നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 10 August 2023

ഹാജി മുഹമ്മദ് മോന്‍ കെ.വി.

അതിരുകളില്ലാത്ത ഗ്രാമീണ   നന്മയുടെ പ്രസാരണവും പ്രചാരണവും തിരുനെല്ലൂര്‍ എന്ന നന്മ ഗ്രാമത്തിന്റെ പൈതൃകമാണ്‌. പൂര്‍‌വ്വികരില്‍ നിന്നുള്ള ഈ പരമ്പരാഗത പൈതൃകം ഏറ്റെടുക്കാന്‍ നിയുക്തരായവരായിരിക്കണം നന്മ തിരുനെല്ലൂര്‍ എന്ന കൊച്ചു സം‌ഘം.അതിനാല്‍ തന്നെ സാന്ത്വന സേവന സന്നദ്ധ പ്രവര്‍‌ത്തനങ്ങളില്‍ നൈരന്തര്യം കാത്തു സൂക്ഷിക്കുന്നവരെ അം‌ഗീകരിക്കലും ആദരിക്കലും നന്മ തിരുനെല്ലൂര്‍ സാം‌സ്‌‌ക്കാരിക സമിതിയുടെ ബാധ്യതയാണെന്നു മനസ്സിലാക്കുന്നു.

ഒരു പ്രദേശത്തിന്റെ മത സാമൂഹിക സാം‌സ്‌ക്കരിക ഭൂമികയെ യഥാവിധി ദീര്‍‌ഘവീക്ഷണത്തോടെ മെരുക്കിയെടുക്കുന്നതിലും ഒരുക്കിയെടുക്കുന്നതിലും മുന്‍പന്തിയില്‍ നിന്ന വ്യക്തിത്വമാണ്‌ ഹാജി മുഹമ്മദ് മോന്‍ കെ.വി.വളരെ ചെറുപ്രായം മുതൽക്കേ ബോംബെയിൽ ഉള്ളകാലഘട്ടം മുതൽ, സാമൂഹിക സേവന രം‌ഗത്ത് പ്രവര്‍‌ത്തന നിരതനായ വ്യക്തിയാണ്‌. 

എഴുപതുകള്‍ക്ക്‌ ശേഷം പെരിങ്ങാട്‌ വികസിക്കാന്‍ തുടങ്ങി എന്നു പറയാം.വികസനം എന്നതു കൊണ്ടുദ്ധേശിച്ചത് ഭൗതിക സാഹചര്യങ്ങളുടെ വളര്‍‌ച്ച എന്ന അര്‍‌ഥത്തില്‍ മാത്രമല്ല വീടുകളുടെ വര്‍‌ദ്ധനയും നമ്മുടെ അതിരുകളുടെ വികസനവും കൂടെയാണ്‌.പുവ്വത്തൂരിന്റെ കിഴക്കു വശം പണ്ടത്തെ കോഴിത്തോടിനോട്‌ ചേര്‍ന്ന അമ്പാട്ടു പറമ്പെന്നറിയപ്പെട്ടിരുന്ന സ്ഥലത്തും പരിസരത്തും നാമമാത്ര വീടുകളേ ഉണ്ടായിരുന്നുള്ളൂ. എമ്പതുകളില്‍ പുവ്വത്തൂര്‍ മുല്ലശ്ശേരി മെയിന്‍ റോഡിന്റെ ഇരു വശങ്ങളിലേയ്‌ക്കും മുള്ളന്തറയിലും പെരിങ്ങാട്ടുകാരുടെ വീടു വെയ്‌ക്കല്‍ ഘട്ടം ഘട്ടമായി അതികരിച്ചു.ഈ സാഹചര്യത്തിലാണ്‌ കൊട്ടിന്റെകായില്‍ മുഹമ്മദു മോന്‍ ഹാജിയുടെ നേതൃത്വത്തില്‍ ഒരു പള്ളിയും മദ്രസ്സയും എന്ന ആശയം മുളപൊട്ടിയത്.പിന്നീട് ക്രമപ്രവൃദ്ധമായി സം‌ഭവിച്ച മാറ്റങ്ങളോരോന്നും വിവരിക്കാതെ തന്നെ സുവ്യക്തമായി നമ്മുടെ മുന്നിലുണ്ട്.

ഇതു പോലെ കൃത്യമായി അറിവുള്ളതും അല്ലാത്തതുമായ ഒട്ടേറെ കര്‍‌മ്മ പദ്ധതികളെ കൊട്ടിഘോഷങ്ങളില്ലാതെ പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്‌തു കൊണ്ടേയിരിക്കുന്ന ഹാജിയുടെ കര്‍‌മ്മ ജീവിതം ധന്യമാകട്ടെ.