നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 20 March 2026

പ്രാര്‍‌ഥനാ സം‌ഗമം ധന്യം

തിരുനെല്ലൂര്‍: ദൗര്‍‌ഭാഗ്യകരമായ വര്‍‌ത്തമാനകാല പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ വിശ്വാസികളുടെ ശക്തമായ വജ്രായുധം പ്രാര്‍‌ഥനയാണ്‌. ഖത്തര്‍ മഹല്ല് അസോസിയേഷന്റെ പ്രാര്‍‌ഥനാ സം‌ഗമത്തിലേക്ക് അയച്ച സന്ദേശത്തില്‍  ഖ്യുമാറ്റ് പ്രസിഡണ്ട് ഷറഫ് പി ഹമീദ് പങ്കുവെച്ചു.

ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍, തിരുനെല്ലൂര്‍ മദ്രസ്സാ അങ്കണത്തില്‍ സം‌ഘടിപ്പിച്ച ദുആ മജ്‌ലിസും സൗഹൃദ ഇഫ്‌ത്വാര്‍ സം‌ഗമവും ജനപങ്കാളിത്തം കൊണ്ടും സം‌ഘാടന മികവ് കൊണ്ടും ശ്രദ്ദേയമായി.

മഹല്ല് ഖത്വീബ് അബ്‌ദുല്ല അഷ്‌റഫിയുടെ നേതൃത്വത്തില്‍ വൈകീട്ട് നടന്ന പ്രാര്‍‌ഥനാ നിര്‍‌ഭരമായ മജ്‌ലിസില്‍ മഹല്ല് പ്രസിഡണ്ട് ഉമര്‍ കാട്ടിലും ഖ്യുമാറ്റ് സീനിയര്‍ പ്രതിനിധി ഹാജി ഹുസൈന്‍ കെവിയും മഹല്ല് നേതൃ നിരയിലുള്ളവരും തിരുനെല്ലൂര്‍ വിശാല മഹല്ല് പരിധിയിലെ ഉസ്‌താദ്‌മാരുടെയും സാന്നിധ്യം കൊണ്ട് ധന്യമായി. മഹല്ല് കമ്മിറ്റി ട്രഷറർ സൈനുദ്ദീന്‍ ഖുറൈഷിയുടെ ആമുഖത്തോടെയായിരുന്നു സം‌ഗമത്തിലെ പ്രാര്‍‌ഥനാ നിര്‍‌ഭരമായ ആദ്യ സെഷന്‍ ആരം‌ഭിച്ചത്.

തുടര്‍‌ന്ന് നടന്ന സൗഹൃദസദസ്സില്‍ സാമൂഹ്യ സാം‌സ്‌ക്കാരിക രാഷ്‌ട്രീയ രം‌ഗത്തെ പ്രമുഖരുടെ പങ്കാളിത്തം ഹൃദ്യമായി.മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ രവീന്ദ്രനാഥ്, തൃശൂര്‍ ജില്ലയുടെ ജനകീയനായ മുന്‍ പാര്‍ലിമന്റ് അം‌ഗം ശ്രീ ടി.എന്‍ പ്രതാപന്‍, മുഹമ്മദലി തച്ചമ്പാറ തുടങ്ങിയവര്‍ ആശം‌സകള്‍ നേര്‍‌ന്നു.

മഹല്ലിലെ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍‌ക്കായി റമദാനില്‍ നടത്തി വരുന്ന സാന്ത്വന സഹായം യഥാവിധി വിതരണം ചെയ്‌തതായി ഷെഹീർ അഹമ്മദ്, അനസ് ഉമ്മർ, അനീസ് അബ്ബാസ് എന്നിവർ അറിയിച്ചു.

ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ ജനറല്‍ സെക്രട്ടറി കെ.ജി റെഷീദിന്റെയും ഖ്യുമാറ്റ് നേതൃനിരയിലുള്ളവരുടെയും നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളായ സലീം നാലകത്ത്, ഷൈതാജ് മൂക്കലെ കൂടാതെ ഷിഫാസും  പ്രതിജ്ഞാബദ്ധരായ യുവനിരയും അണിയറ പ്രവര്‍‌ത്തനങ്ങള്‍‌ക്ക് നേതൃത്വം നല്‍‌കി.  
==========