2000 തുടക്കത്തിലായിരുന്നു ഓണ്‍ലൈന്‍ രംഗത്തേക്കുള്ള പ്രവേശം.മധ്യേഷ്യയില്‍ നിന്നും ആദ്യത്തെ ബഹു ഭാഷാ സൈറ്റായ വിന്‍ഡൊ മാഗസിന്‍ അന്നാളുകളില്‍ മാധ്യമങ്ങളില്‍ ഏറെ നിറഞ്ഞു നിന്നിരുന്നു.അഥവ നീണ്ട 15 വര്‍ഷം പിന്നിട്ടിരിക്കുന്നു ഈ സംരംഭത്തിനു നാന്ദി കുറിച്ചിട്ടെന്നു സാരം.സാമൂഹികാവബോധം ലക്ഷ്യമാക്കിയുള്ള സൃഷ്‌ടികളുടെ തൂലിക,കവിത,രചന,സാമൂഹികം എന്നീ ബ്ലോഗുകളും ഗൗരവമുള്ള വായനക്കാരാല്‍ ശ്രദ്ധ നേടിയിട്ടുണ്ട്.ദിതിരുനെല്ലൂരിലെ ആദ്യത്തെ പോസ്റ്റ് 2006 മാര്‍ച്ച് മൂന്നിനാണ് ഓണ്‍ലൈനില്‍ പ്രകാശിപ്പിക്കപ്പെട്ടത്.ഘട്ടം ഘട്ടമായി പുരോഗമിച്ച ദിതിരുനെല്ലൂര്‍ തിരുനെല്ലൂര്‍ ഗ്രാമത്തിന്റെയും വിശിഷ്യാ ഖത്തര്‍ കൂട്ടായ്‌മയുടെ പ്രവര്‍ത്തനങ്ങളെ അംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ ഒരു പരിധിവരെ വിജയം വരിച്ചുവെന്നു കണക്കാക്കപ്പെടുന്നു.നാടും നഗരവും ഓണ്‍ലൈന്‍ ലോകത്തേക്ക് പിച്ചവെച്ചു തുടങ്ങിയ നാളുകളില്‍ തന്നെ ദിതിരുനെല്ലൂര്‍ നടന്നു തുടങ്ങിയെന്നതില്‍ തിരുനെല്ലുര്‍ക്കാര്‍ക്ക് അഭിമാനിക്കാം.
ഒരു മാതൃകാ മഹല്ലു എന്ന വിതാനത്തിലേയ്‌ക്ക് മഹല്ലിനെ പരിവര്‍ത്തിപ്പിക്കണമെന്ന കലശലായ ആഗ്രഹമാണ് യഥാര്‍ഥത്തില്‍ ഇത്തരം സംരംഭങ്ങളില്‍ ഉറച്ചു നില്‍ക്കാനുള്ള പ്രചോദനം.ഒപ്പം സഹൃദയരായ സഹോദരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയും പ്രാര്‍ഥനയും.ക്രിയാത്മകമായാലും സര്‍ഗാത്മകമായാലും തിരസ്‌കാര സ്വഭാവം സ്വീകരിക്കുന്നവരോടും ഭാവഭേദം കൂടാതെ ഇട കലര്‍ന്നും ഇടപഴകിയും ദി തിരുനെല്ലൂര്‍ ഒഴുകിക്കൊണ്ടിരിക്കും.ഒരു സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന്റെ തീരം കൊതിച്ചു കൊണ്ടും പുലരി പ്രതീക്ഷിച്ചു കൊണ്ടും.
കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതിനേക്കാള്‍ പ്രാധാന്യം വ്യക്തികളെ കെട്ടിപ്പടുക്കുന്നതിനു അനിവാര്യമത്രെ.ഒരു നല്ല വ്യക്തി സമൂഹത്തിന്റെ അടിസ്ഥാനമാണ്.സാമുഹിക സ്ഥാപനങ്ങള്‍ സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന ഘടകമാണ്.ഇത്തരം സാമൂഹിക സ്ഥാപനങ്ങളില്‍ പള്ളിയായാലും പള്ളിക്കൂടമായാലും അതിന്റെ ചാലകശക്തി യോഗ്യരും സമൂഹത്തോട് ഏറെ പ്രതിബദ്ധതയുള്ളവരും ആയിരിക്കണം.ഒരു പ്രദേശത്തെ അടക്ക അനക്കങ്ങളെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കാന്‍ പ്രാപ്‌തരായവര്‍ നേതൃസ്ഥാനങ്ങളില്‍ ഉപവിഷ്‌ഠരാകണം.ചിലപ്പോള്‍ തട്ടിയുണര്‍ത്തണം,ചിലപ്പോള്‍ താരാട്ടു പാടണം,ശാസിക്കാനും ഒപ്പം ആശ്വസിപ്പിക്കാനും കഴിയണം.അപകടങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണം,അബദ്ധങ്ങളെ ചൂണ്ടിക്കാണിക്കണം,സുബദ്ധങ്ങളെ പരിചരിക്കണം.നീണ്ടു നിവര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു വലിയ വൃക്ഷച്ചുവട്ടില്‍ സുരക്ഷിതമായ പ്രതീതി പ്രദേശവാസികളില്‍ ജനിപ്പിക്കുന്ന തികച്ചും 'ശാന്തമായ' ഒരു പ്രദേശം.ഇത്തരം പ്രവര്‍ത്തനങ്ങളുടെ നേരിയ ഛായ ഓണ്‍ലൈന്‍ വഴിയാണെങ്കിലും ദിതിരുനെല്ലൂരിനുണ്ടാകണം എന്നാണ് അണിയറ ശില്‍പിയുടെ മോഹം.ഇതില്‍ നിന്നുള്ള പ്രചോദനം വഴി ഓഫ്‌ലൈനിലും.
മഞ്ഞിയില്‍ ബ്ലോഗിനോടനുബന്ധിച്ച പേജുകള്‍ വാര്‍ത്തയായാലും സന്ദേശമായാലും മറ്റു വിശേഷങ്ങളായാലും സഹൃദയര്‍ക്ക് ഏറെ ഹൃദ്യമാകുന്നുവെങ്കില്‍ ഏറെ കൃതാര്‍ഥനാണ്.കാരണം വിരലുകള്‍ ചലിക്കുന്നുവെങ്കിലും മനസ്സുകൊണ്ടാണ് മുദ്രണം ചെയ്യുന്നത്.മനസ്സിന്റെ അഭ്യാസങ്ങള്‍ സുമനസ്സുകള്‍ക്ക് തൊട്ടറിയാനാകും.അല്ല സുമനസ്സുകള്‍ക്കേ തൊട്ടറിയാനാകൂ.
അസീസ്‌മഞ്ഞിയില്‍.
അസീസ്‌മഞ്ഞിയില്‍.