നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 25 August 2019

മുഹമ്മദന്‍സ്‌ കാരുണ്യ ഹസ്‌തം

തിരുനെല്ലൂര്‍:കേരളത്തെ ആകെ ദുഃഖത്തിലാഴ്ത്തിയ പ്രളയത്തിലും ഉരുൾപൊട്ടലിലും യാതന അനുഭവിക്കുന്ന,ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത വിധം സർവ്വതും നഷ്ടപ്പെട്ട നിലമ്പൂരിലെയും  കവളപ്പാറയിലെയും സമീപ ഗ്രാമങ്ങളിലേയും ഹത ഭാഗ്യരായ സഹോദരങ്ങൾക്ക് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സർവ്വോപരി മനുഷ്യ ധർമ്മത്തിന്റെയും സമാശ്വാസ ഹസ്തങ്ങളുമായി മുഹമ്മദൻസ്‌ തിരുനെല്ലൂരിന്റെ നേതൃത്വത്തിൽ സന്നദ്ധ സേവന സം‌ഘം പുറപ്പെടുന്നു.

ആധുനിക സാങ്കേതിക ഓണ്‍ ലൈന്‍ സംവിധാനങ്ങൾ വഴിയും നേരിട്ടും ഒട്ടേറെ സുമനസ്സുകളുടെ സഹായം ലഭിച്ചു കൊണ്ടിരിക്കുന്നതായി മുഹമ്മദന്‍‌സ്‌ വൃത്തങ്ങള്‍ പറഞ്ഞു.

ദുരന്തഭൂമിയിലെ ജനങ്ങൾക്ക്‌ ആവശ്യമായ അവശ്യ സാധനങ്ങളുടെ ശേഖരണത്തിനായി  ആഗ്സ്റ്റ്‌ 25 ന്‌ സമാഹരണ സം‌രം‌ഭത്തിനു നാട്ടില്‍ തുടക്കം കുറിയ്‌ക്കും.

വീടുകളിൽ ഉപയോഗിക്കാതെ വെച്ചിട്ടുള്ള പാത്രങ്ങൾ, ചെമ്പുകൾ, വിവിധ ഗൃഹോപകരണങ്ങള്‍ തുടങ്ങി ഉപയോഗ പ്രദങ്ങളായ വീട്ടുസാധനങ്ങൾ സമാഹരിക്കുക എന്നതാണ്‌ പ്രധാന ഉദ്ദേശം.

ഈ സേവന മാര്‍‌ഗത്തിൽ പ്രദേശ വാസികള്‍ എല്ലാവരും പങ്കു ചേരണമെന്ന് മുഹമ്മദന്‍സ്‌ അഭ്യർത്ഥിച്ചു.

സമാഹരണത്തിനു ശേഷം ഒരു ദൗത്യ സം‌ഘം പ്രളയ ദുരിത മേഖലയിലേയ്‌ക്ക്‌ പുറപ്പെടുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.