നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 31 May 2019

ഇഫ്‌താര്‍ സം‌ഗമം ശ്രദ്ധേയമായി

തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂര്‍ പരിശുദ്ധ റമദാനില്‍ സംഘടിപ്പിച്ചു വരുന്ന വിശേഷാല്‍ സാന്ത്വന പരിപാടികളുടെ ഭാഗമായുള്ള ഇഫ്‌ത്വാര്‍ സം‌ഗമം ധന്യമായി.റമദാന്‍ 26, മെയ്‌ 31 വെള്ളിയാഴ്‌ച ജില്ലാ ആസ്ഥാനത്തെ സാന്ത്വനം മഹല്ല്‌ പള്ളിയിലും മെഡിക്കല്‍ കോളേജിലും ഒരുക്കിയ ഇഫ്‌ത്വാര്‍ ജനപങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി.  

രണ്ടിടങ്ങളിലുമായി ആയിരത്തോളം സാഇമീങ്ങളും രോഗികളും ഗുണഭോക്താക്കളും ഇഫ്‌ത്വാര്‍ വിരുന്നില്‍ പങ്കെടുത്തു. പണ്ഡിതന്മാരുടേയും പൗര പ്രമുഖരുടേയും സാമൂഹ്യ രാഷ്‌ട്രീയ സേവന രം‌ഗത്തെ പ്രമുഖരുടേയും ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുടേയും പങ്കാളിത്തം ഇഫ്‌ത്വാര്‍ സം‌ഗമത്തെ ജനകീയമാക്കി.ഇഫ്‌ത്വാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നന്മ തിരുനെല്ലൂരിന്റെ യുവ നിരയുടെ ക്രിയാത്മകമായ സഹകരണം മാതൃകാപരമായിരുന്നു.

പരിശുദ്ധ റമദാന്‍ മാസത്തിലെ അനുഗ്രഹങ്ങളുടെ വിവരണാതീതമായ രാപകലുകള്‍ പാഴാക്കാതെ ക്രിയാത്മകമായ പ്രവര്‍‌ത്തനങ്ങളുടെ അതി ജാഗ്രതയില്‍ നന്മ തിരുനെല്ലൂര്‍ പ്രവര്‍‌ത്തന നിരതരായിരുന്നു.റമദാന്‍ പ്രാരം‌ഭത്തില്‍ തുടങ്ങി വെച്ച സം‌രം‌ഭങ്ങളില്‍ ഓരോന്നിലും പ്രവര്‍‌ത്തകരുടെ സജീവ സാന്നിധ്യവും സഹകരണവും അഭിനന്ദനാര്‍‌ഹമത്രെ.

ബഹുമാന്യനായ ജാഫര്‍ ചേലക്കര സ്‌നേഹ സന്ദേശ പ്രഭാഷണം നടത്തി.ആദരണീയരായ അബ്‌ദുല്‍ അസീസ്‌ നിസാമി,മെഡിക്കല്‍ കോളേജ്‌ പ്രിന്‍‌സിപ്പല്‍ ഡോക്‌ടര്‍ ആന്‍‌ഡ്രൂസ്‌,മെഡിക്കല്‍ കോളേജ്‌ യൂണിയന്‍ ചെയര്‍‌മാന്‍ രാഹുല്‍ രവീന്ദ്രന്‍,ശാന്തി ഗിരി ആശ്രമം പ്രതിനിധി,നന്മ പ്രതിനിധി റഹ്‌മാന്‍ തിരുനെല്ലൂര്‍ തുടങ്ങിയവര്‍ ആശം‌സകള്‍ നേര്‍‌ന്നു.

ഇസ്‌മാഈല്‍ ബാവ,ഷംസുദ്ധീൻ പി.എം,ഹുസൈൻ ഹാജി കെ.വി,നാസർ കരീം,ഖാദർമോൻ ഹാജി,ഫൈസൽ കരീം,ഹാരിസ് ഹനീഫ,കബീർ അഹമ്മദ്,ജസീം ജലീൽ,അബദുൽ വഹാബ്,മുഹമ്മദ് സ്വലിഹ് ,സാദിഖ്‌,മുഹ്‌സിന്‍ മുസ്‌തഫ,ഷമീം,റാഷിദ്‌,ആദില്‍,യൂസുഫ്‌ ഹനീഫ തുടങ്ങിയ നന്മ തിരുനെല്ലൂരിന്റെ സീനിയര്‍ ജൂനിയര്‍ നിരയുടെ സജീവ സാന്നിധ്യം നന്മയുടെ മഹാ ദൗത്യത്തെ പ്രശോഭിതമാക്കി.