നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 19 January 2017

ഖ്യുമാറ്റ്‌ തെരഞ്ഞെടുപ്പ്‌

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ആസന്നമായ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ തെരഞ്ഞെടുപ്പ്‌ സമിതി പ്രസിദ്ധീകരിക്കുന്ന ഓര്‍‌മ്മപ്പെടുത്തലുകള്‍.തിരുനെല്ലുര്‍ മഹല്ലിനെ പ്രതിനിധീകരിച്ചു കൊണ്ട്‌ പ്രവാസികള്‍‌ക്കിടയില്‍ ഖത്തറില്‍ വളരെ വ്യവസ്ഥാപിതമായ രീതിയില്‍ പ്രവര്‍‌ത്തിക്കുന്ന സുശക്തമായ ഘടകമാണ്‌ ഖ്യുമാറ്റ്‌.അസോസിയേഷന്റെ തെരഞ്ഞെടുപ്പ്‌ രീതിമുതല്‍ ഈ സം‌ഘത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പ്രകടമത്രെ.ജനുവരി 27 വെള്ളി ജുമുഅ നമസ്‌കാരാനന്തരം ജൈദ പാലത്തിനടുത്തുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ വെച്ചുള്ള ജനറല്‍ ബോഡിയില്‍ വെച്ചായിരിയ്‌ക്കും തെരഞ്ഞെടുപ്പ്‌ നടക്കുക.

ജനറല്‍ ബോഡിയിലെ അജണ്ട പ്രകാരമുള്ള നടപടികളും വാര്‍‌ഷിക റിപ്പോര്‍‌ട്ട്‌ അവതരണവും ചര്‍‌ച്ചയും അധ്യക്ഷന്റെ വിശദീകരണവും ഉപക്രമവും കഴിഞ്ഞാല്‍ 2017 ലേയ്‌ക്കുള്ള തെരഞ്ഞെടുപ്പ്‌ ക്രമങ്ങള്‍ക്ക്‌ തുടക്കമാവും.അസീസ്‌ മഞ്ഞിയില്‍,ഹമീദ്‌ ആര്‍.കെ,ഹാജി ഹുസൈന്‍ കെ.വി എന്നിവര്‍ നേതൃത്വം നല്‍‌കും.

പ്രവര്‍‌ത്തക സമിതി ശുപാര്‍‌ശ ചെയ്‌ത നിശ്ചിത അം‌ഗങ്ങളുടെ പേരു വിവരങ്ങള്‍ അവതരിപ്പിച്ച്‌ ആവശ്യമെങ്കില്‍ അം‌ഗങ്ങളെ സ്വീകരിച്ചു കൊണ്ടും നിരാകരിച്ചു കൊണ്ടും പുതിയ പ്രവര്‍‌ത്തക സമിതിയുടെ പാനലിന്‌ ജനറല്‍ ബോഡിയുടെ അം‌ഗീകാരം നേടും.തുടര്‍‌ന്നു രഹസ്യ ബാലറ്റു പ്രകാരം പ്രസിഡണ്ട്‌,വൈസ്‌ പ്രസിഡണ്ട്‌,ജനറല്‍ സെക്രട്ടറി,സെക്രട്ടറി,ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകള്‍ തുടങ്ങും.

ഹാജറായ ഒരോ അംഗവും തങ്ങളുടെ പേരും വിലാസവും രേഖപ്പെടുത്തണം.ശേഷം അഞ്ച്‌ വ്യത്യസ്ഥ നിറങ്ങളിലുള്ള ബാലറ്റു പേപ്പറുകള്‍ നല്‍കപ്പെടും.അതില്‍ അതതു പേപ്പറുകളില്‍ പ്രസിഡണ്ട്‌,വൈസ്‌ പ്രസിഡണ്ട്‌,ജനറല്‍ സെക്രട്ടറി,അസി:സെക്രട്ടറി,ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേയ്‌ക്ക്‌ ഓരോ പേപ്പറിലും തങ്ങള്‍ ഇഷ്‌ടപ്പെടുന്ന വ്യക്തിയുടെ പേര്‍ രേഖപ്പെടുത്തി നിശ്ചിത പെട്ടിയില്‍ നിക്ഷേപിക്കണം.എല്ലാവരും സമ്മതിദാനാവകാശം രേഖപ്പെടുത്തി എന്നുറപ്പാക്കിയതിനു ശേഷം വോട്ടെണ്ണി ഫല പ്രഖ്യാപനം നടത്തും.

രണ്ട്‌ സെക്രട്ടറിമാരെ പുതുതായി തെരെഞ്ഞെടുക്കപ്പെടുന്ന ജനറൽ സെക്രട്ടറിയുടെ അഭിപ്രായത്തോടെയായിരിക്കും തെരഞ്ഞെടുക്കുക മീഡിയാ വിഭാഗത്തിലേയ്‌ക്ക്‌ രണ്ട് പേരെയും പിന്നീട്‌ നിയോഗിക്കും.നിര്‍‌വാഹക സമിതിയില്‍ ഒമ്പത് അം‌ഗങ്ങളുണ്ടായിരിയ്‌ക്കും.

പൊതു ജനാഭിപ്രായം മാനിച്ച്‌ നിര്‍‌വാഹക സമിതിയുടെ അടിയന്തിര ആലോചനാ യോഗത്തിലാണ്‌ പുതിയ മാറ്റങ്ങള്‍ അംഗീകരിക്കപ്പെട്ടത്.

തികച്ചും സൗഹൃദാന്തരിക്ഷത്തില്‍ ജനറല്‍ബോഡിയും തെരഞ്ഞെടുപ്പ് പ്രക്രിയകളും പൂര്‍‌ത്തീകരിക്കാന്‍ സഹൃദയരുടെ സഹകരണം അഭ്യര്‍ഥിക്കുന്നു.ഈ സദുദ്യമം വിജയകരമാക്കാന്‍ അല്ലാഹു അനുവദിക്കുകയും അനുഗ്രഹിക്കുകയും  ചെയ്യുമാറാകട്ടെ.