ദോഹ: പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയ വിദേശ തൊഴിലാളികളുടെ കുടിയേറ്റവും താമസവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കി.
കഫാല നിയമമെന്ന പേരിലുള്ള, വിദേശ തൊഴിലാളികളുടെ വരവും താമസവും തിരിച്ചുപോക്കും (എക്സിറ്റ്) സംബന്ധിച്ചുള്ള 2015ലെ 2 നമ്പര്‍ നിയമത്തിനാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്നലെ അംഗീകാരം നല്‍കിയത്. അമീര്‍ അംഗീകാരം നല്‍കിയ നിയമം രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും നടപ്പിലാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ് മാത്രമെ രാജ്യത്ത് നടപ്പിലാക്കുകയുളളൂവെന്നും ഉത്തരവില്‍ വ്യക്തമാക്കി. രാജ്യത്ത് നിലവിലുളള സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ കാതലായ മാറ്റങ്ങളുള്ള നിയമത്തിന് ഖത്തര്‍ മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു.
നിലവിലെ നിയമത്തില്‍ ഉപയോഗിച്ച സ്പോണ്‍സര്‍ (കഫീല്‍), സ്പോണ്‍സര്‍ഷിപ്പ് (കഫാല), എക്സിറ്റ് പെര്‍മിറ്റ് (ഖുറൂജ്) തുടങ്ങിയ വാക്കുകള്‍ പുതിയ നിയമ പ്രകാരം ഉണ്ടായിരിക്കില്ല. പകരം തൊഴിലുടമ (എംപ്ളോയര്‍), തൊഴിലാളി (എംപ്ളോയി), അല്ലെങ്കില്‍ വിദേശ തൊഴിലാളി (എക്സ്പാറ്റ് വര്‍ക്കര്‍) എന്നീ പേരുകളാണുണ്ടാകുക. വിദേശി തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ഒപ്പുവെക്കുന്ന തൊഴില്‍ കരാറിന്‍െറ ബന്ധത്തിലൂന്നിയായിരിക്കും വിദേശതൊഴിലാളികള്‍ രാജ്യത്തത്തെുക. പുതിയ നിയമപ്രകാരം സ്പോണ്‍സര്‍ക്ക് പകരം എക്സിറ്റ് പെര്‍മിറ്റിനായി ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കണം. തൊഴിലാളി നാട്ടിലേക്ക് പോകുന്നതിന് മൂന്ന് പ്രവര്‍ത്തിദിവസം മുമ്പ് മന്ത്രാലയത്തെ അറിയിക്കണം. അതിനുശേഷം മന്ത്രാലയം സ്പോണ്‍സറുടെ അഭിപ്രായം ആരായും. സ്പോണ്‍സറുടെ അനുമതി മന്ത്രാലയത്തിന് ലഭിച്ചാല്‍ ബന്ധപ്പെട്ട തൊഴിലാളിക്ക് നാട്ടിലേക്കു പോകുന്നതിന് എക്സിറ്റ് പെര്‍മിറ്റ് അനുവദിക്കും. സ്പോണ്‍സര്‍ എന്തെങ്കിലും തടസങ്ങള്‍ ഉന്നയിച്ചാല്‍ പ്രവാസിക്ക് ആഭ്യന്തരമന്ത്രാലയത്തിന്‍െറ കീഴിലുള്ള പ്രത്യേക കമ്മിറ്റിയെ സമീപിക്കാം. അടിയന്തര സാഹചര്യങ്ങളാണെങ്കില്‍ സമിതി മൂന്നു പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ പരാതി കൈകാര്യം ചെയ്യും. തൊഴിലാളിക്കെതിരെ കോടതിയിലോ മറ്റോ കേസ് നിലനില്‍ക്കുന്നുെണ്ടങ്കില്‍ കോടതിക്കോ, പബ്ളിക് പ്രോസികൂഷനോ മറ്റ് നിയമ സ്ഥാപനങ്ങള്‍ക്കോ മാത്രമെ ഇനി മുതല്‍ യാത്ര തടയാന്‍ അധികാരമുണ്ടാകുകയുളളൂ. നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്‍െറ (എന്‍.ഒ.സി) കാര്യത്തില്‍ നിലവിലെ നിയമത്തില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായാലും സ്പോണ്‍സറുടെ അനുമതിയില്ലെങ്കില്‍ രണ്ടുവര്‍ഷത്തേക്ക് ഖത്തറില്‍ ജോലി ചെയ്യാനാകില്ലായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം കരാര്‍ കാലാവധി അവസാനിച്ചാല്‍ രാജ്യം വിടാതെ തന്നെ ജോലി മാറാം. പുതിയ നിയമപ്രകാരം സ്പോണ്‍സറുടെയും ആഭ്യന്തര, തൊഴില്‍മന്ത്രാലയങ്ങളുടെയും അനുമതി ലഭിച്ചാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ പ്രവാസിക്ക് തൊഴില്‍ മാറാം. കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയ പ്രവാസികള്‍ക്ക് ആഭ്യന്തരമന്ത്രാലയത്തിന്‍െറയും തൊഴില്‍ മന്ത്രാലയത്തിന്‍െറയും അനുമതി ലഭിച്ചാല്‍ തൊഴില്‍ മാറാം. കാലാവധി നിശ്ചയിച്ചിട്ടില്ലാത്ത കരാര്‍ (ഓപണ്‍ എന്‍ഡഡ്) പ്രകാരം ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് അഞ്ചുവര്‍ഷം ജോലി പൂര്‍ത്തിയാക്കിയാല്‍ ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളുടെ അനുമതിയോടെ തൊഴില്‍മാറാം. ഈ രണ്ടു സാഹചര്യങ്ങളിലും സ്പോണ്‍സറുടെ അനുമതി വേണ്ട. സ്പോണ്‍സര്‍ മരണപ്പെടുകയോ എന്തെങ്കിലും കാരണങ്ങളാല്‍ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്താല്‍ ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളുടെ അനുമതിയോടെ പ്രവാസിക്ക് മറ്റൊരു സ്പോണ്‍സറുടെ കീഴിലേക്ക് മാറാം. തൊഴിലുടമക്കും തൊഴിലാളിക്കുമിടയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ മറ്റൊരു തൊഴിലുടമക്ക് കീഴില്‍ തൊഴിലാളിക്ക് താല്‍ക്കാലികമായി മാറാനുള്ള അനുമതി നല്‍കുന്നതിന് ആഭ്യന്തര മന്ത്രിക്ക് അവകാശമുണ്ട്. തൊഴില്‍ നിയമത്തിന്‍െറ കീഴില്‍ വരുന്ന തൊഴിലാളികള്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. ഗാര്‍ഹിക തൊഴിലാളികള്‍ക്കിത് ലഭിക്കില്ല. സ്പോണ്‍സര്‍ഷിപ്പ് നിയമത്തിന്‍െറ 21 മുതല്‍ 23വരെയുള്ള വകുപ്പുകളിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 2004ലെ 14 നമ്പര്‍ തൊഴില്‍ നിയമം, സ്പോണ്‍സറും തൊഴിലാളിയും ഒപ്പുവച്ച കരാര്‍ എന്നിവയ്ക്ക് അനുസൃതമായി എല്ലാ സാഹചര്യങ്ങളിലും തൊഴിലുടമ/സ്പോണ്‍സറുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടരുതെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.
പുതിയ നിയമം നിലവില്‍ വരന്നതോടെ രാജ്യത്ത് പതിറ്റാണ്ടുകളായി നിലവിലുളള സ്പോണ്‍സര്‍ഷിപ്പ് സമ്പ്രാദായത്തിന് പകരമാണ് തൊഴില്‍ കരാര്‍ വ്യവസ്ഥയുണ്ടാവുന്നത്. തൊഴില്‍ കരാറിന്‍െറ പരമാവധി കാലവധി അഞ്ച് വര്‍ഷമായിരിക്കുമെന്നാണ് ഇപ്പോഴത്തെ വിവരം. പുതിയ നിയമവുമായി ബന്ധപ്പെ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാബിനറ്റ് തയാറാക്കിയ നിയമത്തില്‍ ശൂറാ കൗണ്‍സില്‍ നിര്‍ദേശിച്ച ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമനിയമം മന്ത്രിസഭ അംഗീകരിച്ച് അമീറിന്‍െറ അംഗീകാരത്തിനായി കൈമാറിയത്. സെ്പതംബര്‍ ഒമ്പതിന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്. 2009ലെ നാലാം നമ്പര്‍ ഭേദഗതി നിയമത്തിലെ ഏഴ്, 21 വകുപ്പുകളിലാണ് കാര്യമായ ഭേദഗതി വരുത്തിയിരിക്കുന്നത്. പ്രവാസികളുടെ തൊഴില്‍മാറ്റം, എക്സിറ്റ് പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പുകള്‍.
2014 മെയ് 14നാണ് നിലവിലുള്ള 2009ലെ നാലാം നമ്പര്‍ സ്പോണ്‍സര്‍ഷിപ്പ്(കഫാല) നിയമം റദ്ദാക്കി പുതിയ നിയമം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായി വിളിച്ചുചേര്‍ത്തവാര്‍ത്താസമ്മേളനത്തിലാണ് സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചത്. എക്സിറ്റ് പെര്‍മിറ്റ്, എന്‍.ഒ.സി എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് അന്ന് ഒൗദ്യോഗികമായി അറിയിച്ചിരുന്നു. നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഖത്തറിലെ പ്രവാസികളുള്‍പ്പടെയുള്ള എല്ലാ തൊഴിലാളികളുടെയും തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍െറയും ഭാഗമായാണ് നിയമത്തില്‍ സമൂലമായ അഴിച്ചുപണി വരുത്തിയത്. ഒൗദ്യോഗികപ്രഖ്യാപനം വന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് നിയമത്തിന് അന്തിമ അംഗീകാരം ലഭിക്കുന്നത്.
മാധ്യമം.