നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday 3 April 2017

സുവനീര്‍ പ്രകാശനം ആഗസ്റ്റില്‍

ദോഹ:കാലഘട്ടങ്ങളുടെ പുരോഗമനങ്ങളെ പ്രതിനിധാനം ചെയ്യും വിധമുള്ള സൂചനകളും സൂചകങ്ങളും സത്യപ്പെടുത്തിയ ശൈലിയിലൂടെ വിശുദ്ധ വചനങ്ങള്‍ ഒട്ടേറെ കാര്യങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു.അത്തി ഒലീവ്‌ തൂര്‍മല തുടങ്ങിയവ ഇത്തരം പ്രതീകങ്ങളാണ്‌.തുടര്‍ന്നു മനുഷ്യന്റെ മനോഹരമായ സൃഷ്‌ടിപ്പിന്റെ ഘടനയെ എടുത്തോതുന്നു.അഥവാ വികസിച്ചു കൊണ്ടിരിക്കുന്ന കാലത്തെ അഭിമുഖീകരിക്കാനുള്ള പ്രാപ്‌തിയോടെയാണ്‌ ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത്‌ എന്നു സാരം.

ഈ ജനസഞ്ചയത്തില്‍ അഹന്ത കടന്നു വരുമ്പോള്‍ അതിനെ അലിയിപ്പിക്കുന്ന ഔഷധം പോലെ ചരിത്രത്തില്‍ നിന്നുള്ള പാഠം നല്‍‌കുന്നതും ഖുര്‍‌ആനിന്റെ ശൈലിയാണ്‌.അസീസ്‌ മഞ്ഞിയില്‍ പറഞ്ഞു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ സുവനീര്‍ സമിതിയില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു സുവനീര്‍ ചീഫ് എഡിറ്റര്‍.പുതിയതും പഴയതുമായ തലമുറയെ ചരിത്രം ഓര്‍മ്മിപ്പിക്കുക എന്ന സാഹസികമായ യജ്ഞമാണ്‌ സത്യത്തില്‍ സുവനീറിലൂടെ ഉന്നം വെച്ചിട്ടുള്ളത്‌.ഇതു വഴി നമ്മുടെ യുവതയ്‌ക്ക്‌ ഊര്‍‌ജ്ജം നല്‍‌കുക എന്നതാണ്‌ നമ്മുടെ താല്‍‌പര്യം.ഇത്തരത്തില്‍ നല്‍‌കുന്ന ഊര്‍‌ജ്ജം പുതിയ ദിശാബോധത്തിനു കാരണമാകേണ്ടതുണ്ട്‌.എങ്കിലേ സാഹസിക യജ്ഞം ലക്ഷ്യം വരിക്കുകയുള്ളൂ.അസീസ്‌ വിരാമമിട്ടു. 

തുടര്‍‌ന്നുള്ള ചര്‍‌ച്ചകള്‍ക്ക്‌ പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌, സീനിയര്‍ അം‌ഗം ആര്‍.കെ ഹമീദ്‌ എന്നിവര്‍ തുടക്കം കുറിച്ചു.തിട്ടപ്പെടുത്തപ്പെട്ട ശീര്‍ഷകങ്ങള്‍ മുതിര്‍ന്നവരുടെയും യുവാക്കളുടേയും കൂട്ടായ പ്രവര്‍‌ത്തനത്തില്‍ പൂര്‍‌ത്തീകരിക്കപ്പെട്ടതില്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ സന്തോഷം പ്രകടിപ്പിച്ചു.
ഖത്തറിലേയും നാട്ടിലേയും വിവിധ ജനപ്രതിനിധികളുടേയും ഔദ്യോഗിക സന്ദേശങ്ങള്‍ സമാഹരിക്കാനും തയാറാക്കാനും സുവനീര്‍ എഡിറ്ററെ ചുമതലപ്പെടുത്തി.പ്രവാസം എന്ന പക്തിയിലൂടെ പ്രഗത്ഭരായ തെരഞ്ഞെടുക്കപ്പെട്ട ഔദാര്യമതികളെ പരിചയപ്പെടുത്താനും അതുവഴി സാധ്യമാകുന്ന സമാഹരണത്തിനും പ്രസിഡണ്ടിന്റെ സഹായ സഹകരണത്തോടെ എഡിറ്ററെ ചുമതലപ്പെടുത്തി.

പ്രദേശത്തെ പ്രഗത്ഭരായ എഴുത്തുകാരുടെ രചനകള്‍ പ്രത്യേകം ആവശ്യപ്പെട്ട് ഉള്‍‌കൊള്ളിക്കാനും തീരുമാനിച്ചു. ഒരു നിശ്ചിത സമാഹരണം ലക്ഷ്യം വെച്ചുള്ള പരസ്യങ്ങള്‍‌ക്ക്‌ വരും മാസങ്ങളില്‍ സജീവരാകാന്‍ വൈസ്‌ പ്രസിഡണ്ട്‌ റഷീദ്‌ കെ.ജിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചു.പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ ,ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ,ട്രഷറര്‍ സലീം നാലകത്ത്‌ കൂടാതെ സെക്രട്ടറിമാരായ ഷൈദാജും തൗഫീഖ്‌ താജുദ്ധീനും ഇതില്‍ അം‌ഗങ്ങളായിരിയ്‌ക്കും.ഏപ്രില്‍ രണ്ടാം വാരത്തില്‍ സുവനീര്‍ സമിതി അം‌ഗങ്ങളുടെ  പ്രൂഫ്‌ റീഡിങ് ഡേ സം‌ഘടിപ്പിക്കാന്‍ ധാരണയയി.

ആഗസ്റ്റ് 13 ന്‌ സുവനീര്‍ പ്രകാശനം വിപുലമായ പ്രചരണ പരിപാടികളോടെ പ്രവാസി സംഗമം എന്ന തലക്കെട്ടില്‍ നടത്താന്‍ തീരുമാനിച്ചു. സാമൂഹിക സാംസ്‌കാരിക രം‌ഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കുന്ന പരിപാടി തിരുനെല്ലൂരില്‍ വെച്ച്‌ നടത്താനും ധാരണയായി.സുവനീറിന്റെ ഡിസൈനിങ് രൂപവും തരം തിരിച്ചുള്ള ശീര്‍‌ഷക സംവിധാനവും സുവനീര്‍ ഡിസൈനര്‍  അബുബിലാല്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അവതരിപ്പിച്ചു.അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം വിശദീകരണം നല്‍‌കി.

പരസ്യങ്ങളുടെ സമാഹരണത്തിനുതകുന്ന ഹ്രസ്വമായ ഒരു വിശദികരണം താമസിയാതെ എഡിറ്റേര്‍‌സ്‌ ടീം ഒരുക്കുമെന്നു അധ്യക്ഷന്‍ പറഞ്ഞു.പ്രവര്‍‌ത്തക സമിതി അം‌ഗം താജുദ്ധീന്‍ കുഞ്ഞാമു യോഗത്തില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.