നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 1 March 2019

ലക്ഷ്യ ബോധത്തോടെ രം‌ഗത്തിറങ്ങുക

ദോഹ:കൃത്യമായ ലക്ഷ്യ ബോധത്തോടെയും ശുഭ പ്രതീക്ഷയോടെയും പ്രവര്‍‌ത്തനവും പ്രാര്‍‌ഥനയുമായി രം‌ഗത്തിറങ്ങാന്‍ അഹ്വാനം ചെയ്യപ്പെട്ട ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതിയുടെ പ്രത്യേക സം‌ഗമം സമാപിച്ചു.അസോസിയേഷന്‍ പ്രസിഡന്റ്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ഗ്രാന്റ്‌ ഖത്തര്‍ പാലസില്‍  ചേര്‍‌ന്ന പ്രവര്‍‌ത്തക സമിതി തിരുനെല്ലൂര്‍ മഹല്ല്‌ പ്രസിഡന്റ്‌ അബു കാട്ടില്‍ വൈസ്‌, പ്രസിഡന്റ്‌  ഹമീദ്‌ ആര്‍.കെ എന്നിവരുടെ സാന്നിധ്യം കൊണ്ട്‌ ധന്യമായിരുന്നു.

ഇന്ത്യന്‍ സ്‌പോര്‍‌ട്‌സ്‌ സെന്റര്‍ ഭരണ സമിതിയിലേയ്‌ക്കും തുടര്‍‌ന്ന്‌ ഐ.എസ്‌.സി വൈസ്‌ പ്രസിഡന്റ്‌ പദവിയിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ട ഖ്യു.മാറ്റ്‌ അധ്യക്ഷന്‍ ഷറഫു ഹമീദിനെ പ്രവര്‍‌ത്തക സമിതി അനുമോദിച്ചു.

അസോസിയേഷന്‍ പ്രവര്‍‌ത്തനങ്ങളുടെ സുഖമമായ പ്രവര്‍‌ത്തനങ്ങള്‍‌ക്കായി വകുപ്പുകള്‍ തരം തിരിച്ച്‌ നല്‍‌കപ്പെട്ടതിനേയും തദനുസാരമുള്ള പ്രവര്‍‌ത്തന മികവും പ്രശം‌സിക്കപ്പെട്ടു.സാന്ത്വനം കണ്‍‌വീനര്‍ യൂസഫ്‌ ഹമീദ്‌,സന്നദ്ധ സേവന ക്ഷേമ പ്രവര്‍‌ത്തനങ്ങളില്‍ സജീവമാകുന്ന വൈസ്‌ പ്രസിഡന്റ്‌ ശൈതാജ്‌ മൂക്കലെ,കായിക വിഭാഗം ചുമതലയുള്ള സലീം നാലകത്ത്‌,വരിസം‌ഖ്യാ സമാഹരണത്തിന്റെ നേതൃത്വം വഹിക്കുന്ന ഷഹീര്‍ അഹമ്മദ്,തിരിച്ചറിയല്‍ കാര്‍‌ഡുമായി ബന്ധപ്പെട്ട പ്രവര്‍‌ത്തനങ്ങളില്‍ സജീവമായ റഷാദ്‌ കെ.ജി തുടങ്ങിയവരുടെ സേവനങ്ങള്‍ പ്രത്യേകം പരാമര്‍‌ശിക്കപ്പെട്ടു. 

അസോസിയേഷന്റെ വ്യത്യസ്‌തമായ വിഭാവനകള്‍ ഒന്നൊന്നായി പൂവണിയുന്ന അവസ്‌ഥ സന്തോഷ ദായകമാണെന്ന്‌ സമിതി വിലയിരുത്തി.പ്രവാസി സം‌ഘങ്ങളുടെ പ്രതിനിധികള്‍‌ക്ക്‌ നാട്ടിലെ പ്രവര്‍‌ത്തക സമിതിയില്‍ പ്രാധിനിത്യമുണ്ടാകണമെന്ന ആവശ്യം അതിലെ മര്‍‌മ്മ പ്രധാനമായ കാര്യമായിരുന്നെന്നും അത്‌ സഫലമായതില്‍ സന്തോഷമുണ്ടെന്നും അം‌ഗങ്ങള്‍ അനുസ്‌മരിച്ചു. 

ഈയിടെ അനുവദിക്കപ്പെട്ട സഹായാഭ്യര്‍‌ഥനകളും ഇനിയും അനുവദിക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സഹായ വാഗ്ദാനങ്ങളും ഒന്നൊന്നായി വിശദീകരിക്കുകയും വിലയിരുത്തുകയും ചെയ്‌തു.

തിരുനെല്ലൂര്‍ ഗ്രാമത്തിലെ യോഗ്യരായ വിദ്യാര്‍‌ഥികള്‍‌ക്കായി പി.എസ്‌.സി കോചിങ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന്‌ സം‌ഘടിപ്പിക്കാനുള്ള ആവശ്യം അം‌ഗീകരിക്കപ്പെട്ടു.അസോസിയേഷന്‍ അം‌ഗങ്ങള്‍‌ക്കായി വര്‍‌ഷം തോറും ഒരുക്കി വരാറുള്ള സൗഹൃദയാത്ര സമയവും സൗകര്യവും പരിഗണിച്ച്‌ സം‌ഘടിപ്പിക്കാന്‍ തീരുമാനിച്ചു.

ഖത്തറില്‍ പ്രവാസികളായി കഴിയുന്ന വിശാല തിരുനെല്ലൂര്‍ മഹല്ലിലുള്ളവര്‍‌ക്ക്‌ തയാറാക്കിയ തിരിച്ചറിയല്‍ കാര്‍‌ഡിന്റെ ഔദ്യോഗികമായ വിതരണം മീഡിയ സെല്‍ സെക്രട്ടറി അസീസ്‌ മഞ്ഞിയിലിന്‌ നല്‍‌കിക്കൊണ്ട്‌ മഹല്ല്‌ പ്രസിഡന്റ്‌ അബു കാട്ടില്‍ നിര്‍‌വഹിച്ചു.

ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്‌ സ്വാഗതം പറഞ്ഞു.വൈസ്‌ പ്രസിഡന്റ്‌ ശൈതാജ്‌ മൂക്കലെ നന്ദി പ്രകാശിപ്പിച്ചു.

ജുമുഅ നമസ്‌കാരാനന്തരം ഫൈസല്‍ അബൂബക്കര്‍ ഒരുക്കിയ സ്വാദിഷ്‌ടമായ ഭക്ഷണത്തിനു ശേഷം ചേര്‍‌ന്ന യോഗം 3.15 ന്‌ അവസാനിച്ചു.