തിരുനെല്ലൂര്‍:പുഴങ്ങരയില്ലത്ത് ഹുസൈൻ (മദ്രസ്സ പടിക്കൽ) മരണപ്പെട്ടു.ഖബറടക്കം തിരുനെല്ലൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.
റഹ്‌മാന്‍ തിരുനെല്ലൂര്‍ എഴുതുന്നു....
ഓർമ്മ
ഹുസൈൻ,
വിനയാന്വിതൻ....
അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി ഇന്ന് (ജൂണ്‍ 25) പുലർച്ചെ യാത്രയായ ഹുസൈനുമായുള്ള ആത്മബന്ധം അര നൂറ്റാണ്ട് പിന്നിടുന്നു.കളിക്കൂട്ടുകാരായിരുന്നു ഞങ്ങൾ.വളരെ ചെറുപ്പത്തിൽ തന്നെ അവന്റെ ഉപ്പ മരണപ്പെട്ടു. ഉപ്പയെ കണ്ടതായ ഓർമ്മ അവന് ഉണ്ടായിരുന്നില്ല. വളരെ കഷ്ടപ്പാടിലൂടെയായിരുന്നല്ലോ ആ ജീവിതം.ഉമ്മ ( ഫാത്തിമ്മത്ത) അവരെക്കൊണ്ടാവുന്ന വിധത്തിൽ നാട്ടു പണികൾ ചെയ്താണ് അവനെ വളർത്തി വലുതാക്കിയത്.
തിരുനെല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളിലും അത് കഴിഞ്ഞ് വന്മേനാട് സ്‌കൂളിലും 10-ാം തരം വരെ ഒരേ ക്ലാസിലിരുന്നാണ് ഞങ്ങൾ പഠിച്ചത്.
വളരെ സൗമ്യശീലൻ. ചെറുപ്പത്തിൽ തന്നെ ദാരിദ്ര്യത്തിന്റെയും ഇല്ലായ്മകളുടെയും പാഠങ്ങൾ ശീലമായിരുന്നതിനാൽ തന്നെ ഒതുക്കത്തോടെയും മാന്യതയോടെയുമായിരുന്നു, മരണം വരെ മറ്റുള്ളവരോടുള്ള അവന്റെ പെരുമാറ്റങ്ങളും ഇടപെടലുകളും. അവന്റെ ആ നല്ല ശീലം മാതൃകാപരമായിരുന്നു.
പഠന കാലം കഴിഞ്ഞ് യു.എ.ഇ.യിൽ എത്തി. പിന്നീട് ഒരു ട്രാവൽസ് കമ്പനിയിൽ ജോലി ലഭിച്ചു. 1983-ൽ ആയിരുന്നു അവന്റെ കല്യാണം.വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ അവൻ നേരിൽ കണ്ടിരുന്നില്ല. വീട്ടുകാർ പരസ്പര ധാരണയിൽ ആണ് കല്യാണം ഉറപ്പിച്ചത്.
മറ്റൊരു കാര്യം ഓർമ്മ വരുന്നു.മദ്രസ്സ പടിക്കൽ അന്നുണ്ടായിരുന്ന അവന്റെ വീട്ടുമുറ്റത്ത് കല്യാണ പന്തൽ ഒരുങ്ങിയിരുന്നെങ്കിലും കല്യാണച്ചെക്കൻ (പുതിയാപ്ല ) സ്ഥലത്തുണ്ടായിരുന്നില്ല.കല്യാണ തലേന്ന് ഉച്ച കഴിഞ്ഞ് മാത്രമാണ് അവൻ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.എയർപോർട്ടിൽ നിന്നും നേരെ ചൂൽപ്പുറത്തുള്ള വധുവിന്റെ വീട്ടിലെത്തി അവളുടെ കൈയിലൊരു വാച്ചും കെട്ടി ഇനി നമുക്ക് നാളെ കാണാമെന്നും പറഞ്ഞാണ് അവൻ വീട്ടിലെത്തിയത്.....
പിന്നീട് ഒരു വർഷത്തിന് ശേഷം അവിചാരിതമായി അവന് ജോലി നഷ്ടപ്പെട്ടു.അവിടന്ന് തുടങ്ങിയതാണ് അവന്റെ ഭൗതിക ജീവിത പരാജയങ്ങൾ ...
എന്റെ പ്രിയ സുഹൃത്തിന്റെ ജീവിത കാലത്തെ എല്ലാ ദോഷങ്ങളും പൊറുത്തു കൊടുക്കണേ അള്ളാ ....
ആമീൻ...
...........
അബ്‌ദു റഹ്‌മാന്‍ പി.തിരുനെല്ലൂര്‍
പ്രസിഡന്റ്
നന്മ തിരുനെല്ലൂര്‍ സാംസ്‌കാരിക സമിതി