നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 21 May 2017

ഏതന്‍ തോട്ടത്തിലേയ്‌ക്കൊരു യാത്ര

ദോഹ:2017 മെയ്‌ 19 വെള്ളിയാഴ്‌ച പള്ളിയില്‍ നിന്നും വന്നതിനു ശേഷം പെട്ടെന്നു ഭക്ഷണം കഴിച്ച്‌ സിറ്റി പരിസരത്തേയ്‌ക്ക്‌ പോകാനുള്ള ബദ്ധപ്പാടായിരുന്നു.വിവിധ വാട്ട്‌സാപ്പ്‌ ഗ്രുപ്പുകള്‍ മൂളിക്കൊണ്ടിരുന്നു.പെട്ടെന്നു നാലകത്തിന്റെ സന്ദേശം ശ്രദ്ധയില്‍ പതിച്ചു.ലൈവ് പ്രക്ഷേപണമായിരുന്നു വിഷയം.വീണ്ടും കമ്പ്യൂട്ടറിനു മുന്നിലിരുന്നു മീഡിയ പേജിലും ഖ്യുമാറ്റ്‌ പേജിലും ആര്‍.കെ ഷിഹാബുദ്ധീനെ അഡ്‌മിനാക്കി. ഇതര സാധന സാമഗ്രികളൊക്കെ ഉറപ്പ്‌ വരുത്തി ജൈദ ടവര്‍ കോര്‍‌ണറിലേയ്‌ക്ക്‌ ചെല്ലുമ്പോഴേക്കും ആര്‍.കെ ഹമീദ്‌ കാത്തു നില്‍‌പുണ്ടായിരുന്നു.സിറ്റി പരിസരത്ത്‌ എത്തുമ്പോള്‍ സമയം 02.45.ഞങ്ങള്‍ വണ്ടിയില്‍ തന്നെ കാത്തിരുന്നു.താമസിയാതെ കോഡിനേറ്റര്‍ കെ.ജി റഷീദ്‌ സ്ഥലത്തെത്തി.ഒപ്പം ഷൈദാജ്‌ മൂക്കലെയും.അപ്പോഴേക്കും മറ്റൊരു സീനിയര്‍ അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടിലും ഷൈബു ഖാദര്‍ മോനും വന്നിറങ്ങി.താമസിയാതെ യൂസഫ്‌ ഹമീദും. മറ്റൊരു വാഹനത്തില്‍ ഹം‌സക്കുട്ടി വടക്കന്റെ കായിലും സ്ഥലത്തെത്തി.പ്രസിഡണ്ട്‌ ഷറഫു ഹമീദുമായി ഫോണില്‍ സം‌സാരിച്ചതിനു ശേഷം ഞങ്ങള്‍ വന്നവര്‍ ബസ്സില്‍ ഇരിപ്പിടം ഉറപ്പിച്ചു.പ്രസിഡണ്ട്‌ സിറ്റി ഓഫീസില്‍ ഉണ്ടായിരുന്നു.ടലഫോണില്‍ സമയാ സമയങ്ങളില്‍ ബന്ധപ്പെട്ടു കൊണ്ടേയിരുന്നു

താജുദ്ധീന്‍ എന്‍.വി,ഫൈസല്‍ അബൂബക്കര്‍,നസീര്‍ എം.എം,ഇസ്‌മാഈല്‍ മുഹമ്മദ്‌ തുടങ്ങിയവര്‍ ഒരുക്കങ്ങളുടെ ഭാഗമായി നേരത്തെ തന്നെ ഏദന്‍ തോട്ടത്തിലേയ്‌ക്ക്‌ പോയിട്ടുണ്ടായിരുന്നു.സലീം നാലകത്ത്‌,ഹം‌ദാന്‍ ഹം‌സ തുടങ്ങിയവര്‍ മറ്റൊരു വാഹനത്തില്‍ അവിടെ എത്തും എന്നും അറിയിച്ചു.യാത്രയുടെ അരങ്ങൊരുക്കത്തിനുള്ള ചിത്രങ്ങളും ചിത്രീകരണങ്ങളും ഒരുക്കിയിരുന്ന അനുഗ്രഹീതനായ കലാകാരന്‍ അബു ബിലാലിന്‌ അനിവാര്യമായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയുകയില്ലെന്നു കോഡിനേറ്റര്‍ പറഞ്ഞു.സമയം മൂന്നു കഴിഞ്ഞിട്ടും പ്രധാനികളായ പലരേയും കാണാന്‍ കഴിയാത്തതില്‍ അസ്വസ്ഥത തോന്നി.അന്തിമ അന്വേഷണങ്ങള്‍ ആക്‌ടിങ് സെക്രട്ടറിയും കോഡിനേറ്ററും നടത്തുന്നുണ്ടായിരുന്നു.അതിനിടയില്‍ ചെയര്‍‌മാന്‍ അബ്‌ദുല്‍ നാസ്സര്‍ വണ്ടിയിലെത്തി.താമസിയാതെ പുറപ്പെടാമെന്നു വീണ്ടും പ്രസിഡണ്ടിനെ ധരിപ്പിച്ചു.ഉടനെ പ്രസിഡണ്ട് ഷറഫു ഹമീദ്‌ ബസ്സില്‍ കയറി.അവധിയില്‍ നാട്ടിലുള്ള ജനറല്‍ സെക്രട്ടറി ഷിഹാബ്‌ വീഡിയോ കോളിലൂടെ ബന്ധപ്പെട്ടു ആശം‌സകളും സന്തോഷങ്ങളും പങ്കുവെച്ചു.03.40 ന്‌ പ്രാര്‍‌ഥനയോടെ ബസ്സ്‌ പുറപ്പെട്ടു.

യാത്രാ സം‌ഘം സിറ്റി വിടുന്നതോടെ സീനിയര്‍ ആര്‍.കെയുടേതായിരുന്നു ഊഴം.പരസ്‌പരം എന്ന പരിപാടിയായിരുന്നു തുടക്കം.തൊട്ടടുത്തിരിയ്‌ക്കുന്ന സുഹൃത്തിനെക്കുറിച്ച്‌ അറിയാവുന്നതൊക്കെ പറയുക.ആദ്യം ഒരാള്‍ പിന്നെ മറ്റെയാള്‍.ഏറെ രസകരമായിരുന്നു ഈ പരിപാടി.യൂസഫ്‌ ഹമീദും അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടിലും എന്ന 'ബാല്യകാല സഖികള്‍' തൊട്ടുതൊട്ടായിരുന്നു ഇരിപ്പിടം എന്നതിനാല്‍ അവരുടെ ഊഴം ഏറെ ആസ്വാദ്യകരമായിരുന്നു.അലി തെക്കെയിലും ബദറുവും തമ്മിലുള്ള പങ്കുവെയ്‌ക്കലും, തൗഫിഖ്‌ താജുദ്ധീനും ഷഹീര്‍ ഇബ്രാഹീമുമായുള്ള പരസ്‌പരവും,ബന്ധുക്കളായ ഷഹീര്‍ അഹമ്മദിന്റെയും ജാബിര്‍ ഉമറിന്റെയും പങ്കുവെയ്‌ക്കലുകളും എല്ലാവരും ആഹ്‌ളാദത്തോടെ ആസ്വദിച്ചു.

മത്സരങ്ങള്‍ ഏദനില്‍ എത്തിയിട്ടു മതിയെങ്കിലും നാല്‌ ഗ്രൂപ്പുകളായി തിരിയ്‌ക്കുന്നത്‌ ബസ്സില്‍ നിന്നും തന്നെയാവാമെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ 4 ഗ്രൂപ്പുകള്‍ ഉണ്ടാക്കി.സീനിയറുകളായ ഹം‌സക്കുട്ടി വടക്കന്റെകായില്‍, യൂസഫ്‌ ഹമീദ്‌,അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍,ഷൈബു ഖാദര്‍ മോന്‍ എന്നിവരെ ഗ്രൂപ്പ്‌ തലവന്മാരാക്കി.ഓയസിസ്,ആപ്പിള്‍,ഫര്‍‌ഹാന്‍,അല്‍‌ റഹ്‌മ എന്നിങ്ങനെ യഥാക്രമം പേരുകള്‍ നല്‍‌കപ്പെട്ടു.

റഹ്‌മാന്‍,ഷിഹാബുദ്ധീന്‍ ആര്‍.കെ,ഫഹദ്‌ അബ്‌ദുല്‍ ഖാദര്‍,ജാബിര്‍ ഉമര്‍,അലി തെക്കെയില്‍,റഷീദ്‌ കെ.ജി,ഷൈദാജ്‌ മൂക്കലെ,ഹമീദ്‌ ആര്‍.കെ,താജുദ്ധീന്‍ എന്‍.വി എന്നിവരടങ്ങിയ പത്തം‌ഗങ്ങളായിരുന്നു ഹം‌സക്കുട്ടി വടക്കന്റെ കായിലിന്റെ നേതൃത്വത്തിലുള്ള ഓയസിസ്‌  ഗ്രൂപ്പ്‌.

സുബൈര്‍,ഷഹീര്‍ ഇബ്രാഹീം,ഇര്‍ഷാദ്‌,അന്‍‌വര്‍,ഷഹീര്‍ അഹമ്മദ്‌,അബ്‌ദുല്‍ നാസ്സര്‍ അബ്‌ദുല്‍ കരീം,റാഫി പി.കെ,ഷറഫു ഹമീദ്‌,ഹം‌ദാന്‍ ഹം‌സ,ഇസ്‌മാഈല്‍ മുഹമ്മദ്‌ എന്നിവരടങ്ങിയ പതിനൊന്നു അം‌ഗങ്ങളായിരുന്നു യൂസഫ്‌ ഹമീദിന്റെ നേതൃത്വത്തിലുള്ള ആപ്പിള്‍ ഗ്രൂപ്പ്‌.

അബ്‌സ്വാര്‍,റഈസ്‌,ഷബീര്‍ ഇബ്രാഹീം,റഷാദ്‌ കെ.ജി,അബൂബക്കര്‍ കടയില്‍,ബദറു അബൂബക്കര്‍,നസീര്‍ എം.എം,ഫൈസല്‍ അബൂബക്കര്‍,സലീം നാലകത്ത്‌ എന്നിവരടങ്ങിയ പത്തംഗങ്ങളായിരുന്നു അബ്‌ദുല്‍ ഖാദര്‍ പുതിയ വിട്ടിലിന്റെ നേതൃത്വത്തിലുള്ള ഫര്‍‌ഹാന്‍ ഗ്രൂപ്പ്‌.

സിയാദ്‌ അബ്‌ദുല്‍ ഖാദര്‍,അനസ്‌ അഹമ്മദ്‌,ജിഷാര്‍ അബ്‌ദുല്‍ അസീസ്,തൗഫീഖ്‌ താജുദ്ധീന്‍,അനീസ്‌ അബ്ബാസ്‌,അനസ്‌ ഉമര്‍,ആസിഫ്‌ മുഹമ്മദുണ്ണി,അസീസ്‌ എം.കെ,മുഈനുദ്ധീന്‍ എന്നിവരടങ്ങിയ പത്തംഗങ്ങളായിരുന്നു ഷൈബു ഖാദര്‍ മോന്റെ നേതൃത്വത്തിലുള്ള അല്‍ റഹ്‌മ ഗ്രൂപ്പ്‌.

ഗ്രൂപ്പ്‌ രൂപീകരണത്തിനു ശേഷം മൈക്രൊ ഫോണ്‍ പലരാലും മാറി മാറി ശബ്‌ദിച്ചു കൊണ്ടിരുന്നു.പിന്നെ മഞ്ഞിയിലിന്റെ ഊഴമെത്തി. 1975 ല്‍ ഒമ്പതാം തരത്തില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ എഴുതിയ കവിത അസീസ്‌ ആലപിച്ചു.1993ല്‍ പ്രസിദ്ധീകരിച്ച എന്റെ മാണിക്യ ച്ചെപ്പ്‌ എന്ന കൃതി ഈ കവിതയുടെ പേരിലാണ്‌ അറിയപ്പെടുന്നത് എന്ന ആമുഖത്തോടെ അസീസ്‌ എല്ലാം മറന്നു പാടി.04.30 ന്‌ അല്‍‌ഖോര്‍ ഏതന്‍ തോട്ടത്തിന്റെ ഏകദേശം  അടുത്തെത്തിയപ്പോള്‍ ആദ്യം ശ്രദ്ധയില്‍ പെട്ട പള്ളിപ്പരിസരത്ത്‌ വണ്ടി നിര്‍ത്തി എല്ലാവരും സയാഹ്ന പ്രാര്‍‌ഥന നടത്തി.

ഏതന്‍ തോട്ടത്തിന്റെ കവാടത്തിലെത്തുമ്പോള്‍ അഞ്ച്‌ മണി കഴിഞ്ഞിരുന്നു.കവാടത്തിലേയ്ക്ക്‌ കയറുമ്പോള്‍ ആദ്യം കണ്ട കാഴ്‌ച വിശ്വസിക്കാനായില്ല.തോട്ടത്തിന്റെ ഒരു ഭാഗത്ത്‌ ഒരു തട്ടുകട.പൊരിച്ചതും കരിച്ചതും മിഠായികളും എല്ലാം ഒതുക്കി വെച്ച ഒരു തനി നാടന്‍ തട്ടു കട.ആറ്റിക്കുറുക്കി ചായ വീശിക്കൊണ്ടിരിക്കുന്ന ഒരു തലേകെട്ടുകാരന്‍ അഥവാ ഫൈസല്‍ അബൂബക്കര്‍.ഒപ്പം ഒരു സഹായിയെപ്പോലെ നസിര്‍ എം.എം എന്ന ശ്രമക്കാരന്‍.ബജിയും കായപൊരിയും കോഴിമുട്ട പുഴുങ്ങിയതും സുഖിയനും ഒക്കെ എല്ലാവരും തകൃതിയില്‍ പരീക്ഷിച്ചു കൊണ്ടിരുന്നു.ചായയും കാപ്പിയും ഗ്രീന്‍ ടീ യും ഒക്കെ സുലഭം.തട്ടുകടയിലെ തകര്‍പ്പന്‍ കച്ചവടം പൊടി പൊടിച്ചപ്പോള്‍  അബ്‌ദുല്‍ നാസ്സറും സഹായിയായി നിലയുറപ്പിച്ചു.അം‌ഗങ്ങളുടെ വല്ലാത്ത തിരക്കും ആഹ്ലാദവും മൂത്തപ്പോള്‍ ഷറഫുവിനു സം‌ശയം.''അല്ല അസിക്കാ ഇതു മത്സരത്തിന്റെ ഭാഗമാണോ ?.ഉടനെ തിരുത്തപ്പെട്ടു.മക്കളേ മത്സരം വരാനിരിക്കുന്നേയുള്ളൂ.

തട്ടുകടയോട്‌ അഭിമുഖമായി ഒരു പുല്‍‌മൈതാനിയില്‍ ഗ്രൂപ്പുകള്‍ തിരിഞ്ഞ്‌ ഇരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടു.ആദ്യം നടന്നത്‌ ക്വിസ്സ്‌ മത്സരമായിരുന്നു.രണ്ട്‌ റൗണ്ടുകളിലായി വിജ്ഞാന പ്രദവും കൗതുകകരവുമായ ക്വിസ്സ്‌ മത്സരം നടന്നു.തുടര്‍‌ന്നു മധുരം മലയാളമായിരുന്നു.തിരുനെല്ലൂരിനെക്കുറിച്ചുള്ള രണ്ട്‌ മിനിറ്റ്‌ സംസാരം മലയാളത്തില്‍ മാത്രം.തൗഫീഖ്‌ താജുദ്ധീന്‍,റഷീദ്‌ കെ.ജി,അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍ അബ്‌ദുല്‍ നാസ്സര്‍ അബ്‌ദുല്‍ കരീം, എന്നിവര്‍ തങ്ങളുടെ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച്‌ സദസ്സിനെ കീഴടക്കി.അബ്‌ദുല്‍ ഖാദര്‍ പുതിയവിട്ടിലും അബ്‌ദുല്‍ നാസ്സര്‍ അബ്‌ദുല്‍ കരീമും പ്രത്യേകം പ്രശം‌സിക്കപ്പെട്ടു.

സമയം സന്ധ്യാ പ്രാര്‍‌ഥനയോടടുത്തപ്പോള്‍ എല്ലാവരും അം‌ഗസ്‌നാനം ചെയ്‌തു മുസ്വല്ലയിലേയ്‌ക്ക്‌ പോയി.പാചകപ്പുരയിലെ അവസാന മിനുക്കുകളും കഴിഞ്ഞ്‌ താജുദ്ധീന്‍ എന്‍.വിയും ഒരുങ്ങി വന്നു.സീനിയര്‍ ഹമിദ്‌ ആര്‍.കെ യുടെ നേതൃത്വത്തില്‍ മഗ്‌രിബ്‌ നിസ്‌കരിച്ചു.പുറത്തിറങ്ങി വീണ്ടും തട്ടു കട സജീവം.കടുപ്പന്‍ അടിക്കുന്നവരുടേയും കട്ടന്‍ അടിക്കുന്നവരുടെയും തിരക്ക്‌ കൂടുതലായിരുന്നു.നസീര്‍ പ്രത്യേകം തയാറാക്കിയ അറബി ഖഹവ രുചിച്ചു നോക്കുന്നതിനും തിരക്കില്ലാതിരുന്നില്ല.അംഗങ്ങളുടെ ആവശ്യങ്ങളെ യഥാവിധി മാനിച്ച്‌ ഫൈസലും നസീറും സദാ സന്നദ്ധതയോടെ നിലയുറപ്പിച്ചു.

വടം വലി,ഫൈവ്‌സ്‌ ഫുട്‌ബോള്‍,ക്രിക്കറ്റേറ്‌ തുടങ്ങിയ വാശിയേറിയതും കൗതുകകരവുമായ മത്സരങ്ങള്‍‌ ഉണര്‍വും ഉന്മേഷവും പകര്‍ന്നു.മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ റഷീദ്‌ കെ.ജിയോടൊപ്പം ഷിഹാബുദ്ധീന്‍ ആര്‍.കെയും മുഈനുദ്ധീനും കളത്തിലുണ്ടായിരുന്നു.കളിക്കളം ഇളക്കി മറിക്കുന്നതില്‍ സലീം നാലകത്ത്‌ പ്രത്യേക ശ്രദ്ധിക്കപ്പെട്ടു.മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാവരും മജ്‌ലിസില്‍ ഒത്തു ചേരാന്‍ നിര്‍ദേശിക്കപ്പെട്ടു.ഇഷാ നിസ്‌കാരത്തിനു ശേഷമായിരുന്നു ഔദ്യോഗിക പരിപാടികള്‍ തുടക്കം കുറിച്ചത്.

ആക്‌ടിങ് ജനറല്‍ സെക്രട്ടറി ഷൈദാജ്‌ മൂക്കലെയുടെ സ്വാഗത ഭാഷണത്തോടെ പരിപാടികള്‍‌ക്ക്‌ തുടക്കമായി.പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ അധ്യക്ഷത വഹിച്ചു.കാര്യമാത്ര പ്രസക്തമായ വിഷയങ്ങള്‍ അദ്ധേഹം സദസ്സിനെ ധരിപ്പിച്ചു.ഈ കൂടലിന്റേയും കൂട്ടായ്‌മയുടെയും പ്രാധാന്യവും അതിന്റെ ഇസ്‌ലാമികമായ മാനങ്ങളും ഷറഫു ഹൃസ്വമായ ഭാഷണത്തിലൂടെ പ്രതിഫലിപ്പിച്ചു.നമ്മെക്കുറിച്ചും നമ്മുടെ കുടും‌ബം‌ഗങ്ങളെക്കുറിച്ചും ഉള്ള അതേ ഉത്കണ്ഠ നമ്മുടെ സഹോദരങ്ങളെ കുറിച്ചും കാത്തു സൂക്ഷിക്കാനാകുന്നതുകൊണ്ടാണ്‌ ഇങ്ങനെ കൂടിയിരിക്കാന്‍ സമയം കണ്ടെത്താന്‍ കഴിയുന്നത്.പ്രസിഡണ്ട്‌ വിശദീകരിച്ചു.തുടര്‍ന്ന്‌ ഹമീദ്‌ ആര്‍.കെ യുടെ സന്ദേശമായിരുന്നു.നന്മയിലേയ്‌ക്കുള്ള കുതിപ്പുകളില്‍ തിന്മയിലേയ്‌ക്കുള്ള തിരിച്ചു വിളികളും തിരിച്ചു വിടലുകളും പുതുമയുള്ള കാര്യമല്ല.പൈശാചികമായ പ്രേരണകളോട്‌ മുഖാമുഖം നേരിടുക എന്ന പ്രയാസം ഏറ്റെടുക്കാതിരിക്കാന്‍ നിര്‍വാഹമില്ല.ശാന്ത സ്വരത്തില്‍ ആര്‍.കെ ഉണര്‍‌ത്തി.തുടര്‍ന്ന്‌ ആശംസകള്‍ നേര്‍ന്നു സം‌സാരിച്ചത്‌ അബ്‌ദുല്‍ നാസ്സര്‍ അബ്‌ദുല്‍ കരീം ആയിരുന്നു.സ്‌നേഹത്തിന്റെ സൗഹാര്‍‌ദ്ധത്തിന്റെയും മനോഹരമായ അര്‍ഥ തലങ്ങളെ അധ്യാപകനെപ്പോലെ നാസ്സര്‍ വിശദീകരിച്ചു.അടുത്ത ഊഴം വൈസ്‌ പ്രസിഡണ്ട്‌ റഷീദ്‌ കെ.ജിയുടേതായിരുന്നു.എല്ലാ അര്‍‌ഥത്തിലും പ്രതികൂലമായ കാലവസ്ഥയില്‍ ഇത്രയും പേരെയെങ്കിലും ഒരുമിച്ചിരുത്താനുള്ള യജ്ഞം സഫലമാകുന്നത്‌ ചെറിയ കാര്യമല്ല.ഒരു നാടിനു വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അതില്‍ സം‌ഭവിച്ചേക്കാവുന്ന നിസ്സരകാര്യങ്ങളെ പര്‍വതീകരിച്ച്‌ പ്രവര്‍‌ത്തനം തന്നെ നിശ്ചലമാകുന്ന അവസ്ഥ ഖേദകരമാണ്‌.കാത്തിരുന്ന ഈ അവസരം സാക്ഷാല്‍‌കരിക്കപ്പെട്ടതില്‍ അല്ലാഹുവിനെ സ്‌തുതിക്കുന്നു.റഷീദ്‌ സമാശ്വസിച്ചു.അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടിലാണ്‌ പിന്നീട് ക്ഷണിക്കപ്പെട്ടത്.കായിക മാനസിക ഉല്ലാസങ്ങളെ തീര്‍ത്തും അവഗണിക്കുന്ന ഒരു വരണ്ട ദീനൊന്നുമല്ല ഇസ്‌ലാം.പ്രവാസ ലോകത്ത്‌ ഇത്തരം ഒത്തു ചേരലുകള്‍‌ക്ക്‌ അതിന്റേതായ പ്രാധാന്യം ഉണ്ട്‌.പുതിയ വീട്ടില്‍ വിശദീകരിച്ചു.ശേഷം സദസ്സിനെ അഭിസം‌ബോധന ചെയ്‌തത്‌ യൂസഫ്‌ ഹമീദ് ആയിരുന്നു.സ്‌നേഹവും സൗഹാര്‍‌ദ്ധാന്തരീക്ഷങ്ങളും വറ്റിവരണ്ടു പോകുന്ന വര്‍‌ത്തമാന ലോകത്ത്‌ നമുക്ക്‌ ഇത്തരം നീരുറവകളെ സം‌രക്ഷിക്കാന്‍ ശ്രമിക്കാം യൂസഫ്‌ ഓര്‍‌മ്മപ്പെടുത്തി.ഒടുവിലെ ഉഴം ഫൈനാന്‍‌സ്‌ സെക്രട്ടറിയുടേതായിരുന്നു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ മാസാന്തം നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളുടെ പകര്‍പ്പ്‌ സലീം നാലകത്ത്‌ വിശദീകരിച്ചു.ഇനി വരാനിരിക്കുന്ന റമദാനില്‍ നൂറിലേറെ കുടും‌ബം‌ഗങ്ങള്‍ നമ്മെ കാത്തിരിക്കുന്നു.അവരുടെ പ്രതീക്ഷകള്‍ കെടാന്‍ പാടില്ല.നാലകത്ത്‌ ദൃഢ സ്വരത്തില്‍ പറഞ്ഞു.

സന്ദേശങ്ങള്‍‌ക്കും ആശം‌സകള്‍‌ക്കും ശേഷം ഖത്തര്‍ മഹല്ലു അസോസൊസിയേഷന്‍ തിരുനെല്ലുരിന്റെ പുതിയ മാര്‍‌ഗ നിര്‍ദേശക രേഖ അവതരിപ്പിക്കാന്‍ അസീസ്‌ മഞ്ഞിയില്‍ ക്ഷണിക്കപ്പെട്ടു.നിര്‍‌വാഹക സമിതിയിലും,പ്രവര്‍ത്തക സമിതിയിലും വേണ്ടുവോളം ചര്‍‌ച്ച ചെയ്യപ്പെട്ടതും ഖ്യു.മാറ്റ്‌ ഓണ്‍ലൈന്‍ ഗ്രൂപ്പില്‍ ഏറെ തവണ വായനയ്‌ക്ക്‌ വിധേയമാക്കപ്പെട്ടതുമാണ്‌ അവതരിപ്പിക്കാന്‍ പോകുന്ന രേഖ എന്ന ആമുഖത്തോടെയായിരുന്നു അവതരണം തുടങ്ങിയത്‌.അവതരണ ശേഷം സദസ്സിലുള്ളവര്‍ വിശദീകരണം ആവശ്യപ്പെട്ട ഭാഗങ്ങള്‍ പ്രസിഡണ്ട്‌ വിശദീകരിച്ചു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ മാര്‍‌ഗ നിര്‍‌ദേശക രേഖ ജനറല്‍ ബോഡിയുടെ സമ്മതത്തോടെ പാസ്സാക്കിയതായി അധ്യക്ഷന്‍ ഷറഫു ഹമീദ്‌ പ്രഖ്യാപിച്ചു.തക്ബീര്‍ മുഴക്കി സദസ്സ്‌ അംഗീകരിക്കുകയും ചെയ്‌തു.

യാത്രയിലും ഇതര ഇടവേളകളിലും ഉന്മേഷം പകര്‍‌ന്ന ഹംദാന്‍ ഹം‌സ, ആസിഫ്‌ മുഹമ്മദുണ്ണി,മുഈനുദ്ധീന്‍ ചിറക്കല്‍,റഷീദ്‌ കെ.ജി തുടങ്ങിയവരുടെ ശബ്‌ദ മധുരിമ ശ്രദ്ധേയമായിരുന്നു.വിവിധ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ട്രോഫി കരസ്ഥമാകിയത്‌ ഷൈബു ഖാദര്‍ മോന്‍ നയിച്ച അല്‍ റഹ്‌മ ഗ്രൂപ്പായിരുന്നു.രണ്ടാം സ്ഥാനം യൂസഫ്‌ ഹമീദിന്റെ നേതൃത്വത്തിലുള്ള ആപ്പിള്‍ ഗ്രൂപ്പും സ്വന്തമാക്കി.മൂന്നും നാലും സ്ഥാനങ്ങള്‍ യഥാക്രമം ഹം‌സക്കുട്ടി വടക്കന്റെകായിലിന്റെ നേതൃത്വത്തിലുള്ള ഓയസിസും,അബ്‌ദുല്‍ ഖാദര്‍ പുതിഒയ വിട്ടിലിന്റെ നേതൃത്വത്തിലുള്ള ഫര്‍‌ഹാനും സ്വന്തമാക്കി. 

അധ്യക്ഷന്‍ ഷറഫു ഹമീദിന്റെ ഉപസം‌ഹാരത്തിനു ശേഷം സെക്രട്ടറി തൗഫീഖ് താജുദ്ധീന്‍ നന്ദി പ്രകാശിപ്പിച്ചു.രാത്രി 10.45 ന്‌ ഔദ്യോഗിക പരിപാടികള്‍ സമാപിച്ചു.

രാത്രി പതിനൊന്നു മണിയോടെ ഭക്ഷണത്തളികകള്‍ മജ്‌ലിസില്‍ എത്തി.തളികകളിലായിരുന്നു ഭക്ഷണം വിളമ്പിയത്‌ ഒരോ തളികയിലും അഞ്ചും ആറും പേര്‍ ഒരുമിച്ചിരുന്നായിരുന്നു ചൂടുള്ള അതിലും സ്വാദുള്ള ഭക്ഷണം ഭുജിച്ചു തുടങ്ങിയത്‌.

ഭക്ഷണം കഴിച്ചവര്‍ ഓരോരുത്തരും വശങ്ങലിലൊതുക്കിയിട്ട സോഫകളില്‍ ഇരിപ്പുറപ്പിച്ചു തുടങ്ങിയപ്പോള്‍ ഷറഫു പറയുന്നുണ്ടായിരുന്നു.ആരെങ്കിലും എന്തെങ്കിലും ഒക്കെ ഒന്നു മൂളട്ടെ.പിന്നെ എന്നെ നോക്കി അസിക്ക ഒരിക്കല്‍ കൂടെ കവിതവായിക്കണം.കാരണം നമ്മുടെ കാരണവര്‍ക്ക്‌ പ്രത്യേക താല്‍‌പര്യമുണ്ടത്രെ.ആര്‍.കെയെ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു.ഇതു കേള്‍‌ക്കേണ്ട താമസം ഞാന്‍ തുടങ്ങി.പക്ഷെ ബസ്സില്‍ വെച്ച്‌ നല്‍കിയതു പോലൊരു സ്വരം വന്നില്ല.എങ്കിലും വായിച്ചൊപ്പിച്ചു.എന്റെ വായനക്കൊപ്പം തൊട്ടടുത്ത കസേരയില്‍ ഒരു കൊച്ചു പുസ്‌തകം മറിച്ച്‌ സീനിയര്‍ വായിച്ചു പോകുന്നതു പോലെ തോന്നി.എന്റെ വായന കഴിഞ്ഞപ്പോള്‍..'അതെ അതുപോലെത്തന്നെ പാടിയിരിക്കുന്നു'ആര്‍.കെ പറഞ്ഞു.അപ്പോഴാണ്‌ 1993 ല്‍ ഇറക്കിയ മാണിക്യച്ചെപ്പിന്റെ കോപ്പിയിലായിരുന്നു ആര്‍.കെ കണ്ണോടിച്ചു കൊണ്ടിരുന്നത് എന്നു മനസ്സിലായത്.പിന്നെ ഞങ്ങള്‍ മച്ചുനന്‍‌മാര്‍ ആലിം‌ഗബദ്ധരായി. 

ഭക്ഷണ ശേഷമുള്ള ഫ്രീ ടൈമില്‍ ഹം‌ദാന്‍ ഹംസ,റഷീദ്‌ കെ.ജി എന്നിവര്‍ പഴയതും പുതിയതുമായ ചില ഗാനങ്ങള്‍ ആലപിച്ചു.പുറപ്പെടും മുമ്പ്‌ ആര്‍.കെ ചില ജാലവിദ്യകള്‍കൊണ്ട്‌ സദസ്സിനെ അമ്പരപ്പിച്ചു.എല്ലാം കഴിഞ്ഞ്‌ പായസവും രുചിച്ച്‌ ബസ്സില്‍ കയറുമ്പോള്‍ പാതിരയോടടുത്തിരുന്നു.ഇനിയും ഒരങ്കത്തിനൊരുക്കം എന്ന മട്ടിലായിരുന്നു യാത്രാ സം‌ഘം.ബസ്സില്‍ യാത്ര തുടരുമ്പോഴും ആര്‍.കെയുടെ ജാല വിദ്യകള്‍ തുടര്‍ന്നു.ആര്‍.കെയുടെ മാന്ത്രിക സ്പര്‍ശവും മാന്ത്രിക വിദ്യയും ഏറെ ചര്‍‌ച്ചചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌.

കാത്തു കാത്തിരുന്ന ഒരു സൗഹൃദ സം‌ഗമ സങ്കല്‍‌പം വാടിക്കരിഞ്ഞു പോകും എന്ന അവസ്ഥയില്‍ അടിയന്തര ശുശ്രുഷകള്‍ നല്‍‌കി ദിവസങ്ങള്‍‌ക്കകം പൂവണിയിപ്പിച്ചെടുത്ത മാന്ത്രിക വിദ്യയ്‌ക്ക് മുന്നില്‍ സകല ജാല വിദ്യകളും നിഷ്‌പ്രഭമായതായി ഈ കവിയ്‌ക്ക്‌ തോന്നി.
മഞ്ഞിയില്‍

യാത്രയെക്കുറിച്ച്‌ അബ്‌ദുല്‍ ഖാദര്‍ പുതിയവിട്ടില്‍ കുറിച്ച കുറിപ്പ്‌ അനുബന്ധമായി നല്‍‌കുന്നു.

ഏദൻ തോട്ടത്തിലെത്തിയപ്പോൾ നമ്മെ ആകർഷിച്ചതും അമ്പരപ്പിച്ചതും തട്ടുകട തന്നെ.കള്ളിമുണ്ടും ബനിയനും തലേകെട്ടുമായി ഫൈസലും ,ലുങ്കിയും ബനിയനും തോർത്ത് തോളിലിട്ടുകൊണ്ട് നസീറും. ഇവർ രണ്ടു പേരും ഒരു സംഭവം തന്നെയായിരുന്നു, അവരുടെ വീട്ടിൽ വിവാഹത്തിന് ക്ഷണിക്കപ്പെട്ട് എത്തിയ അതിഥികളെ സൽക്കരിക്കുന്നതു പോലെയുള്ള ഹാർദ്ധവമായുള്ള സ്വീകരണം.പനയോലക്കുടക്ക്‌ താഴെ കസേരയിൽ കിടന്ന്  ഒരു പൊടി സുലൈമാനിക്ക് ഓർഡർ കൊക്കുന്ന അതിഥിക്ക് ഒരു മിനിറ്റു കൊണ്ട് ആവി പറക്കുന്ന സുലൈമാനി റെഡി. കുന്നോളം അടുക്കിവെച്ചിരുന്ന പഴം പൊരി തളികയുടെ അടിഭാഗം കാണാറായപ്പോൾ ഉടനെ മിനിറ്റുകൾ കൊണ്ട് ചൂടുള്ള പഴം പൊരി തളിക നിറയുന്നു.വടയും ബജിയും ബോണ്ടയും മുട്ട പുഴുങ്ങിയതും എല്ലാം യഥേഷ്ടം.ഓരോ കായിക വിനോദങ്ങൾക്ക് ശേഷവും സജീവമാകുന്ന തട്ടുകട,ആവശ്യക്കാരെ നിരാശരാക്കാതെ കൈനിറയെ പലഹാരങ്ങൾ.ഫുട്ബോൾ കളി തീ പാറുമ്പോൾ,ബോൾ വന്നു വീഴാതെ സംരക്ഷിക്കാൻ തട്ടുകടക്ക് മുന്നിൽ ഭക്ഷണ പ്രിയരുടെ പ്രതിരോധനിര.സമാപന പരിപാടിയായ മട്ടൻബിരിയാണിയുടെ മദ്ഹ് പറയാതെ പോകുന്നത് അനൗചിത്യമായിരിക്കും.തട്ടുകടയിലെ വയര്‍ നിറവിൽ മട്ടൻബിരിയാണിക്ക് ആവശ്യക്കാരില്ലാതെ പോകുമോ എന്ന താജുവിൻറെയും ഇസ്മാഈലിൻറെയും ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് സ്വാദൂറുന്ന ബിരിയാണിയെ തികച്ചും നീതി പുലർത്തുന്നതാക്കി അംഗങ്ങളുടെ പ്രകടനം. ഇനിയും എന്നാണ് ഇങ്ങനെയൊരു സ്നേഹ സംഗമത്തിൽ സംഗമിക്കാൻ കഴിയുക എന്ന പരസ്പര ചോദ്യമുയർത്തി നിറമനസ്സോടെയാണ് പ്രവർത്തകർ ഏദൻ തോട്ടത്തോട് വിട പറഞ്ഞത്.  

ഏതന്‍ തോട്ടത്തില്‍ അവിസ്‌മരണീയമായ വിരുന്നൊരുക്കിയതിന്റെ നേതൃത്വം വഹിച്ച സഹോദരന്‍ താജുദ്ധീന്‍ എന്‍.വി യുടെ ഹ്രസ്വമായ ആസ്വാദനക്കുറിപ്പ്‌...
 

എല്ലാം എല്ലാവരും അറിഞ്ഞ് കഴിഞ്ഞു ഇനിയും ആരും എഴുതിക്കാണത്ത ഒരു കാര്യം കുറിക്കുന്നു.ഭക്ഷണം നമ്മള്‍ എല്ലാവരും നിലത്തിരുന്ന്‌ തളികയിൽ ഒരുമിച്ചിരുന്ന്‌ കഴിച്ചു.എല്ലാ സ്‌നേഹവും സന്തേഷവും പങ്ക് വെച്ച് കെണ്ട്.ഒരാളുടെ ഓഹരി ഭാഗം കഴിയുമ്പോൾ ഭക്ഷണം കഴിഞ്ഞ ഭാഗത്തേക്ക്  നീക്കിക്കൊടുത്തു കൊണ്ടായിരുന്നു പരസ്‌പരം ഊട്ടിയിരുന്നത്.ഇതിലും വലിയ സ്‌നേഹവും സന്തേഷവും സം‌തൃപ്‌തിയും എവിടുന്ന് നമുക്ക്‌ കിട്ടും ഇതാണ് ഈ യാത്രയിൽ വന്നവർക്ക് കിട്ടിയ അവിസ്‌മരണീയമായ അനുഭവം.ഇങ്ങനെ ആദ്യമായിട്ടായിരിക്കണം ഒരു പക്ഷെ ഈ പ്രവാസകാല ചരിത്രത്തില്‍. 

ഇതര ഗള്‍ഫ്‌ നാടുകളിലുള്ള ഒട്ടേറെ സഹോദരങ്ങള്‍ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രവര്‍‌ത്തനങ്ങളെ അനുമോദിച്ചും ആശീര്‍‌വദിച്ചും സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരിക്കുന്നു.എല്ലാവര്‍‌ക്കും ഒറ്റവാക്കില്‍ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം സഫ പൂത്തോക്കിലിന്റെ അഭിപ്രായം ഇവിടെ പോസ്റ്റു ചെയ്യുന്നു.

പറയാതിരിക്കാനാവുന്നില്ല ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ എന്ന ഈ സം‌ഘത്തെക്കുറിച്ച്‌. അഭിനന്ദനങ്ങൾ അറിയിക്കാതിരിക്കാനും കഴിയുന്നില്ല .ചെറുപ്പക്കാരായ നാട്ടുകാരെ കോർത്തെടുത്ത് ഖ്യുമാറ്റ് നടത്തിയ സൗഹൃദ യാത്ര ഖ്യുമാറ്റിന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി ചേർത്തു വെച്ചിരിക്കുന്നു എന്നു വേണം പറയാൻ.ചെറുപ്പക്കാരുടെ കൂടെ എന്തിനും തയ്യാറായി മുതിർന്നവരും കൂടിയാകുമ്പോൾ ശരിക്കും മാതൃകാപരം.
 

സൗഹൃദത്തിന്റെ പൂമാലകൾ കൂട്ടിച്ചേർത്ത് ബന്ധങ്ങൾ കെട്ടിപ്പൊക്കുവാൻ ഖ്യുമാറ്റ് കാണിക്കുന്ന ഉത്സാഹം എടുത്തു പറയേണ്ടതാണ്.കാരണം  ഇന്ന് മാനവർക്ക് നഷ്ടപ്പെട്ട മധുരമാണ് ബന്ധങ്ങളും സൗഹൃദങ്ങളും! ഖ്യുമാറ്റിന്റെ പ്രവർത്തന വിജയത്തിലെ തിളക്കം, ഒരു മേശക്കു ചുറ്റും വട്ടമിട്ടിരുന്ന കൂടിയാലോചനകളും അതുവഴി മുള പൊട്ടുന്ന തീരുമാനങ്ങളുമാണെന്ന് മനസ്സിലാക്കുന്നു. എല്ലാവർക്കും സംസാരിക്കുന്നതിനുള്ള അവസരമുണ്ടാക്കുകയും അതുവഴി സദസ്സിനു മുന്നിൽ എഴുനേറ്റുനിൽക്കാൻ മടി കാണിച്ചിരുന്ന സുഹൃത്തുക്കൾ ധൈര്യപൂർവ്വം എഴുനേറ്റുനിന്നു സംസാരിക്കാൻ പ്രാപ്തരാകുകയും ചെയ്യുന്ന സര്‍‌ഗാത്മഗത ഏറെ മനോഹരം.
 

വേദനിക്കുന്നവരുടെ നോവിൽ അസോസിയേഷന്‍ ഉദാത്ത മാതൃക കാണിക്കുന്നു.അതോടൊപ്പം  സന്നദ്ധ സാന്ത്വന സാമൂഹിക ജീവ കാരുണ്യ പ്രവർത്തനങ്ങളിലും.ഇനിയും ഇനിയും നാഥന്റെ സഹായവും തുണയും ഈ കൂട്ടായ്‌മയ്‌ക്ക്‌ ഉണ്ടാകട്ടെ എന്ന പ്രാർത്ഥന ഇതാ ഇവിടെ നിര്‍വഹിക്കുന്നു.ഈ ഒത്തൊരുമയ്ക്കും സൗഹൃദ കൂട്ടിനും അഭിനന്ദനങ്ങൾ.അല്ലാഹു അനുഗ്രഹിക്കുന്നവരില്‍ നാമെല്ലാവരെയും ഉള്‍‌പെടുത്തിത്തരുമാറാകട്ടെ. ആമീൻ...
സഫ പൂത്തോക്കില്‍