നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 10 September 2015

ചമ്രവട്ടം വഴി ഒരു യാത്ര

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ഇപ്പോള്‍ നാട്ടില്‍ അവധിയിലുള്ള പ്രതിനിധികളായ ഷിഹാബ്‌ എം.ഐ,ഇസ്‌മാഈല്‍ ബാവ,അസ്‌ലം ഖാദര്‍ മോന്‍,ഇബ്രാഹീം കുട്ടി വടക്കന്റെകായില്‍,ഹുസൈന്‍ ഹാജി,അസീസ്‌ മഞ്ഞിയില്‍ എന്നിവര്‍ ചേര്‍‌ന്നു തിരുനെല്ലൂര്‍ മഹല്ലു പള്ളിയില്‍ വിരിക്കാനുള്ള കാര്‍‌പറ്റ് അന്വേഷിച്ച്‌ ഇറങ്ങി പുറപ്പെട്ടു.ആദ്യം തിരൂരിലേക്കായിരുന്നു യാത്ര.ചമ്രവട്ടം പാലം വഴിയായിരുന്നു യാത്ര.പാലം കടന്നു അധികം താമസിയാതെ ഹാജിയുടെ മൊബൈലില്‍ നിന്നും ദുഹര്‍ ബാങ്ക്‌ മുഴങ്ങി.വഴിയരികില്‍ പാര്‍‌ക്കിങ് സൗകര്യമുള്ള ഒരു പള്ളിക്കരികില്‍ വാഹനം നിര്‍‌ത്തി നിസ്‌കരിച്ചു.വീണ്ടും യാത്ര തുടങ്ങി.പിറക്കാനിരിക്കുന്ന സുവവനീറില്‍ ചര്‍‌ച്ച പുരോഗമിച്ചപ്പോള്‍ പഴങ്കഥകള്‍ ഇളകാന്‍ തുടങ്ങി.പൊന്നേങ്കടത്ത്‌ നിന്നു പുറ്പ്പെടുന്ന കൊടികയറ്റ കാഴ്‌ചക്കിറങ്ങിയ കൊച്ചു മിടുക്കന്റെ വള്ളി ട്രൗസര്‍ ഓട്ടത്തില്‍ അഴിഞ്ഞു വീണതും കാമറയില്‍ പകര്‍‌ത്തിയതും ഇസ്‌മാഈല്‍ വിവരിച്ചു തുടങ്ങിയപ്പോള്‍ ഇതൊക്കെ വെച്ചുണ്ടാക്കിയതാണെന്നായി ഹാജി.അതോടെ കഥാ പുരുഷനായിരുന്നെന്ന സം‌ശയം അലിഞ്ഞില്ലാതായി.കോഴിക്കോട്‌ ആദ്യമായി പോയ കഥ മഞ്ഞിയില്‍ തുടങ്ങി വെച്ചു.സി.എച് സിം‌ഹാസനത്തിലുണ്ടായിരുന്ന ലീഗ് സമ്മേളനത്തിനു തട്ടു പറമ്പില്‍ ഖാദര്‍ സാഹിബിന്റെ നേതൃത്വത്തില്‍ പുറപ്പെട്ട കഥ അല്‍‌പം തൊങ്ങും പൊടിപ്പും വെച്ചു എല്ലാവരും വിവിരിച്ചു.കൂട്ടത്തില്‍ സിന്ദാബാദ്‌ വിളിച്ചുള്ള മൈക് ആര്‍‌ക്കും കൈമാറാത്ത മുഹമ്മദ്‌ക്കയോടുള്ള അരിശം ഇപ്പോഴും ചിലരെങ്കിലും സൂക്ഷിക്കുന്നുണ്ടെന്നു പോലും തോന്നിപ്പോയി.വെടിയും പൊയ്‌വെടിയുമായി തിരൂരിലെത്തിയതറിഞ്ഞില്ല.

തിരൂരില്‍ ചില സ്ഥാപനങ്ങളില്‍ കയറി നോക്കിയെങ്കിലും ഉദ്ധേശിച്ചത്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല.കോട്ടക്കലില്‍ നിന്നും ഒരു പക്ഷെ കിട്ടാന്‍ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ അങ്ങോട്ട്‌ പുറപ്പെട്ടു.ഈ യാത്രയില്‍ ചര്‍‌ച്ച പ്രകൃതിയിലേക്ക്‌ മാറി.അഥവ പ്രകൃതി ചികത്സയിലേക്ക്‌.ഈ ചര്‍‌ച്ച ഏറെക്കുറെ ഏക പക്ഷീയമായിരുന്നു.കോട്ടക്കല്‍ വരെ മഞ്ഞിയില്‍ വധം തുടര്‍‌ന്നു.മുന്‍ സീറ്റില്‍ നിന്നും ഇസ്‌മാഈല്‍ ബാവ 'കോട്ടക്കല്‍ എത്തീട്ടാ.

കോട്ടക്കലിലും ഒന്നു രണ്ട്‌ സ്ഥലങ്ങളില്‍ കയറിയിറങ്ങിയെങ്കിലും ഫലം നാസ്‌തി.അപ്പോഴേക്കും സമയം രണ്ടു കഴിഞ്ഞിരുന്നു.വൃത്തിയും വെടിപ്പും ഒക്കെയുള്ള ഒരു ഭക്ഷണശാലയില്‍ കയറിയിട്ടുമതി ഇനിയുള്ള അന്വേഷണം എന്നു സെക്രട്ടറി ഷിഹാബ്‌ പറഞ്ഞപ്പോള്‍ നിമിഷാര്‍‌ധം കൊണ്ട്‌ എല്ലാവരും പിന്താങ്ങി.പിന്നെ മധ്യേഷ്യന്‍ ഭക്ഷണമാണെങ്കില്‍ ഒരിടം ഇവിടെയുണ്ടെന്നു മഞ്ഞിയില്‍ പറഞ്ഞു നാക്കെടുക്കും മുമ്പ്‌ എനിക്കും എനിക്കും അറിയാമെന്നായി ഹുസൈന്‍ ഹാജിയും ഷിഹാബും.ചുരുക്കിപ്പറഞ്ഞാല്‍ കോട്ടക്കലില്‍ നിന്നും ഗുരുവായൂര്‍ റോഡിലുള്ള പ്രസ്‌തുത സ്ഥലത്തു തന്നെ കയറി.ഒന്നര കിലോ കബാബും കുറച്ചു ഖുബൂസും പിന്നെ രണ്ട്‌ പാത്രം മന്തിച്ചോറും.അതു മതി.യാത്രയില്‍ അധികം കഴിക്കുന്നത്‌ നല്ലതല്ലെന്നു മഞ്ഞിയിലും.

എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഇന്നത്തെ പരിപാടി അവസാനിപ്പിക്കാമെന്ന അഭിപ്രായം അം‌ഗീകരിക്കപ്പെട്ടു.അടുത്ത ശനിയാഴ്‌ച കോഴിക്കോട്‌ പോകാമെന്ന തിരുമാനത്തില്‍ തിരിച്ചു പോന്നു.

ഭക്ഷണം കഴിച്ചതിന്റെ ക്ഷീണം കാരണമാണ്‌ ഇന്നത്തെ അന്വേഷണം തല്‍‌ക്കാലം നിര്‍‌ത്തിവെച്ചതെന്നു അസൂയക്കാരാരെങ്കിലും പറഞ്ഞാല്‍ അതൊന്നും വിശ്വസിക്കരുതെന്നു മാത്രം അഭ്യര്‍‌ഥിക്കുന്നു.അല്ലെങ്കിലും അഞ്ചാറുപേര്‍ കൂടി രണ്ട്‌ താല മന്തിയല്ലേകഴിച്ചിട്ടുള്ളൂ.തിരിച്ചുപോരുമ്പോള്‍ നല്ല ഈണത്തില്‍ ചിലര്‍ കൂര്‍‌ക്കം വലിച്ചുകൊണ്ടേയിരുന്നു.വാഹനത്തിനു സിലണ്ടറിന്റെ എണ്ണം വര്‍‌ദ്ധിപ്പിച്ചാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഉപകാരപ്പെടുമെന്നും മഞ്ഞിയില്‍ അഭിപ്രായപ്പെടുകയും ചെയ്‌തു.വളാഞ്ചേരി എത്തും മുമ്പേ അസര്‍ ബാങ്ക്‌ കേട്ടു.ഒരു ചെറിയ ബ്രേക്.നിസ്‌കാരം കഴിഞ്ഞു വീണ്ടും യാത്ര.ഒരു കൂട്ടായ്‌മയുടെ ആവശ്യത്തെ മുന്‍‌നിര്‍‌ത്തിയുള്ള ഒരു കൊച്ചു കൂട്ടത്തിന്റെ യാത്ര ഏറെ ഹൃദ്യമായിരുന്നു.
ഇന്‍‌ശാ അല്ലാഹ്.ബാക്കി അടുത്ത ശനിയാഴ്‌ചക്ക്‌ ശേഷം എഴുതാം.