നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 13 August 2019

നന്മ തിരുനെല്ലൂരിന്റെ സേവന യാത്ര


കണ്ണീരണിഞ്ഞ നമ്മുടെ കേരളത്തിന്റെ ദുരിതങ്ങള്‍‌ക്കിടയിലും ബലിപെരുന്നാളിനെ സ്വീകരിക്കാന്‍ നമുക്ക്‌ സാധിക്കുന്നുണ്ട്‌.

കാരണം ഇസ്‌ലാമിലെ അനുഷ്‌ഠാനങ്ങള്‍ പോലെത്തന്നെ കേവലം ആഘോഷങ്ങള്‍‌ക്കായൊരു ആഘോഷവും വിശ്വാസികള്‍‌ക്ക് അനുശാസിക്കപ്പെട്ടിട്ടില്ല.

വിശ്വാസികള്‍‌ക്ക്‌ അനുവദിക്കപ്പെട്ട രണ്ട്‌ പെരുന്നാളുകളുടേയും ആത്മാവ്‌ ത്യാഗത്തിലധിഷ്‌ഠിതമത്രെ.നന്മയും സ്‌നേഹവും സഹകരണവുമാണതിന്റെ സൗന്ദര്യം.സേവനസന്നദ്ധതയാണതിന്റെ പ്രതാപം.പ്രതിജ്ഞാബദ്ധതയാണതിന്റെ കാമ്പും കാതലും.

ഒരുക്കിവെച്ചതെല്ലാം ഒലിച്ചു പോയതില്‍ മനം നൊന്തു കഴിയുന്ന അയല്‍ ജില്ലകളിലെ പ്രിയപ്പെട്ട സഹോദരങ്ങളുടെ കുത്തിയൊലിച്ചു പോയ സ്വപ്‌നങ്ങളിലേയ്‌ക്കും,വിരഹത്തിന്റെ വേദനകളിലേയ്‌ക്കും,പ്രകൃതി ക്ഷോഭത്തില്‍ വെന്തുരുകുന്ന പച്ച മനുഷ്യരിലേയ്‌ക്കും അവരുടെ കലങ്ങി മറിഞ്ഞ കണ്ണുകളിലേയ്‌ക്കും നിസ്സം‌ഗരായി സഹതാപത്തോടെ മാത്രം നോക്കി നില്‍‌ക്കാന്‍ നമുക്ക്‌ കഴിയില്ല.

അല്ലാഹുവിന്റെ കല്‍പനകളെ ശിരസ്സാ വഹിക്കുന്ന ഇബ്രാഹീം നബിയിലും,അനുസരണ ബോധത്തിന്റെ ബലിക്കല്ലില്‍ കഴുത്ത്‌ നീട്ടി വെച്ച്‌ കൊടുക്കുന്ന ക്ഷമാ ശീലനായ ഇസ്‌മാ‌ഈല്‍ നബിയിലും,ജനവാസമില്ലാത്ത മണല്‍ കാട്ടിലാണെങ്കിലും സര്‍‌വ്വ ശക്തനില്‍ ഭരമേല്‍‌പ്പിച്ച്‌ സം‌തൃപ്‌തയായ മഹതി ഹാജറ ഉമ്മയിലും മാനവരാശിക്ക്‌ വിശിഷ്യാ വിശ്വാസികള്‍‌ക്ക്‌ പാഠങ്ങളുണ്ട്‌.പ്രസ്‌തുത പാഠങ്ങളുടെ വെളിച്ചത്തിലും തെളിച്ചത്തിലും ദൃശ്യമാകുന്ന ത്യാഗവും സഹനവും സ്‌നേഹവും സന്നദ്ധതയും സമര്‍‌പ്പണവും ക്രിയാത്മകമായും സര്‍‌ഗാത്മകമായും അനുഭവിപ്പിക്കാനുള്ള അവസരത്തെ സാര്‍‌ഥകമാക്കാം.

നമ്മുടെ സഹോദരങ്ങളുടെ ദുരിത പര്‍‌വ്വത്തിന്‌ സാന്ത്വനമേകാന്‍ നമുക്കൊരു തീര്‍‌ഥയാത്രെ നടത്താം.നഷ്‌ട സങ്കല്‍‌പങ്ങളുടെ പ്രളയ ഭൂമികയില്‍ ഒരു കടലാസ്‌ തോണി പോലെ,മുങ്ങിത്താഴുന്ന ഹതഭാഗ്യര്‍‌ക്ക്‌ ഒരു കച്ചിത്തുറുമ്പു പോലെ,ചാലിട്ടൊഴുകുന്ന കണ്ണിണകളില്‍ ഒരു തൂവാലപോലെ,വരണ്ടുണങ്ങിയ തൊണ്ടയില്‍ ഒരു മധു കണം പോലെ.വേദനിക്കുന്ന മുറിവുകളില്‍ ഒരു തൂവല്‍ സ്‌പര്‍‌ശം പോലെ...

നന്മ തിരുനെല്ലൂരിന്റെ നേതൃത്വത്തില്‍ ഭക്ഷണ വിഭവങ്ങൾ അടങ്ങുന്ന കിറ്റുകള്‍ പ്രളയ ബാധിത മേഖലകളില്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്‌.

കഴിയാവുന്ന വിധത്തിൽ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.കൂടുതല്‍ പഴക്കമല്ലാത്ത നല്ല വസ്ത്രങ്ങളും ശേഖരിക്കുന്നുണ്ട്‌.എല്ലാവരും ആത്മാര്‍‌ഥമായി സഹായിക്കണം സഹകരിക്കണം.വീട്ടു മുറ്റത്ത്‌ പ്രളയമെത്തുവോളം വെപ്രാളപ്പെടേണ്ടതില്ലെന്ന മൗഢ്യ വിചാരങ്ങള്‍ മറന്നേക്കുക.ഈ തീര്‍‌ഥയാത്രയെ അനുഗമിക്കുക.അനുഗ്രഹിക്കുക.വിജയിപ്പിക്കുക.
ആത്മാര്‍‌പ്പണത്തിന്റെ ബലിപെരുന്നാള്‍ ആശം‌സകളോടെ
നന്മ തിരുനെല്ലൂർ..
 
ഇസ്മയിൽ ബാവ 9656323798
ഷംസുദ്ധീൻ. പി.എം 9846139752
റഹ്മാൻ തിരുനെല്ലൂർ 9847703080
ജലീൽ. വി.എസ്. 9961075839
റഷീദ് മതിലകത്ത് 9544612626