹരിച്ചത്.നമ്മുടെ ചിരകാലാഭിലാഷം സഫലമാക്കാനാകും എന്ന്‌ അധ്യക്ഷന്‍ ഷറഫു ഹമീദ് പ്രത്യാശ പ്രകടിപ്പിച്ചു.പ്രസ്‌തുത പദ്ധതിയുടെ തുടര്‍ ചലനങ്ങള്‍ ഹാജിയുടെ നേതൃത്വത്തിലായിരിക്കുമെന്നും അധ്യക്ഷന്‍ സദസ്സില്‍ അറിയിച്ചു.ജനറല്‍ സെക്രട്ടറി കെ.ജി റഷീദ് സ്വാഗതവും ജോ.സെക്രട്ടറി ഫൈസല്‍ അബ്‌ദുല്‍ കരീം നന്ദിയും പ്രകാശിപ്പിച്ചു.