ദോഹ:തികച്ചും ദരിദ്രമായ കാലഘട്ടത്തിലെ സമ്പന്നമായ മാനുഷിക ബന്ധങ്ങളും ഒരു വിധം സമ്പന്നമായ കാലത്തെ ദരിദ്രമായ മാനുഷിക ബന്ധങ്ങളും ചേര്‍ത്തു വായിക്കാന്‍ ഈ പുരാണം അവസരം തരുന്നുണ്ട്.ശ്രീ.കെ.പി രാമനുണ്ണിയുടെ അവതാരികയോടെയുള്ള ഖുറൈഷി പുരാണം മൂന്നു പതിറ്റാണ്ട് മുമ്പുള്ള ശാലീന സുന്ദരമായ ഒരു ഗ്രാമത്തിന്റെയും ഗ്രാമീണരുടെയും വര്‍ത്തമാനങ്ങളാണ് പങ്കുവെക്കുന്നത്. അസീസ് മഞ്ഞിയില്‍ പറഞ്ഞു.
തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ പ്രിയ എഴുത്തുകാരിലൊരാളായ സൈനുദ്ധീന്‍ ഖുറൈഷിയുടെ 'ഖുറൈഷി പുരാണം' കഴിഞ്ഞ ദിവസം സ്‌കൈ മീഡിയയില്‍ സംഘടിപ്പിച്ച വേദിയില്‍ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു മഞ്ഞിയില്‍.തിരുനെല്ലൂര്‍ പ്രവാസി കൂട്ടായ്‌മയുടെ പ്രസിഡണ്ട് ഷറഫു ഹമീദ് ആദ്യ പുസ്‌തകം ഏറ്റുവാങ്ങി.
പുസ്‌തകത്തിന്റെ പ്രകാശനച്ചടങ്ങ് തിരുനെല്ലൂരിലെ കലാ സാംസ്‌കാരിക കായിക കൂട്ടായ്‌മയുടെ ഖത്തര്‍ ഘടകം മുഹമ്മദന്‍സ് ഖത്തറാണ് സംഘടിപ്പിച്ചത്.മുഹമ്മദന്‍സ് സാരഥി സലീം നാലകത്ത് അദ്ധ്യക്ഷത വഹിച്ചു. സ്‌കൈ മീഡിയ പ്രതിനിധി പ്രേം സിങ് ആശംസകള്‍ നേര്‍ന്നു.മുഹമ്മദന്‍സ് ക്യാപ്‌റ്റന്‍ ഷിഹാബ് ആര്‍.കെ, പ്രതിനിധി ഷൈദാജ് മൂക്കലെ തുടയങ്ങിയവര്‍ വേദിയെ ധന്യമാക്കി.റഷീദ് കെ.ജി സ്വാഗതവും ഷറഫു കെ.എസ് നന്ദിയും പ്രകാശിപ്പിച്ചു.പ്രസിദ്ധ യുവ ഗായകന്‍ ഹംദാന്‍ പരിപാടി നിയന്ത്രിച്ചു.