നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 5 October 2019

പ്രത്യാശയോടെ

ദോഹ:നിസ്വാര്‍‌ഥ സേവകരായവര്‍ മഹല്ലിലും അനുബന്ധ സംവിധാനങ്ങളിലും ഉള്ള നേതൃ പദവിയിലേക്കും പ്രവര്‍‌ത്തക സമിതിയിലേക്കും തെരഞ്ഞെടുക്കപ്പെടട്ടെ എന്നതാണ്‌ ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസി സം‌ഘത്തിന്റെ പ്രത്യാശയും പ്രാര്‍‌ഥനയും.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുര്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ പറഞ്ഞു.ഗ്രാന്റ്‌ ഖത്തര്‍ പാലസില്‍ വിളിച്ചു ചേര്‍ക്കപ്പെട്ട അസോസിയേഷന്‍ പ്രവര്‍‌ത്തക സമിതിയില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു ഷറഫു ഹമീദ്.

തികച്ചും മാതൃകാപരമായ ശീലും ശൈലിയും ക്രമപ്രവൃദ്ധമായി സ്വായത്തമാക്കിയ അസോസിയേഷന്‌,ഇവ്വിഷയത്തില്‍ സം‌ശുദ്ധമായ ചിത്രവും ചരിത്രവുമാണ്‌ എന്നത്‌ അഭിമാനാര്‍‌ഹമാണ്‌.മഹല്ലില്‍ പുതിയ തെരഞ്ഞെടുപ്പ്‌ സമാഗതമായ വാര്‍ത്തയും വര്‍‌ത്തമാനവും വിശദികരിച്ചു കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണത്തെ റമദാന്‍ പ്രമാണിച്ചുള്ള സംഗമവും അനുബന്ധ സഹായ വിതരണങ്ങളും ഭം‌ഗിയായി നിര്‍‌വഹിക്കാന്‍ നേതൃത്വം കൊടുത്ത, അവധിയില്‍ നാട്ടിലുണ്ടായിരുന്ന പ്രവര്‍‌ത്തക സമിതി അംഗങ്ങള്‍ അഭിനന്ദനമര്‍‌ഹിക്കുന്നതായി പ്രവര്‍‌ത്തക സമിതി നിരീക്ഷിച്ചു. ഹാരിസ്‌,നാസര്‍,ഷറഫു,തൗഫീഖ്‌,ഫൈസല്‍,അനസ്‌ ഉമര്‍ തുടങ്ങിയ അം‌ഗങ്ങളുടെ കര്‍‌മ്മനിരതമായ സേവനവും ശ്രമദാനവും ഏറെ ശ്ലാഘനീയമാണെന്നും അധ്യക്ഷന്‍ അനുസ്‌മരിച്ചു.

മാസാന്ത സാന്ത്വനം സമയ ബന്ധിതമായി നടക്കുന്നതില്‍ സാന്ത്വനം പദ്ധതിയുടെ നേതൃത്വം വഹിക്കുന്ന യൂസുഫ്‌ ഹമീദ്‌ സമാശ്വാസം പ്രകടിപ്പിച്ചു.ബലിപെരുന്നാള്‍ പ്രമാണിച്ച് തെരഞ്ഞെടുക്കപ്പെട്ട വീടുകള്‍‌ക്ക്‌ വിശേഷാല്‍ സഹായമെത്തിക്കാന്‍ കഴിഞ്ഞതിലും സമിതി സം‌തൃപ്‌തി രേഖപ്പെടുത്തി.

വിദ്യാഭ്യാസത്തിനും സ്വഭാവ സംസ്‌കരണത്തിനും ഊന്നല്‍ നല്‍‌കുന്നതില്‍ ഒരു പടികൂടെ മുന്നോട്ടു പൊകേണ്ടതുണ്ടെന്ന അഭിപ്രായം അടിവരയിടുന്നതായിരുന്നു സീനിയര്‍ അംഗം യുസഫ്‌ ഹമിദിന്റെ അഭിപ്രായം.വിശിഷ്യാ മദ്യത്തിനും മയക്കുമരുന്നിനും വിധേയപ്പെട്ട് യുവ സമൂഹം തങ്ങളുടെ ജീവിതം തുലച്ചു കളയുന്ന ഇക്കാലത്ത് സാധ്യമാകുന്ന സകല സാധ്യതകളും സാങ്കേതിക സൗകര്യങ്ങളും ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചും ജാഗ്രത പാലിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നതായും അംഗങ്ങള്‍ വിലയിരുത്തി.

സാംസ്‌കാരിക ജീര്‍‌ണ്ണതകളുടെ സകല പരിതിയും പരിമിതിയും തകര്‍‌ന്നടിഞ്ഞ ഇക്കാലത്ത് കൃത്യവും വ്യക്തവുമായ വിഭാവനകളിലൂടെ വരും തലമുറയെ രക്ഷപ്പെടുത്താനുള്ള കര്‍‌മ്മ പദ്ധതിക്ക്‌ രൂപം കൊടുക്കണം.ഇളം തലമുറയെ ലക്ഷ്യം വെക്കുന്ന പരിപാടികള്‍ എന്ന നിലക്ക്‌ നാട്ടിലെ യുവ നിരയെ കൂടെ കൂട്ടിയും കൂട്ടു പിടിച്ചും അവരെ സക്രിയമായ വഴികളിലേയ്‌ക്ക്‌ തിരിച്ചു വിടുന്നതില്‍ ഉത്തരവാദപ്പെട്ട ഒരു പ്രവാസി സം‌ഘം എന്ന നിലക്ക്‌ അസോസിയേഷന്‍ മുന്നിട്ടിറങ്ങണമെന്ന അഭിപ്രായവും അം‌ഗീകരിക്കപ്പെട്ടു.

പ്രസ്‌തുത ആശയത്തെ സാക്ഷാല്‍കരിക്കുന്നതിന്റെ പ്രഥമ പടിയായി നാട്ടിലെ ക്ലബ്ബുകളുമായി ആശയ വിനിമയം നടത്താനും തീരുമാനിച്ചു.തുടര്‍ നടപടികളുടെ നിരീക്ഷണത്തിനും ക്രമികരണത്തിനും ഒരു പ്രത്യേക സമിതിയെ ഉത്തരവാദപ്പെടുത്തി.നാട്ടിലുള്ള അം‌ഗങ്ങളേയും ഉള്‍‌പ്പെടുത്തി സമിതി വിപുലീകരിക്കാനും ധാരണയായി.

സമൂഹത്തിലെ ഏറ്റവും ചെറിയ യൂനിറ്റ്‌ നമ്മുടെ ഭവനങ്ങളാണ്‌.ഭവനങ്ങളുടെ പരിചാരകര്‍ രക്ഷിതാക്കളാണ്‌.ഖേദകരം രക്ഷിതാക്കള്‍ അധികവും തങ്ങളുടെ ഉത്തരവാദിത്ത നിര്‍‌വഹണത്തില്‍ ഉദാസീനരുമത്രെ.ഒരോ യൂനിറ്റും സംസ്കരിക്കപ്പെടുന്നതിലൂടെ സാധ്യമാകുന്ന സാംസ്‌കാരികമായ വളര്‍ച്ചയും ഉയര്‍ച്ചയും നമുക്ക്‌ അറിയാം.ഓരോ യൂനിറ്റും ജീര്‍‌ണ്ണിക്കുന്നതിലൂടെ സംഭവിച്ചേക്കാവുന്ന അപജയവും അപകടവും അനുമാനിക്കാവുന്നതുമാണ്‌.എന്നല്ല അനുമാനിക്കാവുന്നതിലും അപ്പുറമാണെന്നതാണ്‌ വസ്‌തുത.ആരിഫ്‌ ഖാസിം വിശദികരിച്ചു.

മക്കളുമായുള്ള കൂടിയിരുത്തങ്ങളും കൂടിയാലോജനകളും ഒരു പരിധിവരെ കാര്യങ്ങളെ നിയന്ത്രിക്കുന്നതില്‍ സഹായിക്കുന്ന ഘടകങ്ങളാണ്‌.അവര്‍‌ക്ക്‌ തുറന്നു പറയാനുള്ള അവസരങ്ങളൊരുക്കി അവരെ കൂടെ കൂട്ടാനുള്ള സാഹചര്യങ്ങളൊരുക്കി വീടകങ്ങള്‍ സര്‍‌ഗാത്മകമാകുമ്പോള്‍,അതു ഒരു കുടും‌ബത്തിന്റെ ഇഹപര വിജയത്തിനുള്ള നിതാനമായി മാറിയേക്കും.അല്ലെങ്കില്‍ പരാജയത്തിലേക്കുള്ള അഗാധ ഗര്‍‌ത്തങ്ങളും.

സക്രിയമായ ശിക്ഷണങ്ങളുടെ ബോധനങ്ങളെ ഒരു അജണ്ടയാക്കി പ്രവര്‍‌ത്തന സജ്ജമാകാന്‍ നമുക്ക്‌ കഴിഞ്ഞാല്‍ മാത്രമേ നന്മയുടെ ഒരു പുതിയ ഭൂമിയും ഭൂമികയും തിരിച്ചു പിടിക്കാന്‍ കഴിയുകയുള്ളൂ. അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍ അടിവരയിട്ടു.

നേര്‍‌ക്കു നേരെ കണ്ടതിന്റെയും അനുഭവിച്ചതിന്റെയും ഒരു വേള സാക്ഷിയായതിന്റെയും അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു സദസ്സില്‍ വിവരിക്കപ്പെട്ടത്.അനാശാസ്യകരമായ പ്രവര്‍‌ത്തനങ്ങളില്‍ നിന്നും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കരാള ഹസ്‌തങ്ങളിലേയ്‌ക്ക്‌ വഴുതി വീഴുന്നതിന്റെയും കാര്യ കാരണങ്ങളും വിശദീകരിക്കപ്പെട്ടു.നമ്മുടെ യുവതി യുവാക്കളെ ക്രിയാത്മമാക്കി സജീവമാക്കുന്നതിനെ കുറിച്ചുള്ള ഗൗരവമായ ആലോജനകളും പദ്ധതികളും ആവിഷ്‌കരിക്കുന്നതിനെ കുറിച്ചുമുള്ള ചിന്തകളും അതിന്നനുസൃതമായ പദ്ധതികളും സദസ്സില്‍ വിശദികരിക്കപ്പെട്ടു.

സാമൂഹ്യ സാം‌സ്‌കാരിക രാഷ്‌ട്രീയ പശ്ചാത്തലം എല്ലാ അര്‍‌ഥത്തിലും താറുമാറായ ഇക്കാലത്ത്‌ മഹല്ല്‌ സമിതികള്‍‌ക്കും അനുബന്ധ സം‌വിധാനങ്ങള്‍‌ക്കും വലിയ പങ്കു വഹിക്കാനാകും.ദൂഷ്യങ്ങളെയും ദോഷങ്ങളെയും കണ്ടെത്തുക എന്നതിലുപരി അതിന്റെ കാര്യ കാരണങ്ങളെ വിലയിരുത്തുകയും പരിഹരിക്കാനുള്ള സക്രിയമായ ഇടപെടലുകള്‍ നടത്തുകയു ചെയ്യുന്നതിലൂടെ മാത്രമേ ഈ പ്രയത്നം സഫലമാകുകയുള്ളൂ.പ്രാദേശിക സംവിധാനങ്ങളും പ്രദേശത്തെ പൊലീസ്‌ സംവിധാനങ്ങളും സഹകരിച്ചു കൊണ്ടുള്ള പഴുതടച്ച നടപടികളും ഫലപ്രദമായി നടപ്പിലാക്കിയാല്‍ മാത്രമേ ഒരു പരിധിവരെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുകയുള്ളൂ.

പൊതു ഇടങ്ങളും കനാല്‍ കായലോരങ്ങളും വിശ്രമ സങ്കേതങ്ങളും നിഗൂഡമായ എന്തൊക്കെയോ പാകം ചെയ്യപ്പെടുന്ന അധോലോക കുരുക്ക്‌ കേന്ദ്രങ്ങളാകുന്ന സാഹചര്യങ്ങള്‍ ഇല്ല എന്ന്‌ ഉറപ്പ്‌ വരുത്താനുള്ള സ്ഥിരം സംവിധാനവും നിരീക്ഷണവും വേണം.ഇതിന്‌ പ്രദേശത്തെ ഔദ്യോഗിക സംവിധാനങ്ങളുടെ സഹായവും ഉറപ്പ്‌ വരുത്താവുന്നതുമാണ്‌.

കളിസ്ഥലങ്ങളും കുളിസ്ഥലങ്ങളും കായിക വിനോദങ്ങളും നിര്‍‌മ്മാണോന്മുഖമായിരിക്കണം.അവസരങ്ങളാണ്‌ ആവശ്യങ്ങളുടെ മാതാവ്‌ എന്ന കവിവാക്യത്തിന്റെ പൊരുളുള്‍‌കൊണ്ട്‌ ആത്മാര്‍‌ഥമായി രംഗിത്തിറങ്ങണം.

നിരീക്ഷണ വിധേയരാണെന്നു ബോധ്യമാകുന്നതോടൊപ്പം കര്‍‌മ്മ പദ്ധതികളില്‍ സജീവമാകുമ്പോള്‍ ഒരു പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റിയെടുക്കാന്‍ സാധിച്ചേക്കും.കുട്ടികള്‍ അവരുടെ ലോകത്ത്.യുവതീ യുവാക്കള്‍ വേറെ ലോകത്ത്,മധ്യ വയസ്‌കര്‍ മറ്റൊരു ലോകത്ത് എന്ന സ്ഥിതിക്ക്‌ മാറ്റം വരണം.സകല മാറ്റങ്ങള്‍‌ക്കും ഒരോ വീട്ടിലും തുടക്കം കുറിക്കുകയും വേണം.ഇതായിരുന്നു ചര്‍‌ച്ചയില്‍ ഭാഗഭാക്കായവരില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ആശയങ്ങളുടെ സം‌ഗ്രഹണം.

ഷം‌സു മഞ്ഞിയില്‍,ഫബിന്‍ പരീദ്‌,സലീം നാലകത്ത്,അബു മുഹമ്മദ്‌ മോന്‍,ജാസ്സിര്‍,ഹാരിസ്‌ അബ്ബാസ്‌,അനസ്‌ ഉമര്‍,നാസര്‍ കരീം,റഷാദ്‌ ഖുറൈഷി,ഷഹീര്‍ അഹമ്മദ്‌,ഫിറോസ്‌ അഹമ്മദ്‌,ഷറഫു കെ.എസ്‌,ഫൈസല്‍ അബൂബക്കര്‍,ഷൈദാജ്‌ മൂക്കലെ തുടങ്ങി സമിതിയിലെ ഒരോ പ്രവര്‍ത്തകനും ക്രിയാത്മകമായ പങ്കുവെക്കലുകളിലൂടെ ചര്‍ച്ചയെ ധന്യമാക്കി.

പള്ളി പരിസരത്തും പൊതു ഇടങ്ങളിലും വൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിസ്ഥിതി വിഷയത്തിലുള്ള അസോസിയേഷന്‍ നിലപാടുകളും വൈസ്‌ പ്രസിഡണ്ട്‌ ഷൈദാജ്‌ മൂക്കലെ ഓര്‍‌മ്മിപ്പിച്ചു.

വിവിധങ്ങളായ കാരണങ്ങളാല്‍ നീണ്ട ഇടവേളക്ക്‌ ശേഷമാണ്‌ നാം ഒത്തു കൂടിയതെന്ന ആമുഖത്തോടെ,കഴിഞ്ഞ അഞ്ചു മാസത്തെ പ്രവര്‍ത്തനങ്ങളുടെ സാമന്യം വിശദികരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട്‌ ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്‌ അവതരിപ്പിച്ചു പാസ്സാക്കി.

വര്‍‌ഷാന്ത്യത്തില്‍ ഒരു ജനറല്‍ ബോഡി അഥവാ സ്‌നേഹ സംഗമം വിളിച്ചു ചേര്‍‌ക്കാനുള്ള തീരുമാനം അംഗികരിക്കപ്പെട്ടു.ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്‌ സ്വാഗതം ആശംസിച്ചു.സെക്രട്ടറി അനസ്‌ ഉമര്‍ നന്ദി പ്രകാശിപ്പിച്ചു.

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍
മീഡിയ സെല്‍