നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 20 April 2019

സൗഹൃദം സാര്‍‌ഥകമാക്കിയ സം‌ഗമം

ദോഹ:മണലാരണ്യത്തിലെ മലര്‍‌വാടിയില്‍ വിസ്‌മരിക്കാനാകാത്ത അനുഭവം പകര്‍‌ന്ന സൗഹൃദച്ചേരല്‍ സാര്‍‌ഥകമാക്കിയ സം‌ഗമം ധന്യമായി.തികച്ചും കൃത്രിമമായ ഒരു ഉദ്യാന പരിസരത്ത്‌ അകൃത്രിമമായ സ്‌നേഹ സല്ലാപങ്ങളുടെ മണവും മധുവും നുകര്‍‌ന്നും പകര്‍‌ന്നും ഒരു സായം സന്ധ്യയെ ജനിപ്പിച്ച ആവേശം ഹൃദയ സ്‌പര്‍‌ശിയായിരുന്നു.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍;വാരന്ത്യത്തില്‍ ബിദ ഉദ്യാന താഴ്‌വരയിലായിരുന്നു വേദി ഒരുക്കിയത്.

ഹരിതാഭമായ താഴ്‌വരയില്‍ എല്ലാവരും ഒത്തു ചേര്‍‌ന്നുള്ള ഇഷാ നമസ്‌കാരാനന്തരം.അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്‌ സ്വാഗതവും,പ്രസിഡന്റ്‌ ഷറഫു ഹമീദ്‌ സൗഹൃദ സന്ദേശവും നല്‍‌കിക്കൊണ്ടായിരുന്നു തുടക്കം കുറിച്ചത്‌.ശേഷം മത്സരങ്ങളുടെ സുഖമമായ അരങ്ങേറ്റത്തിനും മത്സര വീര്യത്തിനും ഉതകുമാറ്‌ നാലു ടീമുകളായി തരം തിരിക്കപ്പെട്ടു.യൂസഫ്‌ ഹമീദ്‌,അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,ഷൈബു ഖാദര്‍ മോന്‍,മുഹമ്മദ്‌ ഇസ്‌മാഈല്‍ ഹം‌സ എന്നിവരായിരുന്നു യഥാക്രമം ടീം തലവന്മാര്‍.ഏറെ വീറും വാശിയും പ്രകടമാക്കിയ വടം വലി മത്സരത്തില്‍ മുഹമ്മദ്‌ ഇസ്‌മാഈലിന്റെ നേതൃത്വത്തിലുള്ള ടീം ഒന്നാം നിരക്കാരായും,ഷൈബു ഖാദര്‍ മോന്‍ നയിച്ച ടീം രണ്ടാം നിരക്കാരായും ഇടം പിടിച്ചു.കാല്‍‌പന്തു കളിയില്‍ ഒന്നാം സ്ഥാനത്ത്‌ ഷൈബു ഖാദര്‍ മോന്‍ നയിച്ച ടീമും,രണ്ടാം സ്ഥാനം അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടിലിന്റെ ടീമും വിജയ കിരീടം ഉറപ്പിച്ചു.

ഖത്തറില്‍ നിന്നും പ്രവാസം മതിയാക്കി പോകുന്ന എം.എം നസീറിനെ ടീം തലവന്മാര്‍ ഉപഹാരം നല്‍‌കി ആദരിച്ചു.

ഏകദേശം പതിനൊന്നു മണിവരെ വിനോദങ്ങളും മത്സരങ്ങളും സ്‌നേഹ സൗഹൃദ സല്ലാപങ്ങളുമായി ബിദ ഉദ്യാന താഴ്‌വരയെ സജീവമാക്കി.സ്വാദിഷ്‌ടമായ ഭക്ഷണം പരസ്‌പരം വിളമ്പി കഴിച്ച്‌ പിരിഞ്ഞു.

ഫൈസല്‍ അബൂബക്കറിന്റെ നേതൃത്വത്തിലായിരുന്നു ഭക്ഷണം പാകം ചെയ്‌തത്.ഷൈദാജ്‌ മൂക്കലെ,ഇസ്‌മാഈല്‍ മുഹമ്മദ്‌,അസ്‌ലം ഖാദര്‍ മോന്‍,തൗഫീഖ്‌ താജുദ്ദീന്‍, എം.എം നസീര്‍ ,കെ.ജി റഷാദ്‌,എന്നിവരായിരുന്നു സഹായികള്‍.

പരസ്‌പര സൗഹൃദവും സാഹോദര്യവും അടിവരയിട്ട്‌ പ്രഖ്യാപിക്കുന്ന ഹൃദ്യമായ മുഹൂര്‍‌ത്തങ്ങളായി സൗഹൃദ സം‌ഗമം വിലയിരുത്തപ്പെട്ടു.