നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 13 February 2019

ഷറഫു ഐ.എസ്‌.സി വൈസ്‌ പ്രസിഡന്റ്‌

ദോഹ:ഖത്തറിലെ ഇന്ത്യന്‍ സ്‌പോര്‍‌ട്‌സ്‌ സെന്റര്‍ വൈസ്‌ പ്രസിഡന്റ്‌ പദവിയിലേയ്‌ക്ക്‌ ഷറഫു പി.ഹമീദ്‌ നിയുക്തനായതായി ഐ.എസ്‌.സി വൃത്തങ്ങള്‍ അറിയിച്ചു.ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ പ്രത്യേക താല്‍‌പര്യം മാനിച്ച്‌ കൊണ്ടാണ്‌ പുതിയ നിയോഗം.ഇന്ത്യന്‍ സ്‌പോര്‍‌ട്ട്‌‌സ്‌ സെന്റര്‍ ഖത്തറിന്റെ മാനേജിങ് ബോഡി അം‌ഗമായി 2019 ജനുവരി രണ്ടാം വാരത്തിലായിരുന്നു ഷറഫു ഹമീദ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

2019 ലെ ഖത്തര്‍ കായിക ദിനം തിരുനെല്ലൂര്‍ പ്രവാസികള്‍‌ക്ക്‌ മറ്റൊരു സന്തോഷ വാര്‍‌ത്തയുമായി പുലര്‍‌ന്നതില്‍ മേഖലയിലെ കായിക പ്രേമികള്‍  ആവേശഭരിതരാണ്‌.

ഇന്ത്യന്‍ കായിക ലോകത്തെ ഖത്തറുമായി ബന്ധിപ്പിക്കുന്ന സുശക്തമായ വേദിയായി ഐ.എസ്‌.സി രൂപാന്തരപ്പെടും.പ്രവാസ ലോകത്തെ ഇന്ത്യന്‍ പ്രതിഭകള്‍‌ക്ക്‌ തിളങ്ങാനുള്ള അവസരങ്ങളൊരുക്കുന്നതിലും നിതാന്ത ജാഗ്രതയുണ്ടാകും.കാലങ്ങളായി കാത്തു സൂക്ഷിച്ച സങ്കല്‍‌പത്തിന്റെ സാക്ഷാല്‍‌കാരത്തിന്‌ അരങ്ങിലും അണിയറയിലും പ്രവര്‍‌ത്തിച്ചവര്‍‌ക്ക്‌ ഷറഫു ഹമീദ്‌ നന്ദി പ്രകാശിപ്പിച്ചു.

ഇന്ത്യന്‍ സമൂഹത്തിന്റെ കായിക വിഭാഗമായ ഐ.എസ്‌.സിയില്‍ പുതിയ അടയാളപ്പെടുത്തലുകള്‍‌ക്ക്‌ നാന്ദി കുറിക്കാന്‍ പുതിയ പ്രതിനിധാനത്തിന്‌ സാധ്യമാകട്ടെ എന്ന്‌ തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ മാധ്യമ ശബ്‌ദമായ ദിതിരുനെല്ലൂര്‍ ആശം‌സിച്ചു.

മുഹമ്മദന്‍‌സ്‌ ഖത്തര്‍,ഉദയം പഠനവേദി തുടങ്ങിയ സ്വദേശത്തും വിദേശത്തും ഉള്ള സം‌ഘങ്ങളും സം‌ഘടനകളും ഷറഫു ഹമീദിന്റെ പുതിയ സ്ഥാനലബ്‌ധിയില്‍ ആശംസകള്‍ അറിയിച്ചു.

ഖത്തറിലെ പ്രവാസലോകത്ത്‌ ഇന്ത്യന്‍ സമൂഹത്തെ  ഇതര സമൂഹങ്ങളുമായി ഏറെ സമ്പന്നമായ കായിക ഭൂമികയിലൂടെ പ്രതിനിധാനം ചെയ്യാന്‍ നിമിത്തമാകുന്ന വേദിയില്‍ ഒരു തിരുനെല്ലൂര്‍‌ക്കാരന്റെ പ്രൗഡ സാന്നിധ്യം പ്രശം‌സനീയം.സ്വദേശത്തു നിന്നും വിദേശത്ത്‌ നിന്നും അഭിനന്ദന പ്രവാഹം ആഹ്‌ളാദകരം.

യുവാക്കള്‍‌ക്ക്‌ 'ഗള്‍‌ഫ്‌ ' ഹരം പകര്‍‌ന്നു കൊണ്ടിരുന്ന എമ്പതുകളുടെ ഒടുവില്‍ തൊണ്ണൂറുകളില്‍ ജോലി തേടി ദോഹയിലെത്തി.എന്തിനും ഏതിനും ഒരേയൊരാശ്രയമായിരുന്ന പഴയ ബിസ്‌മില്ലാ സൂഖില്‍ ഇരിടത്തരം സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചുകൊണ്ടായിരുന്നു ഷറഫു ഹമീദിന്റെ പ്രവാസ ജീവ്തത്തിന്റെ തുടക്കം.പണമിടപാടു കേന്ദ്രങ്ങള്‍ ഇറാന്‍ വം‌ശജര്‍ കുത്തകയാക്കിരുന്ന സന്ദര്‍‌ഭം.നല്ല കച്ചവടക്കണ്ണുള്ള ഇറാന്‍ വം‌ശജന്റെ പണമിടപാടു കേന്ദ്രത്തില്‍ കുറഞ്ഞ നാളുകള്‍‌കൊണ്ട്‌ മികച്ച സേവനം കാഴ്‌ചവെക്കാന്‍ കഴിഞ്ഞുവെന്നതായിരിക്കണം ഈ കര്‍‌മ്മ നിരതന്റെ വിജയം.ജോലിയില്‍ പ്രവേശിച്ച മൂന്നാം വര്‍‌ഷത്തില്‍ തന്നെ സ്ഥാപനത്തിന്റെ മുഖം തന്നെ മാറ്റിയെടുക്കാനുള്ള യജ്ഞങ്ങള്‍‌ക്ക്‌ അനുകൂല സാഹചര്യം സൃഷ്‌ടിച്ചെടുക്കാന്‍ സാധിച്ചതിലൂടെയായിരിക്കണം സിറ്റി ശ്രം‌ഖലയുടെ അഭിമാനകരമായ നേട്ടം.

ദോഹയുടെ പുരോഗതിക്കനുസരിച്ചുള്ള മുന്നേറ്റങ്ങള്‍ അവസരത്തിനൊത്ത്‌ മെനഞ്ഞെടുക്കുന്നതില്‍ ഉത്തരവാദപ്പെട്ടവരോടൊപ്പം ഇരിപ്പിടം ഉറപ്പിക്കുന്നതിലും ഈ ഊര്‍‌ജ്ജസ്വലന്‍ തിളങ്ങി.വിദൂര വിദ്യാഭ്യാസ സൗകര്യം യഥോചിതം പ്രയോജനപ്പെടുത്തി ഔദ്യോഗിക വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താനും ഇദ്ധേഹം അവസരം കണ്ടെത്തി.നിയോഗിക്കപ്പെട്ട ഇടങ്ങളില്‍ ആത്മാര്‍‌പ്പണം ചെയ്‌ത്‌ നിസ്വാര്‍‌ഥ സേവകനായി കര്‍‌മ്മ നിരതനായപ്പോള്‍ സഹ പ്രവര്‍‌ത്തകരുടെ സഹകരണത്തോടെ ഒരോ ഗോളും ലക്ഷ്യ സ്ഥാനത്തെത്തിക്കാന്‍ ഷറഫു ഹമീദിന്‌ കഴിഞ്ഞു.ഖത്തറില്‍ ഏറെ പ്രസിദ്ധമാര്‍‌ന്ന സിറ്റി എക്‌സേഞ്ച്‌ ശൃംഖലകളുടെ സി.ഇ.ഒ പദവിയ്‌ക്കൊപ്പം ഇതര മേഖലകളിലുള്ള പദവികളിലും ഷറഫു ഹമീദ് ഉപവിഷ്‌ടനാണ്‌.

ഔദ്യോഗികമായ തിരക്കുകള്‍‌ക്കിടയിലും സാമൂഹിക സേവന സം‌രം‌ഭങ്ങളിലും സജീവ സാന്നിധ്യമറിയിക്കാനും ഈ സഹൃദയന്‌ കഴിയുന്നുണ്ട്‌.ജില്ലാ പ്രാദേശിക തലങ്ങളിലുള്ള വിവിധ സന്നദ്ധ സംരം‌ഭങ്ങളില്‍ നിറ സാന്നിധ്യമാണ്‌.നിസ്വാര്‍‌ഥനായ ഈ സാമൂഹിക സേവകന്‌ വിവിധ രം‌ഗങ്ങളില്‍നിന്നും അം‌ഗീകാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്‌.പ്രദേശത്തെ സാമുഹ്യ സാം‌സ്‌കാരിക വൈജ്ഞാനിക വേദിയായ ഉദയം പഠനവേദിയുടെ പ്രാരം‌ഭ കാലത്ത്‌ തന്നെ ഇതിന്റെ സഹകാരിയും സഹചാരിയുമാണ്‌.തന്റെ ഗ്രാമത്തിലുള്ളവരുടെ പ്രവാസി സം‌ഘടനയായ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ സാരഥി കൂടെയാണ്‌ ഷറഫു ഹമീദ്‌.