നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 11 September 2015

ഖത്തറില്‍ നിയമ പരിഷ്‌കരണം അന്തിമ ഘട്ടത്തില്‍

ദോഹ:ഖത്തറില്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമ പരിഷ്‌കരണം അന്തിമ ഘട്ടത്തിലെന്ന് തൊഴില്‍മന്ത്രി ഡോക്ടര്‍ അബ്ദുല്ല സാലിഹ് അല്‍ഖുലൈഫി പറഞ്ഞു.

പ്രവാസികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിലെ സുപ്രധാനമായ അഞ്ച് കാര്യങ്ങള്‍ക്കാണ് ഇന്നലെ ചേര്‍ന്ന ഖത്തര്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതെന്ന് ഖത്തര്‍ തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോക്ടര്‍ അബ്ദുല്ല സാലിഹ് അല്‍ ഖുലൈഫി പറഞ്ഞു.നിയമത്തിന് ഖത്തര്‍ അമീര്‍ അംഗീകാരം നല്‍കുന്നതോടെ കാലങ്ങളായി തുടര്‍ന്നു വരുന്ന കഫാല സമ്പ്രദായം എടുത്തുകളയുമെന്ന് തൊഴില്‍ മന്ത്രി മീഡിയാവണിനോട് പറഞ്ഞു.തൊഴില്‍ മന്ത്രാലയം ആസ്ഥാനത്ത് മീഡിയാവണിനനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് കഴിയുന്ന പ്രവാസികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം, എന്‍ട്രി-എക്‌സിറ്റ് പെര്‍മിറ്റ് തുടങ്ങിയവ സംബന്ധിച്ച കരട് നിയമത്തിന്‍മേലുള്ള ശൂറ കൗണ്‍സില്‍ ശിപാര്‍ശകള്‍ക്കാണ്‌ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഇതിന്റെ മുന്നോടിയായി നടപ്പിലാക്കുന്ന വേതന സുരക്ഷാ പദ്ധതി തൊഴില്‍സംബന്ധമായ പരാതികള്‍ക്ക് വലിയൊരളവില്‍ പരിഹാരമായതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കു ശമ്പളം കൃത്യമായി ലഭിക്കുന്നു എന്ന ഉറപ്പ് വരുത്താനായി മന്ത്രാലയത്തിന്റെ മേല്‍നോട്ടം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
മീഡിയാവണ്‍