നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 19 August 2010

വ്രത വിശുദ്ധിയിലൂടെ സംസ്‌കൃതരാകുക.


ദോഹ:
ശുദ്ധമായ സംസ്കാരത്തെ സ്വായത്തമാക്കാനുള്ള തീവ്രയത്നം നടത്തി അത്‌ യഥാവിധി ജീവിതത്തില്‍ പകര്‍ത്താനുള്ള സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്താന്‍ മഹല്ല്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ അഹ്വാനം ചെയ്‌തു. യഥാര്‍ഥ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സകല ശിക്ഷണങ്ങളും നേടിയെടുക്കാന്‍ കഴിയുന്ന ഈ പുണ്യങ്ങളുടെ വിളവെടുപ്പ് കാലം പ്രയോജനപ്പെടുത്തുന്നതില്‍ ഓരോ വിശ്വാസിയും ബദ്ധശ്രദ്ധരായിരിക്കണം. മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ഇഫ്‌താര്‍ സംഗമത്തെ അഭിസംബോധനചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്‌ .

മുസ്‌ലിം ആകുക എന്നാല്‍ നല്ല മനുഷ്യനാകുക എന്നാണ്‌ അര്‍ഥമാക്കേണ്ടത്.ഇതാകട്ടെ ജന്മം കൊണ്ടല്ല മറിച്ച് കര്‍മ്മം കൊണ്ടാണ്‌ സാധ്യമാകേണ്ടത്‌.വിശുദ്ധ ഖുര്‍ആന്‍ വിവരിച്ച്‌ തരുന്ന പ്രവാചകന്മാരുടെ ചരിതങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്‌.

ആദമിന്റെ രണ്ട്‌ പുത്രന്മാരുടെ കഥ രണ്ട് സംസ്‌കാരത്തെയാണ്‌ പ്രതിനിധാനം ​ചെയ്യുന്നത്.രണ്ടും ആദമിന്റെ മക്കളാണ്‌.ഇബ്രാഹീം നബിയുടേയും പിതാവിന്റെയും ,നൂഹ്‌ നബിയുടേയും പുത്രന്റേയും കഥകളൊക്കെ വളരെ വ്യകതമായ രണ്ട് നിലപാടുകളെയാണ്‌ വരച്ചു്‌ കാണിക്കുന്നത്‌.

രക്തബന്ധവും കുടുംബ ബന്ധവും എന്നതിലുപരി മാനുഷിക ധാര്‍മ്മിക സദാചാര മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധങ്ങള്‍ തിട്ടപ്പെടുന്ന രൂപമാണ്‌ വിശുദ്ധ ഖുര്‍ആന്റെ വിഭാവന.നന്മയുടെ ചേരി തിന്മയുടെ ചേരി . അസീസ്‌ വിശദീകരിച്ചു.

തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലും സംഭാഷണങ്ങളിലും സദസ്സിന്റെ സജിവ പങ്കാളിത്തമുണ്ടായി.
റമദാനിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ സഹകരിച്ച നാട്ടുകാരെ അധ്യക്ഷന്‍ അനുമോദിച്ചു.

റമദാന്‍ അവസാനത്തില്‍ മഹല്ലില്‍ ഇഫ്‌താര്‍ സംഗമം നടത്താനും .പെരുന്നാള്‍ അവധിയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഈദ്‌ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു.ഇഫ്‌താറിനും പ്രാര്‍ഥനയ്‌ക്കും ശേഷം വൈകീട്ട് 7 ന്‌ സംഗമം അവസാനിച്ചു.