കഴിഞ്ഞ ഡിസംബർ രണ്ടാം വാരത്തിലാണ് സ്‌നേഹനിധിയായ കുഞ്ഞി പാത്തുണ്ണിത്തയെ അവസാനമായി കണ്ടത്.ഞാനും മൂത്ത മകൻ അൻസ്വാറും കൂടെയാണ് പോയത്.കുറഞ്ഞ ദിവസത്തെ അവധിക്കെത്തിയ കമാൽ അഹമ്മദ് നാട്ടിലുണ്ടായിരുന്നു.ഉമ്മയുടെ പരിചരണാർഥം മക്കൾ മാറി മാറി വീട്ടിലുണ്ടാകും എന്ന് ജമീലത്ത പറഞ്ഞു.ഞങ്ങൾ പഴയ അയൽവാസികളായിരുന്നു. സ്‌നേഹ സൗഹൃദത്തിൻ്റെ പൊന്നിഴയിൽ കോർത്ത സുദൃഢമായ ബന്ധം കാത്തു സൂക്ഷിച്ചു പോരുന്നവര്‍.
എന്തു കൊണ്ടാണെന്നറിയില്ല,കഴിഞ്ഞ ദിവസം കുടുംബിനിയോട് കണ്ടം പറമ്പും ബാല്യകാലാനുഭവങ്ങളിലെ നുറുങുകളും ഓരോന്നായി ഓര്‍ത്തെടുത്ത് പങ്കുവെച്ചിരുന്നു.അതു കൊണ്ട് തന്നെ,കുഞ്ഞി പാത്തുണ്ണിത്തയുടെ വിയോഗ വാർത്തയറിഞ്ഞപ്പോൾ ഒരു കാലഘട്ടം ഒന്നൊന്നായി മനസ്സിൽ ക്ഷണ നേരം കൊണ്ട് തന്നെ തിങ്ങി നിറഞ്ഞു.
കിഴക്കേ കരയിലെ മഞ്ഞിയിൽ പള്ളിക്ക് അഭിമുഖം പോലെയുള്ള രണ്ട് വീടുകൾ മഞ്ഞിയിലും കണ്ടം പറമ്പും.മഞ്ഞിയിലെ വടക്കേ അതിരിലെ അമ്പഴ മരത്തോട് ചേർന്നുള്ള പുല്ലു മുളക്കാൻ സമ്മതിക്കാത്ത കണ്ടംപറമ്പിലേക്കുള്ള വഴി ഗൃഹാതുരമായ ഓര്‍മകളുടെ രാജപാതയത്രെ..
ബാല്യകാലത്തെ കാറോട്ടം ചെന്നവസാനിക്കുന്നത് കണ്ടം പറമ്പിലെ കടപ്ലാവിൻ്റെ ചോട്ടിലായിരുന്നു.
ഓല വെട്ടു കാലത്ത് ഓലയും തുമ്പോലയും മടലും വേറെ വേറെയായി വെട്ടിയൊതുക്കി കൂട്ടിയിട്ടതിൻ്റെ പരിസരത്ത് ഉണ്ണിപ്പുര നിര്‍മാണം നിർബന്ധമായി തീരുമായിരുന്നു.കുളക്കടവിനും ഇരുമ്പാൻ പുളി മരത്തിനും ഇടയിലുള്ള നിശ്ചിത ദൂരം കുട്ടി കുറുമ്പന്മാർക്കും കുറുമ്പത്തികൾക്കും സ്വന്തമായ ഭൂമികയായി തീരും.മഞ്ഞിയിലെ തെക്കെ മുറ്റത്തെ പ്ളാവിൻ്റെ ചോട്ടിലും ഉണ്ണിപ്പുര ഉയരാറുണ്ട്.
ഉണ്ണിപുരക്കുള്ള പരവതാനിയും ഓല വാതിലും കൂടാതെ തെങ്ങോലയില്‍ തീര്‍ത്ത പീപ്പിയും പമ്പരവും,ഓലപ്പന്തും ഒക്കെ ബാല്യകാല ഓര്‍മകളിലെ കഥാകഥനങ്ങള്‍ക്ക് ചൈതന്യം നല്‍കുന്ന പോലെ അനുഭവപ്പെടുന്നു.
മുതിർന്നവരുടെ സഹകരണത്തോടെ ഉണ്ണിപ്പുര ഉയർന്നു കഴിഞ്ഞാൽ പിന്നെ കളിയുടെ ചിട്ടവട്ടങ്ങൾക്ക് പുതിയ ഹാവ ഭാവങ്ങളായിരിയ്ക്കും.എല്ലാറ്റിനും സാക്ഷികളെന്നോണം ഉമ്മമാരും ഇത്തമാരും പ്രായം മറന്ന പോലെ കളിചിരിയില്‍ കൂടെയുണ്ടാകും
നേരാനേരങ്ങളില്‍ അമ്പഴ മരച്ചോട്ടില്‍ നിന്ന് ഉമ്മ വിളിക്കും.അസ്യേ..അസ്യേ.അസി വിളി കേള്‍ക്കുകയില്ല.വിളിക്ക് ഉത്തരം നല്‍കുന്നത് സാറത്തയും,കുഞ്ഞി പാത്തുണ്ണിത്തയുമായിരിയ്‌ക്കും.അസി ഇവിടെണ്ട്...ഇപ്പൊ വരും.ഞാന്‍ കൂടെ കേള്‍ക്കാനുള്ള മറുപടിയാണെന്നു അറിയാം.എങ്കിലും കളിവിട്ടുള്ള ഒരു കളിയും ഉണ്ടാകാറില്ലെന്നു മാത്രം.പിന്നെ വെല്ലിത്തയൊ ഐസമോള്‍ത്തയൊ വന്ന് കൂട്ടി കൊണ്ട് പോകാറാണ് പതിവ്.
കളിയരങ്ങിലെ ശാഠ്യങ്ങളില്‍ കുട്ടിത്തം വിടാത്ത മനസ്സുമായി ചേര്‍ത്തു നിര്‍ത്തിയിരുന്ന നിഷ്‌കളങ്കരായ ഉമ്മമാര്‍ അരങ്ങൊഴിയുമ്പോള്‍ ഇനിയും ആടിത്തീരാന്‍ ബാക്കിയുള്ള വേദിയില്‍ ഒരു കാലഘട്ടത്തിന്റെ ഹരിതാഭമായ ഓര്‍മകളുടെ വര്‍ണങ്ങള്‍ വിവരണാതീതമാകുന്നു.
പൊയ്‌പോയ കാലത്തിന്റെ ഓര്‍മകളുടെ ഇറയത്ത് പെയ്‌തു തീരാത്തതിന്റെ ബാക്കി പോലെ കണ്ണുനീര്‍ മുത്തുകള്‍ തുള്ളി തുള്ളികളായി ഉടഞ്ഞ് വീഴുന്നുണ്ട്.
ഓര്‍മകളുടെ പത്തായപുര സമൃദ്ധമാണ്.എങ്കിലും അര്‍ധവിരാമം നല്‍കുന്നു.ഉള്ളുരുകുന്ന പ്രാര്‍ഥനയോടെ കുഞ്ഞി പാത്തുണ്ണിത്താക്ക് വിട...
----------
മഞ്ഞിയില്‍





